ഉക്രെയ്നിലെ റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശം മൂന്നാം വർഷത്തിൽ എത്തി നിൽക്കുന്നു. റഷ്യൻ സൈനികരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പോരാട്ടം മറുവശത്തും. അതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ റെക്കോർഡ് സൈനിങ്-ഓൺ ബോണസ് വാഗ്ദാനവുമായി മോസ്കോ എത്തിയിരിക്കുന്ന വാർത്തകൾ. പുടിന്‍റെ യുക്രെയ്ൻ യുദ്ധത്തോട് നിരവധി റഷ്യക്കാർക്ക് വിയോജിപ്പുണ്ട്. യുദ്ധത്തിനായി തങ്ങളെ നിർബന്ധിച്ച് അയയ്ക്കുന്നതിലും അവർ നിരവധി പ്രതിഷേധങ്ങൾ നടത്തി കഴിഞ്ഞു.
ശക്തമായ പൊതുജന പ്രതിഷേധം കാരണം സൈനികരെ റിക്രൂട്ട് ചെയ്യാൻ പുടിൻ പാടുപെടുന്നതിനിടയിലാണ് റഷ്യൻ ജനതയ്ക്ക് റെക്കോർഡ് സാമ്പത്തിക നേട്ടം ഉറപ്പാക്കിയുള്ള മോസ്കോ ഗവണ്മെന്‍റ് അതോറിറ്റിയുടെ വാഗ്ദാനം.
മോസ്കോ മേയർ സെർജി സോബിയാനിൻ സൈന്യത്തിൽ ചേരുന്ന നഗരവാസികൾക്കായി 1.9 ദശലക്ഷം റൂബിൾസ് (ഏകദേശം $22,000) ഒറ്റത്തവണ സൈനിംഗ് ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന ഉണ്ടായത്.
ഈ ഓഫർ ഏറ്റെടുക്കുന്ന ആർക്കും അവരുടെ ആദ്യ വർഷത്തെ സേവനത്തിൽ 5.2 ദശലക്ഷം റൂബിൾസ് ($59,600) ലഭിക്കും, പ്രസ്താവന തുടരുന്നു. യുക്രെയ്നിലെ യുദ്ധത്തിൽ പങ്കെടുത്ത് പരിക്കുകളേറ്റാൽ ഏകദേശം 5,690-$11,390 ഡോളർ വരെ അതിന്‍റെ തീവ്രത അനുസരിച്ച് ഒറ്റത്തവണ ക്യാഷ് പേയ്മെന്‍റുകൾ ലഭിക്കും. കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു സൈനികന്‍റെ കുടുംബത്തിന് 34,150 ഡോളർ നൽകും.
റഷ്യ തന്‍റെ സൈനികരുടെ മരണസംഖ്യ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണെന്ന ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് റഷ്യൻ സൈനികരുടെ മരണ സംഖ്യ ഉയർന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുറത്തു വരുന്ന കണക്കുകൾ.
റഷ്യൻ സൈന്യം ഖാർകിവ് മേഖലയിലെ ഒരു പുതിയ മുന്നണിയിൽ വലിയ നഷ്ടം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് യുകെ പ്രതിരോധ മന്ത്രാലയം ജൂലൈ 12 ന് പുറത്തിറക്കിയ അപ്‌ഡേറ്റിൽ കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ മാത്രം 70,000 റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
ഉക്രെയ്ൻ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് റഷ്യയ്ക്ക് ഉണ്ടായിരുന്ന സജീവ ഡ്യൂട്ടി ഗ്രൗണ്ട് ട്രൂപ്പുകളുടെ 87 ശതമാനം നഷ്‌ടപ്പെട്ടതായി കണക്കുകൾ തെളിയിക്കുന്നു.
അധിനിവേശത്തിന് മുമ്പുള്ള റഷ്യയുടെ മൂന്നിൽ രണ്ട് ടാങ്കുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും അമെരിക്കൻ രഹസ്യാന്വേക്ഷണ ഏജൻസികളുമായി ബന്ധപ്പെട്ട വക്താവ് സിഎൻഎന്നിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ.
