കേരള നിയമസഭയിലേക്കു തെരഞ്ഞെടുപ്പു നടന്നത് 2021 ഏപ്രിലിലാണ്. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന്റെ തുടർച്ചയായ രണ്ടാം സർക്കാരിന് രണ്ടു വർഷം തികഞ്ഞിട്ടില്ല എന്നർഥം. കൈയാലപ്പുറത്തെ തേങ്ങ പോലെയൊന്നുമല്ല ഈ സർക്കാർ. നല്ല ഭൂരിപക്ഷമുണ്ട്. അതായത് സർക്കാരിനെ മറിച്ചിട്ട് ഒരു ഇടക്കാല തെരഞ്ഞെടുപ്പിനൊന്നും യാതൊരു സാധ്യതയുമില്ല. ഇനിയും മൂന്നു വർഷത്തിലേറെ സമയം ഈ സർക്കാരിനു ബാക്കിയുണ്ട്. എന്നാൽ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ആദ്യ പകുതിയിലാണ്. ഒരു വർഷത്തിനകം രാഷ്ട്രീയ പാർട്ടികൾ ഉഷാറായി കളത്തിലിറങ്ങണം. അതു കഴിഞ്ഞ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമുണ്ട്. ലോക്സഭയിലേക്കു വിജയിക്കണമെന്നുള്ളവർ ഏതാനും മാസങ്ങൾക്കകം തയാറെടുപ്പുകൾ ആരംഭിക്കേണ്ടിവരും. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് കേരളത്തിലെ കോൺഗ്രസ് എംപിമാരിൽ കുറച്ചുപേരെങ്കിലും ചിന്തിക്കുന്നത് എന്നതാണല്ലോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വിവരം.
ശശി തരൂർ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നു എന്നതിൽ തുടങ്ങുകയാണ് കോൺഗ്രസിലെ നിയമസഭാ തെരഞ്ഞെടുപ്പു ചർച്ചകൾ. മുഖ്യമന്ത്രിയാകാൻ താൻ തയാറാണെന്നും തീരുമാനം ജനങ്ങളുടേതാണെന്നും തരൂർ പറഞ്ഞതിനു പിന്നാലെയാണ് നിയമസഭയിലേക്കു മത്സരിക്കാനാണു താത്പര്യമെന്നു പല എംപിമാരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുതുടങ്ങിയത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം അവരവർ തീരുമാനിക്കേണ്ടതല്ലെന്നും പാർട്ടിയാണു തീരുമാനമെടുക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുറന്നുപറയേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്. നടപടിക്രമങ്ങൾ പാലിച്ച് സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ പറയേണ്ടത് ഹൈക്കമാൻഡിനോടാണെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കുകയുണ്ടായല്ലോ. മുഖ്യമന്ത്രിയാകാൻ തയാറാണോ എന്നു ചോദിച്ചാൽ അല്ല എന്നു പറയേണ്ടതുണ്ടോ എന്നത്രേ തരൂരിന്റെ മറുപടി. എന്തായാലും ലോക്സഭയിലേക്കു പോയിട്ടു കാര്യമില്ലെന്ന മനോഭാവം എംപിമാർക്കുണ്ടെങ്കിൽ അതു കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും ഗുണകരമാവുമോയെന്നു നേതാക്കൾ തന്നെ ചിന്തിക്കേണ്ടതായിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20ൽ 19 സീറ്റും യുഡിഎഫിനായിരുന്നു എന്നോർക്കണം. ഇക്കുറി ശക്തമായ പോരാട്ടത്തിലൂടെ ഒരു തിരിച്ചുവരവിനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അതിനുള്ള പ്രവർത്തനങ്ങൾ അവർ ആരംഭിച്ചു കഴിഞ്ഞു. മന്ത്രിമാരും സംസ്ഥാന, ജില്ലാ നേതാക്കളും വീടുകയറിയുള്ള പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയും കേരള സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളും വിശദീകരിക്കുകയാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ശബരിമല പോലെ കഴിഞ്ഞ തവണ ഇടതു മുന്നണിയെ പ്രതികൂലമായി ബാധിച്ച വിഷയങ്ങൾ ഇക്കുറിയില്ല. സംസ്ഥാനത്തു തുടർഭരണം ലഭിച്ചതിന്റെ ആവേശം പാർട്ടി അണികളിലുണ്ടുതാനും.
ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്താൻ കോൺഗ്രസിനു പരമാവധി സീറ്റ് നേടിക്കൊടുക്കുക എന്നതായിരുന്നു കഴിഞ്ഞ തവണ കേരളത്തിലെ വോട്ടർമാർ ചിന്തിച്ചതെന്നും ഇടതു കേന്ദ്രങ്ങൾ കരുതുന്നു. എന്നാൽ, മറ്റെങ്ങും തിരിച്ചുവരാൻ കഴിയാതിരുന്ന കോൺഗ്രസ് വോട്ടു ചെയ്തവരെ നിരാശപ്പെടുത്തി. അതിനാൽ ഈ ഘടകവും ഇക്കുറി ശക്തമാവില്ല. പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തിലേക്ക് ഇടത് എംപിമാരെ തെരഞ്ഞെടുത്തുവിടാനും വോട്ടർമാർ തയാറാവുമെന്ന് ഇടതു നേതൃത്വം വിശ്വസിക്കുന്നുണ്ട്. ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനു കഴിയില്ല, ഇടതുപക്ഷം തന്നെ വേണമെന്നാണല്ലോ അവർ വാദിക്കുന്നതും.
പാർട്ടി ഒറ്റക്കെട്ടാണ് എന്നു കാണിക്കാനുള്ള ശ്രമങ്ങൾ ബിജെപിയും ആരംഭിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ സംസ്ഥാനത്തെ പാർട്ടിയെ തുടർന്നും നയിക്കുമെന്ന് കേരളത്തിന്റെ പാർട്ടി ചുമതലയുള്ള മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കിയത് ഏതാനും ദിവസം മുൻപാണ്. കേരളത്തിൽ നിന്ന് കുറഞ്ഞത് ഏഴു ബിജെപി എംപിമാർ 2024ൽ ലോക്സഭയിൽ എത്തുമെന്നാണ് ജാവഡേക്കർ അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ച് ഗൃഹസന്ദർശന പരിപാടി നടത്താൻ ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയ സഹായങ്ങൾ ഉയർത്തിക്കാണിച്ചാണ് പാർട്ടി ജനങ്ങളെ സമീപിക്കുക.
ഫലത്തിൽ സിപിഎമ്മും ബിജെപിയും ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറെടുപ്പുകൾ ആരംഭിച്ചിരിക്കെ, നിയമസഭാ തെരഞ്ഞെടുപ്പിലേക്കു ചർച്ച കൊണ്ടുപോയത് കോൺഗ്രസ് നേതാക്കൾ മാത്രമാണ്. കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തരൂരിന്റെ തീരുമാനം ഉയർത്തുന്ന അസ്വസ്ഥതകൾ സംസ്ഥാനത്തെ കോൺഗ്രസിൽ പ്രതിഫലിക്കുന്നുണ്ട്. മത- സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം തരൂരിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ സംസ്ഥാനം ഉറ്റുനോക്കുകയാണ്. അതിനൊപ്പമാണ് മറ്റു ചില എംപിമാരുടെ നിയമസഭാ നോട്ടവും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വിജയം ആവർത്തിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണോ കേരളത്തിലെ എംപിമാർ ഇനി ഡൽഹിക്കു പോകേണ്ട എന്നു കരുതുന്നതെന്ന ചർച്ചകൾ ചുരുങ്ങിയപക്ഷം ബിജെപി കേന്ദ്രങ്ങളെങ്കിലും ഉയർത്തിക്കൊണ്ടുവരും. മോദിയെ നേരിടാമെന്ന് കോൺഗ്രസ് നേതാക്കൾക്കു തന്നെ വിശ്വാസമില്ലെന്ന് ഇടതുപക്ഷവും പറയും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയടക്കം കോൺഗ്രസിന്റെ ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ പാർട്ടിയെ രക്ഷിച്ചിട്ടില്ല എന്ന അഭിപ്രായം നേതാക്കൾക്കുണ്ടോ എന്നതും ചോദ്യമാണ്. ദേശീയതലത്തിൽ ബിജെപിക്കെതിരായ ബദൽ മുന്നണിയെ നയിക്കാൻ കോൺഗ്രസ് തന്നെ വേണം എന്നാണ് ഡൽഹിയിലെ മുതിർന്ന നേതാക്കൾ അവകാശപ്പെടുന്നത്. അങ്ങനെയൊരു അവസരത്തിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള കേരളത്തിൽ എംപിമാർ മടിച്ചുനിൽക്കുന്നുവെന്ന തോന്നൽ പരസ്യമായി ഉണ്ടാവുന്നത്.