ആശങ്ക ഒഴിയാതെ തൃശൂർ പൂരം വെടിക്കെട്ട് Centre regulation puts Thrissur Pooram fireworks under threat
ആശങ്ക ഒഴിയാതെ തൃശൂർ പൂരം വെടിക്കെട്ട്Freepik - Representative image

ആശങ്ക ഒഴിയാതെ തൃശൂർ പൂരം വെടിക്കെട്ട്

നിബന്ധനയനുസരിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനത്തിനു പുറമേ തൃശൂർ റൗണ്ടിൽ പോലും വെടിക്കെട്ട് നടത്താനാകില്ല

സ്വന്തം ലേഖകൻ

തൃശൂർ: കേന്ദ്ര സർക്കാരിന്‍റെ പുതിയ ഉത്തരവ് പ്രാബല്യത്തിലായാൽ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് അരങ്ങേറുന്ന തൃശൂർ പൂരം വെടിക്കെട്ട് മുടങ്ങുമോയെന്ന ആശങ്കയിലാണ് പൂരപ്രേമികൾ. വെടിക്കെട്ടു പുരയിൽ നിന്ന്‌ 200 മീറ്റർ അകലെ വേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധനയാണു തൃശൂർ പൂരത്തിന് പ്രധാന വെല്ലുവിളി.

നിബന്ധനയനുസരിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനത്തിനു പുറമേ തൃശൂർ റൗണ്ടിൽ പോലും വെടിക്കെട്ട് നടത്താനാകില്ല. വെടിക്കെട്ടു പുരയിൽ നിന്നു വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം ഇതുവരെ 45 മീറ്ററായിരുന്നു. അവിടെ നിന്ന് 100 മീറ്റർ അകലത്താണ് ഇതുവരെ കാണികളെ അനുവദിച്ചിരുന്നത്. ഇത്തരത്തിൽ 145 മീറ്റർ ദൂരപരിധി പാലിച്ചാലും സ്വരാജ് റൗണ്ടിൽ കാണികൾക്ക് നിൽക്കാനാകില്ല.

നിയന്ത്രണങ്ങളിൽ ഇളവ് വേണം

തൃശൂർ പൂരം വെടിക്കെട്ടിന്‍റെ നിയന്ത്രണങ്ങളിൽ ഇളവു വേണമെന്നു തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. കേന്ദ്ര ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാറും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും പറഞ്ഞു.

നൂറ്റാണ്ടുകളായി കേരളത്തിൽ ആരാധനാലയങ്ങളുടെ ആചാരങ്ങളുടെയും സംസ്കാരത്തിന്‍റേയും ഭാഗമാണു കരിമരുന്ന് പ്രയോഗം. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വരുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനും യോജിപ്പില്ല

കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിട്ടുള്ള 35 നിയന്ത്രണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണെന്നു മന്ത്രി കെ. രാജൻ പ്രതികരിച്ചു. വെടിക്കെട്ടു പുരയിൽ നിന്നു കാണികൾ ഇനി 300 മീറ്റർ അകലെ നിൽക്കണം. ഇതനുസരിച്ചു വടക്കുന്നാഥ ക്ഷേത്ര മൈതാനവും സ്വരാജ്‌ റൗണ്ടും കടന്നു മാത്രമേ വെടിക്കെട്ട് കാണാൻ നിൽക്കാൻ കഴിയൂ. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിനു സമീപത്തോ, കോട്ടപ്പുറം പാലത്തിനു സമീപത്തോ കാണികൾക്കു നിൽക്കേണ്ടി വരും. 35 നിയന്ത്രങ്ങളിൽ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാവുകുന്നതാണ്. എന്നാല്‍ അഞ്ചു നിബന്ധനകള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്താണെന്നു മന്ത്രി വ്യക്തമാക്കി.

ഗുരുതര സ്ഥിതി വിശേഷം

തൃശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് പുറത്തിറക്കിയ നിയന്ത്രണരേഖകൾ ഗുരുതര സ്ഥിതി വിശേഷം സംജാതമാക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. പൂരം വെടിക്കെട്ട് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്ക് അന്തിമ രൂപം നൽകുമ്പോൾ ബന്ധപ്പെട്ട ദേവസ്വങ്ങളുടെ ഭാരവാഹികളും ജനപ്രതിനിധികളുമായി ചർച്ച ചെയ്തു തീരുമാനമെടുക്കണമെന്നു പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എ. പ്രസാദ് പ്രമേയം അവതരിപ്പിച്ചു.

