ആർഎസ്എസ് - എഡിജിപി എം.ആർ. അജിത് കുമാർ കൂടിക്കാഴ്ചയായിരുന്നു നിയമസഭയിൽ ഇന്നലെ അടിയന്തര പ്രമേയ ചർച്ചയുടെ വിഷയം. കഴിഞ്ഞ ദിവസത്തെപ്പോലെ തന്നെ ഇന്നലെയും മുഖ്യമന്ത്രി പിണറായി വിജയൻ കൈയോടെ ചർച്ച പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയ്ക്കെതിരായ പരാമർശത്തിന്‍റെ പേരിൽ തലേന്ന് ഇങ്ങനെ അപ്രതീക്ഷമായി ചർച്ച പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക് പോരിന് പിന്നാലെ ബഹളത്തിൽ മുങ്ങി സഭ സ്തംഭിക്കുകയായിരുന്നു. ഇന്നലെയും ഉച്ചയ്ക്ക് 12നായിരുന്നു 2 മണിക്കൂർ ചർച്ച. മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷനേതാവ് വി.ഡി സതീശനും അനുവദിക്കപ്പെട്ടതിന്‍റെ പലമടങ്ങ് സമയമെടുത്തിതിനാൽ 2 മണിക്കൂർ ചർച്ച നീണ്ടു. കഴിഞ്ഞ ദിവസത്തെ മലപ്പുറം ചർച്ചയും എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയും കൂടെക്കൂട്ടിയായിരുന്നു ഇരുപക്ഷവും ചർച്ചയിൽ അണിനിരന്നത്.
മുഖ്യമന്ത്രി ചർച്ചയ്ക്കുണ്ടാവില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ സഭയെ അറിയിച്ചു. പനിയും തൊണ്ട വേദനയും മൂലം ഡോക്റ്ററെ കണ്ടപ്പോൾ അദ്ദേഹത്തിന് "വോയ്സ് റെസ്റ്റ് ' നിർദേശിക്കുകയായിരുന്നുവെന്നാണ് വിശദീകരണം. അതിനെ പരിഹസിക്കാനൊരുമ്പെട്ട പ്രമേയാവതാരകനായ എൻ. ഷംസുദ്ദീനെ (മുസ്ലിം ലീഗ്) സ്പീക്കർ ആരോഗ്യകാര്യങ്ങളിൽ മോശം പരാമർശം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ അദ്ദേഹം അതിൽനിന്ന് പിൻവാങ്ങി.
ആർഎസ്എസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി പലതവണ കണ്ടെന്ന് ഷംസുദ്ദീൻ ആരോപിച്ചു. വയനാട്ടിലെ ദുരന്തസ്ഥലത്ത് ആർഎസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ എഡിജിപി കണ്ടതിന് ശേഷം അവിടെ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഇക്കാര്യം സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു തന്നെ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പ്രതിയായ തെരഞ്ഞെടുപ്പ് അഴിമതി കേസിൽ ഒരു വർഷത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ടിയിരുന്ന പൊലീസ് ഒരു കാരണവും പറയാതെ 17 മാസമെടുത്തതുകൊണ്ടാണ് തള്ളിപ്പോയതെന്ന് വിധിന്യായം ഉദ്ധരിച്ച് ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
തന്‍റെ വിവാഹത്തിന് സ്പീക്കറായിരുന്ന കെ. മൊയ്തീൻ കുട്ടി ഹാജിയും മന്ത്രിയായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുമാണ് മാല എടുത്തു തന്നതെന്ന് ഓർമിച്ച പി. നന്ദകുമാറിനെതിരേ (സിപിഎം) എഴുന്നേറ്റ കുറുക്കോളി മൊയ്തീന് (മുസ്ലിം ലീഗ്) മറുപടി ഇങ്ങനെ: "കുറുക്കോളി മൊയ്തീൻ അന്ന് രാഷ്ട്രീയത്തിലില്ല'. മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണ്. ഒരു സമുദായത്തിനെ പ്രീണിപ്പിക്കാൻ വേണ്ടിയാണതെന്ന് 1969 ജനുവരി 9ന് നിയമസഭയിൽ പ്രസംഗിച്ചത് കോൺഗ്രസ് നേതാവ് മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്‍റെ കുടുംബത്തിന്‍റെ തല നരേന്ദ്ര മോദിയുടെ കക്ഷത്തിലാണെന്നായിരുന്നു ഡോ. മാത്യു കുഴൽനാടന്‍റെ (കോൺ) ആക്ഷേപം. എഡിജിപി തുടർച്ചയായി ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതിൽ അന്വേഷണം പ്രഹസനമാവുന്നു എന്നായിരുന്നു അനൂപ് ജേക്കബിന്റെ (കേരള കോൺ - ജേക്കബ്) പരാതി.
