സരിനെക്കുറിച്ച് മനസിലാക്കിയതും ശരി, കോൺഗ്രസിനെക്കുറിച്ചുള്ള ധാരണയും ശരി; പാലക്കാട്ട് ജയം പ്രതീക്ഷിച്ച് ബിജെപി

ഇനി ഇടതുപക്ഷത്തെന്ന് പി. സരിൻ, കോൺഗ്രസിൽ നിന്നു പുറത്താക്കി; സിപിഎമ്മിന് കൺഫ്യൂഷൻ, ബിജെപിക്ക് സുവർണാവസരം
സരിനെക്കുറിച്ച് മനസിലാക്കിയതും ശരി, കോൺഗ്രസിനെക്കുറിച്ചുള്ള ധാരണയും ശരി; പാലക്കാട്ട് ജയം പ്രതീക്ഷിച്ച് ബിജെപി BJP expects Palakkad win as rift in Congress not likely to help CPM
പി. സരിൻ
Updated on

പ്രത്യേക ലേഖകൻ

''അപ്പോൾ താങ്കൾ കോൺഗ്രസ് വിടുമോ?''

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ പി. സരിൻ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചു.

''എന്നെക്കുറിച്ച് അങ്ങനെയാണോ നിങ്ങൾ മനസിലാക്കിയിരിക്കുന്നത്?''

സരിൻ മറുചോദ്യം ചോദിച്ചു.

''കോൺഗ്രസ് പാർട്ടിയെക്കുറിച്ച് സമൂഹത്തിലുള്ള ധാരണ ഇങ്ങനെയാണ്, അത്തരം വാർത്തകളാണ് നിങ്ങൾ സെൽ ചെയ്യാനും ശ്രമിക്കുന്നത്'' എന്നൊരു കൂട്ടിച്ചേർക്കൽ കൂടിയുണ്ടായിരുന്നു സരിന്‍റെ മറുപടിയിൽ.

24 മണിക്കൂർ തികഞ്ഞപ്പോഴേക്കും സരിന്‍റെ രണ്ട് അവകാശവാദങ്ങളും അദ്ദേഹം തന്നെ തിരുത്തി:

  1. പി. സരിനെക്കുറിച്ച് മാധ്യമ പ്രവർത്തകർ മനസിലാക്കിയത് കൃത്യമായിരുന്നു

  2. സ്ഥാനം കിട്ടാത്തവർ പാർട്ടി വിടുമെന്ന് കോൺഗ്രസിനെക്കുറിച്ച് സമൂഹത്തിലുള്ള ധാരണയും ശരിയാണ്.

അധികാരം മോഹിച്ചല്ല, സമൂഹത്തെ സേവിക്കാനാണ് സിവിൽ സർവീസ് ഉപേക്ഷിച്ച് മുപ്പത്തിമൂന്നാം വയസിൽ കോൺഗ്രസ് പ്രവർത്തനം തുടങ്ങിയതെന്ന സരിന്‍റെ പ്രഖ്യാപനവും ഇതോടെ അദ്ദേഹത്തെ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന സ്ഥിതിയിലായി.

തുടരെ രണ്ടാം ദിവസവും വാർത്താസമ്മേളനം വിളിച്ച പി. സരിൻ ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നു പ്രഖ്യാപിച്ചു. സിപിഎം പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന 'വാഗ്ദാനവും' ഉണ്ടായി.

തൊട്ടു പിന്നാലെ, പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഔദ്യോഗിക തീരുമാനവും വന്നു.

സഖാവ് സരിൻ!

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള സമീപകാല സൈബർ പോരാട്ടങ്ങളിൽ മിക്കതിലും സരിൻ തന്നെയായിരുന്നു കേന്ദ്ര ബിന്ദു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായതു മുതൽ സിപിഎം സൈബർ വിങ്ങിന്‍റെ കണ്ണിലെ കരടാണ് സരിന്. , എന്ന നിലയിൽ പാർട്ടിയുടെ സൈബർ വിങ് ശക്തിപ്പെടുത്തിയ സരിൻ, സിപിഎമ്മിനെതിരേ നിർദാക്ഷിണ്യം ആക്രമണങ്ങൾ അഴിച്ചുവിടാൻ ഒരു മടിയും കാണിച്ചിട്ടില്ല. വ്യക്തിപരമായി തന്നെ ഇതിനെയെല്ലാം നേരിടാൻ സിപിഎമ്മിന്‍റെ സൈബർ പോരാളികളും ഒട്ടും പിന്നിലായിരുന്നില്ല.

