പുതിയ ഇന്ധനമായി കംപ്യൂട്ടിങ്

ഇന്ത്യയുടെ ജി 20 ഷെര്‍പ്പയും നിതി ആയോഗ് മുന്‍ സിഇഒയുമാണു ലേഖകന്‍. കാഴ്ചപ്പാടുകള്‍ വ്യക്തിപരം
Computing as the new fuel
പുതിയ ഇന്ധനമായി കംപ്യൂട്ടിങ്
Updated on

അമിതാഭ് കാന്ത്

കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സാങ്കേതിക ചരിത്രത്തിലെ ഏറ്റവും പരിവര്‍ത്തനാത്മകമായ വിപ്ലവത്തിനാണു നാം സാക്ഷ്യം വഹിച്ചത്. ഉപയോഗപ്രദവും സാര്‍വത്രികവും പരിധികളില്ലാത്തതുമായ നിര്‍മിതബുദ്ധി (എഐ) ദൈനംദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിത്തുടങ്ങിയത് ഇക്കാലത്താണ്. ഈ പുതിയ നിര്‍മിതബുദ്ധി യുഗത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍ എന്നിവ സുരക്ഷിതമാക്കാനുള്ള ആഗോളമത്സരം തുടരുകയാണ്. നിര്‍മിതബുദ്ധി വ്യവസായങ്ങളെ പരിവര്‍ത്തനം ചെയ്യുകയും നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരുമ്പോള്‍, ഇതിന്‍റെ ആവശ്യവും കുതിച്ചുയരുകയാണ്. സമൃദ്ധമായ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളും, വളരുന്ന നിര്‍മിതബുദ്ധി ആവാസവ്യവസ്ഥയുമുള്ള ഇന്ത്യ, നിര്‍മിതബുദ്ധി പ്രക്രിയയ്ക്ക് ഊര്‍ജമേകുന്നതിന് ഹരിതോര്‍ജം ഉപയോഗിക്കുന്നതില്‍ ആഗോളതലത്തില്‍ മുന്‍നിരയിലെത്തുന്നതിനുള്ള അനുയോജ്യമായ സ്ഥാനത്താണുള്ളത്.

ഒരു നിര്‍മിതബുദ്ധി മാതൃക പരിശീലിപ്പിക്കാന്‍ ഡേറ്റാ കേന്ദ്രത്തില്‍ മണിക്കൂറിൽ 2,84,000 കിലോവാട്ട് വൈദ്യുതി വരെ ഉപയോഗിക്കേണ്ടിവരുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ചാറ്റ്ജിപിടി ചോദ്യം സാധാരണ ഗൂഗിള്‍ തെരച്ചിലിന്‍റെ പത്തിരട്ടി ഊര്‍ജവും അഞ്ച് വാട്ട് എല്‍ഇഡി ബള്‍ബ് ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ പത്തിരട്ടി ഊര്‍ജവും ഉപയോഗിക്കുന്നു. കൂടാതെ, ഡേറ്റാ കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നത് ആഗോള വൈദ്യുതി ആവശ്യത്തിന്‍റെ ഒരു ശതമാനമാണ്. ഇതു സുസ്ഥിര ഊര്‍ജ പ്രതിവിധികളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു.

നിര്‍മിതബുദ്ധി കംപ്യൂട്ടിങ്ങിനായുള്ള ഊര്‍ജ ആവശ്യകതകള്‍ക്ക്, ഹൈപ്പര്‍-സ്കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന വലിയ തോതിലുള്ള ഡേറ്റാ കേന്ദ്രങ്ങള്‍ ