എഴുതാത്ത ബഷീർ എന്ന് ഇന്നസെന്‍റിനെ വിളിച്ചത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. പിന്നീട് അദ്ദേഹത്തിനതു തിരുത്തേണ്ടിയും വന്നു. കാൻസർ വാർഡിലെ ചിരി എന്ന പുസ്തകം പിറന്നപ്പോൾ എഴുതുന്ന ബഷീർ എന്നു മാറ്റി വിശേഷിപ്പിച്ചു. എഴുത്തിൽ ബഷീറിനെ പോലെ, ജീവിതത്തെ സരസമായി നേരിട്ടയാളാണ് ഇന്നസെന്‍റ്. രോഗകാലങ്ങളെയും എങ്ങനെ ലളിതമായി, ചിരിയോടെ മറികടക്കണമെന്നു മലയാളിയെ പഠിപ്പിച്ചു അദ്ദേഹം. അപൂർവ നാമത്തിന്‍റെ കീഴിലെ അത്യപൂർവമായ വ്യക്തിത്വം.
ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ഫലിതത്തിന്‍റെ അടിത്തറ. കടന്നു വന്ന വഴികളിലെ നോവും വേദനയുമൊക്കെ നേർത്ത ഫലിതത്തിന്‍റെ മേമ്പൊടിയിൽ ആസ്വാദകനെ രസിപ്പിച്ചു കൊണ്ടേയിരുന്നു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാൾക്കു ജീവിതാനുഭവങ്ങൾ പഠിപ്പിച്ചതിനപ്പുറം പാഠങ്ങളില്ലായിരുന്നു. ഇരിങ്ങാലക്കുടയുടെ മണ്ണിൽ പിറന്ന്, ആ മണ്ണിൽ തന്നെയുറച്ചായിരുന്നു ഇന്നസെന്‍റിന്‍റെ ഓരോ യാത്രകളും. തിരികെ വരാനും കൂടെച്ചേരാനും ജന്മനാടിനപ്പുറമൊരു ഇടമില്ലായിരുന്നു.
ഇന്നസെന്‍റ് ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണെന്നു ഡോ. വി. പി. ഗംഗാധരൻ പറഞ്ഞതു വെറുതയല്ല. അത്രയധികം ധീരതയോടെ രോഗത്തെ നേരിട്ടുവെന്നു മാത്രമല്ല, പിൽക്കാലത്ത് ആ രോഗകാലത്തെ ഹാസ്യത്തിൽ ചാലിച്ചു പകർത്താനും സാധിച്ചു. കാൻസർവാർഡിൽ ചിരി എന്ന എഴുത്തിലൂടെ ഒരു പുസ്തകം എങ്ങനെ മരുന്നാവുന്നുവെന്നു മലയാളിയെ തിരിച്ചറിയിപ്പിച്ചത് അദ്ദേഹമാണ്. അക്ഷരങ്ങൾ ഊർജം പകരുന്ന ഔഷധം കൂടിയായി മാറി.
ഏതൊരു സാധാരണക്കാരനെയും പോലെ മഹാരോഗങ്ങൾ മറ്റുള്ളവർക്കു മാത്രം വരുന്നതാണെന്ന ചിന്തയിലുറക്കുമ്പോൾ തന്നെയാണ് ഇന്നസെന്‍റിന്‍റെ ശരീരത്തിൽ അർബുദത്തിന്‍റെ സെല്ലുകൾ പടർന്നു പിടിക്കുന്നത്. ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. എങ്കിലും കൂടെ നിൽക്കുന്നവരെക്കൂടി തിരികെ കൊണ്ടുവരേണ്ടതു തന്‍റെ ചുമതലയാണെന്ന തിരിച്ചറിവിലാണ്, ചിരി ഒരു മരുന്നായി ആ രോഗകാലത്തിൽ ഒപ്പം കൂട്ടുന്നത്. പിന്നീട് അക്ഷരങ്ങളിലൂടെ ആ അനുഭവങ്ങൾ ഒഴുകിവന്നു. അനുഭവങ്ങൾ തന്നെയാണ് ആ മനുഷ്യനെ ജനകീയനാക്കിയത്, കലാകാരനാക്കിയത്, മലയാളിക്ക് പ്രിയപ്പെട്ടവനാക്കിയത്.
കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിൽ ആമുഖമായി അദ്ദേഹം എഴുതി, ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്‍റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.
ചിരിയുടെ, ചിന്തയുടെ വലിയൊരു കാലം അവശേഷിപ്പിച്ചാണ് ഇന്നസെന്‍റ് മടങ്ങുന്നത്.