2023ൽ വിട പറഞ്ഞ താരങ്ങൾ
2023ൽ വിട പറഞ്ഞ താരങ്ങൾവര: സുഭാഷ് കല്ലൂർ

ഓർമകളിലേക്ക് ചേക്കേറിയ പ്രിയതാരങ്ങൾ...

പകരം വയ്ക്കാനില്ലാത്ത നിരവധി താരങ്ങളാണ് ഒരു വർഷത്തിനിടെ നമുക്കു നഷ്ടമായത്. 2023ൽ വിട പറഞ്ഞ താരങ്ങളുടെ ഓർമകളിലൂടെ...

ആർദ്ര ഗോപകുമാർ

ഒരു വർഷം കൂടി കടന്നു പോകുകയാണ്. അനവധി സന്തോഷങ്ങൾക്കൊപ്പം നികത്താനാവാത്ത നിരവധി ശൂന്യതകളുമുണ്ടാക്കിയ വർഷമായിരുന്നു 2023. ഇന്നസെന്‍റും മാമുക്കോയയും സംവിധായകൻ സിദ്ദിക്കും സുബി സുരേഷും അടക്കം മലയാളത്തിന്‍റെ പകരം വയ്ക്കാനില്ലാത്ത നിരവധി താരങ്ങളാണ് ഒരു വർഷത്തിനിടെ നമുക്കു നഷ്ടമായത്. 2023ൽ വിട പറഞ്ഞ താരങ്ങളുടെ ഓർമകളിലൂടെ...

1. സുബി സുരേഷ് (ഫെബ്രുവരി 22, 2023)

Subi Suresh
Subi Suresh

പുരുഷന്മാർ അടക്കി ഭരിച്ചിരുന്ന കോമഡി രംഗത്ത് തനതായ ശൈലിയിലൂടെ സ്വന്തമായൊരു ഇടമുറപ്പിച്ച നടിയാണ് സുബി സുരേഷ്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുബി 2023 ഫെബ്രുവരി 22ന് ലോകത്തോട് വിട പറഞ്ഞു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലാണ് ആദ്യമായി മുഴുനീള വേഷം ചെയ്യുന്നത്.അതിനു ശേഷം നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ഹാസ്യം വിട്ടൊരു കളിയുണ്ടായിരുന്നില്ല. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവതാരകയുടെ റോളിലെത്തുമ്പോൾ കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കാതെ സദസിനെ കയ്യിലെടുത്തു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത "കുട്ടിപ്പട്ടാളം" എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിരുന്നു. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു പരിപാടിക്ക് ലഭിച്ചത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ സ്വദേശിയാണ് സുബി.

2. ഇന്നസെന്‍റ് (മാർച്ച് 26, 2023)

Innocent
Innocent

മലയാള സിനിമയുടെ ചിരിക്കുന്ന മുഖമായിരുന്നു ഇന്നസെന്‍റ്. 2023ൽ മലയാളികൾക്ക് ആ ചിരിക്കാലം കൂടിയാണ് നഷ്ടപ്പെട്ടത്. സിനിമാ നടനായും ജനപ്രതിനിധിയായും, എഴുത്തുകാരനായുമെല്ലാം തിളങ്ങിയ പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു ഇന്നസെന്‍റ്. അർബുദത്തോടു പൊരുതി ജീവിച്ച താരം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2023 മാർച്ച് 26ന് അന്തരിച്ചു. മലയാളികൾക്ക് എന്നെന്നും ഓർമിക്കാൻ ഒരുപാടു നല്ല ഹാസ്യ കഥാപാത്രങ്ങളെ നൽകിയാണ് ആ ബഹുമുഖ പ്രതിഭ വിട പറഞ്ഞത്. പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവായിരുന്ന ഇന്നസെന്‍റ്. തനത് തൃശൂര്‍ ശൈലിയില്‍ മലയാളികളെ രസിപ്പിച്ച ഇന്നസെന്‍റ് ഏതാണ്ട് 750തിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്‌. 2002 മുതൽ 2018 വരെ താരസംഘടനയായ അമ്മയുടെ സംസ്ഥാന പ്രസിഡന്‍റായി പ്രവർത്തിച്ചിരുന്നു. അതിനു പുറമേ 2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗവുമായി.

