കേരളത്തിൽ വലിയ ചർച്ചയായ വാക്കുകളാണ് എ,ഐ. ഒന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ. രണ്ട്, കോൺഗ്രസിലെ "എ', "ഐ' ഗ്രൂപ്പുകൾ.
കേരളത്തിലെ റോഡുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഓടുന്ന ആയിരക്കണക്കിന് വാഹനങ്ങളെ നേർവഴിക്ക് വിടുന്നതിനുള്ള ക്യാമറകൾ സ്ഥാപിച്ചതിന്റെ പേരിലാണ് എഐ ചർച്ചകൾ തുടങ്ങുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള (ഏകദേശം ഒന്നേമുക്കാൽ കോടി) രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. വാഹനമില്ലാത്ത വീടുകളോ വ്യക്തികളോ ഇവിടെയില്ല. പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതായി. അടുത്ത കാലത്താണ് ദേശീയപാതയിൽ 45 മീറ്റർ വികസനം തുടങ്ങിയത്. പിണറായി വിജയൻ സർക്കാരാണ് കേരളത്തിലെ ദേശീയപാതാ വികസനത്തിന് വീതി കൂട്ടാൻ നേതൃത്വം കൊടുത്തതെങ്കിലും ഇതിനെതിരെ പല സ്ഥലങ്ങളിലും ഇപ്പോഴും സമരം നടക്കുന്നുണ്ട്. മറ്റു റോഡുകളെല്ലാം ഇടുങ്ങിയതാണ്. നമുക്ക് പിഡബ്ല്യുഡി റോഡുകളും ഗ്രാമീണ റോഡുകളും ഉണ്ട്. എന്നാൽ ഇതൊന്നും വീതി വയ്പ്പിക്കുക അത്ര എളുപ്പമല്ല. പല റോഡുകളും തോടുകൾ നികത്തി ഉണ്ടാക്കിയതാണ്. ഒരു മഴ പെയ്താൽ റോഡുകൾ തോടുകളാകും.
ഈയൊരു പശ്ചാത്തലത്തിലാണ് പ്രധാനപ്പെട്ട റോഡുകളിലൂടെ ഓടുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കണം, ഒരു കുട്ടിയെ കൂടി കൊണ്ടുപോകാം. ലോറിയും കാറും ഓടിക്കുന്ന ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിക്കണം. ക്യാമറ നിരീക്ഷണം തുടങ്ങിയ ആദ്യദിവസം തന്നെ 8,000ത്തോളം ട്രാഫിക് ലംഘന കേസുകൾ ഉണ്ടായി. എന്നാൽ ക്യാമറ പ്രവർത്തനം ആരംഭിച്ചതോടെ ട്രാഫിക് ലംഘനങ്ങൾ കുറയുന്നതായി കാണുന്നു.
എഐ ക്യാമറ നടപ്പിലാക്കിയ രീതിയെക്കുറിച്ചും അതിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളെപ്പറ്റിയും ആരോപണം ഉണ്ടായിട്ടുണ്ട്. എന്നാൽ കേരളത്തിലെ യാത്ര സുരക്ഷിതമാക്കുന്ന ഈ ക്യാമറകളെ എങ്ങിനെയാണ് എതിർക്കാൻ കഴിയുന്നതെന്ന മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ ചോദ്യത്തിന് പ്രസക്തിയുണ്ട്. എന്തിനെയും ഏതിനെയും എതിർക്കുകയെന്നതല്ല പ്രതിപക്ഷത്തിന്റെ ജോലി. നല്ലതിനെ സ്വീകരിക്കാനുള്ള ആർജവം വേണം.
കെ- ഫോൺ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പിലെ സുതാര്യതക്കുറവും ചൈനീസ് കേബിൾ ഉപയോഗവും ചോദ്യം ചെയ്യാം. എന്നാൽ ഈ ആശയത്തെയും ടെക്നോളജിയെയും ചോദ്യം ചെയ്തത് ശരിയായ നടപടിയല്ല.
മറ്റൊന്നാണ് കോൺഗ്രസ്സിലെ എ, ഐ തർക്കങ്ങൾ. അത് ഇപ്പോൾ തുടങ്ങിയതല്ല. കെ. കരുണാകരനും. എ.കെ. ആന്റണിയും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ശക്തമായ ഗ്രൂപ്പുകൾ ഉണ്ടായിരുന്നു. തർക്കങ്ങളുണ്ടാകുമ്പോൾ ഇരുവരും അണികളുമായി ആലോചിച്ചെടുക്കുന്ന തീരുമാനത്തിലായിരുന്നു എല്ലാ കാര്യങ്ങളും നടപ്പാക്കിയുരുന്നത്. ഇന്ന് രണ്ടു ഗ്രൂപ്പുകളിലും, ഉപഗ്രൂപ്പുകളിലും ധാരാളം അധികാര കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നു. ഡൽഹിയിലാകട്ടെ, ശക്തമായ ഒരു നേതൃത്വമില്ല. ഉള്ള നേതൃത്വത്തിനാകട്ടെ ആരെയും നിയന്ത്രിക്കാനുള്ള കഴിവുമില്ല.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറ്റവും സ്വാധീനമുള്ള കേരളത്തിൽ ഗ്രൂപ്പും ഗ്രൂപ്പ് മത്സരങ്ങളും അനിയന്ത്രിതമായി പോകുന്നത് ദേശീയ തലത്തിൽ കോൺഗ്രസിനു തലവേദനയാകുമോ എന്നാണ് ജോത്സ്യന്റെ സംശയം.
2024ൽ പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതാണ്. ബിജെപിയെ തളയ്ക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ 19 ബിജെപി ഇതര രാഷ്ട്രീയ പാർട്ടികൾ അണിനിരക്കുമ്പോൾ, കോൺഗ്രസ് ശക്തമല്ലെങ്കിൽ ഈ കൂട്ടായ്മ കോൺഗ്രസ് നേതൃത്വത്തെ ഗൗരവമായി പരിഗണിക്കില്ല. അതുകൊണ്ട് കോൺഗ്രസ് നേതാക്കൾ ഇക്കാര്യം മനസിലാക്കിക്കൊണ്ട് യോജിച്ചു പോകണം.
2024 കഴിഞ്ഞ് 2026ൽ അസംബ്ലി തെരഞ്ഞെടുപ്പുണ്ട്. മൂന്നാമതും പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരില്ലെന്ന രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടി കോൺഗ്രസുകാർ ഇപ്പോഴേ മുണ്ടും പൊക്കി അധികാര രാഷ്ട്രീയ നദി മറികടക്കാനിറങ്ങരുത്. ഐക്യമില്ലെങ്കിൽ ഒഴുക്കിൽപ്പെട്ടുപോകും.