"താങ്ങുകൂലി'യിൽ ബജറ്റ് തൂങ്ങിയാൽ

ഇവിടെ 56 ഇഞ്ച് നെഞ്ച് അളവിന്‍റെ ഗരിമയിൽ അഭിരമിച്ചിരുന്ന പ്രധാനമന്ത്രിയും ബിജെപിയും സഖ്യകക്ഷികളുടെ സമ്മർദത്തിന് കീഴടങ്ങി എന്ന് വ്യക്തം
"താങ്ങുകൂലി'യിൽ ബജറ്റ് തൂങ്ങിയാൽ
ധന മന്ത്രി നിർമലാ സീതാരാമന്‍
Updated on

ധന മന്ത്രി നിർമലാ സീതാരാമന്‍റെ ബജറ്റ് പ്രസംഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും അതേ ചുറ്റിപ്പറ്റിയുള്ള ചർച്ച തകൃതിയായി നടക്കുകയാണ്. പാർലമെന്‍റിൽ നടക്കുന്ന ചർച്ചയല്ല, മറിച്ച് പുറത്താണ് അതിനു ചൂടേറുന്നത്.

രാജ്യത്തെയാകെ അഭിസംബോധന ചെയ്യുന്ന സമഗ്ര നയരേഖ ആകേണ്ട ബജറ്റ് സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങൾക്കുള്ള ഉപാധിയായി മാറ്റിയതാണ് വിമർശനങ്ങളത്രയും ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിഷേധവും പ്രക്ഷോഭവും ബഹിഷ്കരണവുമൊക്കെ അരങ്ങുതകർക്കുകയാണ്. അതിൽ അല്പം കാര്യമില്ലേ എന്ന ചിന്ത ജനങ്ങളും പങ്കുവയ്ക്കുന്നു.

ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നൽകുന്ന, ആദ്യമായി ബിജെപിയെ അധികാരത്തിലേറ്റിയ ഒഡീഷയെ പുൽകുന്ന ബജറ്റ് എങ്ങനെ രാജ്യത്തിന്‍റെ സമഗ്ര സാമ്പത്തിക നയരേഖയാകും? ഇവിടെ രാഷ്‌ട്രീയം മാത്രമാണ് തെളിയുന്നത്. ഇപ്രാവശ്യം അധികാരത്തിലെത്താൻ സഹായിച്ച ചന്ദ്രബാബു നായിഡുവിനോടും നിതീഷ് കുമാറിനോടുമുള്ള പ്രീണനം. അതിന്‍റെ സ്വഭാവം ബജറ്റിന്‍റെ പവിത്രതയും പരിപാവനതയും തകർത്ത് ഫെഡറൽ സങ്കല്പത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുന്നതുമായി.

കസേര രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ് എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസം കുറിക്കു കൊള്ളുന്നതു തന്നെ. കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില (മിനിമം സപ്പോർട്ട് പ്രൈസ് -എംഎസ്പി) എന്ന നിരന്തര ആവശ്യം നടപ്പാക്കുമെന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉറപ്പ് വെറും പ്രഖ്യാപനത്തിൽ ഒതുങ്ങിയാലെന്ത്, ബജറ്റ് സഖ്യകക്ഷി നേതാക്കളുടെ "താങ്ങു കൂലി' ഉറപ്പാക്കി എന്ന വിമർശനം നിതീഷിനോടും നായിഡുവിനോടുമുള്ള പ്രീണനം അനാവരണം ചെയ്യുന്നതാണ്. ഈ ബജറ്റോടെ എൻഡിഎ എന്നാൽ നിതീഷ് - നായിഡു ഡവലപ്മെന്‍റ് അജൻഡ എന്നാണെന്ന ആക്ഷേപമുന ചെന്നു പതിക്കുന്ന ആഴവും അളക്കാവുന്നതിലും അപ്പുറം.

