ഇഎംഎസ് നമ്പൂതിരിപ്പാട്, സി. അച്യുത മേനോൻ, പി.കെ. വാസുദേവൻ നായർ.
ഇഎംഎസ് നമ്പൂതിരിപ്പാട്, സി. അച്യുത മേനോൻ, പി.കെ. വാസുദേവൻ നായർ.

പണ്ടുപണ്ട്… നവകേരളത്തിനും മുൻപ്…

ആഡംബരങ്ങളില്ലാതെ സാധാരണക്കാർക്കിടയിൽ അവരുടെ ഭാഗമായി ജീവിച്ച നേതാക്കളൊക്കെ ഓർമയായി. അങ്ങനെയൊരു കാലഘട്ടം തന്നെ കടന്നുപോയി, ഒരുപക്ഷേ എന്നെന്നേക്കുമായി....
Published on

അജയൻ

കുറച്ചു പതിറ്റാണ്ടുകൾക്കു മുൻപാണ്, 1960കളുടെ തുടക്കം. ഈ ലേഖകന് രണ്ടോ മൂന്നോ വയസുള്ളപ്പോഴത്തെ സംഭവമാണ്, പറഞ്ഞു കേട്ട അറിവ്.

ഇഎംഎസ് കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ഡ്രൈവറായിരുന്നു കൃഷ്ണ വാര്യർ. ഇഎംഎസ് മന്ത്രിസഭയൊക്കെ മാറിയ ശേഷമാണ് കൃഷ്ണ വാര്യരുടെ മരണം. മരണ വാർത്തയറിഞ്ഞ് നാട്ടുകാരും ബന്ധുക്കളുമൊക്കെ വീട്ടിലെത്തിയിട്ടുണ്ട്. അവരെയെല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് ഒരാൾ അവിടേക്കു നടന്നുവന്നുകയറുന്നത്. മറ്റാരുമല്ല, സാക്ഷാൽ ഇഎംഎസ് തന്നെ!

തൃശൂരിൽ നിന്ന് ബസ് കയറി ഊരകത്തിറങ്ങി അവിടെനിന്ന് രണ്ടു കിലോമീറ്റർ നടന്നാണ് വരവ്. ആളും ആരവവുമില്ലാതെ വന്നു കയറിയ മുൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മറ്റുള്ളവർ അന്തം വിട്ടു നിൽക്കുന്നതിനിടെ, അദ്ദേഹം പരേതന് ആദരാഞ്ജലി അർപ്പിച്ച്, കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്, മടങ്ങിപ്പോകാൻ വട്ടം കൂട്ടി. എന്താവശ്യമുണ്ടെങ്കിലും തൃശൂരിലെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ചു പറയാൻ ശട്ടം കെട്ടി. താൻ മിക്കപ്പോഴും യാത്രകളിലായിരിക്കുന്നതിനാൽ നേരിട്ട് ഫോണിൽ കിട്ടാൻ പ്രയാസമായിരിക്കും, അതുകൊണ്ടാണ് വേണ്ട സഹായങ്ങൾക്ക് പാർട്ടി ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതെന്നും ഇഎംഎസ് വിശദീകരിച്ചു.

പോകാനിറങ്ങിയപ്പോൾ അവിടെ വാഹനമുണ്ടായിരുന്ന ചിലർ അദ്ദേഹത്തെ കൊണ്ടാക്കാം എന്നായി. എന്നാൽ, അതും മുൻ മുഖ്യമന്ത്രി നിരസിച്ചു. പാർട്ടിക്ക് നിരോധനമുണ്ടായിരുന്ന കാലത്ത് ഒളിച്ചു താമസിച്ച പ്രദേശമാണ്. അതുകൊണ്ട് ഇവിടത്തെ വഴികളെല്ലാം തനിക്കു ഹൃദിസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തു തന്നെ താമസിക്കുന്ന കെകെ മാഷുമായുള്ള പരിചയത്തെക്കുറിച്ചും സൂചിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ അഷ്ടമൂർത്തിയുടെ അച്ഛനാണ് ഇഎംഎസ് സൂചിപ്പിച്ച കെകെ മാഷ്. അതും പറഞ്ഞ് അദ്ദേഹം ഊരകത്തേക്കു നടന്നു, അവിടെ ചെന്നാൽ തൃശൂരിനു ബസ് കിട്ടും!

