ശിശുദിനം ഒരു ഓർമപ്പെടുത്തൽ

സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി എഴുതുന്നു

ശിശുദിനം ഒരു ഓർമപ്പെടുത്തൽ
Updated on

ഇന്ന് ദേശീയ ശിശുദിനം, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. കുട്ടികളെ ഇന്ത്യയുടെ ഭാവിയായി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കണ്ടിരുന്നു. അത് കുട്ടികളെ എന്നും അദ്ദേഹത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ഒരു കാരണമായി. അദ്ദേഹത്തിന്‍റെ ജന്മദിനം തന്നെ കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുതകാന്‍, ശിശുദിനമായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് എത്രയും അനുയോജ്യമാണ്.

നെഹ്‌റുവിന് മുമ്പും ശിശുദിനം ആഘോഷിച്ചിരുന്നു. 1857ല്‍ റോസ്‌ ഡേ എന്ന പേരില്‍ ജൂണ്‍ രണ്ടാം ഞായറാഴ്ച കുട്ടികള്‍ക്കായുള്ള ദിനം ആചരിച്ചു തുടങ്ങി. നാളുകള്‍ കഴിയവേ പല രാജ്യങ്ങളിലും (1950 മുതല്‍) കുട്ടികളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്‌ട്ര ദിനം ജൂണ്‍ ഒന്ന് ശിശുദിനമായി ആഘോഷിച്ചുതുടങ്ങി. 1954 മുതല്‍ സാര്‍വദേശീയ ശിശുദിനമായി നവംബര്‍ 20 ആഘോഷിച്ചു വന്നു. ഇന്ത്യയും 1956 മുതല്‍ അതിന്‍റെ ഭാഗമായിരുന്നു. നെഹ്‌റുവിന്‍റെ വേര്‍പാടിനു ശേഷം 1965 നവംബര്‍ 14 മുതല്‍ ദേശീയ ശിശുദിനമായി അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിച്ചു വരുന്നു.

കുട്ടികളെ ഒരു പൂന്തോട്ടത്തിലെ മൊട്ടുകളായി കണക്കാക്കിയിരുന്ന, സാമൂഹിക അടിത്തറയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന, രാജ്യത്തിന്‍റെ ഭാവിയാണെന്ന് ഉറക്കെപ്പറഞ്ഞിരുന്ന, കുട്ടികള്‍ക്കിടയില്‍ ഒരിക്കലും പക്ഷഭേദം അവര്‍ തന്നെ കണ്ടുപിടിക്കില്ല എന്ന് ഒർമിപ്പിച്ചിരുന്ന നെഹ്‌റുവിന്‍റെ 134ാമത് ജന്മദിനമാണ് 2023 നവംബര്‍ 14. ഈ ദിവസം മറ്റേതൊരു ശിശുദിനത്തെയും പോലെ ആഘോഷിച്ച് തീര്‍ന്നുപോകാതെ നമ്മുടെ കുട്ടികള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും, അവകാശങ്ങള്‍ക്കായി ചിന്തിക്കാനും തങ്ങളും സമൂഹത്തിന്‍റെ ഭാഗമാണെന്നും ചിന്തിച്ച് പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജവം ഓരോ കുട്ടിയിലുമുണര്‍ത്താനും നമുക്ക് ഓരോരുത്തര്‍ക്കുമാകണം.