ഇവിടെ 56 ഇഞ്ച് നെഞ്ച് അളവിന്‍റെ ഗരിമയിൽ അഭിരമിച്ചിരുന്ന പ്രധാനമന്ത്രിയും ബിജെപിയും സഖ്യകക്ഷികളുടെ സമ്മർദത്തിന് കീഴടങ്ങി എന്ന് വ്യക്തം. തെരഞ്ഞെടുപ്പിന് മുമ്പ് ഫെബ്രുവരിയിൽ ഇതേ ധനമന്ത്രി അവതരിപ്പിച്ച ബജറ്റും അതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അവകാശവാദവും ശ്രദ്ധിച്ചാൽ ഈ കീഴടങ്ങൽ വ്യക്തമാകും. 400 സീറ്റ് നേടി തിരിച്ചുവരുമെന്ന മോദി സർക്കാരിന്‍റെ എവറസ്റ്റ് കയറിയ ആത്മവിശ്വാസവും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ പരിണമിപ്പിക്കുന്നതിന്‍റെ ഗൗരവവുമൊക്കെ എത്ര വാചാലമായാണ് അന്ന് അവതരിപ്പിച്ചത്. ഇപ്പോഴോ? ആ നെഞ്ചളവ് ചുരുങ്ങി, പ്രഭാവം മങ്ങി, ആത്മവിശ്വാസം ചോർന്ന് കസേര കാക്കുന്ന സഖ്യകക്ഷി നേതാക്കളുടെ സമ്മർദത്തിനു മുമ്പിൽ വഴങ്ങി നിൽക്കുന്ന ദുർബലാവസ്ഥയും നിസഹായാവസ്ഥയും പ്രകടം.

നിരന്തരം ആവർത്തിച്ചുകൊണ്ടിരുന്ന 400 പ്ലസ് എന്ന അമിത പ്രതീക്ഷയിൽ വിള്ളലുകൾ വീണ് കേവല ഭൂരിപക്ഷത്തിന് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന വിധേയത്വം സ്വാഭാവികം. എന്നാൽ രാജ്യത്തിന്‍റെ ബജറ്റ് പ്രഖ്യാപനങ്ങൾ അവർക്കു വേണ്ടി മാത്രമുള്ളതായി പരിമിതപ്പെടുത്തുമ്പോൾ ഉണ്ടാവുന്നത് തീർത്താൽ തീരാത്ത കളങ്കം. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തുവാൻ മാത്രമുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ബിജെപി ഇതര സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയും ചെയ്യുമ്പോൾ രാജ്യത്തിന്‍റെ ഫെഡറൽ സ്വഭാവമാണ് തകർന്നടിയുക. വികസന പ്രക്രിയയിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങൾക്കും തുല്യാവകാശമുണ്ടെന്ന അടിസ്ഥാന തത്വമാണ് ഇവിടെ ഗളഹസ്തം ചെയ്യപ്പെട്ടിരിക്കുന്നത്. തുല്യവകാശം ആരുടെയെങ്കിലും ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. "വികസിത് ഭാരത് " എന്ന സ്വന്തം മുദ്രാവാക്യത്തിന്‍റെ തന്നെ ആത്മാവ് ചോർത്തുന്ന നടപടി.

ലക്ഷ്യം സന്തുലിത വളർച്ചാ വികാസം എന്ന് ആവർത്തിക്കുകയും അസന്തുലിത വളർച്ചയ്ക്ക് ഇന്ധനം പകരുകയും ചെയ്യുന്ന ബജറ്റിലെ മറ്റ് അവകാശവാദങ്ങളും യാഥാർഥ്യ ബോധത്തോടെയുള്ളതല്ല എന്ന വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. സാമ്പത്തിക സർവെയിൽ പ്രതിപാദിച്ചതുപോലെ ജിഡിപി വളർച്ച 6.5 - 7 ശതമാനം മാത്രമായാൽ "വികസിത് ഭാരത്' എന്ന ലക്ഷ്യം കൈവരിക്കാൻ പറ്റുമോ എന്ന ആശങ്ക വിദഗ്ധന്മാർ തന്നെ പങ്കുവച്ചു കഴിഞ്ഞു. 2022 - 23നെ അപേക്ഷിച്ചു 2023 - 24ൽ മൊത്തം ചെലവിന്‍റെ വളർച്ച കേവലം 0.04 % മാത്രമാണ്. 2024 - 25 വർഷത്തിൽ 13.61% വളർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മുൻവർഷത്തെ വളർച്ചാ നിരക്ക് കണക്കിലെടുക്കുമ്പോൾ ഈ വളർച്ച കൈവരിക്കുന്നത് സംശയാസ്പദമാണ്.

