അനുഭവങ്ങൾ പങ്കുവയ്ക്കൽ പോലും വളരെ പ്രധാനം

നൂറിലധികം വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നും വന്ന മലയാളികളുടെ ഒരു കൂടിച്ചേരലായി സമ്മേളനം മാറി
അനുഭവങ്ങൾ പങ്കുവയ്ക്കൽ പോലും വളരെ പ്രധാനം
Updated on

ജൂൺ 14, 15 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലോക കേരള സഭയുടെ നാലാം സമ്മേളനം പ്രത്യേക ശ്രദ്ധയാകർഷിച്ച് ലോക മലയാളികളുടെ കൂട്ടായ്മയായി മാറി.

ജൂൺ 12ന് പുലർച്ചെ കുവൈറ്റിൽ നടന്ന തീപിടുത്ത ദുരന്തത്തിന്‍റെ പശ്ചാതലത്തിലായി മലയാളികളുടെ കൂടിച്ചേരൽ. മലയാളി സമൂഹത്തെ ആഴത്തിൽ വേദനിപ്പിച്ച ദുരന്തത്തിൽ മരിച്ച 23 മലയാളികൾ, 7 തമിഴ് നാട്ടുകാർ, ഒരു കർണാടകക്കാരൻ ഉൾപ്പെടെ 31 പേരുടെ മൃതശരീരങ്ങളാണ് 14നു രാവിലെ കൊച്ചി അന്തർദേശീയ വിമാനത്താവളത്തിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര- സംസഥാന മന്ത്രിമാർ എന്നിവർ ചേർന്ന് സ്വീകരിച്ച മൃതശരീരങ്ങൾ വളരെ ചിട്ടയോടെയുള്ള ക്രമീകരണങ്ങളിലൂടെയാണ് ഹതഭാഗ്യരുടെ വീടുകളിലേക്ക് യാത്രയാക്കിയത്.

യാത്രയാക്കൽ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാലര മണിയോടുകൂടിയാണ് ലോക മലയാളി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചിയിൽ നിന്ന് മൃതശരീരങ്ങൾ സ്വീകരിച്ച് യാത്രയാക്കിയതിനു ശേഷം മുഖ്യമന്ത്രിയും സഹ മന്ത്രിമാരും അഞ്ചു മണിക്കൂറോളം താമസിച്ചാണ് എത്തിയതെങ്കിലും രാവിലെ മുതൽ തിരുവനന്തപുരത്ത് എത്തിയ മലയാളി സമൂഹം പരസ്പര ബന്ധപ്പെടുകയും പരിചയം പുതുക്കുകയും ചെയ്തു.

14, 15 തീയ്യതികളിൽ മുൻകൂട്ടി പ്ലാൻ ചെയ്തതനുസരിച്ചു തന്നെ സമ്മേളനം നടന്നു. നൂറിലധികം വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നും വന്ന മലയാളികളുടെ ഒരു കൂടിച്ചേരലായി സമ്മേളനം മാറി. കുവൈററ് ദുരന്തത്തിന്‍റെ ദുഃഖ പടലങ്ങൾ സമ്മേളനത്തിന്‍റെ ശോഭ അൽപ്പം കെടുത്തിയെങ്കിലും മാറ്റി വയ്ക്കാതെ സമ്മേളനവുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രിയും സംഘാടകരും എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീടുള്ള ചർച്ചകൾ തെളിയിച്ചു. മാറി നിന്ന പ്രതിപക്ഷം കൂടി പങ്കെടുത്തിരുന്നെങ്കിൽ സമ്മേളനം കുറെകൂടി ഗുണകരമായി മാറുമായിരുന്നു.

കുവൈറ്റ് ദുരന്തത്തെ തുടർന്ന് മലയാളി സമ്മേളനത്തിന്‍റെ ഔചിത്യത്തെകുറിച്ച് മാധ്യമങ്ങൾ നിശിതമായി വിമർശിച്ചിരുന്നെങ്കിലും സമ്മേളനം കഴിഞ്ഞതോടെ വിമർശനങ്ങൾ അസ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു. പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ഭരണകക്ഷിക്കുവേണ്ടി പരിധിവിട്ട് പ്രചരണം നടത്തിയ മാധ്യമങ്ങളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പാടെ തെറ്റിയപ്പോൾ തകർന്നു വീണ മാധ്യമങ്ങളുടെ സത്യസന്ധത കേരള സഭയോടു കൂടി നിശിതമായ വിമർശനത്തിന് വിധേയമായി. എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കേരളീയർ, സമ്മേളനം കഴിഞ്ഞയുടനെ ഭൂഖണ്ഡങ്ങൾ താണ്ടി ദേശാടന പക്ഷികളായി ജീവിക്കുന്ന സഹോദരങ്ങളുടെ യഥാർഥ മുഖം കാണുകയുണ്ടായി.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗങ്ങളും പിന്നീടുള്ള ചർച്ചകളും വളരെ ശ്രദ്ധേയമായിരുന്നു. രാത്രി 11 മണി വരെ ചർച്ചകൾ നീണ്ടു. വിവിധ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്ഥ ഗ്രൂപ്പുകൾ ഒന്നിച്ചു ചേർന്ന് ചർച്ചകൾ നടത്തി സഭയിലെ അവസാന ദിവസത്തെ ശുപാർശകൾക്ക് രൂപം നൽകി. അതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു മണിക്കൂർ നീണ്ട സമാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. പ്രവാസികളുടെ വാർധക്യകാല ജീവിതം മെച്ചപ്പടുത്തുന്നതിനും പ്രവാസി ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനും, കുടിയേറ്റ നിയമങ്ങളിൽ വരുത്തേണ്ട ഗുണകരമായ മാറ്റങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതിനുമെല്ലാം തീരുമാനങ്ങളെടുത്തിട്ടുണ്ട്.

എല്ലാ തീരുമാനങ്ങൾക്കും അപ്പുറത്ത് കാണേണ്ടത്, ഉപജീവനത്തിനും സ്വന്തം കുടുംബത്തിന്‍റെ നിലനിൽപ്പിനും വേണ്ടി നാടും നാട്ടുകാരേയും വിട്ട് വിദേശരാജ്യങ്ങളിലെത്തി, ജനിച്ച രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് ശക്തിയും കരുത്തും നൽകുന്ന ലക്ഷോപലക്ഷം മലയാളികളുടെ വികാര വിചാരങ്ങൾ സമ്മേളനത്തിൽ പങ്ക് വയ്ക്കപ്പെട്ടു എന്നതാണ്. ഈ പങ്കു വയ്ക്കൽ തന്നെയാണ് ലോക മഹാസമ്മേളനത്തിന്‍റെ വിജയം എന്ന് ജോത്സ്യൻ വിശ്വസിക്കുന്നു.

Trending

No stories found.

Latest News

No stories found.