ഇന്ത്യയിലെമ്പാടുമുള്ള കുട്ടികള്‍ ശിശുദിനാഘോഷങ്ങളില്‍ വ്യാപൃതരാകുമ്പോള്‍ ലോകത്താകെ ഇന്നത്തെ സ്ഥിതി എന്താണെന്ന് എത്തി നോക്കണം. യുദ്ധങ്ങളിലും കലാപങ്ങളിലും വംശവെറിയാലും മറ്റുമായി ജീവന്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ അന്താരാഷ്‌ട്ര ശരാശരി എന്നത് ഒരു ദിവസം 20 കുട്ടികള്‍ എന്ന നിലയിലാണ് (യൂണിസെഫ് കണക്ക്) വലിയ ഭീകരമാണ്ഈ അവസ്ഥ. പലസ്തീന്‍ കുട്ടികളുടെ കാര്യത്തില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്ന അവസ്ഥയാണ്. അതായത് ഒരു ദിവസം 150ഓളം കുട്ടികള്‍. മാരകമായി പരിക്കേല്‍ക്കുന്നവരോ ബന്ധുമിത്രാദികള്‍ നഷ്ടമാകുന്നവരോ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല എന്നത് നമ്മെ വല്ലാതെ പേടിപ്പിക്കുന്നു. അതും കൂട്ടിച്ചേര്‍ത്താല്‍ സംഖ്യ ഇനിയും വലുതാകും.

കഴിഞ്ഞ ഒരു മാസത്തിലധികമായി നടന്നു വരുന്ന സംഘര്‍ഷത്തില്‍ ഗാസയിലെ കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിച്ച് സുക്ഷിതത്വം കൂടുതല്‍ പരിങ്ങലിലായിരിക്കുന്നു. പ്രസവാശുപത്രിക്കു നേരേ ഇസ്രയേല്‍ സൈന്യം നീങ്ങുന്നു എന്ന വാര്‍ത്ത ഏറെ ഭയാശങ്ക ഉളവാക്കുന്നു. കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് അന്താരാഷ്‌ട്ര നിയമങ്ങളെ കാറ്റില്‍ പറത്തുകയാണ്.

യുദ്ധങ്ങളും സംഘര്‍ഷങ്ങളും എന്നും കുട്ടികള്‍ക്കിണങ്ങിയ വര്‍ണശബളമായ ലോകത്തെ മൂകതയിലേക്കും ചാരത്തിലേക്കും കൂപ്പു കുത്തിച്ചിട്ടേയുള്ളൂ. ഇന്നും മായാതെ നില്‍ക്കുന്ന ചിത്രങ്ങളാണ്, വിയറ്റ്‌നാം യുദ്ധത്തില്‍ മനസിനും ശരീരത്തിനും മുറിവേറ്റ് കത്തിത്തീര്‍ന്ന വസ്ത്രം പോലും അവഗണിച്ച് ജീവനു വേണ്ടി ഓടുന്ന ഫാന്‍ തീ കിം ഫുക്കും, മെഡിറ്ററേനിയന്‍ തീരത്ത് ആരെയും കണ്ണീരിലാഴ്ത്തും വിധം മരണം വരിച്ച അലന്‍ കര്‍ദി എന്ന ഇറാന്‍ ബാലനും, മരണപ്പെടുന്ന കുട്ടികളെ തിരിച്ചറിയാന്‍ കുഞ്ഞുങ്ങളുടെ കാലിലും മറ്റും പേരെഴുതി കാത്തിരിക്കേണ്ടി വരുന്ന പലസ്തീന്‍ ജനതയും ഇതിന്‍റെ നേര്‍ചിത്രങ്ങളാണ്.

ഇന്ത്യയിലേക്ക് വന്നാലോ, മണിപ്പുരിലെ സംഘര്‍ഷങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല, തമ്മിൽ ഭേദം ഉണ്ടാകില്ല എന്ന് നെഹ്‌റു പറഞ്ഞ കുട്ടികളില്‍, മതസ്പർധ ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നതിന്‍റെ ഭീകരത പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അദ്ധ്യാപിക തന്നെ മതത്തിന്‍റെ പേരില്‍ മറ്റൊരു മതത്തില്‍പ്പെട്ട കുട്ടിയെ തല്ലാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാജ്യത്തിന്‍റെ സമീപകാല ഉദാഹരണമാണ്. അതിനൊപ്പം തന്നെ ശാസ്ത്രവബോധത്തോടെയും ചരിത്ര വസ്തുതകളുടെ കൃത്യമായ അറിവോടും കൂടി വളരുക എന്ന കുട്ടികളുടെ അവകാശങ്ങളെയും തുരങ്കം വയ്ക്കുന്ന പല നടപടികള്‍ക്കും നാം ഇന്ന് ദൃക്‌സാക്ഷികളാവുകയാണ്.

