ആള്‍ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ് ഇന്ത്യ എന്ന് വായിച്ച ഓര്‍മയുണ്ട്. അത് എത്രമാത്രം ശരിയാണെന്ന് നമ്മള്‍ തന്നെ ഇപ്പോൾ തിരിച്ചറിയുന്നു. ആള്‍ദൈവങ്ങളെ കണ്ടിട്ടുണ്ടോ? ആര്‍ഭാട ജീവിതമല്ലേ അവര്‍ നയിക്കുന്നത്. ഏറ്റവും സുഖകരമായ, സന്തോഷകരമായ ആനന്ദം അനുഭവിക്കുന്ന ഒരു വിഭാഗമാണ് സകല മതങ്ങളിലെയും ആള്‍ദൈവങ്ങള്‍. അതിസമ്പന്നരേക്കാള്‍ വലിയ ആര്‍ഭാടമായാണ് അവർ ജീവിക്കുന്നത്. താൻ സ്വയം ദൈവമെന്നോ ദൈവത്തിന്‍റെ പ്രതിനിധിയെന്നോ വിശേഷിപ്പിക്കുകയും മറ്റുള്ളവരെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുകയാണ് അവർ ചെയ്യുന്നത്.
ആള്‍ദൈവങ്ങൾ രോഗം ഭേദമാക്കുമെന്നും പ്രശ്നപരിഹാരം നൽകുമെന്നും ഭാവികാര്യങ്ങള്‍ മുന്‍കൂട്ടിക്കാണുമെന്നും പറയാറുണ്ട്. നിങ്ങള്‍ക്ക് ഭംഗിയായി സംസാരിക്കാന്‍ അറിയാമോ? ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസിലാകുന്ന രീതിയില്‍ നന്നായി വിശദീകരിക്കാൻ കഴിയുമോ? അല്പം ഇംഗ്ലീഷും അല്പം ഹിന്ദിയും അല്പം സംസ്‌കൃതവും ശ്ലോകങ്ങളും ബൈബിൾ- ഖുറാൻ വാക്യങ്ങളുമൊക്കെ അറിയാമെങ്കില്‍ നിങ്ങള്‍ക്കും ആള്‍ദൈവമാകാം. കുറച്ചുകൂടി ജനകീയമാകണമെങ്കില്‍ മാജിക്കും ഹിപ്പ്‌നോട്ടിസവും കൂടി പഠിച്ചാല്‍ മതി. കേരളത്തില്‍ പരക്കെ അറിയപ്പെടുന്ന 50ലേറെ പ്രശസ്ത ആള്‍ദൈവങ്ങളുണ്ട്. ഇതിൽ എല്ലാ മതങ്ങളില്‍ നിന്നുള്ളവരുമുണ്ട്. അവര്‍ പാവങ്ങളെയും അന്ധവിശ്വാസികളേയും മനസ് ചാഞ്ചാടുന്നവരെയും ലക്ഷ്യമിടുന്നു.
ജീവിത പ്രശ്നങ്ങളിലെ ദുഃഖങ്ങളെയാണ് ആള്‍ദൈവങ്ങൾ ചൂഷണം ചെയ്യുന്നത്. ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് അവര്‍ ഒപ്പം നില്‍ക്കുന്നതായി സ്ഥാപിക്കുന്നു. അവര്‍ക്ക് ആശ്വാസം പകരുന്നതായി വിശ്വസിപ്പിക്കുന്നു. കേരളം ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു മേഖലയായി ആള്‍ദൈവങ്ങള്‍ മാറ്റിയിരിക്കുന്നു. ഹിപ്പ്‌നോട്ടിസത്തിന്‍റേയും മാജിക്കിന്‍റേയും മനഃശാസ്ത്രത്തിന്‍റേയും പബ്ലിക് റിലേഷൻസ് ടീമിന്‍റെയും സഹായത്താലാണ് അവര്‍ ഇതൊക്കെ ചെയ്തു കൂട്ടുന്നത്. അവര്‍ ആഡംബര "ആശ്രമങ്ങള്‍' പണിയുന്നു. ആത്മീയത വ്യവസായമാക്കുന്നു. മറ്റ് വ്യവസായങ്ങള്‍ അതിന്‍റെ മറവില്‍ നടത്തുന്നു. ചില ആശ്രമങ്ങളുടെ മറവില്‍ അസാന്മാർഗിക പ്രവർത്തനങ്ങളും നടത്തുന്നതായ ഒട്ടേറെ റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
