മുൻകൂട്ടി അറിയാനാകണം ചുഴലിക്കാറ്റിന്‍റെ കോപം

നഷ്ടങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെയാണ് ഓരോ ചുഴലിക്കാറ്റും ബാക്കിയാക്കുന്നത്.
മുൻകൂട്ടി അറിയാനാകണം ചുഴലിക്കാറ്റിന്‍റെ കോപം
മുൻകൂട്ടി അറിയാനാകണം ചുഴലിക്കാറ്റിന്‍റെ കോപം
Updated on

അജയൻ

കൊച്ചി: അടുത്തിടെയായി കേരളത്തിൽ നിരന്തരമായി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുകൾ നാട്ടുകാരെയും കാലാവസ്ഥാ വിദഗ്ധരെയും ഒരു പോലെ അതിശയിപ്പിക്കുകയാണ്. നൊടിയിടയിൽ ശക്തമായി ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിൽ തകർന്നു വീഴുന്ന മേൽക്കൂരകൾ, കടപുഴകുന്ന കൂറ്റൻ മരങ്ങൾ, പൂർണമായും നശിക്കുന്ന വിള നിലങ്ങൾ... അങ്ങനെ നഷ്ടങ്ങളുടെ ഒരു വലിയ കൂമ്പാരം തന്നെയാണ് ഓരോ ചുഴലിക്കാറ്റും ബാക്കിയാക്കുന്നത്. അസാധാരണമായ ഈ പ്രതിഭാസം ആദ്യ കാലങ്ങളിൽ തൃശൂർ ജില്ലയിൽ മാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റു ജില്ലകളിലേക്ക് പടർന്നു പിടിച്ചു. ഇപ്പോഴിതാ സംസ്ഥാനം മുഴുവൻ ദുരൂഹമായ ഈ ചുഴലിക്കാറ്റുകളുടെ നിഴലിലായി മാറിയിരിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച തൃശൂർ ജില്ലയിൽ പലയിടങ്ങളിലൂടെയും ചുഴലിക്കാറ്റ് കടന്നു പോയിരുന്നു. അനവധി നാശനഷ്ടമാണ് ചുഴലിക്കാറ്റിൽ ഉണ്ടായത്. പിന്നീട് പാലക്കാടും മലപ്പുറവും ചുഴലിക്കാറ്റിന് സാക്ഷികളായി.

മൺസൂണിനു മുൻപു മൺസൂൺ കഴിഞ്ഞുള്ള വേനൽക്കാലത്തും ഇത്തരത്തിലുള്ള നിബിഡമായ മേഘങ്ങളുടെ രൂപീകരണവും അതു മൂലം ഇടിവെട്ടും ശക്തമായ കാറ്റും ഉണ്ടാകാറുണ്ട്. എന്നാൽ ഈ മൺസൂണിൽ തികച്ചും വ്യത്യസ്തമായ സ്വഭാവമാണ് മേഘങ്ങൾ പ്രകടിപ്പിക്കുന്നത്. അവ വിശാലമായും വലിയ ഉയരങ്ങളിലേക്കും പടർന്നു പോകുന്നു. ഇത്തരത്തിൽ ഉയരത്തിലുള്ള മേഘങ്ങൾ താഴെയുള്ള വായുവിൽ സമ്മർദം ചെലുത്തുന്നതാണ് കാലാവസ്ഥയിൽ ഇത്തരത്തിലുള്ള അനന്യമായ പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.

ഇതു മൂലം ഉപരിതലത്തോട് ചേർന്ന് തിരച്ഛീനമായി 4 കിലോമീറ്ററോളം നീണ്ടു നിൽക്കുന്ന ചുഴലി സൃഷ്ടിക്കുന്നു. സമ്മർദത്തിന്‍റെ ഫലമായി മുകളിൽ നിന്നും സഞ്ചരിക്കുന്ന വായു താഴേക്കെത്തുമ്പോൾ ഒരു പൈപ്പിൽ നിന്ന് വെള്ളം ഒഴുകി സിങ്കിലൂടെ താഴേക്ക് ഒഴുകുന്നതിനു സമാനമായി പെരുമാറും.

ഇത്തരത്തിലുള്ള കാറ്റ് തുടക്കത്തിൽ ഒരു ചെറിയ മേഖലയിൽ മാത്രമായിരിക്കും. പിന്നീട് ഇത് കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കും. പലപ്പോഴും കൊടുങ്കാറ്റിന് സമാനമായ നാശനഷ്ടങ്ങളും സൃഷ്ടിക്കും. ഇടിമിന്നൽ ഇല്ലാത്ത വളരെ ദുർബലമായി മഴ പെയ്യുമ്പോൾ പോലും ഇത്തരത്തിലുള്ള ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നുള്ളതാണ് മറ്റൊരു കൗതുകകരമായ കാര്യം.

ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ടു പിടിക്കുന്നത് ചെലവേറിയതും നിരവധി ആധുനിക സാങ്കേതിക വിദ്യയും ആവശ്യമുള്ള പ്രക്രിയയാണെന്ന് ഗവേഷകർ പറയുന്നു. വളരെ പ്രാദേശികമായ വിവരങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രമേ അതു സാധ്യമാകുകയുള്ളൂ. റഡാർ കൊണ്ട് കണ്ടെത്താൻ പോലും കഴിയാത്തത്ര ചെറുതാണ് കാറ്റിന്‍റെ ആധിക്യമെന്ന് ഐഎംഡി പറയുന്നു. എങ്കിലും കാറ്റിന്‍റെ ഗതിവിഗതികൾ നിരീക്ഷിക്കുന്നതിലെ അനുഭവപാരമ്പര്യത്തിലൂടെ കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ദിവസങ്ങൾക്കു മുൻപേ ഈ പ്രതിഭാസം പ്രവചിക്കാറുണ്ട്. പ്രദേശവാസികളുടെയും പരമ്പരാഗത വിജ്ഞാനവും ഇത്തരം പ്രവചനങ്ങളിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ചുഴലിക്കാറ്റ് മുൻകൂട്ടി അറിയാൻ പ്രാദേശിക തലത്തിൽ കാറ്റിന്‍റെ മാതൃകയെക്കുറിച്ച് പഠനം നടത്തേണ്ടിയിരിക്കുന്നു. നൊടിനേരം കൊണ്ട് വീശിയടിക്കുന്ന ചുഴലിക്കാറ്റ് നിരന്തരമായി സംഭവിക്കുന്ന സാഹചര്യത്തിൽ നാശനഷ്ടങ്ങൾ കുറയ്ക്കാനും ആളപായം ഒഴിവാക്കാനുമെല്ലാം ഈ പഠനം അത്യന്താപേക്ഷിതമാണ്.

Trending

No stories found.

Latest News

No stories found.