രാജ്യത്തെ 69 %ത്തോളം ജനങ്ങൾ ജീവിക്കുന്ന ഗ്രാമീണ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടക വികസനം, ഗ്രാമീണ ജനതയുടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും, നാമമാത്ര ചെറുകിട കർഷകരുടെയും കർഷക തൊഴിലാളികളുടെയും തൊഴിലും ജീവനോപാധികളും ചെറുപ്പക്കാരുടെ പ്രത്യേകിച്ചും അഭ്യസ്തവിദ്യരുടെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ പട്ടികയിൽ പെടുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

9 മുൻഗണനകൾ പ്രഖ്യാപിച്ചുകൊണ്ട് കൃഷിയിൽ ഉൽപാദന ക്ഷമതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുമ്പോഴും കാർഷിക മേഖലയോടുള്ള സമീപനം സംശയാസ്പദമായി തന്നെ തുടരുന്നു. 1.52 ലക്ഷം കോടി രൂപയാണ് കൃഷിക്ക് വേണ്ടി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. അത് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചതിനേക്കാൾ 0.25 ലക്ഷം കോടിയുടെ വർധന എന്ന് സാങ്കേതികമായി അവകാശപ്പെടാമെങ്കിലും ആകെ ബജറ്റ് തുകയുടെ 3.15 ശതമാനം മാത്രമാണ്. ഈ വസ്തുത പ്രഖ്യാപനങ്ങൾക്കനുസരിച്ചുള്ള ആത്മാർഥത നടപടിയിൽ ഇല്ലെന്ന് പ്രകടമാക്കുന്നതാണ്. കൃഷിക്കുള്ള അലോട്ട്മെന്‍റ് ബജറ്റിൽ വർഷംതോറും കുറഞ്ഞു വരുന്നു എന്നത് കൂടുതൽ ഞെട്ടിക്കുന്നതും. 2019-20ൽ 5.44% ആയിരുന്നതാണ് ഇപ്പോൾ 3.15%ത്തിലേക്ക് കൂപ്പുകുത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ 58 % വരുന്ന വിഭാഗത്തിനു വേണ്ടിയാണ് ഈ നാമമാത്ര വിഹിതം എന്നു കൂടി വിലയിരുത്തുമ്പോൾ സർക്കാർ കാർഷിക മേഖലയെ തീർത്തും അവഗണിക്കുന്നു എന്നു വ്യക്തം.

താങ്ങു വിലയുടെ കാര്യത്തിലും ഇതേ സമീപനം തുടരുകയാണ്. താങ്ങുവില നിയമപരമായ ബാധ്യതയായി മാറ്റുമെന്ന ഉറപ്പ് മോദി ഗവൺമെന്‍റ് നൽകിയതിനു ശേഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണിത്. 2021ൽ കർഷക നേതാക്കൾക്ക് നൽകിയ ഉറപ്പ്. മുമ്പെന്നപോലെ ഈ ബജറ്റിലും ഈ കാര്യം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. എംഎസ്പി തങ്ങൾ നൽകിയ ഉറപ്പായിട്ടും അത് യാഥാർഥ്യമാക്കാൻ സർക്കാർ കൂട്ടാക്കാത്തത് കർഷക സമരത്തോട് അവർക്കുള്ള പക ഇപ്പോഴും വച്ചുപുലർത്തുന്നു എന്നതിന്‍റെ സൂചനയായാണ് വിലയിരുത്തുന്നത്.

ഉയർന്ന വിളവുള്ളതും കാലാവസ്ഥാ വ്യതിയാനം നേരിടാൻ കെൽപ്പുള്ളതുമായ വിളകൾ വികസിപ്പിച്ചെടുക്കാൻ ഗവേഷണം ഊർജിതമാക്കുമെന്ന പ്രഖ്യാപനവും കടുത്ത വിമർശനമാണ് ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. കർഷകരുടെ പേരിൽ നൽകുന്ന ഇതിനു വേണ്ടിയുള്ള വൻതുക തുകകളുടെ പ്രയോജനം ഈ രംഗത്തുള്ള വിദേശ ലോബികൾക്കും വൻ കോർപ്പറേറ്റുകൾക്കും മാത്രമായിരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി കഴിഞ്ഞു.