കരാറുകാർ പ്രതിസന്ധിയിൽ

2008ലെ എക്സ്പ്ലോസീവ് നിയമത്തിലെ പുതിയ ഭേദഗതി പുറത്തു വന്ന സാഹചര്യത്തിൽ കേരള ട്രഡീഷണൽ ഫയർവർക്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ (കെടിഎഫ്ഡബ്യൂഎസ്) അടിയന്തര യോഗം ചേർന്നു. ഉത്സവ സീസൺ തുടങ്ങാനിരിക്കേ ഫയർവർക്സ് മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളെയും നടത്തിപ്പുകാരേയും വലിയ പ്രതിസന്ധിയിലാക്കുന്നതാണു കേന്ദ്ര സർക്കാരിന്‍റെ പുതിയ വിജ്ഞാപനം. നിലവിലെ നിയമത്തിൽ തന്നെ ഇളവുകൾ ആവശ്യപ്പെട്ടു നിവേദനങ്ങൾ നൽകി കാത്തിരിക്കുമ്പോഴാണ് ഇരുട്ടടി പോലെ തീർത്തും അപ്രായോഗികമായ പുതിയ നിബന്ധനകൾ വന്നിരിക്കുന്നത്. വിഷയം ചർച്ച ചെയ്യാൻ കേരളത്തിലെ പൂരം, വേല, പെരുന്നാൾ വെടിക്കെട്ട് കമ്മിറ്റികളെയും മറ്റു രാഷ്ട്രീയ പൊതുപ്രവർത്തകരെയും പങ്കെടുപ്പിച്ച് അടിയന്തര യോഗം ചേരുമെന്നു പ്രസിഡന്‍റ് രതീഷ് പാലക്കാട്, സെക്രട്ടറി സ്റ്റെഫിൻ ഫ്രാൻസിസ് തൃശൂർ, ട്രഷറർ സൂരജ് തൃശൂർ എന്നിവർ അറിയിച്ചു.

കേന്ദ്ര വിജ്ഞാപനം പുനഃപരിശോധിക്കണം

തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്‍റെ പുതിയ വിജ്ഞാപനം പുനഃപരിശോധിക്കണമെന്നു കെ. രാധാകൃഷ്‌ണൻ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചിട്ടുണ്ട്‌. പുതിയ സ്‌ഫോടക വസ്‌തു നിയമനുസരിച്ചു വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട്‌ നടത്താൻ സാധിക്കില്ല. പൂരവും വേലയും വെടിക്കെട്ടും ആനയും നാടിന്‍റേയും നാട്ടുകാരുടെയും വികാരമാണെന്നും എംപി പറഞ്ഞു.

ഉത്തരവ് റദ്ദാക്കണം

പൂരം നടത്തിപ്പ്‌ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ സ്ഫോടക വസ്തു നിയമത്തിൽ വരുത്തിയ ഭേദഗതി കേരളത്തിലെ പൂരങ്ങളെ പൊതുവിലും തൃശൂർ പൂരത്തെ വിശേഷിച്ചും ബാധിക്കുന്നതാണ്. വെടിക്കെട്ടു പുരയിൽ നിന്ന് 200 മീറ്റർ അകലെയായിരിക്കണം വെടിക്കെട്ട് നടത്തേണ്ടതെന്ന ഭേദഗതി തൃശൂർ പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

പൂത്തിരി കത്തിച്ച് പ്രതിഷേധം

തൃശൂർ കേന്ദ്ര സർക്കാർ വെടിക്കെട്ട് വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിയതിനെ തുടർന്ന് നൂറ്റാണ്ടുകളായി സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഉത്സവം, പൂരം എന്നീ വേളകളിൽ ആചാരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന വെടിക്കെട്ട് നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കേരള ബ്രാഹ്മണ സഭ ഉത്‌കണ്‌ഠ രേഖപ്പെടുത്തി. വ്യവസ്ഥകളിൽ അയവു വരുത്തണമെന്ന് ആവശ്യപ്പെട്ട് പൂത്തിരി, കമ്പിത്തിരി എന്നിവ പൂങ്കുന്നത്ത് ബ്രാഹ്മണ സഭാ മന്ദിരത്തിന് മുൻപിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ഡി.മൂർത്തി, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ, ടി.എസ് വിശ്വനാഥയ്യർ, പി. ശശിധരൻ നേതൃത്വം നൽകി.

മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയയ്ക്കും

ചട്ടം ഭേദഗതി തൃശൂര്‍പൂരം ഉള്‍പ്പെടെ സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബധിക്കുമെന്നാണ് സംസ്ഥാന മന്ത്രിസഭായോഗത്തിന്‍റെയും വിലയിരുത്തൽ. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാൻ തീരുമാനിച്ചു.

Trending

No stories found.

Latest News

No stories found.