#ഡോ. നരേഷ് ത്രെഹന്
അക്ഷരാര്‍ഥത്തില്‍, ആരോഗ്യം പ്രധാനപ്പെട്ട സ്തംഭമാണ്. ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചാഗാഥ നാം ശ്രദ്ധിക്കുകയാണെങ്കില്‍, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യംഏറ്റവും സമൃദ്ധിയുള്ള ഒന്നായി മാറാന്‍ ഗവണ്മെന്റ് മേഖലയിലേയും സ്വകാര്യ മേഖലയിലേയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്, ഗുണനിലവാരമുള്ളതും ചെലവു കുറഞ്ഞതുമായ ആരോഗ്യ പരിരക്ഷയുടെ സമയോചിത ലഭ്യത ഉറപ്പാക്കുക എന്നതാണ്. അതിലൂടെ 143 കോടി ജനങ്ങളുടെ രോഗാവസ്ഥയും മരണ നിരക്കും കുറയ്ക്കാനും ക്ഷേമം മെച്ചപ്പെടുത്താനും സാധിക്കും.
വ്യക്തിയുടെ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി, സമ്പാദിക്കാനുള്ള കഴിവ്, രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സന്തുലിത വികസനത്തില്‍ അധിഷ്ഠിതമായ 25 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളരാന്‍ ഇന്ത്യ പ്രവര്‍ത്തിക്കുമ്പോള്‍, കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ ശാസ്ത്രം, ജീവിത ശൈലി, രൂപാന്തരം സംഭവിക്കുന്ന വൈറസുകള്‍, കോവിഡ്-19 പോലുള്ള മഹാമാരികള്‍ എന്നിവയിലൂടെ ഉയര്‍ന്നുവരുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ സമീപനം സ്വീകരിക്കേണ്ടതുണ്ട്. അതോടൊപ്പം, സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനിത്കുന്ന നഗര- ഗ്രാമ അസമത്വങ്ങള്‍, രോഗികളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള ശരാശരിയിലും താഴെയുള്ള അനുപാതം, ടയര്‍-1, 2, 3 നഗരങ്ങള്‍ക്കിടയിലുള്ള ആശുപത്രി സേവനങ്ങളിലെ അന്തരം തുടങ്ങി ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മേഖലയില്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുള്ള വഴികളും കണ്ടെത്തേണ്ടതുണ്ട്.
2017ലെ ദേശീയ ആരോഗ്യ നയത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ പദ്ധതികളിലൂടെ ഏവര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ ലഭ്യമാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രാജ്യത്തെ എല്ലാ പൗരനിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും ആരോഗ്യസേവനങ്ങള്‍ എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ചിട്ടുള്ളത്. ഇതില്‍ എടുത്തു പറയേണ്ടത് ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍ സേവനങ്ങളിലുണ്ടായ വര്‍ധനയും ഡിജിറ്റല്‍വത്കരണത്തിന് ഗവണ്മെന്റ് നല്കിയ ശ്രദ്ധയുമാണ്.
ഉദാഹരണത്തിന് 1.5 ലക്ഷത്തിലധികം ആയുഷ്മാന്‍ ഭാരത് ആരോഗ്യ- സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് രാജ്യത്തു പ്രവര്‍ത്തനമാരംഭിച്ചത്. ഒപ്പം, 700ലധികം ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഗുണമേന്മയുള്ള മരുന്നുകളും വിതരണം ചെയ്യുന്നു. സാര്‍വത്രിക പരിരക്ഷ ഉറപ്പാക്കുന്നതില്‍ എടുത്തു പറയേണ്ട സംരംഭങ്ങളിലൊന്ന് ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജനയാണ്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ രാജ്യത്തെ 55 കോടി വരുന്ന ജനങ്ങളാണ്. ദരിദ്ര വിഭാഗങ്ങളില്‍പ്പെടുന്ന 40 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നു. കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ലഭ്യമാകുന്നത്. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ മുന്നോട്ടു പോകുന്ന ഈ പദ്ധതിയിലൂടെ ഏറ്റവും മികച്ചതും ആധുനികവുമായ ചികിത്സ വേണ്ടവര്‍ക്ക് അത് ലഭ്യമാകുന്നുവെന്നതും ശ്രദ്ധേയമാണ്.
കൊവിഡ് - 19 മഹാമാരിയുടെ അങ്ങേയറ്റം നാം കണ്ടെങ്കിലും അതുണ്ടാക്കിയ പ്രത്യാഘാതം നമ്മുടെ ആരോഗ്യ മേഖലയെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കോവിഡ്, സാംക്രമികേതര രോഗങ്ങളുടെ വര്‍ധന, ചികിത്സ മാറ്റിവയ്ക്കല്‍, കോവിഡ് കാരണം നിലവിലുള്ള അവസ്ഥകള്‍ വഷളാകുന്നത് തുടങ്ങിയ ഘടകങ്ങളെല്ലാം സമീപഭാവിയില്‍ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, മെഡിക്കല്‍ കോളെജുകളുടേയും സീറ്റുകളുടേയും എണ്ണത്തില്‍ ഉണ്ടായ വര്‍ധന തുടങ്ങിയവയൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ടാക്കുന്നത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇപ്പോഴും ഗ്രാമങ്ങളിലാണെന്നതും അവിടങ്ങളിലെ ഡോക്റ്റര്‍- രോഗി അനുപാതം കുറവാണ് എന്നതുമാണ്.