ഈ സാഹചര്യത്തില്‍ ശിശുദിനാഘോഷം അവരുടെ അവകാശങ്ങളുടെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാകേണ്ടതുണ്ട്. ആ പശ്ചാത്തലത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ കണ്‍വെന്‍ഷന്‍ നമുക്കൊന്ന് പരിശോധിക്കാം.

ആരാണ് കുട്ടികള്‍? 18 വയസില്‍ താഴെയുള്ളവരെ കുട്ടികളായി പരിഗണിക്കുന്നു. യാതൊരു വിവേചനവും പാടില്ല. എല്ലാ കുട്ടികള്‍ക്കും ഈ അവകാശങ്ങളുണ്ട്. അവരുടെ ദേശം, ഭാഷ, മതം ജെന്‍ഡര്‍, ശാരീരിക അവസ്ഥ, സാമ്പത്തികം ഇവയുടെയൊന്നിന്‍റെയും അടിസ്ഥാനത്തിലും കുട്ടികളോട് സ്പർധയോ, അനീതിയോ വിവേചനമോ കാണിക്കാന്‍ പാടില്ല.

മുതിര്‍ന്നവരുടെ തീരുമാനങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കണം. എല്ലാ മുതിര്‍ന്നവരും കുട്ടികള്‍ക്ക് ഏറ്റവും മികച്ചത് ചെയ്യണം. മാതാപിതാക്കളോ അല്ലെങ്കില്‍ മറ്റ് ആളുകളോ ആശ്യമുള്ളപ്പോള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളെ പരിപാലിക്കാന്‍ ഉത്തരവാദിത്തമുള്ള ആളുകളും സ്ഥലങ്ങളും കൃത്യമായ രീതിയില്‍ കൃത്യനിര്‍വഹണം ചെയ്യുന്നുണ്ടെന്ന് പൊതു സമൂഹം ഉറപ്പാക്കണം.

ഓരോ കുട്ടിക്കും ജീവിക്കാനവകാശമുണ്ട്. അവരെ ഏറ്റവും മികച്ച രീതിയില്‍ അതിജീവിക്കാനും വികസിപ്പിക്കാനും എല്ലാവരും ശ്രദ്ധിക്കണം.തുടങ്ങി 53 ഓളം അവകാശങ്ങളാണ് കുട്ടികള്‍ക്കായി ഐക്യരാഷ്‌ട്രസഭ വാഗ്ദാനം ചെയ്യുന്നത്. ഇത് നടപ്പിലാക്കാന്‍ എല്ലാ ഭരണകൂടങ്ങളും ഇതിന് ബാധ്യസ്ഥരാണ്.

ഇനി ഇന്ത്യന്‍ ഭരണഘടന കുട്ടികള്‍ക്ക് നല്‍കുന്ന ഉറപ്പുകള്‍ എന്തൊക്കെ എന്ന് പരിശോധിച്ചാല്‍,

* കുട്ടികളുടെ (ജാതി മത വര്‍ഗ വര്‍ണ ദേശ ഭേദമന്യേ) കുട്ടികളുടെ അവകാശങ്ങള്‍ (അന്താരാഷ്‌ട്ര നിര്‍ദേശാനുസരണം ഉള്ളവ) ഉറപ്പു നല്‍കുന്നു.

* 14 വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായുള്ള വിദ്യാഭ്യാസം ഉറപ്പു നല്‍കുന്നു.

