വൈറസുണ്ട്, സൂക്ഷിക്കുക..!

മലയാളത്തില്‍ അകമലരി എന്ന പേരിലാണ് വസൂരിക്കു കാരണമാകുന്ന വരിയോല എന്ന വൈറസുകള്‍ അറിയപ്പെടുന്നത്
വൈറസുണ്ട്, സൂക്ഷിക്കുക..!
Updated on

വൈറസുകള്‍ നമുക്ക് ചുറ്റും ആനന്ദ നൃത്തമാടുന്നു. ഈ വൈറസുകളുടെ ആനന്ദ നൃത്തത്തില്‍ മനുഷ്യന്‍ ഭയപ്പാടോടുകൂടി നോക്കി നില്‍ക്കുകയാണ്. ഇന്ന് മനുഷ്യന്‍ മറ്റാരേക്കാള്‍ ഭയക്കുന്നത് വൈറസുകളെയാണ്. നീപ്പാ വൈറസുകളാണ് കേരളത്തെ ആദ്യം ഭയപ്പെടുത്തിയത്. കൊവിഡ് വൈറസോട് കൂടിയാണ് ലോകം വൈറസിനെ കൂടുതല്‍ ഭയക്കുവാന്‍ തുടങ്ങിയത്. ഇപ്പോഴിതാ മാംസം ഭക്ഷിക്കുന്ന വൈറസുകള്‍ ജപ്പാനില്‍ മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്ത വരുന്നു. വൈറസുകള്‍ മനുഷ്യന്‍റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണമാകാറുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്.

എത്രയോ തരം വൈറസുകള്‍ നമുക്ക് ചുറ്റിനുമുണ്ട് എന്ന് നമ്മളിപ്പോഴാണ് തിരിച്ചറിയുന്നത്. ചിക്കന്‍ പോക്‌സ്, സ്‌മോള്‍ പോക്‌സ്, എന്നിവ വൈറസിന്‍റെ കാരണം മൂലം ഉണ്ടാകുന്ന രോഗമാണ്. വേഗത്തില്‍ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍പോക്‌സ്. കുട്ടികളിലാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. ചിക്കന്‍പോക്‌സ് വന്നതിന് ശേഷവും ഈ വൈറസ് ശരീരത്തില്‍ തന്നെ നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്. ശരീരത്തില്‍ തന്നെ ഈ വൈറസിനെ പ്രതിരോധിക്കുന്നു. പക്ഷെ പിന്നീട് യൗവനാവസ്ഥയില്‍ ശിങ്ക്ള്‍സ് പോലുള്ള രേഗങ്ങളായി തിരിച്ചുവരാന്‍ സാധ്യതയുണ്ട്. സ്‌മോള്‍ പോക്‌സ് എന്നാല്‍ വസൂരി എന്നാണ് മലയാളത്തില്‍. മനുഷ്യരില്‍ കാണപ്പെടുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വസൂരി. മലയാളത്തില്‍ അകമലരി എന്ന പേരിലാണ് വസൂരിക്കു കാരണമാകുന്ന വരിയോല എന്ന വൈറസുകള്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ പ്രതിരോധ മരുന്നുകള്‍ ഉള്ളത് കൊണ്ട് ജനം അത്ര ഭയപ്പാടിലല്ല.

നീപ്പാ വൈറസുകളാണ് നമ്മളെ സമീപകാലത്ത് ആദ്യം ഭയപ്പെടുത്തിയത് എന്നത് കൊണ്ട് അത് ആദ്യം പരിശോധിക്കാം. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ വൈറസ് ആണ് നീപ്പാ. നീപ്പാ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മാരകമായി പ്രവര്‍ത്തിച്ചാല്‍ രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു. കേരളത്തില്‍ 2018 മെയ് മാസത്തില്‍ നിപ്പാ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് എന്നതു കൊണ്ടാണ് ഇങ്ങനെ പേരു വന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കോ, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കോ മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്കോ ഈ വൈറസ് പടരാം എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും, പന്നികളില്‍ നിന്നും, രോഗമുള്ള മനുഷ്യരില്‍ നിന്നും നിപ്പാ വൈറസ് പകരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നിപ്പാ വൈറസ്സ് ബാധക്ക് കൃത്യമായ ചികിത്സ ലോകത്തൊരിടത്തും ഇതുവരെ നിലവില്‍ വന്നിട്ടില്ല. രോഗപ്രതിരോധ ശേഷി കൂടുതല്‍ ഉള്ളവര്‍ രക്ഷപ്പെടുന്നു അല്ലാത്തവര്‍ വൈറസിന്‍റെ പ്രവര്‍ത്തനത്തില്‍ അസുഖം മൂര്‍ഛിച്ച് മരണപ്പെടുന്നു. വൈറസ് ബാധയുണ്ടായാല്‍, അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