രണ്ടു വർഷത്തിനകം ഒരു കോടി കർഷകരെ പ്രകൃതി കൃഷിയുടെ ഭാഗമാക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞ വർഷത്തേതിന്‍റെ തനിയാവർത്തനം മാത്രം. 2023-24 വർഷത്തെ ബജറ്റ് പ്രസംഗത്തിൽ അടുത്ത 3 വർഷത്തിനകം ഒരു കോടി കർഷകരെ പ്രകൃതി കൃഷിയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒന്നും നടന്നില്ല. ഒരു വർഷം കഴിഞ്ഞതുകൊണ്ട് അതേ വാചകം 2 എന്നാക്കി തിരുത്തിയെന്ന് മാത്രം. 2023-24 ബജറ്റിൽ 459 കോടി ഇതിനായി നീക്കിവച്ചത് ഈ ബജറ്റിൽ 365 കോടിയായി കുറയ്ക്കുകയും ചെയ്തു.

ഇതെല്ലാം കാർഷിക മേഖലയോടുള്ള അവഗണനയും അതുകൊണ്ടുതന്നെ അടിസ്ഥാന മേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നതുമാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ 2023 ഡിസംബറിൽ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു കർഷകന്‍റെയോ കർഷകത്തൊഴിലാളിയുടെയോ ആത്മഹത്യയോ മരണമോ സംഭവിക്കുന്നു. 2022ൽ മാത്രം 11,290 കർഷക ആത്മഹത്യയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഷിക മേഖലയുടെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കഴിഞ്ഞ ബജറ്റിലേതു തന്നെ- 86,000 കോടി. 2023-24 ലെ ബജറ്റിൽ 60,000 കൂടിയായി വിഹിതം കുറച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. അതുകൊണ്ടാവണം ഇപ്രാവശ്യം അതിന്മേൽ കൈവെച്ചില്ല. എന്നാൽ ഗ്രാമീണ മേഖല ചലനാത്മകമാകുന്നതും പാവങ്ങളും സാധാരണക്കാരുമായവരിലേക്ക് വരുമാനം എത്തുന്നതുമായ ഈ പദ്ധതിക്കുള്ള വിഹിതം കുറെക്കൂടി വർധിപ്പിക്കേണ്ടതായിരുന്നു.

തൊഴിലില്ലായ്മാ നിരക്ക് ചരിത്രത്തിലെ ഏറ്റവും കൂടിയ നിലയിലേക്ക് കുതിച്ച സാഹചര്യവും അത് തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതികൂലമായി ബാധിച്ചതുമാവണം അടുത്ത 5 വർഷംകൊണ്ട് 5 പദ്ധതികളിലായി 4 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ചത്. ഏറ്റവും മികച്ച 500 കമ്പനികളിലായി 5 വർഷം കൊണ്ട് ഒരു കോടി ചെറുപ്പക്കാർക്ക് ഇന്‍റേൺഷിപ്പ് ഒരുക്കും എന്നതാണ് ഒരു പദ്ധതി. സർക്കാരിന്‍റെ ഭാഗിക സഹായത്തോടെയാണെങ്കിലും ഇത്രയധികം തൊഴിലവസരങ്ങൾ ഒരുക്കാൻ സ്വകാര്യമേഖല തയാറാകുമോ എന്നത് കണ്ടറിയേണ്ട കാര്യം. പ്രതിവർഷം 2 കോടി തൊഴിലെന്ന് 2014ൽ മോദി സർക്കാർ ആദ്യം അധികാരത്തിലേറിയപ്പോൾ നടത്തിയ പ്രഖ്യാപനത്തിന്‍റെ ഗതി തന്നെയാകുമോ ഇതിന് എന്നാണ് ഉറ്റുനോക്കുന്നത്.

വൻകിട കോർപ്പറേറ്റുകളോടു കേന്ദ്ര സർക്കാർ പുലർത്തുന്ന കരുതലും പ്രീണനവും ഈ ബജറ്റിലും ധനമന്ത്രി മറച്ചുവച്ചില്ല. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 40ൽ നിന്ന് 35% ആയി കുറച്ചു കൊണ്ടാണ് ഈ പ്രീണന നയം പ്രകടമാക്കിയത്. അതിന് ഉപോൽബലകമായി വിദേശ നിക്ഷേപം ആകർഷിക്കാനാണെന്ന ന്യായവാദവും. 2019ൽ ഇന്ത്യൻ കമ്പനികളുടെ കോർപ്പറേറ്റ് നികുതി 30ൽ നിന്ന് 22% ആയി കുറച്ചിരുന്നു.