ആർഎസ് എസിന്‍റെ ആരംഭകാലത്തു തന്നെ മത ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകാർക്കും എതിരാണെന്ന് പ്രഖ്യാപിച്ചത് അനുസ്മരിച്ച ഇ. ചന്ദ്രശേഖരന് അങ്ങനെയുള്ള ആർഎസ്എസുമായി ദേശീയ തലത്തിലോ സംസ്ഥാനതലത്തിലോ കമ്യൂണിസ്റ്റുകൾക്ക് ബന്ധമുണ്ടാവില്ലെന്നതിൽ സംശയമില്ല. എൽഡിഎഫ് നയത്തിനെതിരെ ഏത് ഉദ്യോഗസ്ഥൻ നിലപാടെടുത്താലും അതിനെതിരെ ഉറച്ച നിലപാടെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഡോ. ശ്യാമപ്രസാദ് മുഖർജി നെഹ്റു മന്ത്രിസഭയിൽ അംഗമായതു മുതൽ 14 ഭാഷ അറിയാമായിരുന്ന പി.വി. നരസിംഹറാവു ഒരു ഭാഷയിലും ബാബറി മസ്ജിദ് പൊളിക്കരുതെന്ന് പറയാത്തതുൾപ്പെടെയുള്ള ആർഎസ് എസ് - കോൺഗ്രസ് ബാന്ധവത്തിന്‍റെ തെളിവുകൾ നിരത്തിയ കെ.വി. സുമേഷ് (സിപിഎം) ആർഎസ്എസുമായി ബന്ധമുള്ള സ്വദേശി ജാഗരൺ മഞ്ചിനു വേണ്ടി കോടതിയിൽ ഹാജരായ മാത്യു കുഴൽനാടനെയും വെറുതെ വിട്ടില്ല.
ആർഎസ് എസും സിപിഎമ്മും തമ്മിലുള്ള രഹസ്യബന്ധത്തിന്‍റെ ഇടനിലക്കാരനാണ് എഡിജിപി എന്നായിരുന്നു കെ.കെ. രമയുടെ (ആർഎംപി) ആരോപണം.
കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് ഭരിക്കുന്നത് ചൂണ്ടിക്കാട്ടിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരള കോൺ- എം) ഉത്സവപ്പറമ്പിൽ പിടിക്കപ്പെടുമ്പോൾ മറ്റുള്ളവരിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന പോക്കറ്റടിക്കാരന്‍റെ തന്ത്രമാണ് യുഡിഎഫിന്‍റേതെന്ന് പരിഹസിച്ചു. സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയപ്പോൾ കുറവിലങ്ങാട്ട് ബിജെപി സ്ഥാനാർഥിയെ കേരളാ കോൺ (എം) സ്ഥാനാർഥിയാക്കിയെന്നായിരുന്നു മോൻസ് ജോസഫിന്റെ (കേരള കോൺ.) മറുപടി. സ്വതന്ത്ര സ്ഥാനാർഥിയെയാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയാക്കിയതെന്ന് സെബാസ്റ്റ്യൻ വിശദീകരിച്ചു.