* 6 വയസു വരെ കുട്ടികളുടെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തുകയും അതിനോടൊപ്പം 11ാം മൗലിക കടമയായി 6 മുതല്‍ 14 വയസുവരെയുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതിന് രക്ഷിതാക്കളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ ബാല്യത്തിനൊപ്പം പരിഗണിക്കപ്പെടേണ്ടതും പരിഗണിക്കപ്പെടുന്നതുമായ 0-6 വരെയും 15 മുതല്‍ 18 വരെയുമുള്ള കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ നിര്‍ദേശകങ്ങള്‍ക്കപ്പുറം ഉത്തരവാദിത്വമായി ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യപ്പെടുന്നില്ലായെന്ന പരിമിതി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതും നാം അറിയേണ്ടതുണ്ട്.

കേരളത്തിന്‍റെ സവിശേഷ സാഹചര്യം എടുത്തു പറയുകയാണെങ്കില്‍ ബാലസൗഹൃദ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പില്‍ വരുത്തുന്നതിനു വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു വരുന്നു. ഓരോ പഞ്ചായത്തുകളും സ്ഥാപനങ്ങളും "ശിശു സൗഹൃദം' എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അതിനൊപ്പം കേരളം കുട്ടികളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന ഒട്ടേറെ പദ്ധതികളും നിയമ നിര്‍ദേശങ്ങളുമുണ്ട്.

കുഞ്ഞുങ്ങള്‍ ഏവരുടേയും ജൈവാംശവും മക്കളുമാണെന്ന് ഏറ്റവും വലിയ മാനവിക ബോധം എവിടെയോ നഷ്ടപ്പെടുന്നുണ്ടോ? നിയന്ത്രണരഹിതമായ ഉപഭോഗതൃഷ്ണ കുഞ്ഞുങ്ങളെ അങ്ങനെയായി കാണാത്ത സംസ്‌കാര ശൂന്യതയിലേക്കു നയിക്കപ്പെടുന്നുണ്ട്. ആലുവ കേസിന്‍റെ വിധി ഇന്ന് ആയിരിക്കെ, നീതിയിലേക്ക് ഏറ്റവും പെട്ടെന്ന് നടന്നടുക്കാൻ പോക്‌സോ കേസുകള്‍ക്കു വേണ്ടി കൊണ്ടുവന്ന സവിശേഷ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ വഴിയൊരുക്കും എന്ന് വിശ്വസിക്കുകയും, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറക്കാനുതകുന്ന നടപടികള്‍ ഇനിയും ദ്രുതഗതിയില്‍ ഉണ്ടാകും എന്നും പ്രതീക്ഷിക്കുന്നു.

സനാഥം എന്ന വാക്കും അനുഭവവും ചുമതലയും ഏറ്റെടുക്കുകയും ആ സന്ദേശം സര്‍ഗാത്മകവും പ്രവൃത്തിയുമായി സമൂഹത്തിലേക്ക് സംക്രമിപ്പിക്കുകയുമാണ് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ചെയ്യുന്നത്. 10 മാസത്തിനിടയില്‍ സമിതിയുടെ ചരിത്രത്തില്‍ ആദ്യമായി 49 കുഞ്ഞുങ്ങളെ അനാഥത്വത്തില്‍ നിന്നും സനാഥത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞു.

ഉയര്‍ന്ന മൂല്യ ബോധത്തോടെ കുട്ടികളുടെ സമഗ്രമായ വികാസം ഉത്തരവാദിത്വവും രാഷ്‌ട്രീയ ചുമതലയായും നിര്‍ബന്ധമുള്ള കേരള സംസ്ഥാന സര്‍ക്കാരിന്‍റെ സവിശേഷമായ ഇടപെടല്‍ ഒരു സംസ്കാരമായിത്തന്നെ നമ്മെ ജാഗ്രതപ്പെടുത്തുന്നു. കുട്ടികളുടെ അതി നവീനമായ വര്‍ണവും വിജ്ഞാനവും അവകാശവും നൈസര്‍ഗീക സര്‍ഗാത്മകത്വവും ഉയിര്‍പ്പും സ്വാഭാവികമായി വികസിപ്പിക്കുകയുമാണ് ശിശുക്ഷേമ സമിതി.

Trending

No stories found.

Latest News

No stories found.