ഇന്നസെന്‍റ് രചിച്ച ചിരിക്കു പിന്നിൽ (ആത്മകഥ), ഞാൻ ഇന്നസെന്‍റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) കാൻസർ വാർഡിലെ ചിരി എന്നീ പുസ്തകങ്ങളെല്ലാം വൻ ജനപ്രീതി പിടിച്ചുപറ്റി‍യിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം, മികച്ച നടൻ, ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

3. മാമുക്കോയ (ഏപ്രിൽ 26, 2023)

Mamukkoya
Mamukkoya

കോഴിക്കോടൻ സംഭാഷണശൈലിയിലൂടെ മലയാളത്തിന്‍റെ പ്രിയങ്കരനായി മാറിയ മാമുക്കോയയാണ് 2023 ൽ‌ നഷ്ടമായ മറ്റൊരു കലാകാരൻ. ഹാസ്യ കഥാപാത്രങ്ങൾ വളരെ തൻമയത്തോടെ അവതരിപ്പിച്ച അദ്ദേഹം കാൻസർ രോഗത്തിന് ചികിൽസ തേടിയിരുന്നു. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ചികിത്സയിലിരിക്കേ 2023 ഏപ്രിൽ 26 ന് മാമുക്കോയ അന്തരിച്ചു.നാടകരംഗത്തു നിന്നും സിനിമയിൽ എത്തിയ അദ്ദേഹത്തിന്‍റെ യഥാർഥ പേര് മുഹമ്മദ് എന്നാണ്. മലയാളസിനിമയ്ക്ക് അതു വരെ പരിചിതമല്ലാതിരുന്ന മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. സ്‌ക്കൂള്‍ കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. അക്കാലത്ത് നാടകങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. കെ.ടി കുഞ്ഞു, ചെമ്മങ്ങാട് റഹ്മാന്‍, കെ.ടി മുഹമ്മദ് തുടങ്ങിയവരുടെ നിരവധി നാടകങ്ങളുടെ ഭാഗമായി. നാടകരംഗത്തെ സൗഹൃദങ്ങളാണ് സിനിമയിലെത്തിക്കുന്നത്.

ഏറെക്കാലം ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച മാമുക്കോയ സ്വഭാവനടനായും തിളങ്ങിയിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ജയ് ഹിന്ദ് ടെലിവിഷൻ പുരസ്കാരം, കലാരത്നം പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം നായകനായ ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.

4. ഹരീഷ് പേങ്ങന്‍ (മേയ് 30, 2023)

Hareesh Pengan
Hareesh Pengan

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ഹരീഷ് പേങ്ങന്‍. വയറുവേദനയെ തുടര്‍ന്ന് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കരള്‍ രോഗം കണ്ടെത്തുകയായിരുന്നു. ചികിത്സയിലിരിക്കേ 2023 മേയ് 30ന് അന്തരിച്ചു. ‌

മിന്നല്‍ മുരളി, മഹേഷിന്‍റെ പ്രതികാരം, ജാന്‍ എ മന്‍ തുടങ്ങി ചിത്രങ്ങളിലൂടെയാണ് ഹരീഷ് ശ്രദ്ധിക്കപ്പെടുന്നത്.

ഷഫീക്കിന്‍റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.

5. കൊല്ലം സുധി (ജൂൺ 5, 2023)