ആവശ്യമില്ലാത്ത ഉമ്മാക്കി കാട്ടി പിണറായിയെ പേടിപ്പിക്കേണ്ടെന്നു പറഞ്ഞ തോമസ് കെ തോമസിന്റെ (എൻസിപി)സെൽഫ് ഗോൾ അഭ്യർഥന ഇങ്ങനെ: "ആർഎസ് എസുകാരുമായുള്ള ബന്ധം എല്ലാവരും അവസാനിപ്പിക്കണം'. "എല്ലാവരും' എന്നു പറഞ്ഞത് കോൺഗ്രസുകാരെയും ലീഗുകാരെയും ഉദ്ദേശിച്ചാണെന്ന് അദ്ദേഹം തടിതപ്പി.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ കുത്തി മറച്ച് കെഎസ്യുവിന്റെയോ യൂത്ത് കോൺഗ്രസിന്‍റെയോ കോൺഗ്രസിന്‍റെയോ ഭാരവാഹിയാകാതെ പ്രതിപക്ഷ നേതാവായ ആളാണ് വി ഡി സതീശനെന്നാണ് വി. ജോയിയുടെ (സിപിഎം) അഭിപ്രായം.
ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ പിണറായിയെപ്പറ്റി നല്ല അഭിപ്രായം പറയുന്ന ഭാഗങ്ങൾ വായിച്ച ശേഷം അദ്ദേഹം പറഞ്ഞു: "പിണറായി പ്രത്യേക ജനുസാണ്'.
ഇഎംഎസ് മന്ത്രിസഭയിൽ ലീഗിന്‍റെ ആവശ്യപ്രകാരമാണ് മലപ്പുറം ജില്ല രൂപീകരിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) ഓർമിപ്പിച്ചു. മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒന്നാമതെത്തിക്കാൻ മുൻ എസ്പി ഇടപെട്ട കാര്യം പറഞ്ഞപ്പോൾ മന്ത്രി പി. രാജീവ് എഴുന്നേറ്റു: "മലപ്പുറം കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒന്നാമതല്ല,നാലാമതോ അഞ്ചാമതോ ആണ്'. സുജിത് ദാസ് എസ്പിയായിരുന്നപ്പോൾ മലപ്പുറത്ത് കുറ്റകൃത്യങ്ങൾ 40 ഇരട്ടിയാക്കാൻ ബൈക്കിന് പിന്നിലിരുന്ന് പോയവർക്കെതിരെപോലും കേസെടുത്തിട്ട് എന്തു നടപടി എടുത്തെന്ന് കുഞ്ഞാലിക്കുട്ടിയുടെ മറുചോദ്യം.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരേ ജനസംഘത്തിനൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന ഡോ. കെ.ടി. ജലീലിന്റെ (സിപിഎം സ്വത.) ചോദ്യം ബഹളത്തിനിടയാക്കി. ഇക്കാര്യം സഭാ രേഖകളില്‍നിന്നു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, ജനസംഘവും കോൺഗ്രസുമാണ് മലപ്പുറം ജില്ലയെ എതിർത്തതെന്ന് ജലീല്‍ ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും ബഹളമുണ്ടായി. സി.എച്ച്. മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, ഇതുകേട്ട് ബഹളം വച്ച പി.കെ. ബഷീര്‍ സിഎച്ചിന്‍റെ ഒരു പ്രസംഗവും വായിച്ചിട്ടുണ്ടാകില്ലെന്നു പറഞ്ഞു. ഇതുകേട്ട് ക്ഷുഭിതനായ ബഷീര്‍ മോശം പദപ്രയോഗം നടത്തി. ഇതോടെ, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോടു നിർദേശിച്ചു. അണ്‍പാര്‍ലമെന്‍ററി ആയ വാക്കുകള്‍ രേഖകളില്‍നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
ജലീലിനെതിരേ പ്രതിപക്ഷ ബഹളം ശക്തമായപ്പോൾ മന്ത്രി പി. രാജീവ് എഴുന്നേറ്റു: "മറുപടി പറയാൻ പ്രതിപക്ഷനേതാവ് പ്രസംഗിക്കുന്നുണ്ടല്ലോ. അതല്ല, അപ്പോഴും ഇതേ സമീപനം മതിയെങ്കിൽ നിങ്ങൾ ബഹളം തുടർന്നോ'. അതോടെ, ബഹളം നിലച്ചു.
