നാലു പതിറ്റാണ്ടോളം രാഷ്ട്രീയത്തിലും കുറ്റകൃത്യങ്ങളിലും അപരാജിതനായിരുന്നു അതീഖ് അഹമ്മദ്. പതിനേഴാം വയസിൽ കൊലക്കേസ് പ്രതിയായും, ഇരുപത്തേഴാം വയസിൽ ജനപ്രതിനിധിയായും മാറിയ അതീഖിന്‍റെ അവിശുദ്ധ വളർച്ച പെട്ടെന്നായിരുന്നു. അപരാജിതനെന്ന വിശേഷണമുണ്ടായിരുന്ന നാലു പതിറ്റാണ്ടുകളും കടന്ന്, ഒടുവിലൊരുനാൾ ക്ലോസ് റേഞ്ചിൽ പിടഞ്ഞുതീരുന്നു ഈ രാഷ്ട്രീയ-ഗുണ്ടാനേതാവ്.
കുതിരവണ്ടിക്കാരനായ അച്ഛന്‍റെ മകനായി കടുത്ത ദാരിദ്രത്തിലേക്കായിരുന്നു അതീഖ് പിറക്കുന്നത്, 1962ൽ. പട്ടിണിയെ മറികടക്കാൻ കുറ്റകൃത്യങ്ങളുടെ ലോകത്തേക്കാണു അതീഖ് കാലെടുത്തുവച്ചത്. തീവണ്ടികളിൽ നിന്നും കൽക്കരി മോഷ്ടിച്ചു വിൽപന നടത്തിയാണു തുടക്കം. റെയ്ൽവേ സ്ക്രാപ്പിന്‍റെ ടെണ്ടർ ലഭിക്കുന്നതിനായി കോൺട്രാക്റ്റർമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നിടത്തോളം അതീഖ് വളർന്നു.
1989-ലാണ് രാഷ്ട്രീയപ്രവേശനം. അതേവർഷം തന്നെ അലഹബാദ് വെസ്റ്റിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി. തുടർച്ചയായി അഞ്ചു തവണ ഇവിടെ നിന്നും വിജയിച്ചു. നാലാമത്തെ തവണ സമാജ്‌വാദി പാർട്ടി അംഗമായാണു മത്സരിച്ചത്. അപ്പോഴൊക്കെ രാഷ്ട്രീയത്തിനൊപ്പം അതീഖിന്‍റെ കുറ്റകൃത്യങ്ങളുടെ സാമ്രാജ്യവും വിപുലമാകുന്നുണ്ടായിരുന്നു. 2004-ലാണു ഫൂൽഫുർ മണ്ഡലത്തിൽ നിന്നും പാർലമെന്‍റിലെത്തുന്നത്. 2019-ലായിരുന്നു അതീഖിന്‍റെ അവസാന ഇലക്ഷൻ. വാരണാസി മണ്ഡലത്തിൽ നിന്നാണു മത്സരിച്ചത്. എതിർ സ്ഥാനാർഥി സാക്ഷാൽ നരേന്ദ്ര മോദിയും.
നൂറിലധികം ക്രിമിനൽ കേസുകളുണ്ട് അതീഖിന്‍റെ പേരിൽ. കൊലപാതകം മുതൽ തട്ടിക്കൊണ്ടു പോകൽ വരെ. എൺപതുകളുടെ അവസാനം കുപ്രസിദ്ധിയാർജിച്ച പല ഗുണ്ടാനേതാക്കന്മാരുടെയും അനുയായി ആയിരുന്നു. പിന്നീട് സ്വന്തം സാമ്രാജ്യം വികസിപ്പിച്ചു. ഉത്തർപ്രദേശിൽ ഗുണ്ടാ ആക്‌ട് പ്രാബല്യത്തിൽ വരുമ്പോൾ ആദ്യ പേരുകാരൻ അതീഖായിരുന്നു.
2005-ൽ രാജു പാൽ കൊലപാതകത്തോടെയാണ് അതീഖിന്‍റെ തകർച്ച തുടങ്ങുന്നത്. ആ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും 2008-ൽ ജാമ്യം ലഭിച്ചു. തടവിലായാലും അല്ലെങ്കിലും അതീഖിന്‍റെ നിയന്ത്രണം എല്ലായിടത്തുമുണ്ടായിരുന്നു. ജയിലിൽ ഇരുന്നു കൊണ്ടു തന്നെ ഗുണ്ടാസംഘങ്ങളെ നിയന്ത്രിച്ചു. മറ്റൊരു കേസിൽ 2017-ൽ വീണ്ടും അകത്തായി. ഈ വർഷം ഉമേഷ് പാൽ കൊലപാതകക്കേസിൽ കൂടി ഈ പേരു തെളിഞ്ഞതോടെ ആ സാമ്ര്യാജ്യത്തിനു യവനിക പതുക്കെ താഴ്ന്നു തുടങ്ങി.
എൻകൗണ്ടറിൽ കൊല്ലപ്പെടുമെന്ന ഭയത്തിലാണ് അവസാനനാളുകളിൽ ജീവിച്ചത്. കഴിഞ്ഞദിവസം പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ അതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു. മകന്‍റെ സംസ്കാരത്തിൽ പങ്കെടുക്കാൻ അതിഖിന് അനുമതി ലഭിച്ചിരുന്നില്ല. ഒടുവിൽ ക്യാമറകൾക്ക് മുമ്പിൽ, പാതിയിൽ മുഴുമുപ്പിച്ച ഒരു ഉത്തരത്തിനൊടുവിൽ അതിഖിന്‍റെ അവിശുദ്ധയാത്ര അവസാനിച്ചു. നാലു പതിറ്റാണ്ടോളം ഉത്തർപ്രദേശിനെ വിറപ്പിച്ച ഗുണ്ടാനേതാവിനെ കൊന്നതു പ്രശസ്തിക്കു വേണ്ടിയാണെന്നു പ്രതികൾ മൊഴി നൽകിയിരിക്കുന്നു.