ബംഗ്ലാദേശിലെ പുതിയ വിദ്യാർഥി പ്രക്ഷോഭം

ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ജോലിയില്‍ ഏര്‍പ്പെടുത്തിയ നീതീകരണമില്ലാത്ത വലിയ സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അവിടെ പ്രക്ഷോഭമായി വളര്‍ന്നത്.
bangladesh new student protest
ബംഗ്ലാദേശിലെ പുതിയ വിദ്യാർഥി പ്രക്ഷോഭം
Updated on

അഡ്വ. ജി. സുഗുണന്‍

1947ല്‍ ഇന്ത്യാ വിഭജനത്തിന്‍റെ ഘട്ടത്തില്‍ പാകിസ്ഥാന്‍റെ ഭാഗമായിരുന്നു ബംഗ്ലാദേശ്. 1970കളില്‍ ബംഗാളി ഭാഷയ്ക്ക് മേല്‍ ഉറുദു അടിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭമാണ് അവിടെ ഉയര്‍ന്നുവന്നത്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള വിഭാഗങ്ങളുടെ സഹായത്തോടെ ഈ പ്രക്ഷോഭത്തെ അന്ന് പാകിസ്ഥാന്‍ പട്ടാളം വളരെ ഭീകരമായാണ് നേരിട്ടത്. കൂട്ടക്കൊലകള്‍ അരങ്ങേറി. ലക്ഷക്കണക്കിന് പേര്‍ അഭയാർഥികളായി ഇന്ത്യയിലെത്തി. ആ ഘട്ടത്തിലാണ് ഇന്ത്യന്‍ പട്ടാളം ബംഗ്ലാദേശില്‍ ഇടപെടുന്നതും ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാജ്യമായി മാറുന്നതും. ആ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മുജീബ് റഹ്‌മാന്‍ പിന്നീട് കൊല്ലപ്പെട്ടു. ബംഗ്ലാദേശിന്‍റെ രാഷ്‌ട്രപിതാവ് എന്നറിയിപ്പെടുന്ന അദ്ദേഹത്തിന്‍റെ മകളായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് വലിയ ജനകീയ പ്രക്ഷോഭത്തില്‍ ഇപ്പോള്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് അഭയാർഥിയായി എത്തിയിരിക്കുന്നത്.

ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ജോലിയില്‍ ഏര്‍പ്പെടുത്തിയ നീതീകരണമില്ലാത്ത വലിയ സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അവിടെ പ്രക്ഷോഭമായി വളര്‍ന്നത്. ഷെയ്ഖ് ഹസീന തുടര്‍ന്ന ഏകാധിപത്യപരമായ സമീപനം പ്രക്ഷോഭത്തിന് ജനകീയ പിന്തുണ കൂട്ടി. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഏതു ദിശയിലേക്ക് നീങ്ങുന്നതെന്ന് പറയാന്‍ കഴിയുകയില്ല. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അവിടെ ഉയര്‍ന്ന് വന്നിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെയും, അമെരിക്കയുടെയും പങ്കാളിത്തത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനകം അവിടെ ഉയര്‍ന്ന് വന്നിട്ടുണ്ട്.

1971 ഡിസംബര്‍ 16നാണ് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് സ്വതന്ത്രമായത്. ജനസംഖ്യയില്‍ ലോകത്ത് ഏഴാം സ്ഥാനമാണ് ബംഗ്ലാദേശിന്. ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങളുള്ള ലോകത്തെ മൂന്നാമത്തെ രാജ്യമാണിത്. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നുമാണ് ബംഗ്ലാദേശ്. ജനസംഖ്യാ വർധനവും ദുര്‍ബലമായ പൊതുസ്ഥാപനങ്ങളും പരിതാപകരമായ ഭരണനിര്‍വഹണവുമാണ് ബംഗ്ലാദേശിന്‍റെ വികസനത്തിന് തടസം സൃഷ്ടിക്കുന്ന ഘടകങ്ങള്‍. ജനാധിപത്യ രാജ്യമാണ് ബംഗ്ലാദേശ്. പ്രധാനമന്ത്രിക്കാണ് ഭരണഘടനാപരമായ കൂടുതല്‍ അധികാരം.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അക്രമസമരം കെട്ടടങ്ങി രണ്ടരമാസം പിന്നിടുമ്പോള്‍ ബംഗ്ലാദേശിലെ പുതിയ പ്രസിഡന്‍റിനെതിരേ വീണ്ടും സമാനമായ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന പ്രസിഡന്‍റ് മുഹമ്മദ് ഷിഹാബുദ്ദീന്‍റെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രക്ഷോഭകര്‍ വീണ്ടും ഡാക്കയില്‍ സംഘടിച്ചത്. കഴിഞ്ഞയാഴ്ച പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ വംഗ ഭവന് മുമ്പില്‍ തടിച്ചുകൂടിയ സമരക്കാര്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചു സംഘര്‍ഷം രൂക്ഷമായതോടെ ബാരിക്കേടുകളും വേലികളും തീര്‍ത്തിരിക്കുകയാണ് ബംഗ്ലാദേശ് സേന. ഷെയ്ക്ക ഹസീന ഇപ്പോഴും പ്രധാനമന്ത്രിയായി തുടരുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