Kollam Sudhi
Kollam Sudhi

മലയാളം ടെലിവിഷൻ, സ്റ്റേജ്, സിനിമ താരം, ഹാസ്യനടന്‍, മിമിക്രി ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ റോളുകൾ കൈകാര്യം ചെയ്തിരുന്നയാളാണ് കൊല്ലം സുധി. 2023 ജൂൺ 5 ന് തൃശൂർ കൈപ്പമംഗലത്ത് വെച്ച് സഹപ്രവർത്തകർക്കൊപ്പം സഞ്ചരിച്ച കാർ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടമാണ് സുധിയുടെ മരണത്തിന് കാരണമായത്. തലയ്ക്ക് മാരകമായി പരുക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് സുധീർനാഥ് എന്ന കൊല്ലം സുധി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഏഷ്യാനെറ്റിലെ വോഡഫോൺ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ടിവി സ്കെച്ച് കോമഡി മത്സരത്തിൽ പങ്കെടുത്താണ് സുധി ടെലിവിഷനിൽ അംഗീകാരം നേടിയത്. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ടിവി സ്കെച്ച് കോമഡി ഷോയിലെ വിജയത്തിലൂടെ ദൃശ്യ മാധ്യമ രംഗത്ത് അദ്ദേഹം കൂടുതൽ പ്രശസ്തനായി. ടമാർ പടാർ എന്ന കോമഡി ഷോയുടെ തുടക്കം മുതൽ സ്ഥിരം അംഗമായി മാറിയ സുധി അതിന്റെ പിൻഗാമിയായ സ്റ്റാർ മാജിക് ഓൺ ഫ്ലവേഴ്‌സിൽ തുടർന്നു.

40 ലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി മലയാളം കോമഡി ഷോകളിൽ അതിഥി താരമായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധിയുടെ സിനിമയിലെ അരങ്ങേറ്റം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

6. കസാൻ ഖാൻ (ജൂൺ 12, 2023)

Kazan Khan
Kazan Khan

വില്ലൻ വേഷങ്ങളിലൂടെയാണ് കസാൻ ഖാനെ മലയാളികൾക്ക് പരിചയം. 2023 ജൂൺ 12-ന് ഹൃദയാഘാതത്തെ തുടർന്ന് കസാൻ ഖാൻ അന്തരിച്ചു. മലയാളം, കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1993ൽ പുറത്തിറങ്ങിയ ഗന്ധർവ്വം എന്ന ചിത്രത്തിലൂടെ മോഹൻലാൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മേട്ടുകുടി, വാനത്തൈ പോല എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. ലൈല ഓ ലൈല ഒപ്പം ,മര്യാദ രാമണ്ണ, രാജാതിരാജ, മായാമോഹിനി, സെവൻസ്,ക്രിസ്ത്യൻ ബ്രദർസ്, CID മൂസ, വർണ്ണകിട്ട് എന്നിവയാണ് മലയാളത്തിലെ അറിയപ്പെടുന്ന ചിത്രങ്ങൾ.

7. പൂജപ്പുര രവി (ജൂൺ 18, 2023)

Poojappura Ravi
Poojappura Ravi

മലയാള സിനിമയുടെ ബ്ലാക്ക് & വൈറ്റ് കാലഘട്ടത്തിൽ നിന്ന് വെള്ളിത്തിരയുടെ നിറ വെളിച്ചങ്ങളിലേക്കൊപ്പമുള്ള യാത്രയിൽ സഞ്ചരിച്ച നടനാണ് പൂജപ്പുര രവി.എം.രവീന്ദ്രൻ നായർ എന്നറിയപ്പെടുന്ന പൂജപ്പുര രവി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 86-മത്തെ വയസിൽ 2023 ജൂൺ 18ന് അന്തരിച്ചു. 1962-ൽ റിലീസായ വേലുത്തമ്പിദളവ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ രവി 1976-ൽ റിലീസായ അമ്മിണി അമ്മാവൻ എന്ന സിനിമയിലെ കഥാപാത്രത്തോടെയാണ് മലയാളസിനിമയിൽ സജീവസാന്നിധ്യമായത്.

ശ്രദ്ധേയമായ ശാരീരിക ആകാരവും ഘനഗാംഭീര്യമുള്ള ശബ്ദവുമാണ് രവിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്. ഹാസ്യനടനായും സ്വഭാവനടനായും ദീർഘകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന രവി 2016-ൽ റിലീസായ ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ ഇതുവരെ 800-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

8. കൈലാസ് നാഥ്‌ (ഓഗസ്റ്റ് 3, 2023)

Kailas Nath
Kailas Nath

നടനും സംവിധായകനുമായ കൈലാസ് നാഥ് ടെലിവിഷനിലൂടെയാണ് പ്രശസ്തനായത്. രൾ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു 2023 ഓഗസ്റ്റ് 3-ന് അന്തരിച്ചു.