** ** **

ഇനി ഊരകത്തുനിന്ന് പഴയ തൃശൂർ പട്ടണത്തിലെ തേക്കിൻകാട് മൈതാനത്തേക്ക്. കാലം അധികമൊന്നും മുന്നോട്ടു പോയിട്ടില്ല. വൈകുന്നേരങ്ങളിൽ വട്ടം കൂടിയിരുന്ന് ചീട്ടുകളിക്കുന്നവർ അന്നും അവിടത്തെ പതിവ് കാഴ്ചയാണ്. എട്ട്, അല്ലെങ്കിൽ പന്ത്രണ്ട് കളിക്കാരുണ്ടാകും ഓരോ സംഘത്തിലും. ചുറ്റും കാഴ്ചക്കാരുടെ ചെറിയ കൂട്ടങ്ങളും. ബ്രിഡ്ജ് ഗെയിമിനോട് സാദൃശ്യമുള്ള, 56 എന്നറിയപ്പെടുന്ന ചീട്ടുകളിയാണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളതെങ്കിലും, ഇക്കാര്യത്തിൽ തൃശൂർ വ്യത്യസ്തമാണ്. രണ്ട് കുത്ത് ചീട്ട് ഉപയോഗിച്ചു കളിക്കുന്ന അമ്പത്താറിനെക്കാൾ തൃശൂരിനു പ്രിയം നാല് കുത്ത് ഉപയോഗിക്കുന്ന 112 ആയിരുന്നു.

ആ വൈകുന്നേരവും ചീട്ടുകളി അവിടെ തകൃതിയായിരുന്നു. വട്ടത്തിലിരിക്കുന്ന കളിക്കാരുടെ നടുവിൽ വിരിച്ചിട്ട പത്രക്കടലാസിലേക്ക് ഒരു ചീട്ട് വന്നു വീണതും കാഴ്ചക്കാർക്കിടയിൽ നിന്ന് ഉച്ചത്തിൽ ഒരു ആത്മഗതം,

''ശ്ശോ...!''

കളിക്കാരടക്കം എല്ലാവരും തിരിഞ്ഞു നോക്കി. ഇറക്കിയ ചീട്ട് തെറ്റിപ്പോയെന്ന് കളിക്കാർക്കും, കാണാൻ നിന്നവരിൽ ചിലർക്കും മനസിലായിരുന്നു. കാഴ്ചക്കാർക്കിടയിൽ നിന്ന് അതിൽ ഖേദിച്ച ആളെയും ആൾക്കൂട്ടം പെട്ടെന്നു തിരിച്ചറിഞ്ഞു- സി. അച്യുതമേനോൻ, മറ്റൊരു മുൻമുഖ്യമന്ത്രി! വൈകുന്നേരങ്ങളിൽ പതിവുള്ള നടത്തത്തിനിടെ കളി കാണാൻ നിന്നതാണ്. കളിക്കാരിലൊരാൾ എഴുന്നേറ്റു മാറി അദ്ദേഹത്തെ കളിക്കാൻ ക്ഷണിച്ചു. സ്നേഹപൂർവം ആ ക്ഷണം നിരസിച്ചെങ്കിലും, കുറച്ചു നേരം കൂടി കളി കണ്ടു നിന്ന ശേഷമാണ് അദ്ദേഹം സായാഹ്ന സവാരി തുടർന്നത്.

** ** **

അടുത്ത കഥ നടക്കുമ്പോൾ ഈ ലേഖകൻ ആലുവ യുസി കോളെജിൽ വിദ്യാർഥി. ആലുവയിൽ നിന്നു പറവൂരിലേക്കുള്ള ബസിലാണ് സ്ഥിരം യാത്ര. തിരക്കേറിയ ബസിന്‍റെ ഫുട്ബോർഡിൽ സർക്കസ് കളിച്ചു തൂങ്ങി നിൽക്കാൻ തയാറെടുക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്. പെരുമ്പാവൂരിൽനിന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്ന് ഒരു മുതിർന്ന പൗരൻ തിരക്കിട്ട് ഇറങ്ങിവരുന്നു. കൈയിലൊരു ഫയലുമുണ്ട്.

''ഒരാള് കൂടി കയറാനുണ്ടേ....''