എഡിജിപിയെ ഇപ്പോള്‍ ആര്‍എസ്എസിന്‍റെ ചുമതലയില്‍നിന്ന് ബറ്റാലിയന്‍റെചുമതലയിലേക്കു മാറ്റുകയാണ് ചെയ്തതെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. സിപിഐ നേതാവ് ഇ. ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിൽ സിപിഎം സാക്ഷികൾ കൂറുമാറി. പൊലീസിലെ ആർഎസ്എസ് ഗാങ്ങിനെ കുറിച്ച് പറഞ്ഞത് സിപിഐ നേതാവ് ആനി രാജയാണ്. ആർഎസ്എസ് നേതാവിനെ എഡിജിപി കണ്ടത് താനാണ് ആദ്യം ഉന്നയിച്ചത്. മെയ് 24ന് ഇതേപ്പറ്റിയുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അങ്ങനെയൊരു റിപ്പോർട്ട് ഇല്ലെന്നും അത് വസ്തുതാ വിരുദ്ധമെന്നും ഉണ്ടെങ്കിൽ സഭയുടെ മുമ്പാകെ വയ്ക്കണമെന്നും മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
ഇന്‍റലിജന്‍റ്സ് റിപ്പോർട്ട് ഉണ്ടെന്നും അതിന്‍റെ തെളിവ് തന്‍റെ കൈയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു.
മന്ത്രി പി. രാജീവ്: സർക്കാരിന് അങ്ങനെയൊരു ഇന്‍റലിജന്‍റ്സ് റിപ്പോർട്ട് കിട്ടിയിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കിൽ അങ്ങ് അത് സഭയിൽ വയ്ക്കണം. തെളിവ് എന്നു പറയുമ്പോൾ അത് ഒന്നുകിൽ റിപ്പോർട്ട്. അല്ലെങ്കിൽ അത് സമർപ്പിക്കുന്ന ദൃശ്യം. ഇതല്ലേ ഇതിന് തെളിവാകുക?
മുഖ്യമന്ത്രിക്ക് കൊടുത്ത റിപ്പോർട്ട് തനിക്കെങ്ങനെ കിട്ടുമെന്ന് വി.ഡി. സതീശൻ. ഇത്തരമൊരു റിപ്പോർട്ട് കിട്ടിയിട്ട് അതിൻമേൽ നടപടിയെടുക്കാത്ത മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കാൻ യോഗ്യതയില്ലെന്നായി പ്രതിപക്ഷ നേതാവ്.
അങ്ങേയ്ക്ക് ആ കസേരയിലിരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയാമെന്നായിരുന്നു മന്ത്രി രാജേഷിന്‍റെ മറുപടി. ഇപ്പോൾ, പ്രതിപക്ഷ നേതാവ് പറഞ്ഞ റിപ്പോർട്ട് ജലരേഖയായി. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് സംബന്ധിച്ച് ഡിജിപി അന്വേഷണ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി. എഡിജിപിയെ ആരോപണമുക്തനാക്കാനുള്ള തെളിവുകളില്ല. എന്നാല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാനുളള തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചു. എഡിജിപിയുടെ കാര്യത്തില്‍ നിലവിലുള്ള സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ഏറ്റവും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയ്ക്കും ഒരു സമുദായത്തിനും സർക്കാരിനെ എതിരാക്കാനുള്ള പരിപ്പ് വേവില്ല. ഇന്ത്യയിൽ ഒന്നാമതെത്തിയ സർക്കാരാണിത്. നേട്ടങ്ങളെ വസ്തുതകൾ കൊണ്ട് നേരിടാനാവാത്തതിനാൽ അപവാദങ്ങൾ കൊണ്ട് മൂടുകയാണ്. കഴിഞ്ഞ ദിവസം സഭയിൽ നിന്ന് ഒളിച്ചോടിയ പ്രതിപക്ഷം പുറത്തു കാത്തിരിക്കുകയായിരുന്ന മാധ്യമങ്ങളുടെ മടിത്തട്ടിലേക്കാണ് പോയതെന്നും മന്ത്രി രാജേഷ് പരിഹസിച്ചു
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയായിരുന്നു പ്രതിപക്ഷം ഉന്നയിച്ച പ്രധാനപ്പെട്ട വിഷയമെന്നും അതേക്കുറിച്ച് സർക്കാരിന്‍റെ കൃത്യമായ മറുപടി കിട്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രമേയം ചർച്ചയ്ക്കൊടുവിൽ വോട്ടിനിട്ട് തള്ളി.