അതിനിടെ, പ്രസിഡന്‍റിനെ പുറത്താക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് മുഹമ്മദ് യൂനുസിലന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം തുടക്കമിട്ടു. ഷഹാബുദ്ദീന്‍റെ വിധി നിശ്ചയിക്കാന്‍ ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തുമെന്നു ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു ബംഗ്ലാ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു ഹസീനയുടെ രാജിക്കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്നു പ്രസിഡനന്‍റ് പറഞ്ഞത്. തത്വത്തില്‍ ഷെയ്ഖ് ഹസീന തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്ന സൂചന നല്‍കുന്ന തരത്തിലായിരുന്നു പ്രസിഡന്‍റിന്‍റെ പ്രസ്താവന.

ഇതില്‍ രോഷം പൂണ്ട പ്രതിഷേധക്കാര്‍ ഷെയ്ഖ് ഹസീനയുടെ സേച്ഛാധിപത്യ ഭരണകൂടത്തിന്‍റെ ചങ്ങാതിയാണ് പ്രസിഡന്‍റ് എന്ന് ആരോപിച്ച് വംഗ ഭവന്‍ വളയുകയായിരുന്നു.

പ്രസിഡന്‍റിനെ പുറത്താക്കാന്‍ തത്ക്കാലം തീരുമാനമെടുത്തിട്ടില്ലെന്ന് ഇടക്കാല ഭരണകൂടത്തിന്‍റെ തലവന്‍ മുഹമ്മദ് യൂനുസിന്‍റെ പ്രസ് സെക്രട്ടറി ഷഫിഖുല്‍ ആലം പ്രസ്താവിച്ചു. രാഷ്‌ട്രീയ സമയാവമുണ്ടാക്കി ഇക്കാര്യത്തില്‍ ഈയാഴ്ച തന്നെ തീരുമാനമെടുക്കുമെന്നും ഷഫിഖുല്‍. ബംഗഭവന്‍റെ മുന്നിലോ മറ്റെവിടെയെങ്കിലുമോ പ്രതിഷേധത്തിന്‍റെ ആവശ്യമില്ലെന്ന് ഇടക്കാല ഭരണകൂടത്തിലെ ഇന്‍ഫൊര്‍മേഷന്‍ ഉപദേഷ്ടാവ് നഹീദ് ഇസ്‌ലാം പറഞ്ഞു.

എന്നാല്‍, അവാമി ലീഗിന്‍റെ വിദ്യാർഥി സംഘടനയായ ഛത്ര ലീഗ് നിരോധിക്കണമെന്നതുള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനക്കാര്‍ ബംഗഭവനു മുന്നില്‍ തുടരുകയാണ്.

ബംഗ്ലാദേശിന്‍റെ പതിനാറാം പ്രസിഡന്‍റാണ് ചുപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹാബുദ്ദീന്‍. നിയമജ്ഞനായ ഉദ്യോഗസ്ഥനും രാഷ്‌ട്രീയക്കാരനുമായ ഷഹാബദ്ദീന്‍ 2023 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അവാമി ലീഗിന്‍റെ നാമനിര്‍ദ്ദേശത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ബംഗ്ലാ വിമോചന സമരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ ആരംഭിച്ച സമരമാണ് ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയതും, ഇന്ത്യയിലേക്കു പലായനം ചെയ്യുന്നതിന് ഇടയാക്കിയതും. ഷെയ്ഖ് ഹസീനയുടെ ചങ്ങാത്ത മുതലാളിത്ത സര്‍ക്കാരിന്‍റെ പ്രസിഡന്‍റാണ് അധികാരത്തിലുള്ളതെന്നും അദ്ദേഹം ഉടന്‍ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറണമെന്ന് അവിടുത്തെ സര്‍ക്കാരും കോടതിയും ആവശ്യപ്പെട്ടിട്ടുള്ളത് ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കാന്‍ ഇടയാക്കി.