കോട്ടും സ്യൂട്ടും ധരിച്ച് മാനെജ്‌മെന്‍റ് ഉപദേശങ്ങളും മോട്ടിവേഷന്‍ സ്പീച്ചുകളുമായി സമാനമായ രീതിയില്‍ മറ്റു ചില തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ അടുത്തിടെയായി വ്യാപകമാണ്. ആള്‍ദൈവങ്ങളുടെ തന്ത്രത്തിന്‍റെ മറ്റൊരു പതിപ്പാണിത്. ബിസിനസ് രംഗത്തുള്ളവരെ അവരുടെ വളര്‍ച്ചയ്ക്ക് സഹായിക്കാം എന്ന വ്യാജേനയാണ് ഇവര്‍ അടുക്കുക. പിന്നീട് ഇത്തിക്കണ്ണികള്‍ പോലെ അവര്‍ വളരും. കേരളത്തില്‍ത്തന്നെ ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങള്‍ പൊട്ടിത്തകര്‍ന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പണ്ടു പണ്ട് രാജസദസുകളില്‍ രാജഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. അവര്‍ രാജ്യ സുരക്ഷയ്ക്കും ജന നന്മയ്ക്കുമുള്ള ഉപദേശങ്ങളാണ് നല്‍കിയിരുന്നത്. പിൽക്കാലത്ത് ഇന്ത്യന്‍ രാഷ്‌ട്രീയത്തിലും ചില ഗുരുക്കന്മാര്‍ കയറിക്കൂടി. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് അര്‍ധരാത്രി തെരഞ്ഞെടുത്തത് ചില സ്വമിമാരുടെ ഉപദേശം കൊണ്ടാണ്. പിന്നീട് മകൾ ഇന്ദിര ഗാന്ധിക്ക് യോഗാ ഗുരുവായി നെഹ്‌റു നിയമിച്ച ധീരേന്ദ്ര ബ്രഹ്മചാരി അവരുടെ ആസ്ഥാന ഗുരുവായി. വിമാനം പറപ്പിക്കാന്‍ വരെ കഴിയുമായിരുന്ന ബ്രഹ്മചാരി ഇന്ദിരയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് അറിഞ്ഞിരുന്നത്.
മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയുടെയും പി.വി. നരസിംഹ റാവുവിന്‍റെയുമൊക്കെ ഗുരുവായിരുന്നു ചന്ദ്രസ്വാമി. 1948ല്‍ ജനിച്ച നിമി ചന്ദ് ജെയിന്‍ വളര്‍ന്നാണ് ചന്ദ്രസ്വാമി ആകുന്നത്. രാജസ്ഥാനിലെ ബെഹ്‌റോര്‍ ഗ്രാമത്തില്‍ പണമിടപാടുകാരനായിരുന്നു പിതാവ്. ചെറുപ്പം മുതലേ താന്ത്രിക രംഗത്ത് താത്പര്യമായിരുന്നു. ഹൈദരാബാദിലേയ്ക്ക് താമസം മാറ്റിയ കുടുംബത്തില്‍ നിന്നും അകന്നു മാറി ഉപാദ്യാര്‍ അമര്‍ മുനിയുടേയും താന്ത്രിക രംഗത്ത് പ്രശസ്തനായ ഗോപിനാഥ് കവിരാജിന്‍റേയും ശിക്ഷണം തേടി നിമി ചന്ദ് പോയി. താന്ത്രിക പഠനം കഴിഞ്ഞതോടെ സ്വന്തമായി ചന്ദ്രസ്വാമി എന്ന പേര് സ്വീകരിച്ചു. ബിഹാറിലെ കാടുകളില്‍ തപസിരുന്നു. തന്‍റെ കഴിവ് തെളിയിക്കാന്‍ യാത്രകള്‍ ആരംഭിച്ച ചന്ദ്രസ്വാമിയുടെ വലയില്‍ പല പ്രമുഖരും വീണു.
