Narendra Modi, Chandrababu Naidu, Nitish Kumar
നരേന്ദ്ര മോദി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ

ബിഹാറിനും ആന്ധ്രയ്ക്കും ബജറ്റ് ബമ്പർ; ലക്ഷ്യം നിതീഷ് - നായിഡു പ്രീണനം

വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും ഹൈവേകളും ബിഹാറിന്, അമരാവതിയെ തലസ്ഥാന നഗരിയായി ഒരുക്കാൻ ആന്ധ്രയ്ക്ക് സഹായം

പ്രത്യേക ലേഖകൻ

നിർമല സീതാരാമൻ അവതരിപ്പിച്ചത് കേന്ദ്ര ബജറ്റോ, അതോ ബിഹാറിനും ആന്ധ്ര പ്രദേശിനും വേണ്ടിയുള്ള പ്രത്യേക ബജറ്റോ? ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ കടന്നുപോയാൽ ആർക്കും തോന്നാവുന്ന ന്യായമായ സംശയം. എന്നാൽ, ഇതു രണ്ടുമല്ല, സർക്കാരിന്‍റെ നിലനിൽപ്പിനു വേണ്ടിയുള്ള പ്രീണന ബജറ്റ് എന്നതായിരിക്കും കൂടുതൽ ഉചിതമായ ഉത്തരം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ സാധിക്കാതിരുന്ന ബിജെപിക്ക് അധികാരത്തിൽ തുടരാൻ ബിഹാറിൽ നിന്ന് നിതീഷ് കുമാറിന്‍റെയും ആന്ധ്ര പ്രദേശിൽനിന്ന് ചന്ദ്രബാബു നായിഡുവിന്‍റെയും നിർലോപമായ പിന്തുണ അനിവാര്യമാണ്. ഈ സർക്കാരിന്‍റെ പിന്നണിയിലെ കിങ് മേക്കേഴ്സ് എന്നു തന്നെ വിശേഷിപ്പിക്കാം ഈ പ്രാദേശിക നേതാക്കളെ.

നായിഡുവിനെയും നിതീഷിനെയും എൻഡിഎയിൽനിന്നകറ്റാൻ പ്രതിപക്ഷ പാർട്ടികൾ ശക്തമായ ശ്രമങ്ങൾ തന്നെ നടത്തിയിരുന്നു. എന്നിട്ടും കൂടെ നിന്നതിനുള്ള നന്ദി പ്രകടനവും, ഭാവിയിലും കൂറ് ഉറപ്പിക്കാനുള്ള മോഹന വാഗ്ദാനങ്ങളുമായി ചുരുങ്ങിയിരിക്കുകയാണ് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ്.

പ്രഖ്യാപനമില്ലാതെ പ്രത്യേക പദവി

ബിഹാറിന്‍റെ ദീർഘകാല ആവശ്യമാണ് പ്രത്യേക സംസ്ഥാന പദവി. ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതു മുതൽ ആന്ധ്രയിൽ നിന്നുള്ള നേതാക്കളും പ്രത്യേക പദവി ആവശ്യപ്പെട്ടു വരുന്നു. എന്നാൽ, പിന്നാക്കാവസ്ഥ ഉൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ കണക്കിലെടുക്കുമ്പോൾ ഇരു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ബജറ്റ് സമ്മേളനത്തിനു മുൻപു തന്നെ, ബിഹാറിനു പ്രത്യേക പദവി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. നിതീഷ് കുമാറിനും അദ്ദേഹത്തിന്‍റെ പാർട്ടിയായ ജെഡിയുവിനും കനത്ത തിരിച്ചടിയാണിതെന്ന വിലയിരുത്തലുകളുമുണ്ടായി.

നിതീഷിന്‍റെ വിജയം

Nitish Kumar, Narendra Modi
നിതീഷ് കുമാർ, നരേന്ദ്ര മോദി

നിതീഷിനെ കേന്ദ്ര സർക്കാർ മൂലയ്ക്കിരുത്തി എന്ന മട്ടിലുള്ള വിലയിരുത്തലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ടാണ്, വിമാനത്താവളങ്ങളും മെഡിക്കൽ കോളെജുകളും ഹൈവേകളും അടക്കം പ്രത്യേക പദ്ധതികൾ കേന്ദ്രം ബജറ്റിലൂടെ ബിഹാറിലേക്ക് കോരിച്ചൊരിഞ്ഞിരിക്കുന്നത്.

ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് സർക്കാർ സഹായം കൂടാതെ, മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും. ഇതുകൂടാതെയാണ് കായികമേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ബിഹാറിനു പ്രത്യേകമായി ഉറപ്പ് നൽകിയിരിക്കുന്നത്.

നായിഡുവിന്‍റെ നേട്ടം

Chandrababu Naidu, Narendra Modi
ചന്ദ്രബാബു നായിഡു, നരേന്ദ്ര മോദിFile

ആന്ധ്ര പ്രദേശിനും സംസ്ഥാനത്തെ കാർഷിക സമൂഹത്തിനും നിർണായകമായ പോളവാരം ജലസേചന പദ്ധതി ഉൾപ്പെടെ ചന്ദ്രബാബു നായിഡുവിനെ കൂടെ നിർത്താൻ വേണ്ട ഇരകളും ബജറ്റിൽ സമൃദ്ധമായി വിതറിക്കൊടുത്തിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായി അമരാവതിയെ പൂർണതോതിൽ വികസിപ്പിച്ചെടുക്കുക എന്ന നായിഡുവിന്‍റെ സ്വപ്ന പദ്ധതിക്കും കേന്ദ്രത്തിന്‍റെ അകമഴിഞ്ഞ പിന്തുണ ബജറ്റിൽ ഉറപ്പ് നൽകുന്നു. ഈ വർഷം മാത്രം അമരാവതിക്കായി 15,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വരും വർഷങ്ങളിൽ കൂടുതൽ തുക അനുവദിക്കുമെന്നും ബജറ്റിൽ വാഗ്ദാനമുണ്ട്. കൂടാതെ, ആന്ധ്രയിലെ മൂന്ന് ജില്ലകൾക്ക് പിന്നാക്ക മേഖലാ ഗ്രാന്‍റ‌ും അനുവദിക്കും.

പദവിയിൽ ഇല്ല, പണത്തിലുണ്ട്

അഞ്ച് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി തയാറാക്കിയതിന്‍റെ പ്രയോജനവും ഝാർഖണ്ഡിനെയും പശ്ചിമ ബംഗാളിനെയും ഒഡീശയെയും അപേക്ഷിച്ച് കൂടുതൽ ലഭിക്കാൻ പോകുന്നത് ആന്ധ്രയ്ക്കും ബിഹാറിനും തന്നെ. ചുരുക്കത്തിൽ, പ്രത്യേക സംസ്ഥാന പദവി തത്വത്തിൽ നിരാകരിക്കപ്പെട്ടെങ്കിലും, കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ എന്ന അലിഖിത പദവി ഇപ്പോൾ ബിഹാറിനും ആന്ധ്രയ്ക്കും ലഭ്യമായിരിക്കുന്നു.

Trending

No stories found.

Latest News

No stories found.