പ്രസിഡന്‍റിന്‍റെ രാജിയാണ് പ്രക്ഷോഭകരുടെ അഞ്ചിന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനം. 1972ല്‍ എഴുതിയുണ്ടാക്കിയ നിലവിലെ ഭരണഘടന റദ്ദാക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. 2024ലെ പശ്ചാത്തലത്തില്‍ പുതിയ ഭരണഘടന ഉണ്ടാക്കി. അവാമി ലീഗിന്‍റെ വിദ്യാർഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗിനെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ കീഴില്‍ 2018 ലും 2024 ലും നടന്ന തെരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെണന്നും വിജയിച്ച എംപിമാരെ അയോഗ്യരാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ മറ്റൊരു ആവശ്യം. ലക്ഷ്യം കാണാതെ പിന്‍മാറില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയില്‍ വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രക്ഷോഭണത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവച്ച് രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടിവന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 8ന് നോബല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

പ്രക്ഷോഭത്തിന്‍റെ ഭാഗമായി ബംഗ്ലാദേശ് സര്‍ക്കാര്‍ ശക്തമായ ചില നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്‍റെ വിദ്യാർഥി സംഘടയെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. തീവ്രവാദ വിരുദ്ധനിയമപ്രകാരമാണ് ബംഗ്ലാദേശ് ഛാത്ര ലീഗിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 15 വര്‍ഷക്കാലമായി ഈ സംഘടന രാജ്യത്ത് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൊതുവിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നിരോധം ഏര്‍പ്പെടുത്തിയത്.

കൊലപാതകം, ബലാത്സംഗം തുടങ്ങി പൊതുസുരക്ഷയെ ബാധിക്കുന്ന വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈ സംഘടന ഏര്‍പ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പബ്ലിക്ക് സെക്യൂരിറ്റി ഡിവിഷനിലെ സീനിയര്‍ സെക്രട്ടറി പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നു. ഹസീന അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷവും ഛാത്ര ലീഗ് പ്രവര്‍ത്തകര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്‍റെ തെളിവുകളും മന്ത്രാലയത്തിന്‍റെ കീഴിലുണ്ടെന്നും ഈ വിജ്ഞാപനത്തില്‍ ആരോപിച്ചിട്ടുണ്ട്.

ഷെയ്ഖ് ഹസീനയുടെ നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഇതിനകം അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗ്ലാദേശിലെ ഒരു കോടതി ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം തേടിയിട്ടുള്ള ഷെയ്ഖ് ഹസീനയെ അറസ്റ്റ്‌ചെയ്ത് ഹാജരാക്കാന്‍ ഇട്ട ഉത്തരവും വലിയ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒന്നാണ്. അവാമി ലീഗിന്‍റെ യുവജനവിഭാഗം കൊലപാതകങ്ങളും കൈയേറ്റങ്ങളും അക്രമങ്ങളും വ്യാപകമായി നടത്തി രാജ്യത്തിന്‍റെ പൊതു സുരക്ഷയെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 700ലധികം പേര്‍ ബംഗ്ലാദേശ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിലധിക മരണവും ഹസീന വിരുദ്ധസമരക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളിലാണ് സംഭവിച്ചത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വളരെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു രാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം ബന്ധങ്ങള്‍ ഈ രാഷ്‌ട്രവുമായിട്ടുണ്ട്. ഈ രാജ്യത്തിന്‍റെ ക്രമസമാധാന തകര്‍ച്ചയും, രൂക്ഷമായ ജനകീയപ്രശ്‌നങ്ങളും മറ്റും നമ്മുടെ രാജ്യത്തിനും ഒരു തലവേദനയാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. എന്തായാലും ബംഗ്ലാദേശിലെ ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും, സമാധാനപരമായ ഒരുന്തരീക്ഷം ആ രാജ്യത്ത് നിലവില്‍ വന്ന് കാണുവാനുമാണ് ഇന്ത്യന്‍ ജനതയാകെ ആഗ്രഹിക്കുന്നത്.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.