രാജീവ് ഗാന്ധി മുതല്‍ നരസിംഹ റാവുവിന്‍റെ കാലം വരെ ഇന്ത്യന്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വന്തം കൈയ്ക്കുള്ളില്‍ ഒതുക്കിയ ചന്ദ്രസ്വാമിയെയാണ് പിന്നീട് ലോകം കണ്ടത്. രാജ്യസുരക്ഷ പോലും തകിടം മറിക്കുന്ന കോടികളുടെ അഴിമതിക്ക് ചന്ദ്രസ്വാമിയുടെ ഇടപെടല്‍ ഉണ്ടായി. രാജീവ് മന്ത്രിസഭയില്‍ നിന്ന് ബോഫോഴ്‌സ് അഴിമതിയുടെ പേരില്‍ രാജിവച്ച വി.പി. സിങ്ങിനെ കുടുക്കാന്‍ ചന്ദ്രസ്വാമി വിശ്വവ്യാപക സ്വാധീനമുള്ള സുഹൃത്ത് ഡോ. സുബ്രഹ്മണ്യം സ്വാമിയുടേയും അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍റേയും സഹായത്താല്‍ കുരുക്കൊരുക്കി. വി.പി. സങ്ങിന്‍റെ മകന്‍ അജയ സിങ്ങിന്‍റെ പേരില്‍ കരീബിയയിലെ ഒരു ചെറിയ ദ്വീപായ സെന്‍റ് കിറ്റ്‌സിലെ ഫസ്റ്റ് ട്രസ്റ്റ് കോര്‍പ്പറേഷന്‍ ബാങ്കില്‍ വ്യാജ അകൗണ്ട് തുറക്കുകയും വലിയ ഒരു തുക നിക്ഷപിക്കുകയും ചെയ്തു. സിബിഐ എറ്റെടുത്ത കേസില്‍ ചന്ദ്രസ്വാമി കുറ്റാരോപിതനാകുകയും ജയിലിലേക്കു പോകുകയുമുണ്ടായി എന്നത് ചരിത്രം. സെന്‍റ് കിറ്റ്‌സ് കേസ് കൂടാതെ, ലഗുബായ് പഥക്ക് കേസ്, ഫെറാ വയലേഷന്‍ കേസ് തുടങ്ങി തട്ടിപ്പുകളുടെ വന്‍ ലിസ്റ്റ് ചന്ദ്രസ്വാമിയുടെ പേരില്‍ എഴുതപ്പെട്ടിട്ടുണ്ട്.
ഇന്ന് ആള്‍ദൈവങ്ങള്‍ക്ക് പണ്ടത്തെപ്പോലെ താടി വളര്‍ത്തിയും മുടി നീട്ടി വളര്‍ത്തിയും കൈകളിലും കഴുത്തിലും രുദ്രാക്ഷ മാലയും മറ്റും ധരിച്ച്, എല്ലാ വിരലുകളിലും മോതിരങ്ങള്‍ ധരിച്ചും പ്രത്യേക തരം വസ്ത്രങ്ങള്‍ ധരിച്ചും ഇറങ്ങേണ്ടതില്ല. സമകാലീന സംഭവങ്ങളില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആള്‍ദൈവങ്ങളെക്കണ്ടാല്‍ കാലം മാറിയത് മനസിലാകും.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ "സത്സംഗത്തിനിടെ' നടന്ന ദുരന്തത്തില്‍ 120ലേറെപ്പേർ കൊല്ലപ്പെട്ടു. അവിടെ യോഗം നടത്തിയത് വെള്ള സ്യൂട്ടും ടൈയ്യും ധരിച്ച നാരായണന്‍ സാകാര്‍ ഹരി എന്ന യുപി പൊലീസില്‍ മുമ്പ് കോണ്‍സ്റ്റബിളായിരുന്ന ഭോലെ ബാബയാണ്. പൊലീസ് ജോലി രാജിവച്ചാണ് 90കളില്‍ അധ്യാത്മിക രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളെ സമ്പാദിച്ച ബാബ ഇപ്പോഴും ഒളിവിലാണ്. കൊവിഡ് സമയത്ത് 50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ള യോഗങ്ങളില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിനു ബാബയ്‌ക്കെതിരേ കേസുണ്ട്. അയാൾ രാജകീയ കസേരകളില്‍ കോട്ടും ടൈയ്യും ഒക്കെ അണിഞ്ഞാണിരിക്കുന്നത്. മുടി വളര്‍ന്നിട്ടില്ല. താടിയില്ല, മീശയില്ല. ചന്ദനക്കുറിയില്ല. ഭസ്മവും കുങ്കുമവും തേച്ചിട്ടില്ല. അങ്ങനെയൊരാളെ ആരാധിക്കാന്‍ എത്തിയവരുടെ എണ്ണം നാലു ലക്ഷത്തിലധികം..!