കേരളത്തില്‍ നീപ്പ വൈറസിന്‍റെ വ്യാപനം തടഞ്ഞ് ശ്വാസം നേരെ വീണപ്പോഴാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് വരുന്നത്. ചൈനയിലെ വുഹാനില്‍ മാരകമായ ഒരു വൈറസ് പടരുന്നുണ്ടെന്നും, അത് വലിയ അപകടകാരിയാണെന്നും, അതിനെ പ്രതിരോധിക്കേണ്ട നടപടികള്‍ എല്ലാവരും സ്വീകരിക്കണം എന്നും ഡോ. ലി വെന്‍ലിയാന്‍ ആദ്യമായി 2019 ഡിസംബര്‍ 30ന് തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് സ്വകാര്യമായി ഒരു മുന്നറിയിപ്പ് സന്ദേശം അയച്ചു. അതായിരുന്നു കൊറോണ വൈറസിന്‍റെ ആദ്യ മുന്നറിയിപ്പ്. ഇതാണ് പിന്നീട് കൊവിഡ് 19 എന്ന വൈറസാണെന്ന് ലോകം രേഖപ്പെടുത്തിയത്.

2020 ജനുവരി 3ന് വുഹാനിലെ പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ ഡോ. ലിയെ തെറ്റായ സന്ദേശം പരത്തി ജനങ്ങളില്‍ ഭീതി സ്യഷ്ടിച്ചു എന്ന കാരണത്താല്‍ പിടിച്ചു കൊണ്ടു പോയി. അദ്ദേഹത്തെ കൂടാതെ മറ്റ് ഏഴ് പേരെ കൂടി സമാനമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തന്‍റെ പ്രസ്താവന തെറ്റായിരുന്നു എന്ന് മാപ്പെഴുതി വാങ്ങിയാണ് ഡോ. ലി സ്വതന്ത്രമായത്. തിരികെ ഹോസ്പിറ്റലില്‍ ജോലിക്ക് കയറിയ ഡോ. ലിയ്ക്ക് ചികിത്സിച്ച കൊവിഡ് രോഗിയില്‍ നിന്നാണ് രോഗം പകര്‍ന്നത്. അദ്ദേഹം പിന്നീട് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഡോ. ലി വെന്‍ലിയാന്‍ നല്‍കിയ മുന്നറിയിപ്പ് ശരിയായിരുന്നു എന്ന് പിന്നീട് ലോകം തന്നെ തിരിച്ചറിഞ്ഞു.

കൊവിഡ് കാലം ലോകത്ത് വലിയ മാറ്റങ്ങള്‍ സ്യഷ്ടിച്ചു. കൊവിഡ് രോഗം മൂലം ലോകമാകെ ഭീതിയിലായി. ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളും, ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനുള്ളിലേയ്ക്ക് സ്വയം വലിഞ്ഞു. എല്ലാ വഴികളും വിജനമായി. ഫാക്റ്ററികള്‍ അടച്ചു. നിര്‍മാണ മേഖല നിലച്ചു. ഭീതിപ്പെടുത്തിയ കൊറോണ വൈറസ് പടര്‍ന്ന കാലത്ത് മനുഷ്യര്‍ പലതും പഠിച്ചു. പരിസരം ശുദ്ധിയായി സൂക്ഷിക്കണമെന്നും ഇടയ്ക്കിടെ കൈ കഴുകുന്നതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കുന്നതും വൈറസ് വ്യാപനം കുറയ്ക്കുന്നു എന്ന് ജനം തിരിച്ചറിഞ്ഞു. നോവല്‍ കൊറോണ വൈറസ് പടരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായ തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മറയ്ക്കുക. ക്കൈയ്യ് സോപ്പു ഉപയോഗിച്ച് വ്യത്തിയായി കഴുകുക. കണ്ണും മൂക്കും വായും കൈ കൊണ്ട് തൊടാതിരിക്കുക. ആര്‍ക്കെങ്കിലും, ചുമയോ, പനിയോ, ശ്വാസം എടുക്കുന്നതില്‍ ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍, അവരുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക. തുടങ്ങി എത്ര എത്ര മുന്നറിയിപ്പുകള്‍ സമൂഹത്തിലുണ്ടായി.

