ദ്രാവിഡ രാഷ്‌ട്രീയത്തിലെ ഒറ്റയാൻ

ജയലളിതയ്ക്കും കരുണാനിധിയ്ക്കും ഒരു വെല്ലുവിളിയെന്ന പോലെ വിജയകാന്ത് ഉയർന്നു വന്നു.
വിജയകാന്ത്
വിജയകാന്ത്
Updated on

നീതു ചന്ദ്രൻ

രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വിജയകാന്തിന്‍റെ പ്രഖ്യാപനം വരുന്നത് 2005ലാണ്. യഥാർഥ രാഷ്‌ട്രീയ പ്രവേശനം സംഭവിക്കാൻ ഒരു വർഷം കൂടി വേണ്ടി വന്നു. അതു പക്ഷേ മറ്റാരെയും ആശ്രയിക്കാതെയായിരുന്നു. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന പുതിയൊരു പാർട്ടിയുമായി വിജയകാന്ത് എത്തുമ്പോൾ, സിനിമയും രാഷ്‌ട്രീയവും ഇഴചേർന്നു കിടക്കുന്ന തമിഴ്‌നാട്ടിൽ അതു പുതുമയൊന്നുമായിരുന്നില്ല. അതുവരെ തമിഴകത്തെ സ്വന്തമാക്കി വച്ചിരുന്ന ഡിഎംകെയും അണ്ണാ ഡിഎംകെയും പുതിയ പാർട്ടിയെ ആദ്യമൊന്നും കാര്യമായെടുത്തതുമില്ല.

എന്നാൽ, തെരഞ്ഞെടുപ്പിൽ വിജയകാന്തിന്‍റെ വ്യക്തിപ്രഭാവം ഇരു പാർട്ടികളെയും ഒന്ന് ഉലയ്ക്കാൻ പ്രാപ്തിയുള്ളതായിരുന്നു. ഡിഎംഡികെ രൂപീകരിച്ച ശേഷം വരുന്ന ആദ്യ തെരഞ്ഞെടുപ്പ് 2006ലാണ്. അന്ന് നിയമസഭയിലെ എല്ലാ സീറ്റിലേക്കും വിജയകാന്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഫലം വന്നപ്പോൾ വിജയകാന്ത് ഒഴികെ എല്ലാവരും പരാജയപ്പെട്ടു. പക്ഷേ, വോട്ട് ശതമാനം കണക്കാക്കിയപ്പോൾ ഇരു ദ്രാവിഡപാർട്ടികളും ഒന്നു ഭയന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 8.38 ശതമാനം വോട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ 10.3 ശതമാനം വോട്ടുമാണ് വിജയകാന്തും കൂട്ടരും സ്വന്തമാക്കിയത്.

അതോടെ ജയലളിതയും കരുണാനിധിയും മയക്കത്തിൽ നിന്നുണർന്നു. തമിഴ്നാട്ടിലെ പ്രബല രാഷ്‌ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ ഡിഎംഡികെ എണ്ണപ്പെട്ടു തുടങ്ങി. ജയലളിതയ്ക്കും കരുണാനിധിയ്ക്കും ഒരുപോലെ വെല്ലുവിളിയായി വിജയകാന്ത് ഉയർന്നു വന്നു. പാർട്ടിയിലേക്ക് സംഭാവന എന്നൊന്നില്ല എന്നതായിരുന്നു ഡിഎംഡികെയുടെ വ്യത്യസ്തത. പാർട്ടിക്ക് ആവശ്യമായ പണം മുഴുവൻ വിജയകാന്ത് തന്നെയാണ് നൽകിയിരുന്നത്.

ഡിഎംഡികെ മത്സരരംഗത്തുണ്ടായിരുന്നതിനാലാണ് തങ്ങൾക്ക് 2006ലും 2009ലും പരാജയം നേരിട്ടതെന്ന് അണ്ണാ ഡിഎംകെ പ്രവർത്തകർ വിശ്വസിച്ചു. അങ്ങനെയാണ് വിജയകാന്തുമായൊരു സഖ്യം എന്ന മാർഗത്തിലേക്ക് ജയലളിത എത്തിച്ചേരുന്നത്. ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ. ശശികലയാണ് സഖ്യത്തിനു വേണ്ടി ശ്രമിച്ചവരിൽ പ്രധാനി.

അതിനിടെ മധുര സെൻട്രൽ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ഡിഎംഡികെ 17,000 വോട്ടുകൾ സ്വന്തമാക്കി. ഡിഎംഡികെയേക്കാൾ വെറും 2,000 വോട്ട് മാത്രമാണ് അണ്ണാ ഡിഎംകെയ്ക്ക് അധികമായി ലഭിച്ചിരുന്നുള്ളൂ. ഇതോടെ ജയലളിത അയഞ്ഞു തുടങ്ങി. ഒടുവിൽ 2011ൽ വിജയകാന്ത് അണ്ണാ ഡിഎംകെയ്ക്കൊപ്പം നിന്നു. മത്സരിച്ച 41 സീറ്റിൽ 29ലും വിജയിച്ച് അത്തവണ ഡിഎംകെയെ തകർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. അതോടെ തമിഴ്നാടിനെ ഭരിക്കേണ്ടവർ ആരെന്നു തീരുമാനിക്കുന്ന യഥാർഥ ക്യാപ്റ്റൻ എന്ന നിലയിലേക്ക് വിജയകാന്ത് വളരുകയായിരുന്നു.

നിയമസഭയിൽ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റ് ഡിഎംഡികെയ്ക്കാണ് അന്നു കിട്ടിയത്. ഔപചാരികമായി അണ്ണാ ഡിഎംകെ മുന്നണിയുടെ ഭാഗമല്ലാതിരുന്നതിനാൽ അത്തവണത്തെ പ്രതിപക്ഷനേതാവായി വിജയകാന്ത് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നിയമസഭയിൽ പല തവണ ജയലളിതയും വിജയകാന്തും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി. ആശയപരമായി ഒത്തു പോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ജയലളിതയുമായുള്ള കൂട്ടുകെട്ടിൽനിന്ന് വിജയകാന്ത് പിന്മാറി. പിന്നീട് വിജയകാന്തിന് തിരിച്ചടികളുടെ കാലമായിരുന്നു. 2014ൽ ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി. 2016ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ വിജയകാന്തിന്‍റെ രാഷ്ട്രീയ സ്വാധീനം അസ്തമിക്കാനും തുടങ്ങി. പക്ഷേ, തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ മുൻപും പിൻപും വന്ന തിരുനാവുക്കരശിനെയോ കമൽഹാസനെയോ പോലുള്ള ഒറ്റയാൻമാരെക്കാൾ വലിയ വ്യക്തിമുദ്ര പതിപ്പിക്കാൻ അതിനകം അദ്ദേഹത്തിനും സാധിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.