ഉക്രേനിയൻ പ്രതിരോധക്കാർക്കെതിരായ യുദ്ധങ്ങളിൽ റഷ്യയുടെ ഏറ്റവും ക്രൂരരായ സൈനികർ(meat grinder troop) വിളിക്കുന്ന റഷ്യൻ സൈനികർ നല്ലൊരു വിഭാഗവും യുക്രെയ്നിയൻ യോദ്ധാക്കളാൽ കൊല്ലപ്പെടുകയോ ജീവിതത്തെ മാറ്റിമറിക്കുന്ന പരിക്കുകളോടെ ജീവച്ഛവങ്ങളായി മാറുകയോ ചെയ്യപ്പെട്ടതിന്‍റെ ഡ്രോൺ വീഡിയോ ദൃശ്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
അതിക്രൂരമായ റഷ്യൻ ആക്രമണത്തെ പോലും ദേശസ്നേഹത്താൽ സഹിച്ചു കൊണ്ട് യുക്രെയ്ൻ ജനത നടത്തുന്ന പോരാട്ടം നിരവധി തവണ ലോകത്തിനു മുന്നിൽ ചർച്ചാ വിഷയമായി.
റഷ്യൻ സേനയിലെ ഉദ്യോഗസ്ഥർ തുടർച്ചയായി കൊല്ലപ്പെടുന്നതിനെ തുടർന്ന് ക്രെംലിൻ മുന്നണിയിലേക്ക് അയയ്‌ക്കാനുള്ള പോരാളികളെ കണ്ടെത്താൻ രാജ്യമെമ്പാടും തിരച്ചിൽ നടത്തുകയാണ് റഷ്യ.
ഡിസംബറിൽ ക്രെംലിൻ പ്രസിദ്ധീകരിച്ച ഒരു ഉത്തരവനുസരിച്ച്, സൈനികരുടെ എണ്ണം 170,000 വർദ്ധിപ്പിക്കാൻ പുടിൻ ഉത്തരവിട്ടു, ഇത് റഷ്യൻ സൈനികരുടെ ആകെ എണ്ണം 1.32 ദശലക്ഷം സൈനികർ ഉൾപ്പെടെ 2.2 ദശലക്ഷത്തിലധികം വരും. റഷ്യൻ സൈന്യത്തിന്‍റെ 15ശതമാനം വലുപ്പം വർദ്ധിപ്പിക്കുന്നതിന് തുല്യമാണിത്. കൂടാതെ പുടിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം സൈന്യത്തിന്‍റെ രണ്ടാമത്തെ വിപുലീകരണമാണിത്.
സൈനിക റിസർവേഷനിലുള്ള പൗരന്മാരെ വിളിക്കാമെന്നും സൈനിക പരിചയമുള്ളവർ നിർബന്ധിത സൈനിക സേവനത്തിന് അണി നിരന്നേ തീരൂ എന്നും 2022ൽ മോസ്കോയിൽ പുടിൻ നടത്തിയ വിവാദ പ്രസ്താവന
റഷ്യയിൽ കടുത്ത പ്രകടനങ്ങളിലേക്ക് നയിച്ചു - പ്രത്യേകിച്ചും റഷ്യയിലെ വംശീയ ന്യൂനപക്ഷ പ്രദേശങ്ങളിൽ കടുത്തസംഘട്ടനങ്ങളാണ് ഈ തീരുമാനത്തിനെതിരെ ഉണ്ടായത്. യുദ്ധത്തിൽ ചേരാതിരിക്കാൻ രാജ്യം വിട്ട് പലായനം ചെയ്യുന്ന റഷ്യൻ പൗരന്മാരുടെ വൻ തോതിലുള്ള പലായനത്തിനും ഇത് കാരണമായി.
2022 നവംബറിൽ 300,000 പേരെ റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യം കൈവരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞതിനെത്തുടർന്ന് മൊബിലൈസേഷൻ ക്യാംപെയ്ൻ താൽക്കാലികമായി നിർത്തിവച്ചെങ്കിലും, റഷ്യ വിദേശ പൗരന്മാരെയും യുക്രെയ്‌നിൽ യുദ്ധം ചെയ്യാൻ റിക്രൂട്ട് ചെയ്യുന്നുണ്ട്.
15,000 നേപ്പാളികളെയാണ് ഇത്തരത്തിൽ റഷ്യ റിക്രൂട്ട് ചെയ്തത്. ഈ നേപ്പാളികളിൽ നല്ലൊരു വിഭാഗം സാരമായ പരിക്കുകളേറ്റ് ജീവിക്കുന്നു. കണക്കുകളിൽ പെടാത്ത നല്ലൊരു അജ്ഞാത സംഖ്യ വരുന്ന നേപ്പാളി സൈനികരെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. വിദേശ പോരാളികൾക്കായി റഷ്യയുടെ സൈനിക അക്കാദമികളിൽ പരിശീലനം നേടിയവരിൽ അഫ്ഗാൻ, ഇന്ത്യൻ, കോംഗോ, ഈജിപ്ഷ്യൻ റിക്രൂട്ട്‌മെന്‍റുകളും ഉൾപ്പെടുന്നുവെന്ന് ഒരു നേപ്പാളി സൈനികൻ വെളിപ്പെടുത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.