തുടർച്ചയായ മൂന്നാം വട്ടവും ചൈനീസ് പ്രസിഡന്‍റായി ഷീ ജിൻപിങ്. ജീവിതകാലം മുഴുവൻ ഷീ ജിൻപിങ് അധികാരത്തിലുണ്ടാകുമെന്ന സാധ്യതയ്ക്കു ബലമേറുകയാണ്. അടുത്ത അഞ്ചു വർഷത്തേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരമോന്നത നേതാവും ഷീ ജിൻപിങ് തന്നെയായിരിക്കും.
ചൈന സെൻട്രൽ മിലിട്ടറി കമ്മീഷന്‍റെ ചെയർമാനായും ഷീ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സീറോ കോവിഡ് നയം നടപ്പാക്കിയതിനെ തുടർന്നു ഷീ ജിൻപിങ്ങിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പുതിയ പ്രധാനമന്ത്രിയായ ലീ ക്വിയാങ്ങിനെ നിയമിച്ചതോടെ പ്രതിഷേധം അടങ്ങുമെന്നാണു പാർലമെന്‍റിന്‍റെ പ്രതീക്ഷ. ഷീ ജിൻപിങ്ങിന്‍റെ വിശ്വസ്തനാണ് ലീ ക്വിയാങ്.
പ്രസിഡന്‍റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ മറ്റാരും മത്സരിക്കാനുണ്ടായില്ല എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഒരു മണിക്കൂറോളം നീണ്ട തെരഞ്ഞെടുപ്പിനു ശേഷം, പതിനഞ്ച് മിനിറ്റിനുള്ളിൽ ഫലം പ്രഖ്യാപിക്കുകയും ചെയ്തു. അമെരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ സംഭവിച്ച സാഹചര്യത്തിലാണു ഷീ ജിൻപിങ് വീണ്ടും പ്രസിഡന്‍റായി അവരോധിക്കപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.