#കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ചിത്രകലയ്ക്കും വലിയ പങ്കുണ്ട്. അതില്‍ പ്രധാന പങ്കുകാരന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെയാണ്. മലയാളത്തിന്റെ കലാചരിത്രത്തില്‍ കാലം വരച്ച സുവര്‍ണ രേഖയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. "വരയുടെ പരമശിവ'നെന്ന് സാക്ഷാല്‍ വി.കെ.എന്‍ വിളിച്ച നമ്പൂതിരിയുടെ വിരലുകള്‍ "രേഖകള്‍ക്കു ജീവന് പകര്‍ന്ന ബ്രഹ്മാവാ'ണ്.!
"വരയുടെ പരമശിവനായ വാസേവന്' എന്നാണ് കൃത്യമായ വി.കെ.എന്‍ പ്രയോഗം. വായനക്കാരനെ ആകര്‍ഷിക്കുന്ന രേഖാചിത്രങ്ങള്‍ എത്രയോ മഹത്ത്വമുള്ളതാണ്. എം.ടിയുടെ "രണ്ടാമൂഴ'ത്തിനും, വി.കെ.എന്നിന്റെ "പിതാമഹന്' നോവലിനും മറ്റും മറ്റും വരച്ച രേഖാചിത്രങ്ങള്‍ പ്രസിദ്ധമാണ്.
ആര്‍ട്ടിസ്റ്റ് എന്ന പദം സ്വന്തം പേരിനോട് ചേര്‍ത്ത് പ്രശസ്തമായവര്‍ അപൂര്‍വം. കെ.എ.ന് വാസുദേവന്‍ നമ്പൂതിരി സ്വന്തം വംശത്തിന്റെ പേരും പ്രശസ്തമാക്കുന്നതില് വിജയിച്ചു. അങ്ങനെ അദ്ദേഹം ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നുള്ള പേരില്‍ ലോകം മുഴുവനും അറിയപ്പെടുവാന്‍ തുടങ്ങി. നേര്‍ത്ത രേഖകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച അദ്ദേഹം, ഡ്രോണുകള്‍ വഴി ആകാശ ദൃശ്യങ്ങള്‍ കാണിച്ചു തരുന്നതിന് എത്രയോ മുമ്പേ നമ്മെ കാണിച്ചു തന്നു. ഭാവനയില്‍ ആകാശ കാഴ്ച്ചകളുടെ ദൃശ്യം മലയാളിക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.
കോഴിക്കോട് മാനാഞ്ചിറ മൈതാനം, രാവണന്റെ ലങ്ക, തൃശൂര്‍ പൂരം, ഇല്ലങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി ജനിച്ചു വളര്‍ന്ന പൊന്നാനി അങ്ങാടിയടക്കം എത്രയെത്ര ആകാശക്കാഴ്ചകള്‍ നമ്മുടെ മലയാളിക്ക് സമ്മാനിച്ച ഒരു അതുല്യ പ്രതിഭയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ഈ കാഴ്ചകള്‍ വരച്ചിടുന്നതിന് അപാരമായ പ്രതിഭ വേണം. മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഓരോ വസ്തുവിലും അതിന്റെ കണക്ക് കൃത്യമായി ഉണ്ടായാല്‍ മാത്രമേ അത് അരോചകമല്ലാതെ തീരൂ. നമ്പൂരിയുടെ ആകാശക്കാഴ്ചകളുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അതിലെ ഓരോ അംശങ്ങളും വളരെ ഗൗരവമായി ചിത്രീകരിച്ചിരിക്കുന്നത് കാണാം. താഴെ നിന്ന് മുകളിലേക്ക് കെട്ടിടം പണിയുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മുകളില്‍ നിന്ന് താഴേക്ക് കെട്ടിടം പണിയാന്‍ പ്രയാസമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത കെട്ടിടം പണിയുക എന്നുള്ളതിന് അപാരമായ കഴിവ് തന്നെ വേണം. അത്തരത്തില്‍ തീര്‍ത്ത ശുകപുരം ക്ഷേത്രം മലപ്പുറം ജില്ലയില്‍ തന്നെ ഉണ്ട്.
