#പിണറായി വിജയൻ, മുഖ്യമന്ത്രി
എൽഡിഎഫ് സർക്കാർ അതിന്‍റെ നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സർക്കാരിന്‍റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്‍റെ 9ാം വർഷത്തിലേക്കാണ് നമ്മൾ കടക്കുന്നത്. കഴിഞ്ഞ 8 വർഷം കൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞു.
വികസനത്തിന്‍റെ അടിസ്ഥാനമായി വർത്തിച്ചവയ്‌ക്കൊക്കെ കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു 2016ൽ ഇടതു മുന്നണി അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്നത്. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികൾ മതിയായ സൗകര്യങ്ങളില്ലാതെ വിഷമിച്ചു. പാർപ്പിട പദ്ധതികളെല്ലാം നിലച്ചു. ക്ഷേമ പെൻഷനുകൾ കുടിശികയായി. വികസനം മരവിച്ചു. ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. അതിന്‍റെ ഭാഗമായി എൽഡിഎഫ് സർക്കാർ പല പദ്ധതികൾ ആവിഷ്‌കരിച്ചു. ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം പദ്ധതി, ലൈഫ് മിഷൻ മുഖേന വീടുകൾ... ഇന്ന് പൊതുവിദ്യാലയങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർന്നു. ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ. മെഡിക്കൽ കോളെജുകളിൽ മാത്രമുണ്ടായിരുന്ന പല ചികിത്സകളും ഇന്ന് താലൂക്കു തലം വരെയുള്ള ആശുപത്രികളിൽ ലഭ്യം.
ലൈഫ് മിഷൻ മുഖേന 4 ലക്ഷത്തോളം വീടുകൾ. ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി. അടിസ്ഥാനസൗകര്യ വികസനത്തിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശ്രദ്ധ ചെലുത്തി. അതിന്‍റെ ഭാഗമായി കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. 8 വർഷം കൊണ്ട് 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുത്തു. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രൊ, കൊച്ചി വാട്ടർ മെട്രൊ തുടങ്ങിയവ ദൃഷ്ടാന്തങ്ങൾ.
ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. അതിദാരിദ്ര്യ നിർമാർജനത്തിലേക്ക് നമ്മൾ ചുവടുവയ്ക്കുകയാണ്. 2025 നവംബർ ഒന്നോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമാകും. ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം വച്ച് 3.25 ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. ആദിവാസികളടക്കമുള്ള പാർശ്വവത്കൃത വിഭാഗങ്ങൾക്ക് ഭൂമി ലഭ്യമാക്കാനുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്നാകെ പരിഷ്‌കരിക്കുകയാണ്. നൈപുണ്യ വികസനവും സംരഭകത്വ വികസനവുമെല്ലാം ഇന്ന് ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാഗമാണ്. അതിനായി കണക്റ്റ് കരിയർ ടു ക്യാംപസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ ക്യാംപസ് തുടങ്ങിയവ നടപ്പാക്കിവരുന്നു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകളും യാഥാർഥ്യമാകുന്നു.
ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ആദ്യ 8 മാസം കൊണ്ടു തന്നെ ഒരു ലക്ഷമെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെയെടുത്താൽ 1,39,000 ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 3 ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും അതുവഴിയുണ്ടായി. പദ്ധതിക്കു ലഭിച്ച സ്വീകാര്യതയിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് ഇപ്പോൾ സംരംഭക വർഷം 2.0 നടപ്പാക്കുന്നത്.
കേരളത്തിന്‍റെ വ്യാവസായിക വളർച്ച യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2016ൽ 12% ആയിരുന്നു. ഇപ്പോൾ അത് 17% ആയി ഉയർന്നു. ഇതിൽ മാനുഫാക്ചറിങ് സെക്റ്ററിന്‍റെ സംഭാവന 2016ൽ 9.8% ആയിരുന്നു. ഇപ്പോഴത് 14% ആയി. യുഡിഎഫിന്‍റെ കാലത്ത് ആകെ 82,000 സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രം ഇത്തരം 2,35,000 സംരംഭങ്ങളാണ് യാഥാർഥ്യമാക്കിയത്.