ഇപ്പോഴിതാ കൊറോണ വൈറസിനേക്കാള്‍ ഭീകരമായ വൈറസ് ജപ്പാനില്‍ പടര്‍ന്ന് പിടിക്കുന്നു എന്ന വാര്‍ത്ത പരന്നിരിക്കുകയാണ്. കൊറോണ വൈറസിന്‍റെ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ മായും മുന്‍പാണ് ജപ്പാനില്‍ നിന്നും ഭീതിയിലാഴ്ത്തുന്ന വാര്‍ത്ത വരുന്നത്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന പുതിയ വൈറസ് 48 മണിക്കൂറിനുള്ളില്‍ ആളുകളെ കൊലപ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണെന്നാണ് കണ്ടെത്തല്‍. മാംസം ഭക്ഷിക്കുന്ന ബാക്റ്റീരിയകളാണ് ഇത്. ജൂണ്‍ 2 വരെ 977 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എങ്കിലും 1999 മുതല്‍ ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറല്‍ പനിയെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ഈ പനി. മൂക്കൊലിപ്പ്, തൊണ്ട വേദന, പേശി വേദന, തലവേദന, ചുമ, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ വൈറസ് ബാധിച്ച് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുകയും ഏകദേശം എട്ട് ദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. വയറിളക്കവും ഛര്‍ദിയും ഉണ്ടാകാം. കരുതല്‍ കാര്യമായി എടുത്തില്ലെങ്കില്‍ ഇന്‍ഫ്ലുവന്‍സ വൈറസില്‍ നിന്ന് ന്യുമോണിയയിലേക്കും തുടര്‍ന്നുള്ള ബാക്റ്റീരിയ അണുബാധയിലേക്കും മനുഷ്യ ശരീരത്തെ കൊണ്ടെത്തിക്കും. ഇത് വളരെ അപകടകരമാണ്.

മനുഷ്യ ശരീരത്തില്‍ ഏറ്റവും അപകടകരമായി കടന്നുചെന്ന എച്ച്‌ഐവി വൈറസുകളെ ജനങ്ങള്‍ ഏറെ ഭയപ്പെട്ട ഒന്നാണ്. എച്ച്‌ഐവി പോലെയുള്ള വൈറസുകള്‍ ഒരു മനുഷ്യ ശരീരത്തില്‍ കടന്നുചെന്നാല്‍ അത് ഏറെകാലം പെറ്റുപെരുകി ശരീരത്തില്‍ കഴിയുമെന്നാണ് പറയുന്നത്. മനുഷ്യന്‍റെ പ്രതിരോധശക്തിയെ ആശ്രയിച്ചിരിക്കും ആ മനുഷ്യന്‍റെ ശരീരത്തില്‍ എച്ച്‌ഐവി വൈറസുകള്‍ കടന്നുചെന്നാല്‍ ഉള്ള ശാരീരിക അവസ്ഥകള്‍. വൈറസിനെ നശിപ്പിക്കുവാന്‍ ഉള്ള വാക്‌സിനുകള്‍ നല്‍കി ശരീരത്തിന്‍റെ പ്രതിരോധശക്തി ഉയര്‍ത്തുവാന്‍ സാധിക്കുമെങ്കിലും, പൂര്‍ണമായും വൈറസിനെ നീക്കം ചെയ്യാന്‍ പലപ്പോഴും സാധിക്കാതെ വരുന്നു.

ലോകം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് വൈറസുകളെയാണ് എന്ന് നാം ഇതിനോടകം തിരിച്ചറിയപ്പെട്ടിരിക്കുന്നു. പരിസര മലിനീകരണവും ജീവിതരീതിയും വൈറസുകളുടെ വ്യാപനം വേഗതയില്‍ ആക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണെന്ന് മനുഷ്യന്‍ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. കൊവിഡ് കാലത്ത് എല്ലാ മനുഷ്യരിലും ഇതിന്‍റെ ആവശ്യകത ശക്തമായി ഉടലെടുത്തെങ്കിലും വൈറസ് വ്യാപനത്തിന്‍റെ ശക്തി കുറഞ്ഞതോടു കൂടി തിരിച്ചറിവുകള്‍ മറന്നു കൊണ്ടിരിക്കുന്ന കാഴ്ചയും നാം കാണുന്നു. ഇതിനിടയിലാണ് കൊവിഡ് വൈറസിനെക്കാള്‍ ശക്തമായ വൈറസുകളുടെ സാന്നിധ്യം ലോകത്ത് ചില ഭാഗങ്ങളില്‍ ഉണ്ടാകുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ അവസരപ്പെടുത്തുന്നത്. നുപ്പാ, കൊവിഡ് വൈറസുകള്‍ പോലെ പുതിയ വൈറസുകളും നമ്മളുടെ ഉറക്കം കെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം. ഇത് തിരിച്ചറിയാന്‍ നാം തയാറാകണം.

Trending

No stories found.

Latest News

No stories found.