വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. പോപ്പുലർ വോട്ടുകൾക്ക് ഒപ്പം വിജയമുറപ്പിക്കാനായി വേണ്ട 270 ഇലക്റ്ററൽ വോട്ടുകളിൽ 267 വോട്ടുകളും ട്രംപ് സ്വന്തമാക്കി. ജോർജിയയും നോർത്ത് കരോലിനയും അടക്കമുള്ള സ്വിങ് സ്റ്റേറ്റുകളിൽ പൂർണമായ ആധിപത്യം ഉറപ്പാക്കിയതോടെയാണ് ട്രംപിന്‍റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. 127 വർഷത്തിനു ശേഷം യുഎസിൽ തുടർച്ചയായല്ലാതെ വീണ്ടും പ്രസിഡന്‍റ് പദത്തിലേക്കെത്തുന്ന ആദ്യ വ്യക്തിയായിരിക്കും ട്രംപ്. 1885 മുതൽ 1889 വരെയും 1893 മുതൽ 1897 വരെയും യു എസ് പ്രസിഡന്‍റായിരുന്ന ഗ്രോവർ ക്ലീവ് ലൻഡ് ആണ് ഇക്കാര്യത്തിൽ ട്രംപിന്‍റെ മുൻഗാമി
ഇലക്റ്ററൽ വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ചിൽ ട്രംപ് അണികളെ അഭിസംബോധന ചെയ്തു.
ജനുവരിയിലാണ് തെരഞ്ഞെടുപ്പിന്‍റെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എന്നാൽ വിജയം ഉറപ്പിച്ചതോടെയാണ് ട്രംപ് അണികളോട് സംസാരിച്ചത്. വരാനിരിക്കുന്നത് സുവർണകാലഘട്ടമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
നിലവിൽ 214 ഇലക്റ്ററൽ വോട്ടുകൾ മാത്രമേ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് ലഭിച്ചിട്ടുള്ളൂ. അരിസോണ, മിഷിഗൺ, വിസ്കോൺസിൻ, നേവാഡ എന്നിവിടങ്ങളിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്. റിപ്പബ്ലിക്കൻ ക്യാംപുകൾ വിജയാഘോഷങ്ങളിൽ മുങ്ങിയപ്പോൾ ഡെമോക്രാറ്റിക് ക്യാംപ് മൗനത്തിലായിരിക്കുകയാണ്.