ആസാറാം ബാപ്പു എന്ന വൃദ്ധനായ ആള്‍ദൈവം ഇപ്പോള്‍ ജയിലില്‍ കഴിയുന്നത് അയാളുടെ അടുത്ത് ആശ്വാസം തേടി എത്തിയ 16 വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിനാണ്. ഗുര്‍മീത് സിങ് റാം റഹീം എന്ന ക്രിമിനല്‍ ആള്‍ദൈവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ സമീപകാലത്ത് ഏറെ വായിക്കപ്പെട്ടതാണ്. ഹിന്ദു, മുസ്‌ലിം, സിഖ് പേരുകള്‍ ഒരുമിച്ചാക്കി ഹരിയാനയില്‍ അയാൾ കോടികളുടെ ആസ്തിയാണ് ഉണ്ടാക്കിയത്. ഗുര്‍മീത് റാം റഹീം ജയിലില്‍ പോയതും ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ടു തന്നെ.
ഹരിയാനയില്‍ റാംപാല്‍ മഹാരാജ് എന്ന മറ്റൊരു ആള്‍ദൈവമുണ്ട്. അയാൾ ജയിലില്‍ കിടക്കുന്നത് കൊലപാതകക്കുറ്റം ചുമത്തപ്പെട്ടാണ്. ഹരിയാന വൈദ്യുതി വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് റാംപാല്‍ മഹാരാജ് ആത്മീയതയിലേക്ക് കുടിയേറിയത്. സ്വാമി നിത്യാനന്ദ ഏറെ വിവാദങ്ങളില്‍ നിറഞ്ഞ മറ്റൊരു ആള്‍ദൈവമാണ്.
ഓഷോ ഒരേ സമയം വില്ലനും നായകനുമായിരുന്ന ആള്‍ദൈവമാണ്. അദ്ദേഹം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഭഗവാന്‍ ശ്രീ രജനീഷ്, ചന്ദ്രമോഹന്‍ ജയിന്‍, ആചാര്യ രജനീഷ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്‍റെ പേരുകള്‍. ലൈംഗികതയെ കുറിച്ചുള്ള ഓഷോയുടെ തത്വങ്ങള്‍ ഇന്ത്യന്‍ യാഥാസ്ഥിക സമൂഹത്തിന് അംഗീകരിക്കാൻ പ്രയാസമാണ്. ഓഷോയ്ക്ക് സെക്‌സ് ഗുരു എന്ന വിളിപ്പേരുമുണ്ട്! ആള്‍ദൈവങ്ങളായി സമൂഹത്തില്‍ വിലസുന്നവരുടെ പൂര്‍വാശ്രമ ചരിത്രങ്ങള്‍ ആരെയും ഞെട്ടിക്കും. എന്നാലും ജനങ്ങള്‍ക്കിടയിൽ ഈ ആള്‍ദൈവങ്ങള്‍ വിലസുന്നു.
2023 ഡിസംബര്‍ 6ന് എടത്വാ പള്ളിയില്‍ മാര്‍ത്തോമാ സഭയില്‍ മൂന്നു പുതിയ എപ്പിസ്‌കോപ്പമാരെ വാഴിക്കുന്നതിന്‍റെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തില്‍ മെത്രാന്മാരുടെ ആഡംബരഭ്രമത്തെ കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ വിമര്‍ശിച്ചത് ചരിത്രത്തിന്‍റെ ഭാഗമായി മാറി. 5 സഭകളിലെ ബിഷപ്പുമാരെ വേദിയിലിരുത്തി നടത്തിയ പ്രസംഗം വൈറലായി. അത് ഏതെങ്കിലും ഒരു സഭയെ ഉദ്ദേശിച്ചല്ല, എല്ലാവരെയും ഉദ്ദേശിച്ചാണെന്ന് പിന്നീട് ജിജി തോംസണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മാര്‍ത്തോമാ സഭാ അംഗമായ ജിജി തോംസണ്‍ ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ ഒരു മെത്രാന്‍റെ ഓഫിസില്‍ പോയി. അവിടത്തെ ആഡംബര സൗകര്യങ്ങള്‍ കണ്ടപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനി സിഇഒയുടെ ഓഫിസ് പോലെ തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് അവിടുത്തെ തിരുമേനി പറഞ്ഞത് താന്‍ എല്ലാം പ്രൊഫഷണലൈസ് ചെയ്തുവെന്നാണ്. കൊവിഡ് ബാധയെക്കാള്‍ അപകടകാരിയാണ് ഈ പ്രൊഫഷണലിസം എന്നാണ് ജിജി തോംസണ്‍ എടത്വയില്‍ പ്രസംഗിച്ചത്.