പൊന്നാനി കളരിയില്‍ നിന്നാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും വരുന്നത്. അദ്ദേഹത്തിന്റെ അപാരമായ നിരീക്ഷണ പാടവം അത്ഭുതപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ആകാശ കാഴ്ചകള്‍ വളരെ അനായാസം വരയ്ക്കുവാന്‍ സാധിക്കുന്നത്. അദ്ദേഹത്തിന്റെ നേര്‍ത്ത വരകള്‍ക്ക് കാര്‍ട്ടൂണിന്റേയും, കാരിക്കേച്ചറുകളുടേയും സ്വഭാവമില്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്പൂതിരി 10 വര്‍ഷത്തോളം മാതൃഭൂമി പത്രത്തില്‍ ബോക്സ് കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. നാണിയമ്മയും ലോകവും എന്ന ബോക്സ് കാര്‍ട്ടൂണ്‍ മാതൃഭൂമി പത്രത്തില്‍ അദ്ദേഹം വരച്ചിരുന്നത് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. നാണിയമ്മയും ലോകവും ആദ്യകാല മലയാള ബോക്സ് കാര്‍ട്ടൂണ്‍ രംഗത്തെ ഒരു സംഭവമായിരുന്നു എന്നത് മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാള ഭാഷയിലെ നര്‍മത്തിന് അതിനൊത്ത രീതിയില്‍ തന്നെ അദ്ദേഹം വരച്ച കാര്‍ട്ടൂണുകളോട് സമാനമായ വരകള്‍ എത്ര മനോഹരമായിരുന്നു. ഒരു മലയാളി സ്ത്രീയെ കഥാപാത്രമാക്കി സ്ഥിരമായി വന്നിരുന്ന കാര്‍ട്ടൂണ്‍ സ്ത്രീകളിലെ നര്‍മ്മബോധത്തെ വരച്ചുകാട്ടുന്ന ഒന്നായിരുന്നു. സമൂഹത്തില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ നാണിയമ്മ ശബ്ദിച്ചുകൊണ്ടിരുന്നത് മാതൃഭൂമിയിലൂടെ സമൂഹം കണ്ടതാണ്. ഒരു കാര്‍ട്ടൂണിസ്റ്റ് എന്നുള്ള നിലയിലും അദ്ദേഹം ആദരിക്കപ്പെടേണ്ടതാണ് എന്നുള്ള തിരിച്ചറിവാണ് രണ്ടുമാസം മുമ്പ് കേരള കാര്‍ട്ടൂണ്‍ അക്കാദമി അദ്ദേഹത്തിന് വിശിഷ്ടാംഗത്വം സമ്മാനിച്ചത്.
കഥകള്‍ക്കും നോവലുകള്‍ക്കും ദൃശ്യഭംഗി പകരുന്ന രേഖാചിത്രങ്ങള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ തൂലികയില്‍ നിന്ന് വന്നപ്പോള്‍ മലയാള സാഹിത്യ ലോകത്തിനു തന്നെ അത് ഒരു വല്ലാത്ത അനുഭവം ആയിരുന്നു. രേഖാചിത്രങ്ങളില്‍ മാത്രമായിരുന്നില്ല ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മഹത്വം. അദ്ദേഹം വരച്ചിട്ടുള്ള എത്രയെത്ര ഛായാചിത്രങ്ങള്‍. അദ്ദേഹം നിർമിച്ചിട്ടുള്ള ശില്പങ്ങള്. ലോഹത്തകിടില്‍ റിലീഫ് ശില്പങ്ങള് കൊത്തിയുണ്ടാക്കുന്ന ഒരു ശില്പിയുമായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ഭാരശില്പങ്ങളും കോണ്ക്രീറ്റിലുള്ള പൊതുയിട ശില്പങ്ങളും നമ്പൂതിരി ചെയ്തിട്ടുണ്ട്. അങ്ങനെ ചിത്രകലയുടെ വ്യത്യസ്തമായ എല്ലാ മേഖലകളിലും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. വളരെ സജീവമായി തന്നെ കലാരംഗത്ത് പ്രവര്‍ത്തിച്ച നമ്പൂതിരി മലയാളത്തിലെ ചിത്രരചനയ്ക്ക് വളര്‍ച്ചയുടെ വഴികാട്ടിയായി നിന്ന കലാകാരനാണ്. കേരള ലളിത അക്കാദമിയുടെ മുന്‍ ചെയര്മാന് കൂടിയായിരുന്ന നമ്പൂതിരിയുടെ കാലത്താണ് ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങള്‍ കേരളത്തിലെ ചിത്രകലാരംഗത്ത് ഉണ്ടായത് എന്ന് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു വശീകരണ ശേഷിയുണ്ട്. നമ്പൂതിരിയുടെ സ്ത്രീകള്‍ കഥാപാത്രങ്ങള്‍ ഒരു വലിയ പഠന വിഷയം തന്നെയാണ്. അദ്ദേഹം വരയ്ക്കുന്ന രേഖാചിത്രങ്ങളിലെ സ്ത്രീകള്‍ വല്ലാത്ത വശീകരണ ഭംഗിയുള്ളതാണ്. അങ്ങനെയുള്ള സ്ത്രീകള്‍ ഈ ഭൂമിയില്‍ ഉണ്ടോ എന്ന് പലരും ചോദിക്കുക പോലും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയെ വല്ലാത്ത രീതിയില്‍ വക്രീകരിച്ച് വരയ്ക്കുകയാണെങ്കില്‍ പോലും നമ്പൂതിരിയുടെ വരകള്‍ക്ക് ഒരു വശീകരണ ശക്തി എങ്ങനെയോ കൈവന്നിരിക്കുന്നു. അന്തഃപുര വനിതകളും ആധുനിക വനിതകളേയും അദ്ദേഹം കോറിയിടുന്നത് അത്ഭുതത്തോടു കൂടിയാണ് ഈ ലേഖകന്‍ നോക്കി കണ്ടിട്ടുള്ളത്.
അരവിന്ദന്റെ ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആര്‍ട്ട് ഡയറക്ടറായിരുന്നു, നമ്പൂതിരി. "കാഞ്ചനസീത'യിലെ കഥാപാത്രങ്ങളുടെ വസ്ത്ര രൂപകല്‍പ്പന, നമ്പൂതിരിയുടെ ഭാവന വൈഭവം കൊണ്ട് ശ്രദ്ധേയമായിരുന്നു. പല കാലങ്ങളിലായി നോവലുകള്‍ക്കും കഥകള്‍ക്കും അദ്ദേഹം വരച്ച ചിത്രങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത 100 സ്ത്രീ കഥാപാത്രങ്ങള്‍ "നമ്പൂതിരിയുടെ സ്ത്രീകള്‍' എന്ന പുസ്തകമായി പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ, വിസ്മയിപ്പിക്കുന്ന സൗന്ദര്യ ദര്‍ശനമാണ് ഓരോ ചിത്രങ്ങളും. പ്രശസ്ത സാഹിത്യ കോളമിസ്റ്റും നിരൂപകനുമായിരുന്ന പ്രൊഫ. എം. കൃഷ്ണന് നായര്‍ "നമ്പൂതിരിച്ചിത്രം മാതിരി സുന്ദരിയായിരുന്നു' എന്നു സ്ത്രീകളെ വിശേഷിപ്പിക്കുമായിരുന്നു.
വരയുടെ ആ മനീഷിയ്ക്കു ആദരാഞ്ജലി പ്രകടിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ സര്ഗസൃഷ്ടികള് വാരികത്താളുകളില്‍ അസ്തമിക്കാതെ ഒരു മ്യൂസിയം തീര്‍ക്കാനും സാംസ്കാരിക കേരളം ബാധ്യസ്ഥമാണ്. കറുപ്പിലും വെളുപ്പിലും വരകളിലൂടെ അത്ഭുതം സ്യഷ്ടിച്ച മഹാപ്രതിഭയ്ക്കു സാഷ്ടാംഗ പ്രണാമം.