#അഡ്വ. ജി. സുഗുണന്
ഏഷ്യയുടെ തെക്കുകിഴക്കായാണ് ഓസ്ട്രേലിയ സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും ചെറിയ ഭൂഖണ്ഡം. ലോകരാജ്യങ്ങളില്‍ വലിപ്പത്തില്‍ ആറാം സ്ഥാനമാണ് ഈ രാജ്യത്തിനുളളത്. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്ന് കുടിയേറിയവരാണ് ഓസ്ട്രേലിയയിലെ ആദിമനുഷ്യര്‍. അബോറിജിനല്‍ എന്ന പേരിലാണ് ഈ ആദിവാസികള്‍ അറിയപ്പെടുന്നത്. മൃഗങ്ങളെ വേട്ടയാടിയാണ് അവര്‍ കഴിഞ്ഞിരുന്നത്. അതിസാഹസികരായ ഈ അബോറിജിനല്‍ വര്‍ഗം പതിനെട്ടാം നൂറ്റാണ്ടില്‍ 30 ലക്ഷത്തിനും ഒരു കോടിക്കകത്തും അവിടെ ഉണ്ടായിരുന്നതായാണ് കണക്ക്. എന്നാല്‍ മാരക പകര്‍ച്ചവ്യാധികള്‍ മൂലമുളള കൂട്ടമരണങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ ശക്തമായ വിദേശ ആധിപത്യവും ആ വിഭാഗങ്ങള്‍ക്കെതിരായ കടന്നാക്രമങ്ങളും മൂലം ജനസംഖ്യ ഗണ്യമായി കുറഞ്ഞു. 1996ലെ കണക്കു പ്രകാരം ഈ ആദിവാസികളുടെ ജനസംഖ്യ 3,86,000 ആയി കുറയുകയാണുണ്ടായത്. ആദിവാസികളുടെ സംസ്കാരം തന്നെ തകര്‍ക്കാന്‍ വിദേശ ഭരണവര്‍ഗം കരുതികൂട്ടിയുളള നീക്കങ്ങള്‍ ആ കാലഘട്ടത്തില്‍ നടത്തുകയുണ്ടായിട്ടുണ്ട്.
ഓസ്ട്രേലിയയില്‍ വിദേശികളുടെ കടന്നുകയറ്റം പതിനെട്ടാം നൂറ്റാണ്ടു മുതലാണ് വ്യാപകമായി തുടങ്ങിയത്. 1890കളില്‍ സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്മാര് ഓസ്ട്രേലിയയിലേക്കു വന്‍തോതില്‍ കുടിയേറ്റം ആരംഭിച്ചു. 1901 ജനുവരി 1 ന് ആറ് ബ്രിട്ടീഷ് കോളനികള്‍ ചേര്‍ന്ന് കോമണ്‍വെല്‍ത്ത് ഓഫ് ഓസ്ട്രേലിയ രൂപികരിച്ചു. 1999ല്‍ നടന്ന ജനഹിത പരിശോധനയില്‍ ബ്രിട്ടീഷ് രാജ്ഞി തന്നെ ഈ രാജ്യത്തിന്റെ പരമാധികാരിയായി തുടരാന്‍ അംഗീകാരമായി. ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധിയായി ഗവര്‍ണര്‍ ജനറലിനെ നിയമിക്കുവാനും തുടങ്ങി.
ഈ രാജ്യത്തെ ആദിവാസികളുടെ അവകാശങ്ങള്‍ നിക്ഷേധിക്കല് വിദേശഭരണത്തോടുകൂടി അവിടെ ആരംഭിച്ചു. രാജ്യത്തെ ഭരണഘടനയും അദിവാസികളെപറ്റി സ്പര്‍ശിക്കുന്നതേയില്ല. പൗരവകാശങ്ങളൊന്നും ഇക്കൂട്ടര്‍ക്കില്ല. വോട്ടവകാശപോലും അവര്‍ക്ക് നിക്ഷേധിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും പിന്നോക്കമായ ഈ വിഭാഗത്തിന്റെ ഉന്നതിക്കുവേണ്ടിയുളള പ്രഖ്യാപനങ്ങള്‍ പലതും 19, 20 നൂറ്റാണ്ടില്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും തന്നെ നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. ഇന്ത്യയടക്കമുളള ചില രാജ്യങ്ങളിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ ദയനീയ സ്ഥിതിയാണ് ഓസ്ട്രേലിയയിലുമുളളത്.