യുഡിഎഫിന്‍റെ കാലത്ത് 10,177 തൊഴിൽ സംരംഭങ്ങൾ മാത്രം. എൽഡിഎഫിന്‍റെ കാലത്ത് അത് 30,176 ആയി. യുഡിഎഫിന്‍റെ കാലത്ത് 8 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലായിരുന്നത്. ഇന്നത് 17 ആയി ഉയർന്നിരിക്കുന്നു.
2016ൽ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് 5,000 കടന്നിരിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിങ്ങിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. 778 സ്റ്റാർട്ടപ്പുകൾക്കായി 35 കോടി രൂപ വിതരണം ചെയ്തു. സർവകലാശാലാ വിദ്യാർഥികളിൽ നിന്നും സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ 466 ഇന്നവേഷൻ ആൻഡ് ഓൺട്രപ്രൊണർഷിപ്പ് ഡവലപ്‌മെന്‍റ് സെന്‍ററുകളാണ് സ്ഥാപിച്ചത്.
ദേശീയ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം കരസ്ഥമാക്കാനായി. സ്റ്റാർട്ടപ്പ് ജീനോമിന്‍റെ ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്‍റ് റേറ്റിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി യുബിഐ ഗ്ലോബൽ തെരഞ്ഞെടുത്തത് കേരള സ്റ്റാർട്ടപ്പ് മിഷനെയാണ്. ഇതിനെല്ലാം അടിസ്ഥാനമായി വർത്തിക്കേണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ റൂസ പദ്ധതി പ്രകാരം 153 നിർമാണ പ്രവർത്തനങ്ങൾക്കായി 565 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ അടിസ്ഥാനത്തിൽ റൂസാ ഫണ്ടിങ്ങിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളെജുകളുള്ളത് കേരളത്തിലാണ്.
നാക്ക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ ++ നേടിയത് അഭിമാനകരമാണ്. രാജ്യത്താകെ 6 സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃത സർവകലാശാലകളും എ + ഗ്രേഡ് സ്വന്തമാക്കി. 16 കോളെജുകളാണ് കേരളത്തിൽ നിന്നും എ ++ ഗ്രേഡ് സ്വന്തമാക്കിയത്. 26 കോളെജുകൾ എ + ഗ്രേഡും 53 കോളെജുകൾ എ ഗ്രേഡും സ്വന്തമാക്കി. മഹാത്മാ ഗാന്ധി സർവകലാശാല, ടൈം ഹയർ എജ്യൂക്കേഷൻ വേൾഡ് റാങ്കിങ്ങിന്‍റെ 401-500 ബാൻഡിൽ ഇടം പിടിച്ചു.
കാർഷിക മേഖലയിൽ സഹകരണ ഇടപെടലിനായി ആവിഷ്‌കരിച്ച കോ- ഓപ്പറേറ്റീവ് ഇന്‍റർവെൻഷൻ ഇൻ ടെക്‌നോളജി ഡ്രിവൺ അഗ്രികൾച്ചർ എന്ന പദ്ധതിക്കായി 23 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 10ഓളം സഹകരണ സംഘങ്ങളാണ് കാർഷിക വിപണന മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. പച്ചക്കറികളിലും മത്സ്യ- മാംസാദികളിലുമുള്ള വിഷാംശം കണ്ടെത്താൻ "ട്രെയ്‌സെബിലിറ്റി' പദ്ധതി തയാറാക്കിവരികയാണ്. ജൈവകൃഷി മിഷൻ രൂപീകരണം അന്തിമ ഘട്ടത്തിലാണ്.
കോൺഗ്രസ് ഗവൺമെന്‍റ് ഒപ്പുവച്ച ഉദാരവത്ക്കരണ കരാറുകളുടെ തുടർച്ച ബിജെപി സർക്കാർ ഏറ്റെടുത്തതിന്‍റെ ദൂഷ്യവശങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന ഒരു വിഭാഗമാണ് റബർ കർഷകർ. റബർ കർഷക ക്ഷേമം ഉറപ്പാക്കാൻ നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. റബർ മേഖലയിലെ പ്രധാന ഇടപെടലാണ് 1,050 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന കേരള റബർ ലിമിറ്റഡ് കമ്പനി.