അതേസമയം സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്ന വിലക്കയറ്റമടക്കമുള്ള കാര്യങ്ങളിൽ നടപടികളുടെ അഭാവം നിഴലിക്കുകയും ചെയ്യുന്നു. ഭക്ഷ്യോൽപ്പന്ന വിലക്കയറ്റം 9%, പച്ചക്കറികളുടെത് 30%. ഇത് നേരിടാൻ യുദ്ധ കാലടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്. ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർന്നതോതിൽ തുടരുന്നതിന് പ്രധാന കാരണമെന്നും വിലയിരുത്തപ്പെടുന്നു.

കേരളം പാടെ അവഗണിക്കപ്പെട്ടു. ആവശ്യപ്പെട്ടതൊന്നും ബജറ്റ് പ്രസംഗത്തിൽ ഉണ്ടായില്ല. അർഹിക്കുന്നതിൽ പോലും ചുവപ്പുകാർഡ്! ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം തന്നെ കളഞ്ഞു കുളിക്കുന്ന പരിഹാസ്യ നടപടി. ഇന്ത്യ എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനി എന്നാണോ ഇവർക്കാവുക! റെയ്‌ൽവേയുടെ കാര്യത്തിലും കേരളത്തിന് ഈ സമീപനം തന്നെ. പാത ഇരട്ടിപ്പിക്കൽ അല്ലാതെ കാര്യമായ യാതൊരു പദ്ധതികളുമില്ല. കുറഞ്ഞ വിഹിതം കിട്ടിയവരിൽ മൂന്നാമതാണ് കേരളത്തിന്‍റെ സ്ഥാനം.

റിസർവ് ബാങ്കിൽ നിന്നുള്ള റെക്കോഡ് ലാഭവിഹിതം ഉയർന്ന പ്രത്യക്ഷ നികുതി വരുമാനം എന്നിവ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്‍റെ വരുമാനം വർദ്ധിച്ചുവരുന്ന സാഹചര്യം നിലനിൽക്കേയാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി ക്ഷേമ - സാമൂഹ്യ മേഖലകളുടെ വിഹിതം കൂട്ടാൻ സർക്കാർ സന്മനസ് കാട്ടിയില്ലെന്നതു അക്ഷന്തവ്യമായ അപരാധം തന്നെയാണ്.

എന്തായാലും ധനമന്ത്രി നിർമലാ സീതാരാമന് വ്യക്തിപരമായി ഇത് അഭിമാന നിമിഷം തന്നെ. തുടർച്ചയായി ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി എന്ന ബഹുമതിക്ക് അവർ ഈ ഏഴാം വട്ട ബജറ്റ് പ്രസംഗത്തിലൂടെ അർഹയായി. തുടർച്ചയായി 6 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോഡാണ് അവർ മറികടന്നത്. മറ്റൊരു റെക്കോർഡ് കൂടി അവരുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയ ധനകാര്യ മന്ത്രി. 2020-21 സാമ്പത്തിക വർഷം നടത്തിയ ബജറ്റ് പ്രസംഗമാണ് നിർമല സീതാരാമന് ഈ ബഹുമതി സമ്മാനിച്ചത്. 162 മിനിറ്റ് നീണ്ട പ്രസംഗമാണ് അന്നവർ നടത്തിയത്.

എന്നാൽ ഈ റെക്കോഡുകൾക്കപ്പുറത്ത് വികസന, സാമൂഹ്യ - ക്ഷേമ മേഖലകളിൽ ഈ ബജറ്റ് എങ്ങനെ പ്രതിഫലിക്കപ്പെടും എന്നതിനെ ആശ്രയിച്ചായിരിക്കും ധനമന്ത്രിയുടെ മികവും യശസും ഖ്യാതിയുമെല്ലാം വിലയിരുത്തപ്പെടുക.

Trending

No stories found.

Latest News

No stories found.