ബാലതാരമായി അഭിനയിച്ച വിടരുന്ന മൊട്ടുകൾ ആണ് ആദ്യ ചിത്രം. ഇത് നല്ല തമാശ(1985) എന്നെ ചിത്രം സംവിധാനം ചെയ്തു. ശ്രീകുമാരൻ തമ്പിയുടെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു. 1980-ൽ ഒരു തലൈ രാഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ഏതോ ഒരു സ്വപ്നം, പലൈവന സോളൈ, ശര വർഷം, വള്ളി, സംഗമം, സേതുരാമ അയ്യർ സിബിഐ, മിഴികൾ സാക്ഷി, സീതാ കല്യാണം, യുഗപുരുഷൻ എന്നിവയാണ് കൈലാസ് നാഥ്‌ അഭിനയിച്ച ചില സിനികൾ.

9. സിദ്ധിക്ക് ( ഓഗസ്റ്റ് 8, 2023)

Siddique
Siddique

സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത്, കഥാരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് സിദ്ധിക്ക് എന്നറിയപ്പെടുന്ന സിദ്ധിക്ക് ഇസ്മായിൽ. രൾ രോഗത്തിന് ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് 2023 ഓഗസ്റ്റ് 8ന് സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

കൊച്ചിൻ കലാഭവനിൽ ചേർന്ന സിദ്ധിക്ക് മിമിക്രി രംഗത്ത് സജീവമായി. അവിടെ നിന്നും പ്രശസ്ത സംവിധായകൻ ഫാസിലുമായുള്ള പരിചയം സിദ്ധിക്കിനെ സിനിമയിലെത്തിച്ചു.

1986-ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി ഫാസിലിന്‍റെ കീഴിൽ അസോസിയേറ്റ് ഡയറക്ടറായി ചുവടുവച്ചു. പിന്നീട് നടൻ ലാലും സിദ്ധിക്കും തമ്മിൽ ഒരുമിക്കുകയും ഏതാനും സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. പിന്നീട് ഈ ജോടി വേർപിരിഞ്ഞ്, സിദ്ധിക്ക് സംവിധാന രംഗത്തും ലാൽ അഭിനയരംഗത്തും ശ്രദ്ധ കേന്ദ്രീകരിച്ചു. 1989-ൽ റിലീസായ റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് സിദ്ധിക്ക് സ്വതന്ത്ര സംവിധായകനാവുന്നത്. 2020-ൽ റിലീസായ ബിഗ്ബ്രദർ എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയാണ് ലാലിനോടൊപ്പം ചെയ്ത ചില പ്രധാനചിത്രങ്ങൾ.

10. കുണ്ടറ ജോണി (ഒക്‌ടോബർ 17, 2023)

Kundara Johny
Kundara Johny

സ്വഭാവനടനായും കോമഡി നടനായും അഭിനയിച്ചിട്ടുണ്ടങ്കിലും നീണ്ട 44 വർഷത്തെ അഭിനയജീവിതത്തിൽ കൂടുതലായും ചെയ്ത വില്ലൻ വേഷങ്ങളാണ് കുണ്ടറ ജോണിയെ പ്രശസ്തനാക്കിയത്. പ്രമേഹ രോഗത്തിന് ചികിത്സയിൽ തുടരവെ 2023 ഒക്‌ടോബർ 17-ന് 72-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലുമായി ഇതുവരെ 500 ഓളം സിനിമകളിൽ അഭിനയിച്ച ഇദ്ദേഹത്തിന്‍റെ ശരിയായ പേര് ജോണി ജോസഫ് എന്നാണ്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്

1989-ൽ റിലീസായ മോഹൻലാൽ ചിത്രം 'കിരീടം' എന്ന സിനിമയിലെ പരമേശ്വരൻ എന്ന കഥാപാത്രമാണ് ജോണിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. കിരീടം പിന്നീട് 4 ഭാഷകളിലേക്ക് മൊഴിമാറ്റിയപ്പോഴും ജോണി ആ വേഷം അനശ്വരമാക്കി.

