വയനാട് ദുരന്തം: കേരളത്തെ പ്രതിക്കൂട്ടിലാക്കാൻ കേന്ദ്രം വിദഗ്ധസഹായം തേടുന്നു

കേരള സർക്കാരിന്‍റെ വീഴ്ച കാരണമാണ് ഉരുൾപൊട്ടലുണ്ടായതെന്നു സ്ഥാപിക്കാൻ ശാസ്ത്രലോകത്തിന്‍റെ പിന്തുണ ഉറപ്പിക്കാൻ ശ്രമം
വയനാട് ദുരന്തം: കേരളത്തെ വിമർശിക്കാൻ കേന്ദ്രം വിദഗ്ധരെ തേടുന്നു
വയനാട് ദുരന്തം: കേരളത്തെ വിമർശിക്കാൻ കേന്ദ്രം വിദഗ്ധരെ തേടുന്നു
Updated on

ന്യൂഡൽഹി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരള സർക്കാരിനെ വിമർശിച്ച് ലേഖനങ്ങൾ തയാറാക്കാൻ കേന്ദ്ര സർക്കാർ ശാസ്ത്ര രംഗത്തുനിന്നു വിദഗ്ധരെ തേടുന്നതായി റിപ്പോർട്ട്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ - PIB - ഇതിനായി മൂന്നു വ്യക്തികളെ ബന്ധപ്പെട്ടതായാണ് ഒരു ഇംഗ്ലിഷ് വാർത്താ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ശാസ്ത്രജ്ഞരെ കൂടാതെ ഗവേഷകരെയും മാധ്യമ പ്രവർത്തകരെയുമെല്ലാം പിഐബി ഈ ആവശ്യത്തിനായി അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ഇവർക്കു പ്രാഥമിക പരിശോധനയ്ക്കായി, പാരിസ്ഥിതിക രംഗത്ത് കേരളം വരുത്തിയ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന വിവരങ്ങളും കൈമാറുന്നുണ്ട്. ഈ വിഷയത്തിലുള്ള പഴയ റിപ്പോർട്ടുകളും പാറമടകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള രേഖകളും മറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്.

പാറമടകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ കേരള സർക്കാരിനുണ്ടായ വീഴ്ചയാണ് വയനാട് ദുരന്തത്തിനു കാരണമായതെന്നു സ്ഥാപിക്കാനാണ് ശ്രമം.

മന്ത്രിതലത്തിൽ തുടങ്ങിയ ശ്രമം

ഈ രീതിയിൽ കേന്ദ്ര പരിസ്ഥിതി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം കേരളത്തെ കുറ്റപ്പെടുത്തുന്ന വിധത്തിൽ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനു മുൻപ് പാർലമെന്‍റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയും കേരള സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലായിരുന്നു. എന്നാൽ, കേരളത്തിന് മുൻകൂർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന ഷായുടെ പ്രസ്താവന ശരിയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ തെളിയുകയും ചെയ്തിരുന്നു.

അമിത് ഷായും ഭൂപേന്ദർ യാദവും നടത്തിയ ഇടപെടലുകൾക്ക് ശാസ്ത്രീയ പിൻബലം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയും പിഐബിയെ ഉപയോഗിച്ച് ലേഖനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന.

അടിസ്ഥാനം മുൻ റിപ്പോർട്ടുകൾ

മുൻപ് തയാറാക്കിയ ഏഴ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതിയ ലേഖനങ്ങൾ തയാറാക്കാനാണ് നിർദേശം എന്നറിയുന്നു. വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതാണ് ഈ ഏഴ് റിപ്പോർട്ടുകൾ. പരിസ്ഥിതി ആഘാതം പഠിക്കാതെ പാറമടകൾക്ക് അനുമതി നൽകുന്നത്, അവയുടെ എണ്ണത്തിൽ നിയന്ത്രണമില്ലാത്തത്, പാറമടകളിലെ സ്ഫോടനങ്ങൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നത് എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഇതിൽ പരാമർശിക്കുന്നു.

2018ലെ മഹാപ്രളയത്തിനു ശേഷം കേരള സർക്കാർ ക്വാറികൾ സംബന്ധിച്ച ചട്ടങ്ങളിൽ വെള്ളം ചേർക്കുകയും അനിയന്ത്രിതമായി പെർമിറ്റുകൾ നൽകുകയും ചെയ്തു എന്നു സ്ഥാപിക്കാനും ശ്രമം നടക്കുന്നു.

Trending

No stories found.

Latest News

No stories found.