ഇപ്പോൾ, സരിൻ പാലക്കാട്ട് സിപിഎം പ്രതിനിധിയായി മത്സരിക്കാൻ തയാറാണെന്നു പ്രഖ്യാപിക്കുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നതും സിപിഎം തന്നെയാണ്. പി.വി. അൻവറിനെപ്പോലെ എതിർ പാളയത്തിൽനിന്നു ചാടിയവരെ കൂടെ കൂട്ടിയതിന്‍റെ പൊല്ലാപ്പ് ഒരുവശത്ത്; ഇത്രകാലം മൗസും കീബോർഡും ഉപയോഗിച്ച് ആക്രമിച്ചു കൊണ്ടിരുന്ന സരിനെപ്പോലൊരാൾക്ക് ജയ് വിളിക്കാൻ പാർട്ടി അനുയായികളോട് ആവശ്യപ്പെടാനുള്ള പ്രത്യയശാസ്ത്ര വിശദീകരണം ചമയ്ക്കാനുള്ള തലവേദന മറുവശത്ത്!

സരിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സിപിഎമ്മിന്‍റെ പാലക്കാട് ജില്ലാ കമ്മിറ്റിയാണെന്ന വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തത്കാലം പിടിച്ചു നിൽക്കുന്നു.

ബിജെപിയുടെ സുവർണാവസരം

കോൺഗ്രസിലെ ഗ്രൂപ്പ് പോര് സിപിഎമ്മിന് സഹായകമാകുന്ന കേരളത്തിലെ കീഴ്‌വഴക്കം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ തെറ്റുകയാണ്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിച്ചതാണ് ഇതിന് ഏറ്റവും പുതിയ പ്രത്യക്ഷ തെളിവ്. പാലക്കാട്ടെ ഗ്രൂപ്പ് പോരും ബിജെപിയെ തന്നെ സഹായിക്കുമെന്നാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് നിലയിൽനിന്ന് ലഭിക്കുന്ന സൂചന.

കേരളത്തിൽ കോൺഗ്രസിന്‍റെ ഉരുക്കുകോട്ടകളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. 2011 മുതൽ 2021 വരെയുള്ള മൂന്നു ടേമിലും ഷാഫി പറമ്പിൽ ഗംഭീര വിജയം നേടി. എന്നാൽ, 2011ൽ വളരെ കുറച്ചു വോട്ടുകളുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി 2016ലും 2021 ലും സിപിഎമ്മിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2021ൽ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി മെട്രൊ മാൻ ഇ. ശ്രീധരൻ രണ്ടാം സ്ഥാനത്തായത്. 2016ൽ ബിജെപിയുടെ ശോഭാ സുരേന്ദ്രനും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 2011 ൽ ബിജെപിക്ക് വെറും 6.59 ശതമാനം വോട്ട് മാത്രമാണു കിട്ടിയതെങ്കിൽ, 2021ൽ അത് 35.34 ശതമാനമായി.

ഇങ്ങനെയൊരു സാഹചര്യത്തിൽ, കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്കു തന്നെ ഗുണം ചെയ്യുമെന്നാണ് നിലവിലുള്ള സാഹചര്യത്തിൽ കണക്കാക്കപ്പെടുന്നത്. സിപിഎം ദുർബല സ്ഥാനാർഥിയെ നിർത്തി കോൺഗ്രസിന് വോട്ട് മറിച്ചാണ് കഴിഞ്ഞ രണ്ടു ടേമിലും ബിജെപിയെ തോൽപ്പിച്ചതെന്ന വിലയിരുത്തൽ യുക്തിസഹമാണ്. പുതിയ സാഹചര്യത്തിൽ, സരിൻ ഇടതുപക്ഷ സ്ഥാനാർഥിയായാൽ പാർട്ടി വോട്ടുകൾ പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. സിപിഎമ്മിനെ പരമാവധി വെറുപ്പിച്ചിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് മറിക്കാനും സിപിഎം അനുയായികൾ മടിക്കും. രണ്ടായാലും ഭിന്നിക്കാതെ പോകുന്നത് ബിജിപി വോട്ടുകളായിരിക്കും. സിപിഎമ്മിൽനിന്നോ കോൺഗ്രസിൽ നിന്നോ ഭിന്നിച്ചു കിട്ടുന്ന അഞ്ച് ശതമാനം വോട്ടെങ്കിലും സ്വന്തം അക്കൗണ്ടിൽ ചേർക്കാൻ സാധിച്ചാൽ ബിജെപി സ്ഥാനാർഥി പാലക്കാട്ട് നിഷ്പ്രയാസം ജയിക്കുകയും ചെയ്യും.

Trending

No stories found.

Latest News

No stories found.