ഇവിടെയാണ് കൊവിഡ് പോലുള്ള മഹാമാരിക്കാലത്തിന് വളരെ മുന്‍പ് ആരംഭിച്ച ആരോഗ്യ മേഖലയിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനകരമാകുന്നത്. ഗവണ്മെന്റിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി ഗ്രാമ പ്രദേശങ്ങളിലുള്ള രോഗികള്‍ക്ക് പോലുംവലിയ നഗരങ്ങളിലുള്ള വിദഗ്ധ ഡോക്റ്റര്‍മാരുടെ സേവനം ഉറപ്പാക്കുന്നു. തുടക്കം കുറിച്ച് 3 വര്‍ഷത്തിനുള്ളില്‍ 10 കോടി പേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെട്ടു. ദൂരം പ്രതിബന്ധമായി മാറാതിരിക്കാന്‍ സ്വകാര്യ മേഖലയിലുള്ള ആരോഗ്യ സംവിധാനങ്ങളും സമാനമായ രീതികള്‍ സ്വീകരിക്കുന്നുണ്ട്. ടെലി മെഡിസിന് സൗകര്യത്തിലൂടെ ദൂരമെന്ന വലിയ പ്രശ്നത്തെ പരിഹരിച്ചതിനൊപ്പം വന്‍കിട ആരോഗ്യ പരിപാലന സേവനദാതാക്കള്‍ ഗ്രാമീണ മേഖലകളില്‍ സങ്കീര്‍ണ രോഗപരിചരണ സേവനങ്ങളും (ഇ-ഐസിയു) ആരംഭിച്ചിട്ടുണ്ട്.
നാഷണല്‍ ഹെല്‍ത്ത് സ്റ്റാക്ക്, ദേശീയ ആരോഗ്യദൗത്യം തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങള്‍ കാര്യക്ഷമവും വ്യക്തിഗതവുമായ പരിചരണം നല്‍കുന്നതിനായി സംയോജിതവും തടസമില്ലാത്തതുമായ ആരോഗ്യ പരിപാലന വിതരണ സംവിധാനത്തിന്റെ വികസനത്തിന് ശമായ അടിത്തറ സൃഷ്ടിച്ചു. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരിലുണ്ടായ വലിയ വര്‍ധനയും ഡിജിറ്റല്‍ ആരോഗ്യ സംവിധാനത്തെ അവര്‍ സ്വീകരിച്ചതും ആരോഗ്യ സംരക്ഷണ മേഖലയിലെ സൗകര്യങ്ങളുടെ ലഭ്യതയും ഗുണമേന്മയിലുള്ള അസമത്വങ്ങള്‍ കുറയ്ക്കുന്നതിനു സഹായിച്ചിട്ടുണ്ട്; പ്രത്യേകിച്ച്, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍.
നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ, രോഗനിര്‍ണയവും രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുന്നു. ഇതിലൂടെ അസുഖങ്ങള്‍ കുറയുന്നു. കണ്ടെത്താതിരിക്കുക വഴി ചികിത്സയ്ക്കായി മുടക്കേണ്ടി വരുന്ന വലിയ തുകയിലും കുറവ് സംഭവിക്കുന്നു. ആത്യന്തികമായി ഇത് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മുതൽക്കൂട്ടാണ്.
അതോടൊപ്പം, ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളിലൂടെ പൊതുജനാരോഗ്യ ഇടപെടലുകളും നയങ്ങളും സ്വീകരിക്കാന്‍ കഴിയുന്ന വലിയ തോതിലുള്ള ഡാറ്റയുടെ ശേഖരണവും വിശകലനവും സാധ്യമാകുകയും ചെയ്യും. മാത്രമല്ല രോഗനിയന്ത്രണം, രോഗം പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കല്‍, ആരോഗ്യ പ്രോത്സാഹനം എന്നിവയ്ക്കായി വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് പൊതു- സ്വകാര്യ മേഖലയിലെ ആരോഗ്യ പരിരക്ഷാദാതാക്കളെ പ്രാപ്തരാക്കും. അതോടൊപ്പം, ഉയര്‍ന്നുവരുന്ന ആരോഗ്യ ഭീഷണികള്‍ തിരിച്ചറിയാനും ഉചിതമായ ഇടപെടലുകള്‍ വികസിപ്പിക്കാനും സഹായിക്കും. ഒപ്പം രോഗ വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി പിന്തുടരാനും ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയും.
ഗവണ്മെന്റ് പരിപാടികള്‍, സ്വകാര്യ ആരോഗ്യ സംരക്ഷണ മേഖലയുടെ വൈദഗ്ധ്യം, ഡിജിറ്റല്‍ ആരോഗ്യ പ്രതിവിധികള്‍ എന്നിവ "ചെലവു കുറഞ്ഞ സാര്‍വത്രിക ആരോഗ്യ സംരക്ഷണം' എന്ന ആശയത്തെ പുനര്‍നിര്‍വചിക്കുന്നു. ഏവര്‍ക്കും ലഭ്യത ഉറപ്പാക്കുക എന്നതിനൊപ്പം ചികിത്സയ്ക്കുള്ള ചെലവു കുറയ്ക്കുന്നതിനും രോഗ പ്രതിരോധത്തില്‍ സജീവ പങ്കു വഹിക്കുന്നതിനും ഇതു സഹായകമാകുന്നു.
(ഗുരുഗ്രാം മെദാന്ത ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമാണ് ലേഖകൻ)