കരിമ്പന, മീൻ, നാടോടിക്കാറ്റ്, ഗോഡ്ഫാദർ, കിരീടം, പറങ്കിമല തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

11. രഞ്ജുഷ മേനോൻ (ഒക്ടോബർ 30, 2023)

Renjusha Menon
Renjusha Menon

മലയാളം ടെലിവിഷൻ സീരിയലുകളിൽ നിന്നും ചലച്ചിത്ര ലോകത്തേക്ക് പ്രത്യക്ഷപ്പെട്ടയാളായിരുന്നു രഞ്ജുഷ മേനോൻ. 2023 ഒക്ടോബർ 30 ന് തിരുവനന്തപുരത്തെ അപ്പാർട്ട്‌മെന്റിൽ രഞ്ജുഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീ എന്ന സീരിയലിലൂടെയാണ് രഞ്ജുഷ ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സൂര്യ ടിവിയുടെ ആനന്ദരാഗം, കൗമുദിയുടെ വരൻ ഡോക്ടർ, എന്‍റെ മാതാവ്, നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. കൈരളി ടിവിയിലെ നക്ഷത്ര ദീപങ്ങൾ എന്ന മലയാളം സെലിബ്രിറ്റി റിയാലിറ്റി ഷോയിലെത്തിയതും രഞ്ജുഷ മേനോനെ ശ്രദ്ധയയാക്കി.

2006-ൽ ക്ലാസ്സ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു ക്ലാസിക് നർത്തകി കൂടിയായിരുന്ന രഞ്ജുഷ ഭരതനാട്യത്തിൽ ബിരുദം നേടിയിട്ടുണ്ട്.

12. കലാഭവൻ ഹനീഫ് (നവംബർ 9, 2023)

Kalabhavan Haneef
Kalabhavan Haneef

മിമിക്രിയില്‍ നിന്നും സിനിമാ ലോകത്തിലേക്ക് എത്തിയയാളാണ് കലാഭവൻ ഹനീഫ്. ശ്വാസതടസ്സം മൂലം രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം, 2023 നവംബർ 9 ന് 63-ആം വയസ്സിൽ കൊച്ചിയിൽ അന്തരിച്ചു.നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റുകളിലൊരാളായി. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ശ്രദ്ധയം. പിന്നീട് 150-ലധികം സിനിമകളിൽ അഭിനയിച്ചു. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും എല്ലാം കോമഡി കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്.

13. വിനോദ് തോമസ് (നവംബർ 18, 2023)

Vinod Thomas
Vinod Thomas

ചെറിയ റോളുകളിലൂടെ ശ്രദ്ധേയനായ താരമാണ് വിനോദ് തോമസ്. 2023 നവംബർ 18-ന് അദ്ദേഹം അന്തരിച്ചു. ലളിതം സുന്ദരം, കുറി, പ്രിയന്‍ ഓട്ടത്തിലാണ്, വാസന്തി, അയ്യപ്പനും കോശിയും, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

14. സുബ്ബലക്ഷ്മി (നവംബർ 30, 2023)

Subbalakshmi
Subbalakshmi

മലയാളത്തിന്‍റെ മുത്തശ്ശി സുബ്ബലക്ഷ്മി, അഭിനേത്രി എന്ന നിലയിലും കർണാടക സംഗീതജ്ഞ സംഗീതസംവിധായക എന്നീ നിലയിലും പ്രശസ്തയാണ്. 2023 നവംബർ 30-ന് 87-ആം വയസ്സിൽ സുബ്ബലക്ഷ്മി അന്തരിച്ചു. കല്യാണരാമൻ (2002), പാണ്ടിപ്പട (2005), നന്ദനം (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജവഹർ ബാലഭവനിൽ സംഗീതജ്ഞയും നൃത്താധ്യാപികയും ആയിരുന്നു സുബ്ബലക്ഷ്മി, 1951 മുതൽ ഓള്‍ ഇന്ത്യ റേഡിയോയില്‍ ആർ സുബ്ബലക്ഷ്‍മി ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകാശവാണിയിലെ ആദ്യത്തെ വനിതാ സംഗീതസംവിധായകയായി അവർ ശ്രദ്ധിക്കപ്പെട്ടു. നിരവധി കച്ചേരികൾ, ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു, കൂടാതെ ചില ടെലിഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചു.

വിജയ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ബീസ്റ്റിലായിരുന്നു ആര്‍ സുബ്ബലക്ഷ്‍മി അവസാനമായി വേഷമിട്ടത്.

Trending

No stories found.

Latest News

No stories found.