ജിജി തോംസണ്‍ എടത്വയില്‍ നടത്തിയ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങള്‍ ഇവിടെ കുറിക്കുന്നു. ഇത് മറ്റ് മതങ്ങള്‍ക്കും ബാധകമാണ്. എല്ലാ മതത്തിലും സമാന അവസ്ഥകളുണ്ട്.
""വൈദികന്‍ ഒരു പ്രൊഫഷണലല്ല. ഇതു മനസിലാക്കാത്ത വൈദികര്‍ അപ്രസക്തരാകും, സംശയമില്ല. തിരുമേനിമാരെ വഷളാക്കുന്നത് വിശ്വാസികളാണ്. സഭയുടെ പരമാധ്യക്ഷന്‍ എന്നേ പറയൂ. പരം എന്നുവെച്ചാല്‍ അന്തിമം എന്നാണ്. പരമശിവന്‍, പരമാത്മാവ്, പരമസത്യം, പരബ്രഹ്മം. പരത്തിന് അപ്പുറം ഒന്നുമില്ല. അപ്പോള്‍ കര്‍ത്താവ് എവിടെ പോകും?
തിരുമേനി റോള്‍സ് റോയ്‌സില്‍ പോകണമെന്നു വിശ്വാസി നിര്‍ബന്ധം പിടിക്കും. തിരുമേനിമാരെ ആഡംബര ജീവിതത്തിന് പ്രോത്സാഹിപ്പിക്കുന്ന വിശ്വാസികളും കുറ്റക്കാരാണ്. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി കാര്‍ ഒരാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊടുത്തു. അതില്‍ കൈയൊപ്പിട്ട് മാര്‍പ്പാപ്പ ലേലം ചെയ്യുകയും അതില്‍ നിന്ന് ലഭിച്ച പണം ജീവകാരുണ്യത്തിന് ഉപയോഗിക്കുകയുമാണ് ചെയ്തത്. നമ്മള്‍ അത് പിന്തുടരില്ല.
തിരുമേനിമാര്‍ സംസാരിക്കില്ല, കല്പിക്കുകയേയുള്ളൂ. നടന്നുവരില്ല, എഴുന്നെള്ളുകയേയുള്ളൂ. ഇരിക്കില്ല, ആരൂഢരാകുകയേയുള്ളൂ. ഇതൊന്നും തനിക്ക് അംഗീകരിക്കാനാകില്ല''- ജിജി തോംസണ്‍ പരസ്യമായി ഈ പറഞ്ഞതിനെയാണ് കേരള സമൂഹം വൈറലാക്കിയത്.
ആള്‍ദൈവങ്ങളുടെ വിക്രിയകളെക്കുറിച്ച് പറഞ്ഞാല്‍ ഇനിയും എത്രയോ എഴുതാനുണ്ട്. മെത്രാന്മാര്‍ക്ക് മുന്നില്‍ പറഞ്ഞത് എല്ലാ സഭകളെക്കുറിച്ചുമാണെന്ന് ജിജി തോംസണ്‍ പറഞ്ഞിരുന്നു. പക്ഷേ, അത് എല്ലാ മതങ്ങളിലുമുള്ള ആള്‍ദൈവങ്ങള്‍ക്കു നേരേയുള്ള ചൂണ്ടുപലകയായിത്തന്നെ കാണാം. ആര്‍ഭാടത്തിന്‍റെയും തട്ടിപ്പുകളുടെയും പര്യായമായി ആള്‍ദൈവങ്ങള്‍ മാറുന്നതു നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇവരുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാൻ ജാഗ്രത ഉണ്ടായിരിക്കേണ്ടതാണ്.