നീതു ചന്ദ്രൻ
അസൈൻമെന്‍റും പരീക്ഷകളും ക്ലാസും ഒപ്പം പാട്ടും ഡാൻസും സൗഹൃദവും ഒക്കെയായി അങ്ങനെ കളർഫുള്ളായി നിൽക്കുന്ന ക്യാംപസിൽ നിന്നു ഭയത്തിന്‍റെയും തീരാത്ത ആശങ്കയുടെയും ഇരുളിമ പടർന്ന വനാതിർത്തികളിലേക്ക് എത്തിയ 15 വിദ്യാർഥികൾ. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ മനുഷ്യ - വന്യമൃഗ സംഘർഷത്തിന്‍റെ കാരണങ്ങളും പ്രശ്നങ്ങളും അടക്കം, വനത്തിനും മനുഷ്യർക്കും ഒരു പോലെ ഫലപ്രദമാകുന്ന അനവധി അനുഭവങ്ങളുടെയും വിവരങ്ങളുടെയും ശേഖരവുമായാണ് ആ സ്റ്റുഡന്‍റ് സയന്‍റിസ്റ്റുകൾ മടങ്ങിയെത്തിയത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്‍റെ നേതൃത്വത്തിൽ കാലടി ശ്രീശങ്കര കോളെജിലെ വിദ്യാർഥികളാണ് വനാതിർത്തികളിലെ വീടുകളിൽ നേരിട്ടെത്തി മനുഷ്യ - വന്യമൃഗ സംഘർഷത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശേഖരിച്ചത്.
കാടിന്‍റെ സൗന്ദര്യവും മാസ്മരികതയും പകർത്തി വയ്ക്കുന്ന റീലുകളിൽ നിന്നു തികച്ചും വിഭിന്നമായി, വനാതിർത്തിയിലെ പച്ചയായ ജീവിതങ്ങളിലേക്ക് ന്യൂജനറേഷന്‍റെ ഒരു യു ടേൺ... വനാതിർത്തിയിലുള്ളവരുമായി സംസാരിച്ചപ്പോൾ, അവർ നിത്യേന അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു മനസിലാക്കിയപ്പോൾ, കാട്ടിലേക്കുള്ള യാത്ര എന്ന എക്സൈറ്റ്മെന്‍റ് മറ്റൊരു തലത്തിലുള്ള അനുഭവമായി മാറുകയായിരുന്നുവെന്ന് സ്റ്റുഡന്‍റ് സയന്‍റിസ്റ്റുകളിൽ ഒരാളായ മീനാക്ഷി പറയുന്നു.
വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി ശ്രീശങ്കര കോളെജിൽ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് സി.പി. അർജുൻ നടത്തിയ ബോധവത്കരണ ക്ലാസാണ് വിദ്യാർഥികളെ സർവേയിലേക്ക് നയിച്ചത്. സുവോളജിയിലും ബോട്ടണിയിലുമായി വിഷയത്തോട് താത്പര്യം തോന്നിയ 15 പേർക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് നേരിട്ട് പരിശീലനം നൽകി.
അങ്ങനെ രാജലക്ഷ്മി ഷാജി, എം.എൻ. അസ്നിത, അഭിരാമി വിജയൻ, ശിൽപ്പ എസ്. ബാബു, അമൽ ചന്ദ്രൻ, എൻ.ബി. അദ്വൈത്, മേഘ്ന ബെന്നി, ബെസ്റ്റിൻ ബൈജു, എം. മീനാക്ഷി, ബി. ദേവിക, അദ്വൈത് ബാബു, റിത അൻവർ, മിഖില ബെന്നി എന്നിവരടങ്ങുന്ന സംഘം വനാതിർത്തികളിലെ താമസക്കാരുടെ പ്രശ്നങ്ങളിലേക്ക് യാത്ര തുടങ്ങി.