1900കളുടെ തുടക്കത്തോടെ ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളിലെ വെളളക്കാരുടെ സര്‍ക്കാരുകള്‍ ആദിമനിവാസികളായ അബോര്ജിനുകളെ വംശശുദ്ധിവരുത്താന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാസാക്കിയ നിയമം മൂലം അബോര്‍ജിനുകളുടെ കുട്ടികളെ സര്‍ക്കാര്‍ ബലമായി ദത്തെടുത്ത് അനാഥാലയങ്ങള്‍ പോലുളള സ്ഥാപനങ്ങളില്‍ വളര്‍ത്തി. മാതാപിതക്കള്‍ക്ക് പിന്നീട് ഒരിക്കലും തങ്ങളുടെ കുട്ടികളെ കാണാനാവുമായിരുന്നില്ല. കുട്ടികളെ നഷ്ടപ്പെടുമെന്ന് ഭയന്ന് ഓട്ടേറെ അബോര്‍ജിനുകള്‍ അവരെ രഹസ്യമായി വളര്‍ത്താന്‍ തുടങ്ങി. 1969 വരെ സര്‍ക്കാര്‍ ഈ നയം തുടര്‍ന്നു. ഇത്തരത്തില്‍ മാതാപിതാക്കളെ വേര്‍പിരിയേണ്ടിവന്ന കുട്ടികളെയാണ് അപഹരിക്കപ്പെട്ട തലമുറകള്‍ എന്ന് വിളിക്കുന്നത്. ഇത്തരമൊരവസ്ഥയ്ക്ക് കാരണമായ വെളളക്കാരുടെ നയങ്ങള്‍ക്ക് 2008 ഫെബ്രുവരി 13 ന് ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിലൂടെ പ്രധാനമന്ത്രി കെവിന്റുഡ് അന്ന് മാപ്പ് ചോദിച്ചിരുന്നു.
മനുഷ്യജീവിതത്തിനും അതിന്റെ വികാസത്തിനും അത്യന്താപേക്ഷിതമായ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍. മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് പരിഷ്കൃത രാഷ്ട്രങ്ങള്‍ അതിന്റെ ഭരണഘടനയിലും, നിയമങ്ങളിലും ഉള്‍പ്പെടുത്തുന്ന അവകാശങ്ങളാണിത്. ഈ അവകാശങ്ങള്‍ മനുഷ്യനില്‍ ജന്മനാലഭിക്കുന്നവയാണ്. മനുഷ്യാവകാശങ്ങള്‍ ധാര്‍മികവും നിയമപരവും രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങളുടെ ഒരു സമന്വയമാണ്. യാതൊരു വിവേചനവും കൂടാതെഓരോ മനുഷ്യനും അനുഭവിക്കാമെന്ന് കരുതപ്പെടുന്ന ധാര്‍മികവും, നിയമപരവുമായ അവകാശങ്ങളുടെ സമാഹാരത്തെയാണ് മനുഷ്യാവകാശങ്ങള്‍ എന്നുപറയുന്നത്.
മനുഷ്യാവകാശങ്ങളെ പണ്ടുമുതലേ സമൂഹം അംഗീകരിച്ചിരുന്നു. എല്ലാമ തഗ്രന്ഥങ്ങളും ഇതിനെ ഉയര്‍ത്തികാട്ടുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കികൊണ്ടുളള ആദ്യരേഖ 1215 ല്‍ ഒപ്പുവച്ച ഇംഗ്ലണ്ടിലെ മാഗ്നാകാര്‍ട്ടയാണ്.
അമേരിക്കയുടെ അവകാശപത്രികയും, അതിന്റെ സ്വാതന്ത്ര പ്രഖ്യാപനവും ഫ്രഞ്ച് മനുഷ്യാവകാശപ്രഖ്യാപനവും, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വികാസവും, ഉദാരവാദതത്ത്വ ചിന്തകളുടെ ഉത്ഭവവും വികാസവും കോളനിഭരണകൂടത്തിനെതിരെയുളള ദേശീയ സമരവും, കോളനികളുടെ വിമോചനവുമെല്ലാം മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവയാണ്.
മനുഷ്യാവകാശങ്ങള്‍ സാര്‍വത്രികമാണ്. അന്താരാഷ്ട്രസമൂഹത്തിലെ എല്ലാ സമൂഹങ്ങളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. മനുഷ്യാവകാശ ധ്വംസനം ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യമല്ല. അത് അന്താരാഷ്ട്രസമൂഹത്തെയാകെ ബാധിക്കുന്ന ഒന്നാണ്. നിര്‍ഭാഗ്യവശാല്‍ മനുഷ്യാവകപ്രഖ്യാപത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയും, അവഗണിക്കപ്പെടുകയും ചെയ്യുന്നത് സാധാരണമായിതീര്ന്നിരിക്കുന്നു. ഓസ്ട്രേലിയയിലെ റഫറണ്ടം ആദിവാസികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിക്ഷേധിച്ച നടപടി വളരെ ഗൗരവമായി കണേണ്ട ഒന്നാണെന്നുളള കാര്യത്തില്‍ സംശയമില്ല.
ഓസ്ട്രേലിയയിലെ ആദിവാസികളോടുളള മനുഷ്യത്വവും, മനുഷ്യാകാശങ്ങളും നിക്ഷേധിക്കപ്പെട്ട സ്ഥിതി അനുസൂതമായി തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയ പ്രധാനമന്ത്രി ആന്റണി അല്ബിനീസിന്റെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നല്കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ആദിവാസികള്ക്കുവേണ്ടിയുളള ഹിതപരിശോധന. ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 4 % വരുന്ന ആദിമവിഭാഗങ്ങള് ഏറ്റവും കടുത്ത വിവേചനം നേരിടുന്നതായി വ്യാപകമായ ആക്ഷേപമാണ് ആ രാജ്യത്ത് നിലനില്‍ക്കുന്നത്.
