പലപ്പോഴും ഭരണകർത്താക്കളുടെ അന്തകരായി മാറുന്നത് ഉദ്യോഗസ്ഥന്മാരാണ്. കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ പിഴവു കൊണ്ട് മന്ത്രിസഭകൾ തന്നെ വീണേക്കാം. അതിനൊരു ഉദാഹരണമാണ് കെ. കരുണാകരന്റെ പതനത്തിന് കാരണമായ രാജൻ കേസ്.
രാജൻ എന്ന കോളെജ് വിദ്യാർഥി നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പഠിച്ചിരുന്ന കോഴിക്കോട് റീജ്യണൽ എൻജിനീയറിങ് കോളെജിൽ നിന്നും അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി ഉരുട്ടിക്കൊന്നത്. പക്ഷേ അത് പുറംലോകം അറിഞ്ഞിരുന്നില്ല. രാജന്റെ പിതാവ് പ്രൊഫ. ഈച്ചര വാരിയർ ഹേബിയസ് കോർപ്പസ് ഹർജി കോടതിയിൽ കൊടുത്തു. അങ്ങനെ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ഉപദേശമനുസരിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരൻ സത്യവാങ്മൂലം നൽകുകയും ചെയ്തു.
കരുണാകരന്റെ അടുത്ത സുഹൃത്തുക്കളായ ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചത്. കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനു മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് പുറത്തു വന്നത്, രാജനെ പൊലീസ് ക്യാംപിൽ കൊണ്ടുപോയി ഉരുട്ടിക്കൊന്ന് ഡാമിലെ വെള്ളത്തിൽ താഴ്ത്തിയെന്നാണ്.
മറ്റൊന്ന് ഐഎസ്ആർഒ ചാരക്കേസാണ്. അതിലും കെ. കരുണാകരൻ വിശ്വസിച്ചത് ഉദ്യോഗസ്ഥരെയാണ്. പിന്നീട് വന്ന പാമോയിൽ അഴിമതിക്കേസിൽ പ്രിൻസിപ്പൽ സെക്രട്ടറി പത്മകുമാറിനെ വിശ്വസിച്ചാണ് കരുണാകരൻ തീരുമാനമെടുത്തത്. പക്ഷേ രൂപയും ഡോളറും തമ്മിലുള്ള വില മാറ്റം കരുണാകരന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ പത്മകുമാറിന് കഴിഞ്ഞില്ല. അതും ഒരു കേസ് ആയി മാറി.
മുഖ്യമന്ത്രി പിണറായി വിജയനും കെ. കരുണാകരനെ പോലെ നല്ലൊരു ഭരണാധികാരിയാണ്. കൂടെ നിൽക്കുന്നവർക്കു വേണ്ടി തല തന്നെ കൊടുക്കും. അടുത്ത കാലത്ത് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനുണ്ടായ രാഷ്ട്രീയ മുന്നേറ്റത്തിന് കാരണം പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കഴിവുകേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കുന്നത് നല്ലതാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ വിഷമിക്കുന്ന സന്ദർഭത്തിലാണ് ഭീകരവാദിയെ പിടിക്കുന്നത് പോലെ പൊലീസ് സംഘം രാഹുൽ മാങ്കൂട്ടത്തിന്റെ വീട്ടിൽ അതിരാവിലെ ഇടിച്ചു കയറിയത് . അതോടെ രാഹുലിന്റെ ശുക്രദശ ആരംഭിച്ചു. എതിർത്തവരും പിന്തുണച്ചവരും ഒറ്റക്കെട്ടായി രാഹുലിന് ജയ് വിളിച്ചു. അവസാനം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെ വിരോചിതമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇനിയങ്ങോട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ ദിനങ്ങളാണ്. അതിന് അറിഞ്ഞോ അറിയാതെയോ സഹായിച്ചത് കേരള പൊലീസാണ്.
അതുപോലെ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിനെതിരെ കണ്ണൂരിൽ പ്രതികരിച്ച ഒരു പെൺകുട്ടിയുടെ തലമുടി പൊലീസ് ചവിട്ടിപ്പിടിച്ചത് ഫോട്ടൊ സഹിതം പത്രത്തിൽ വന്നു. വളരെ പരിണിതപ്രജ്ഞരായ പൊലീസുകാരാണ് കേരളത്തിലുള്ളത്. ഏതൊരു സമരവും വിജയിപ്പിക്കുന്നതും തോൽപ്പിക്കുന്നതും അവരാണ്. ജല പീരങ്കിയും ലാത്തി ചാർജും സമരക്കാരുടെ വീര്യം വർധിപ്പിക്കുകയേയുള്ളൂ. കഴിയുമെങ്കിൽ യാതൊരു ഉപദ്രവം കൂടാതെ സമരക്കാരെ നേരിടണം. അത് ഒരു പ്രത്യേക കഴിവാണ്.
ഭൂമിയുടെ തരംതിരിവ്, തീരദേശ പരിപാലന നിയമം, മലയോരങ്ങളിലെ പട്ടയ വിതരണം എന്നിവയെല്ലാം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളാണ്. അതെല്ലാം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പരിഹരിക്കേണ്ടത് ഉദ്യോഗസ്ഥന്മാരാണ്. പിണറായി വിജയൻ മന്ത്രിസഭയിൽ ഉദ്യോഗസ്ഥരെക്കുറിച്ച് വലിയ അഴിമതി ആരോപണങ്ങലില്ല. കുട്ടി സഖാക്കൾ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നു എന്ന പരാതിയുമില്ല. പക്ഷെ ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് എന്ന രീതിയിലുള്ള ഉദ്യോഗസ്ഥരുടെ സമീപനം സർക്കാരിന് വളരെയധികം തലവേദനയുണ്ടാക്കുന്നുണ്ട്.
മറിയാമ്മമാരെ സൃഷ്ടിക്കുന്നതും ഉദ്യോഗസ്ഥരാണ്. പാവപ്പെട്ടവരുടെ പട്ടിണി ഒരു പരിധി വരെ ഇല്ലാതാക്കുന്നത് പെൻഷനുകളാണ്. പെൻഷൻ വിതരണം താറുമാറാക്കരുത്. സപ്ലൈകോയിലൂടെ അവശ്യ സാധനങ്ങളുടെ വിതരണം, സർക്കാർ ആശുപത്രിയിലെ മനുഷ്യത്വപരമായ പെരുമാറ്റം തുടങ്ങിയവയെല്ലാം സർക്കാരും ജനങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങളുടെ പാലങ്ങളാണ്. അത് ബലപ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉറക്കമൊഴിച്ച് ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ജനപ്രിയ തീരുമാനങ്ങളെടുത്ത് നടപ്പാക്കിയില്ലെങ്കിൽ ഇതൊരു ജനവിരുദ്ധ സർക്കാരായി മാറും എന്നാണ് ജോത്സ്യന് പറയാനുള്ളത്.