വാർത്തകളിലും മറ്റും കണ്ടിട്ടുള്ളതിനാൽ വന്യമൃഗ - മനുഷ്യ സംഘർഷത്തെക്കുറിച്ചുള്ള ചെറിയൊരു രൂപരേഖ ഉള്ളിലുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷിച്ചതിനെക്കാൾ തീക്ഷ്ണതയേറിയ അനുഭവങ്ങളാണ് പലരും പങ്കുവച്ചതെന്ന് രാജലക്ഷ്മി. കൃത്യത ഉറപ്പാക്കാൻ പൂർണമായും കടലാസ് ഒഴിവാക്കി ഡിജിറ്റലായാണ് സർവേ നടത്തിയതെന്ന് കൺസർവേഷൻ ബയോളജിസ്റ്റ് അർജുൻ.
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ കുറ ശ്രീനിവാസ് ഐഎഫ്എസ്, എഡിസിഎഫ് സന്തോഷ് കുമാർ ഐഎഫ്എസ്, കാലടി ശ്രീ ശങ്കര കോളെജ് സുവോളജി വിഭാഗം മേധാവി ഡോ. സമ്പത്ത് കുമാർ എന്നിവർ പിന്തുണ വിദ്യാർഥികളുടെ ഉദ്യമത്തിനു കരുത്ത് പകർന്നു.
സാധാരണ രീതിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് സർവേ നടത്താറുള്ളത്. എന്നാൽ, വനം വകുപ്പിനോടുള്ള മുൻധാരണ പലപ്പോഴും ഡേറ്റ ശേഖരിക്കുന്നതിൽ വിഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് പരീക്ഷണാർഥത്തിലാണ് വിദ്യാർഥികളുടെ സർവേ എന്ന പദ്ധതി മുന്നോട്ടുവച്ചത്. ഒരു പക്ഷവും പിടിക്കാത്ത കൃത്യമായ ഡേറ്റ ലഭിക്കാൻ അതു സഹായകമായി.
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഡിഎഫ്ഒ കുറ ശ്രീനിവാസ് ഐഎഫ്എസ്, എഡിസിഎഫ് സന്തോഷ് കുമാർ ഐഎഫ്എസ്, കാലടി ശ്രീ ശങ്കര കോളെജ് സുവോളജി വിഭാഗം മേധാവി ഡോ. സമ്പത്ത് കുമാർ എന്നിവർ പിന്തുണ വിദ്യാർഥികളുടെ ഉദ്യമത്തിനു കരുത്ത് പകർന്നു.
മൂന്നു പേർ വീതം അടങ്ങുന്ന അഞ്ച് ടീമുകളായാണ് സംഘം വനാതിർത്തിയിലെ താമസർക്കാർക്കരികിലെത്തിയത്. വാർത്തകളിൽ മാത്രം കണ്ടു പരിചയമുള്ള പ്രശ്നങ്ങളുടെ ആഴം മനസിലായത് അവരുമായി സംസാരിച്ചപ്പോഴാണെന്ന് പറയുന്നു രാജലക്ഷ്മി.
''അവരിങ്ങനെ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ദിവസേനയെന്നോണം കാടിറങ്ങി വരുന്ന വന്യമൃഗങ്ങൾ മൂലം പ്രശ്നത്തിലാകുന്നവരുണ്ട്. കുരങ്ങനും ആനയും മലയണ്ണാനും കാട്ടു പന്നിയും കൃഷിയും മറ്റു വസ്തു വകകളും നശിപ്പിക്കുന്നതും പ്രദേശവാസികളെ ആക്രമിക്കുന്നതും അടക്കം അറ്റമില്ലാത്തത്ര പ്രശ്നങ്ങൾ. എൻഎസ്എസുമായി ബന്ധപ്പെട്ട് ചില സർവേകൾ നടത്തിയിരുന്നെങ്കിലും വന്യമൃഗസംഘർഷവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് പ്രവർത്തിക്കുന്നത്'', മറ്റൊരു വിദ്യാർഥിയായ മീനാക്ഷി പറയുന്നു.
