പ്രത്യേക ലേഖകൻ
2007 ജൂൺ,
നേതാജി ഇൻഡോർ സ്റ്റേഡിയം, കൊൽക്കത്ത.
പശ്ചിമ ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന്‍റെ മുപ്പതാം വാർഷികാഘോഷം പൂർത്തിയായ സമയം. 90 വയസ് പിന്നിട്ട സിപിഎം അതികായൻ ജ്യോതി ബസുവിന്‍റെ പ്രസംഗം പൂർത്തിയായിട്ട് നേരമേറെയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോൾ എത്രയോ നേരത്തെ വേദി വിടേണ്ടിയിരുന്നതാണ്. പക്ഷേ, സദസ് പോലും ഒഴിഞ്ഞു തുടങ്ങുമ്പോഴും ബസു വേദിയിൽ തന്നെ ഇരുന്നു.
അൽപ്പസമയത്തിനുള്ളിൽ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി ജ്യോതി ബസു ചൂടേറിയ ഒരു സംഭാഷണം തുടങ്ങുകയായി. അങ്ങനെയൊരു അവസരത്തിനു വേണ്ടി അനാരോഗ്യം അവഗണിച്ചും അവിടെ കാത്തിരിക്കുകയായിരുന്നു ബസു. പാർട്ടി സെക്രട്ടറി ബിമൻ ബോസ് കൂടി പങ്കാളിയായതോടെ ആ സംഭാഷണത്തിന് ഒരു സംവാദത്തിന്‍റെ രൂപഭാവങ്ങൾ കൈവന്നു.
പരസ്യമായ വികാരപ്രകടനങ്ങൾ പതിവില്ലാത്ത ബസുവിനെയും, പൊതുവേദികളിൽ അഭിപ്രായവ്യത്യാസങ്ങൾ പരസ്യപ്പെടുത്താറില്ലാത്ത സിപിഎമ്മിനെയും സംബന്ധിച്ച് തികച്ചും അസ്വാഭാവികമായ രംഗം. ആ വാദപ്രതിവാദത്തിലെ പക്ഷങ്ങൾ അതിനകം വ്യക്തമായിക്കഴിഞ്ഞിരുന്നു. ബുദ്ധദേവും ബിമൻ ബോസും ഒരു വശത്ത്, ജ്യോതി ബസു ഒറ്റയ്ക്ക് മറുപക്ഷത്തും. ഇതിനിടെ എംപിയായിരുന്ന രൂപ്ചന്ദ് പാലിനെ വേദിയിലേക്കു വിളിപ്പിക്കുന്നു, മിനിറ്റുകൾക്കുള്ളിൽ ബസു പ്രകടമായ അസ്വസ്ഥതയോടെ വേദി വിട്ടിറങ്ങുന്നു.
താഴെ കാത്തുനിന്ന പാർട്ടി അനുയായികളുടെയും മാധ്യമ പ്രവർത്തകരുടെയും വലിയൊരു സംഘം രൂപ്ചന്ദിനെ വളഞ്ഞു. അദ്ദേഹം മറയേതുമില്ലാതെ മറുപടിയും പറഞ്ഞു, ''വാർധക്യത്തിൽ അദ്ദേഹത്തിന് (ജ്യോതി ബസു) ചിന്ത നേരേചൊവ്വേ നിൽക്കുന്നില്ല. സിംഗൂരിൽ ഫാക്റ്ററി തുടങ്ങാനുള്ള സ്ഥലത്ത് ഗ്രാമവാസികൾ ചൂലും ചപ്പലും കാണിച്ച് ടാറ്റാ അധികൃതരെ തടഞ്ഞത് അദ്ദേഹം ടിവിയിൽ കണ്ടു. അതിന്‍റെ ആശങ്കയിലാണ്. കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്.''
ബസുവിനെ കാര്യങ്ങൾ പറഞ്ഞ് 'ബോധ്യപ്പെടുത്താനാണ്' രൂപ്ചന്ദ് പാലിനെ ബുദ്ധദേവ് വേദിയിലേക്കു വിളിപ്പിച്ചത്. മേഖലയിലെ പഞ്ചായത്തും കർഷക സംഘടനകളും പാർട്ടിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നാണ് അദ്ദേഹം ബസുവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത്. പ്രതിഷേധം ആളിക്കത്താനൊന്നും പോകുന്നില്ലെന്നു മാത്രമല്ല, കനൽ തെളിയും മുൻപേ അതു കെട്ടുപോകുമെന്നായിരുന്നു രൂപ്ചന്ദിന്‍റെ വാദം. സിംഗൂരിൽ ചെറിയൊരു കാർ ഫാക്റ്ററി വരുന്നതിൽ എന്ത് അപകടമുണ്ടാകാനാണെന്നൊരു ചോദ്യം അദ്ദേഹം മാധ്യമ പ്രവർത്തകർക്കു നേരേയും ഉന്നയിച്ചു.
