റീന വർഗീസ് കണ്ണിമല
മഹാത്മജിയുടെ ചിതാഭസ്മം തിരുനാവായ നദീ തീരം വരെ ചുമന്ന അത്യപൂർവ നിമിഷമാണ്, തൃശൂരിലെ "മുക്തി' എന്ന വീട്ടിലിരുന്ന് ചിത്രൻ നമ്പൂതിരിപ്പാട് മെട്രൊ വാർത്തയ്ക്കു വേണ്ടി ഓർത്തെടുത്തത്; 2019ലെ ഗാന്ധി ജയന്തി ദിവസം.
മഹാത്മജിയുടെ ചിതാഭസ്മം എല്ലാ സംസ്ഥാനങ്ങളിലും നദിയിലോ സമുദ്രത്തിലോ ഒഴുക്കാനായിരുന്നു തീരുമാനം. തുടർന്ന് നെഹ്റു നേരിട്ടാണ് അതിനു വേണ്ട നേതാക്കളെയും കലശങ്ങളും വരെ ഒരുക്കിയത്. കേരളത്തിൽ നിന്നു നെഹ്റു നിയോഗിച്ചത് കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനെയായിരുന്നു. ഡൽഹിയിൽ നിന്നു ചിതാഭസ്മം വിമാനമാർഗം എത്തിച്ചതും കേളപ്പൻ തന്നെ. അന്നു മംഗലാപുരം വരെയാണു വിമാന സർവീസ്. അവിടെ നിന്നു തീവണ്ടിയിൽ മഹാത്മാവിന് ഏറെ പ്രിയപ്പെട്ട മൂന്നാം ക്ലാസ് കംപാർട്ട്മെന്‍റിലാണ് തിരുനാവായയിലേക്കുള്ള യാത്ര.
കലശ വന്ദനത്തിനായി അനവധി ആളുകളെ ക്ഷണിച്ചിരുന്നു. ചിത്രൻ നമ്പൂതിരിപ്പാടുമുണ്ടായിരുന്നു ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ. തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനു നടുവിലേക്ക് രാത്രി ഏഴരയോടെ ചിതാഭസ്മകലശവുമായി തീവണ്ടി വന്നു നിന്നു. അന്ന് ഇന്നത്തെ പോലെ വൈദ്യുതിയൊന്നുമില്ല. നിറയെ ജനങ്ങളുടെ ശിരസിലെല്ലാം പെട്രോമാക്സ് ലൈറ്റുകളായിരുന്നു.
ചിത്രൻ നമ്പൂതിരിപ്പാട് മദ്രാസിൽ നിന്നു പഠിപ്പൊക്കെ കഴിഞ്ഞു വന്നു നിൽക്കുന്ന സമയം. ക്ഷേത്രങ്ങളുടെ ഗ്രാമമാണ് അദ്ദേഹത്തിന്‍റെ നാടായ മുക്കുതല. ശങ്കരാചാര്യർ സ്ഥാപിച്ച ക്ഷേത്രവും അവിടെയുണ്ട്. അവിടെയുള്ള നമ്പൂതിരി കുടുംബങ്ങളത്രയും കടുത്ത യാഥാസ്ഥിതികരായിരുന്നു. അവർക്ക് ഗാന്ധിജിയോടൊന്നും അത്ര മമതയുണ്ടായിരുന്നില്ല. ചിത്രൻ നമ്പൂതിരിപ്പാടാകട്ടെ, മിശ്രഭോജനത്തെത്തുടർന്ന് കുടുംബത്തിൽ നിന്നു തെറ്റിപ്പിരിഞ്ഞ് ഭാഗമൊക്കെ വാങ്ങി വേറെ താമസിക്കുന്ന കാലം.
കേളപ്പജി വളരെ ക്ഷീണിതനായിരുന്നു. അന്ന് ഇന്നത്തെ പോലൊന്നുമല്ല, വിമാനയാത്രയും ക്ലേശകരമാണ്. പലയിടത്തും നിർത്തിയൊക്കെയാണ് വിമാനങ്ങൾ വരുന്നത്. അതുകൊണ്ട് തിരുനാവായ റെയ്‌ൽവേ സ്റ്റേഷനിൽ നിന്നു നിളാതീരത്തെ നിമജ്ജനത്തിനായി നിർമിച്ച പ്ലാറ്റ്ഫോം വരെ ആ കലശം ചുമക്കാൻ മറ്റൊരാളെ നിർദേശിച്ചിരുന്നു. അതാകട്ടെ, അവിടെ രാജകുടുംബവുമൊക്കെയായി അടുത്ത ബന്ധമുള്ള, വലിയ കർമികളായിട്ടുള്ള, വലിയ ഭൂവുടമകളായിട്ടുള്ള, തമ്പ്രാക്കൾ കുടുംബത്തിൽനിന്നുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അന്നു വൈകിട്ട് ആറു മണിയോടെ അതിനായി അദ്ദേഹമിറങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ അച്ഛൻ ചോദിച്ചുവത്രെ എവിടെ പോകുന്നുവെന്ന്. ചിതാഭസ്മ നിമജ്ജനത്തിനു പോകുന്നു എന്നു പറഞ്ഞപ്പോൾ അച്ഛൻ എതിർത്തു- പോകരുത്, അത് അശുദ്ധാണ്, അച്ഛനും പിതൃസഹോദരന്മാരും പറഞ്ഞു. വാക്കു കൊടുത്തു പോയി എന്നു പറഞ്ഞപ്പോൾ, അവർ അദ്ദേഹത്തെ പിടിച്ചു മുറിയിൽ പൂട്ടിയിട്ടു.
സമയമായിട്ടും തമ്പ്രാക്കളെ കാണാതായതോടെ കേളപ്പനും മറ്റു നേതാക്കളും ആശങ്കയിലായി. തമ്പ്രാക്കളെത്തിയില്ലല്ലോ... എങ്കിൽ പിന്നെ ചിത്രൻ നമ്പൂതിരിപ്പാടാകട്ടെ ഈ കലശം ചുമക്കാൻ എന്നായി അവർ.
അങ്ങനെ നിനച്ചിരിക്കാതെയാണ് ആ ദൗത്യം അദ്ദേഹത്തിൽ ചെന്നു ചേരുന്നത്. നിളാ തീരത്തേക്ക് ഒരു രണ്ടു മൂന്നു ഫർലോങ് ദൂരമുണ്ട്. തിങ്ങി നിറഞ്ഞ ജനസഹസ്രങ്ങൾ തലയിലേന്തിയ പെട്രോമാക്സ് വെളിച്ചത്തിൽ നിമജ്ജന ഘോഷയാത്രയെ പിന്തുടർന്നു. കലശമേന്തിയ ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പം കെ. കേളപ്പനും പൊന്നാനിയിൽ നിന്നുള്ള നേതാക്കളായ അഡ്വ. രാമൻ മേനോനും ശങ്കുണ്ണി നായരുമൊക്കെയുണ്ടായിരുന്നു. നിശ്ചയിച്ച പ്ലാറ്റ്ഫോമിൽ അദ്ദേഹം അതു കൊണ്ടുവച്ചു. പിറ്റേന്നു രാവിലെ, പട്ടം താണുപിള്ള അടക്കമുള്ള നേതാക്കൾ കൂടി എത്തിച്ചേർന്ന ശേഷം കേളപ്പൻ തന്നെയാണ് ആ ചിതാഭസ്മം നിളയിലൊഴുക്കിയതെന്നും ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരിച്ചു.