മാർപാപ്പയെ എതിർത്ത യുഎസ് ബിഷപ്പിനെ പുറത്താക്കി

എൽജിബിടിക്യു+ ഉൾപ്പെടെ വിഷയങ്ങളെ സംബന്ധിച്ച് സമീപകാലത്ത് നടന്ന ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരേ കടുത്ത നിലപാടെടുത്തിരുന്നു സ്ട്രിക്‌ലാൻഡ്
Pope Francis with erstwhile Bishop Joseph Strickland.
Pope Francis with erstwhile Bishop Joseph Strickland.Vatican Media
Updated on

റോം: ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരേ പരസ്യ നിലപാടു സ്വീകരിച്ച യുഎസ് ബിഷപ്പിനെ പുറത്താക്കി. ടെക്സസിലെ ടൈലർ ബിഷപ് ജോസഫ് സ്ട്രിക്‌ലാൻഡിനെയാണു ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക ചുമതലകളിൽ നിന്നു നീക്കിയത്. ഓസ്റ്റിൻ ബിഷപ്പിനാണു ടൈലറിന്‍റെ താത്കാലിക ചുമതല. മാർപാപ്പയ്ക്കെതിരേ തുടർച്ചയായ വിമർശനങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾക്കുമൊടുവിലാണു സ്ട്രിക്‌ലാൻഡിനെതിരേ നടപടി.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ മാർപാപ്പ ബിഷപ്പിനെതിരേ നടപടിയെടുക്കുന്നത് അത്യപൂർവമെന്നു സഭാ വൃത്തങ്ങൾ. എൽജിബിടിക്യു+ ഉൾപ്പെടെ വിഷയങ്ങളെ സംബന്ധിച്ച് സമീപകാലത്ത് നടന്ന ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരേ കടുത്ത നിലപാടെടുത്തിരുന്നു സ്ട്രിക്‌ലാൻഡ്.

ഈ വർഷം തുടക്കത്തിൽ സ്ട്രിക്‌ലാൻഡിന്‍റെ രൂപത ഭരണം സംബന്ധിച്ച് വത്തിക്കാൻ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇതിലെ കണ്ടെത്തലുകൾ വെളിപ്പെടുത്തിയില്ല. ഇതേത്തുടർന്ന് വത്തിക്കാനെതിരേ രംഗത്തെത്തിയ സ്ട്രിക്‌ലാൻഡ്, തന്നെ ബിഷപ്പായി നിയമിച്ചത് 2012ൽ അന്നത്തെ മാർപാപ്പ ബെനഡിക്റ്റ് പതിനാറാമനാണെന്നും മറ്റാർക്കും തന്നെ നീക്കാനാവില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

പഴയ ലത്തീൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ 2021ലെ കൽപ്പന നടപ്പാക്കാത്തതാണ് സ്ട്രിക്‌ലാൻഡിനെതിരായ നടപടിക്കു കാരണമെന്ന് യാഥാസ്ഥിതിക വിഭാഗത്തിന്‍റെ പോർട്ടലായ ലൈഫ്സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.