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനു കീഴിൽ സംഘർഷ ബാധിത പ്രദേശമായി കണക്കാക്കുന്ന കാലടി റേഞ്ചിനു കീഴിലുള്ള ഫോറസ്റ്റ് സ്റ്റേഷനുകളായ കണ്ണിമംഗലം, കാരക്കാട്; കോടനാട് റേഞ്ചിനു കീഴിലുള്ള മേക്കപ്പാല എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. 229 വീടുകൾ ഇതിൽ ഉൾപ്പെട്ടു. പ്രധാനമായും കർഷകരാണ് ഈ മേഖലയിലെ താമസക്കാർ. വാഴ, റബർ, കപ്പ എന്നിവയാണ് പ്രധാന കൃഷി. ഇവയെല്ലാം വന്യജീവികളെ ആകർഷിക്കുന്നവയുമാണ്. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ, മ്ലാവ്, പുലി എന്നിവയാണ് പ്രധാനമായും നാട്ടിലിറങ്ങി മനുഷ്യർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നത്.
കാലടി റേഞ്ചിനു കീഴിലുള്ള ഫോറസ്റ്റ് സ്റ്റേഷനുകളായ കണ്ണിമംഗലം, കാരക്കാട്; കോടനാട് റേഞ്ചിനു കീഴിലുള്ള മേക്കപ്പാല എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്.
കോബോ കളക്റ്റ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡേറ്റ ശേഖരിച്ചത്. മനുഷ്യ - വന്യജീവി സംഘർഷത്തിനു നിരവധി കാരണങ്ങളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നതെന്ന് മീനാക്ഷി. അതിൽ ഏറ്റവും കൂടുതൽ പേർ ചൂണ്ടിക്കാണിക്കുന്നത്, വനത്തിലെ ഭക്ഷ്യവസ്തുക്കൾ കുറയുന്നു എന്നതാണ്. ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനവും, വന്യജീവികളുടെ എണ്ണം വർധിക്കുന്നതും ഇടമലയാർ കനാലിന്‍റെ നിർമാണവുമെല്ലാം കാരണങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കുന്നുണ്ട്. കാട്ടിലെ വേട്ടയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലമാണ് വന്യജീവികൾ അനിയന്ത്രിതമായി പെരുകുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആനയിറങ്ങുന്ന പാതയിലൂടെയായിരുന്നു വിദ്യാർഥി സംഘത്തിന്‍റെ യാത്ര. അതുകൊണ്ടു തന്നെ വൈകിട്ട് നാല് മണിക്കു മുൻപേ സർവേ അവസാനിപ്പിച്ചു മടങ്ങും. അങ്ങനെ മൂന്നോ നാലോ ആഴ്ചകൾ കൊണ്ടാണ് സർവേ പൂർണമാക്കിയത്. എങ്ങനെ സംസാരിക്കണമെന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ മുൻകൂട്ടി ധാരണ നൽകിയിരുന്നു.
ഉൾവനത്തോടു ചേർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പം ചേർന്നു. ചിലപ്പോൾ പ്രദേശവാസികൾ ദേഷ്യപ്പെട്ട് സംസാരിക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഒന്നോ രണ്ടോ മേഖലകളിലുള്ളവർ മാത്രമേ സഹകരിക്കാൻ ബുദ്ധിമുട്ട് കാണിച്ചുള്ളൂ. ബാക്കിയെല്ലാവരും നല്ല രീതിയിൽ തന്നെ സർവേയുമായി സഹകരിച്ചിരുന്നുവെന്ന് റിത പറയുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്ന വിധം കൃത്യതയോടെയും ഊർജസ്വലതയോടെയുമാണ് വിദ്യാർഥികൾ സർവേ പൂർത്തിയാക്കിയത്.. വനം വകുപ്പിന്‍റെ അനുമോദനത്തിനുമപ്പുറം, സർവേയിൽ നിന്നുള്ള കണ്ടെത്തലുകൾ മനുഷ്യ - വന്യജീവി സംഘർഷത്തിൽ അയവു വരുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.