സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുകയും ഇന്ധന വിലയിൽ സെസായി രണ്ടു രൂപ വർധിപ്പിക്കുകയും ചെയ്തതിനെതിരേ സംസ്ഥാനത്ത് തീപ്പൊരി പായിച്ച്, അതിശക്തമായ സമരം നടത്തുമെന്ന് കോൺഗ്രസും യുഡിഎഫും അഭിപ്രായപ്പെട്ടിരുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി പറഞ്ഞു; ഈ സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ജനകീയ സമരം നടത്തുമെങ്കിലും ഹർത്താൽ ഉണ്ടാവില്ല എന്ന്. കെപിസിസി പ്രസിഡന്റ് ഇങ്ങിനെയാരു നിലപാടെടുത്തതിനെക്കുറിച്ച് ജ്യോത്സ്യന് ഒരു കാഴ്ചപ്പാടുണ്ട്.
വണ്ടികൾ തടഞ്ഞും, കടകൾ അടപ്പിച്ചും, ജനജീവിതം ദുഃസഹമാക്കുന്ന ഹർത്താൽ രാഷ്ട്രീയ പാർട്ടികളുടെ അക്രമം ഭയന്നാണ് വിജയിക്കുന്നത്. ഏതാനും കരിങ്കൽ ചീളുകൾ ഉണ്ടെങ്കിൽ ആളില്ലാ പാർട്ടിക്കു പോലും ഒരു ഹർത്താൽ വിജയപ്രദമാക്കാം.
ഏതാനും മാസം മുമ്പ് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ അക്രമാസക്തമാവുകയും പൊതുമുതൽ വൻതോതിൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ, കേസിൽ ഉൾപ്പെട്ട പ്രതികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനും അവരുടെ ജാമ്യം റദ്ദാക്കാനും ഹൈക്കോടതി ശക്തമായ നടപടിയെടുക്കുകയുണ്ടായി. ഇന്ത്യയിലെ ഒരു നീതിന്യായ പീഠവും എടുക്കാത്ത അതിശക്തമായ നിലപാടാണ് കേരള ഹൈക്കോടതി എടുത്തത്. പൊതു സമൂഹവും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ചെറിയ പിശക് ഉണ്ടായത് പ്രതികളിൽ ചിലരെങ്കിലും ഈ ഹർത്താലിൽ പങ്കെടുത്തിരുന്നില്ല എന്നതാണ്. എന്നാൽ ഹൈക്കോടതിയുടെ ഒരു മുന്നറിയിപ്പായിരുന്നു ഇത്.
കെപിസിസി പ്രസിഡന്റ് പറഞ്ഞതിന്റെ പൊരുൾ ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. സഹപ്രവർത്തകർ ഹർത്താലുമായി ഇറങ്ങിത്തിരിച്ചാൽ ഹൈക്കോടതിയുടെ കരങ്ങൾ നീളുന്നത് തന്നിലേക്കായിരിക്കുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. ഇന്നത്തെ യുഡിഎഫ് കൺവീനറായ എം.എം. ഹസൻ 10 വർഷം മുമ്പ് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനടുത്ത് 24 മണിക്കൂർ നീണ്ട ഒരു നിരാഹാരം നടത്തി, അന്നേ പറഞ്ഞതാണ് കോൺഗ്രസ് ഇനി ഹർത്താലിനെതിരാണ് എന്ന്. അതിനുശേഷവും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ പല ഹർത്താലുകളും മിന്നൽ പണിമുടക്കുകളും ഇവിടെ നടന്നുവെന്നതാണ് സത്യം. താടിയുള്ള അപ്പൂപ്പനെ പേടിയുണ്ട് എന്നാണ് സുധാകരനും സുഹൃത്തുക്കളും ഇപ്പോൾ എടുത്ത തീരുമാനം സൂചിപ്പിക്കുന്നത്. "കോൺഗ്രസുകാർ ഹർത്താൽ പ്രഖ്യാപിച്ചാൽ കൈയിൽ കല്ലില്ലെങ്കിൽ അടച്ച കടയും തുറക്കാം' എന്ന് ഏതോ ഒരു സോഷ്യൽ മീഡിയ തമാശയായി സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു..!
മറ്റൊരു വിചിത്ര സംഭവമുണ്ടായത് സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ മുഖ്യമന്ത്രിയുടെ നേർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ വന്ന സംഭവങ്ങളാണ്. മുഖ്യമന്ത്രി വന്നിറങ്ങുന്നതിനു മുമ്പ് തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസുകാർ പലേടത്തും പൊക്കിയെറിയുന്ന ചിത്രങ്ങൾ പല പത്രങ്ങളിലും കണ്ടു.
മറ്റൊരു ചിത്രം കണ്ടത്, തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്ന് കൊച്ചി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച ആഗോള എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കൊപ്പം നർമം പങ്കിട്ടു കൊണ്ട് പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും എറണാകുളം എംപി ഹൈബി ഈഡന്റേതുമാണ്.
പ്രതിപക്ഷ നേതാവിന് എന്താ ഇങ്ങനെ ഒരു മനം മാറ്റം? ഏതാനും ആഴ്ചകൾക്ക് മുമ്പ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഇൻഡസ്ട്രിയൽ മേള പ്രതിപക്ഷം ബഹിഷ്കരിച്ചതാണ്. കാരണം ആലപ്പുഴ മെഡിക്കൽ കോളെജിൽ പുതിയൊരു വാർഡ് തുറന്നപ്പോൾ ആലപ്പുഴ മുൻ എംപിയും, എഐസിസി സംഘടനാ സെക്രട്ടറിയും, ഇപ്പോൾ രാജ്യസഭാംഗവുമായ കെ.സി. വേണുഗോപാലിനെ ക്ഷണിച്ചില്ല എന്നായിരുന്നു പരാതി. ആലപ്പുഴ നഗരം മുഴുവൻ വേണുഗോപാലിന്റെ ചിത്രം വച്ച് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. വേണുഗോപാലിനെ അപമാനിച്ച സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കുകയില്ല എന്നായിരുന്നു അന്ന് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.
എന്നാൽ ജനങ്ങളെ പിഴിഞ്ഞ സർക്കാരിനെതിരെ സമരം നടത്തി, പൊലീസുകരുടെ കൈയാങ്കളിക്ക് വിധേയരായ സഹപ്രവർത്തകരെ മറന്ന്, പൊലീസിന്റെ തലോടലിന് അനുവാദം നൽകിയ മുഖ്യനോടൊപ്പം വേദി പങ്കിട്ട് പൊട്ടിച്ചിരിക്കാൻ ഇവർക്കെല്ലാം എങ്ങനെ സാധിക്കുന്നു എന്നാണ് പോതുജനം ചോദിക്കുന്നത്.
"തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും' എന്ന ഒറ്റ ഉത്തരമാണ് ജ്യോത്സ്യന്റെ മറുപടി..!