രാജ്യത്താകെ വിവിധ സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വരുമ്പോൾ കേരളത്തിൽ ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളുമൊക്കെ യാഥാർഥ്യമാക്കി. 9,00ലധികം സേവനങ്ങളാണ് ഇപ്പോൾ ഓൺലൈനായി ലഭ്യമാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കെ-ഫോണും സൗജന്യ പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളും യാഥാർഥ്യമാക്കി.
കേന്ദ്ര സർവീസുകളിൽ, കേന്ദ്ര സേനകളിൽ, റെയ്‌ൽവേയിൽ, കേന്ദ്ര പൊതുമേഖലയിൽ ദശലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയും നിയമന നിരോധനം നിലനിൽക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ കേരളത്തിലെ പിഎസ്‌സി രാജ്യത്തിനാകെ മാതൃകയാകുന്നു. രണ്ടര ലക്ഷത്തോളം നിയമന ശുപാർശകളാണ് 2016 ജൂൺ മുതലിങ്ങോട്ടുള്ള കാലത്ത് കേരള പിഎസ്‌സി നൽകിയത്. ഇക്കാലയളവിൽ 30,000ത്തോളം അധിക തസ്തികകളാണ് സൃഷ്ടിച്ചത്.
കേരളത്തിന്‍റെ ആഭ്യന്തര വരുമാനത്തിന്‍റെ 10 %ത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. ഈ മേഖലയുടെ വളർച്ചയ്ക്കു നൂതനമായ ഒരു പദ്ധതിയും യുഡിഎഫിന്‍റെ കാലത്ത് ഉണ്ടായില്ല. എൽഡിഎഫ് സർക്കാർ അവിടെ സവിശേഷമായി ഇടപെട്ടു. അതിന്‍റെ ഗുണഫലങ്ങൾ കാണാം.
ഇത്തരത്തിൽ നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളത്തിന്‍റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആ പ്രതിസന്ധികളെ കൂടി അതിജീവിച്ചുവേണം മുന്നോട്ടുപോകാൻ.
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2016ൽ കേരളത്തിന്‍റെ തനതു വരുമാനം 26 % മാത്രമായിരുന്നു. ഇപ്പോഴത് 73 % ആയി. 2016ൽ കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 11.74 ലക്ഷം കോടിയോളമായി. നികുതി വരുമാനത്തിൽ 30,000 കോടിയുടെ വർധനവുണ്ടായി. കഴിഞ്ഞ വർഷങ്ങളിൽ തനത് വരുമാന സ്രോതസുകൾ വഴിയാണ് കേരളം ഭൂരിഭാഗം ചെലവുകളും നിർവഹിച്ചത്. കൊവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതമെല്ലാം അതിജീവിച്ചാണ് ഈ നേട്ടം കൈവരിക്കാനായത്.
ദേശീയ തലത്തിൽ സംസ്ഥാനങ്ങളുടെ ശരാശരി റവന്യു വരുമാനം കണക്കാക്കിയാൽ അതിന്‍റെ 45 % കേന്ദ്ര വിഹിതമാണ്. നമ്മുടേത് 34 %ത്തിന് അടുത്തു മാത്രം. ഈ സാമ്പത്തിക വർഷം അത് 30 %ത്തിൽ താഴെയെത്തുമെന്നാണ് കണക്കുകൾ. ഈ പ്രതിസന്ധിയെയും അതിജീവിച്ചു മുന്നോട്ടു പോവുക തന്നെ ചെയ്യും. വികസനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കും. ക്ഷേമ പദ്ധതികൾ അർഹർക്കെല്ലാം ലഭ്യമാക്കും. അതിനുതകും വിധം സമ്പദ്‌വ്യവസ്ഥയെ ആകെ മുന്നേറ്റത്തിന്‍റെ പാതയിലേക്ക് നയിച്ച് നവകേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ സർക്കാരിന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.