ഒന്നേകാൽ വർഷത്തിനിപ്പുറം, നാനോ കാർ നിർമിക്കാനുള്ള ഫാക്റ്ററി ബംഗാളിനു പുറത്തേക്കു മാറ്റാനുള്ള തീരുമാനം രത്തൻ ടാറ്റാ പ്രഖ്യാപിക്കുമ്പോൾ ബുദ്ധദേവ് ഭട്ടാചാര്യക്ക് പരാജിതന്‍റെ മുഖഭാവമായിരുന്നു. 294-അംഗ നിയമസഭയിൽ 235 സീറ്റുമായി ജയിച്ചു കയറിയ ഇടതു സഖ്യത്തിന്‍റെ നേതാവിന് ഇത്രവേഗം സാധാരണക്കാരിൽനിന്ന് ഇത്രയേറെ അകലാനായത് അവിശ്വസനീയമായിരുന്നു. ഇടതു ഭരണത്തിന്‍റെ മുപ്പതാം വാർഷികത്തിൽ ബസു നൽകിയ മുന്നറിയിപ്പുകൾ നിസ്സാരമെന്ന പോലെ അവഗണിക്കപ്പെട്ടത് ഏറ്റവും അസ്വാഭാവികമായിരുന്നു.
പിന്നെയെല്ലാം ചരിത്രം. പശ്ചിമ ബംഗാളിന്‍റെ അവസാന സിപിഎം മുഖ്യമന്ത്രി എന്ന ചരിത്രം ബുദ്ധദേവിൽനിന്ന് എടുത്തുമാറ്റാൻ ഇതുവരെ ആർക്കും ഒന്നിനും സാധിച്ചിട്ടില്ല.
സംസ്ഥാനത്തെ വ്യവസായവത്കരിക്കുക എന്ന ആശയത്തിന്‍റെ സാക്ഷാത്കാരമായിരുന്നു ബുദ്ധദേവിന് സിംഗൂരിലെ ടാറ്റാ ഫാക്റ്ററി. ഭൂമി ഏറ്റെടുക്കലിലെ സങ്കീർണതകൾ പക്ഷേ, അദ്ദേഹത്തിന്‍റെ ആശയത്തെ വല്ലാതെ സാഹസികമാക്കി മാറ്റി. അതിൽ ബുദ്ധദേവും പാർട്ടിയും പരാജയപ്പെടുകയും ചെയ്തു, ഇനിയും കരകയറാൻ സാധിച്ചിട്ടില്ലാത്ത പരാജയം.
ബംഗാളിനെ വ്യവസായവത്കരിക്കുന്നതിനുള്ള ഒറ്റപ്പെട്ട പ്രതിബന്ധങ്ങൾ മാത്രമായാണ് അദ്ദേഹം അന്നു സിംഗൂരിലെയും നന്ദിഗ്രാമിലെയും ജനകീയ പ്രക്ഷോഭങ്ങളെ കണ്ടത്. പാർട്ടിക്കുള്ളിലും പുറത്തും ആ വിശ്വാസത്തിൽ അദ്ദേഹം അടിയുറച്ചുനിന്നു. എന്നിട്ടും, താറുടുത്ത തൂവെള്ള ധോത്തിയും കുർത്തയും അതിനു ചേരുന്ന വെളുവെളുത്ത മുടിയും പോലെ കറ പുരളാത്ത രാഷ്‌ട്രീയ ജീവിതം അദ്ദേഹം ബാക്കിവച്ചു. കോലാപുരി ചെരിപ്പും സാഹിത്യവും സിനിമയും ക്രിക്കറ്റും ഉച്ചയുറക്കവും കട്ടൻ കാപ്പിയും സിഗരറ്റുമെല്ലാമടങ്ങുന്ന ബുദ്ധ ദാ രീതികൾ ബംഗാളി ബുദ്ധിജീവികൾക്ക് ഇന്നും അനുകരണീയ മാതൃകയായി തുടരുകയും ചെയ്യുന്നു. രാഷ്‌ട്രീയജീവിതത്തിൽ അദ്ദേഹത്തിനു പിഴച്ചുപോയത് ആശയ വ്യതിയാനത്തിലോ അതോ അതിന്‍റെ പ്രായോഗികതയിലോ എന്നെല്ലാം അവരിന്നും അവസാനമില്ലാതെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ബംഗാളിന്‍റെ ഭാവി ഭദ്രമാക്കുന്നതിനുള്ള സർക്കാർ പദ്ധതികളും, ജനാഭിലാഷത്തിന്‍റെ തീക്ഷണ യാഥാർഥ്യങ്ങളും തമ്മിലുള്ള അന്തരം നികത്താൻ കഴിയാതെ പോയതും, ആ സുവർണാവസരത്തെ രാഷ്‌ട്രീയ എതിരാളികൾക്ക് കൃത്യമായി ഉപയോഗിക്കാൻ വിട്ടുകൊടുത്തതിലുമുള്ള പശ്ചാത്താപം അവസാന ശ്വാസം വരെ ബുദ്ധ ദായെ വേട്ടയാടിയിട്ടുണ്ടാവും....