എന്നാല്‍ ഓസ്ട്രേലിയന്‍ തദ്ദേശിയ ജനവിഭാഗങ്ങള്‍ക്ക് (ആദിവാസികള്‍ക്ക്) പ്രത്യേക അവകാശം നല്‍കുന്നതിന് വേണ്ടി രാജ്യത്ത് നടത്തിയ റഫറണ്ടം പരാജയപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ ആദിമജനവിഭാഗങ്ങളെ ഭരണഘടനാപരമായി പരിഗണിക്കുന്നതിനുളള നിര്‍ദ്ദേശമാണ് ഭൂരിപക്ഷംപേരും തളളിക്കളഞ്ഞിരിക്കുന്നത്.
122 വര്‍ഷം പഴക്കമുളള ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനെ എല്ലാ സംസ്ഥാനങ്ങളും ഒറ്റകെട്ടായി എതിര്‍ത്തു. റഫറണ്ടം വിജയിക്കണമെങ്കില്‍ ദേശീയാടിസ്ഥാനത്തിലെ ഭൂരിപക്ഷത്തിനൊപ്പം ആറു സംസ്ഥാനങ്ങളില്‍ നാലെണ്ണമെങ്കിലും അനുകൂലിച്ച് വോട്ടുചെയ്യണമായിരുന്നു. വോയിസ്റ്റ് പാര്‍ലമെന്റ് എന്ന പേരില്‍ തദ്ദേശീയ ഉപസമിതി രൂപീകരിച്ച് ആദിവാസികളെയും, തോറസ് സ്ട്രയിറ്റ് ദ്വീപിലെ ജനങ്ങളെയും അംഗീകരിക്കുന്നതിനുളള നിര്‍ദ്ദേശമാണ് റഫറണ്ടത്തിലൂടെ മുന്നോട്ടുവച്ചത്. റഫറണ്ടം പരാജയപ്പെട്ടത് അങ്ങേഅറ്റം വേദനാജനകമാണെന്ന് തദ്ദേശീയ ജനവിഭാഗങ്ങളുടെ നേതാവായ തോമസ് മയോ പറഞ്ഞു. തങ്ങള്‍ക്കും ശബ്ദവും ഘടനാപരമായ മാറ്റവും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓസ്ട്രേലിയയിലെ 2.6 കോടി ജനങ്ങളില്‍ 3.8 % ആണ് ആദിമനിവാസികള്‍. 60,000 വര്‍ഷം മുന്‍പ് ഇവിടെ എത്തിയവരെന്ന് കരുതപ്പെടുന്ന ആദിമ സമൂഹത്തെക്കുറിച്ച് ഭരണഘടനയില്‍ ഒരു പരാമര്‍ശവുമില്ലാത്തത് വേദനാകരമാണ്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും എല്ലാം രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റവും പിന്നോക്ക ജനവിഭാഗമാണ് ഇവര്‍. ആദിമ ജനസമൂഹത്തെ രാജ്യത്തെ മുഖ്യധാരയോട് ചേര്‍ക്കാനുളള ശ്രമങ്ങള്‍ക്ക് റഫറണ്ടത്തിലേറ്റ ഈ പരാജയം വലിയതിരിച്ചടിയാകുമെന്ന്മനുഷ്യാവകാശപ്രവര്ത്തകര് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയിലെ മഹാഭൂരിപക്ഷം വരുന്ന വെളളക്കാര്‍ തദ്ദേശീയരായ ആദിവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ചൂഷണം ചെയ്തുകൊണ്ട് മുന്നോട്ടുപോകുകയാണ്. ഈ വിഭാഗത്തിന് ഒരു അവകാശവും നല്കാന് തദ്ദേശികളല്ലാത്ത ഭരണവര്‍ഗവും വെളളക്കാരായ ജനതയും തയ്യാറല്ലെന്ന് വിളിച്ചറിയിക്കുകയാണ് ഈ റഫറണ്ടം റിസല്‍ട്ട്. ആദിവാസികളുടെ മനുഷ്യാവകാശങ്ങള്‍ നിര്‍ദ്ദയം അവിടത്തെ ജനത കവര്‍ന്നെടുക്കുകയാണ്. ഇതിന്റെ ദൃഷ്ടാന്തം തന്നെയാണ് ആദിവാസികള്‍ക്കുവേണ്ടി നിലവിലുളള ലേബര്‍ സര്‍ക്കാര്‍ നടത്തിയ ഐതിഹാസികമായ റഫറണ്ടത്തിന്റെ ഫലവും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊളളുന്ന ലോകജനത ഓസ്ട്രേലിയയിലെ ആദിവാസികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നുളള കാര്യത്തില്‍ യാതൊരു സംശയവുമില്ല.
(ലേഖകന്റെ ഫോണ്‍: 9847132428 )