പറവൂർ ബസിനെ നോക്കി അദ്ദേഹം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ആളെ മനസിലായപ്പോൾ, ഡോറിനടുത്തിരുന്ന സഹപാഠിയോട് ഒന്നു മാറിക്കൊടുക്കാൻ പറഞ്ഞുവച്ചു. പതിവ് യാത്രയിലൂടെ പരിചയക്കാരനായ കണ്ടക്റ്ററോടു കൂടി പറഞ്ഞ് ആ സീറ്റ് അദ്ദേഹത്തിനു തന്നെ ഉറപ്പാക്കുകയും ചെയ്തു. ആളെ ആദ്യം മനസിലായില്ലെങ്കിലും, പ്രായമുള്ള ആളെന്ന പരിഗണനയിൽ കണ്ടക്റ്ററുടെ ഇടപെടലുണ്ടായി. ഒരാഴ്ച മുൻപ് വരെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായർക്ക് തിരക്കേറിയ ആ ബസിൽ കഷ്ടിച്ച് ഒരു സീറ്റ് തരപ്പെട്ടതുമാണ്. പക്ഷേ, അദ്ദേഹം അതു സ്വീകരിച്ചില്ല. ആരും എഴുന്നേൽക്കണ്ട, താൻ ഫുട്ബോർഡിൽ തന്നെ യാത്ര ചെയ്തുകൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.

ഫുട്ബോർഡിലെ സഹയാത്രികനായ എന്നോട് 15 മിനിറ്റോളം ദൈർഘ്യമുള്ള ആ യാത്രയിലുടനീളം അദ്ദേഹം സംസാരിച്ചു. ബസിൽ കൂടുതലും കോളെജിലേക്കുള്ളവരാണ്. അവരൊക്കെ ഇറങ്ങുമ്പോൾ തിരക്ക് കുറയും. അതാണ് സീറ്റ് വേണ്ടെന്നു പറഞ്ഞത്. അതേ കോളെജിലെ പൂർവ വിദ്യാർഥിയാണു താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാഭാവികമായും, എങ്ങോട്ടാണു യാത്ര എന്ന ചോദ്യം എന്നിൽനിന്നുണ്ടായി. അന്നത്തെ മറ്റൊരു എംഎൽഎ ആയിരുന്ന സഖാവ് ശിവൻ പിള്ളയെ പറവൂരിൽ പോയി കാണണം. പ്രധാനപ്പെട്ട ഒരു കേസ് ഫയൽ കൈമാറണം. കുറച്ചു കഴിഞ്ഞാൽ തിരികെ ആലുവയ്ക്ക് ബസ് പിടിക്കാം. അവിടെനിന്ന് പെരുമ്പാവൂർ എത്തിയാൽ മൂവാറ്റുപുഴയ്ക്ക് ബസ് കിട്ടും. ആ പോക്കിന് പുല്ലുവഴി ഇറങ്ങിയാൽ ഉച്ചയൂണിനു മുൻപ് വീട് വരെ നടന്നെത്താം. പോക്കറ്റിൽ നിന്നൊരു കാർഡ് കൂടി അദ്ദേഹം അഭിമാനത്തോടെ എടുത്തു കാണിച്ചു- കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പാസ് ആയിരുന്നു അത്!

കോളെജ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ, വിദ്യാർഥികൾക്ക് ഇറങ്ങാൻ അദ്ദേഹം ഇറങ്ങി മാറിനിന്നുകൊടുത്തു. തന്നെ തിരിച്ചറിയാത്ത തന്‍റെ പിൻഗാമികളെ സ്നേഹത്തോടെ നോക്കുന്ന ആ മുൻ മുഖ്യമന്ത്രിയെ അൽപ്പം മാറി ഞാനും നോക്കിനിന്നു....

നവകേരളം

കാലചക്രം പിന്നെയും ഒരുപാട് മുന്നോട്ടുരുണ്ടു. പല നേതാക്കളുടെയും സാമൂഹിക ബന്ധങ്ങൾ പൊതു പരിപാടികളും ചടങ്ങുകളും മാത്രമായി ഒ‍തുങ്ങി. ആഡംബരങ്ങളില്ലാതെ സാധാരണക്കാർക്കിടയിൽ അവരുടെ ഭാഗമായി ജീവിച്ച നേതാക്കളൊക്കെ ഓർമയായി. അങ്ങനെയൊരു കാലഘട്ടം തന്നെ കടന്നുപോയി, ഒരുപക്ഷേ എന്നെന്നേക്കുമായി....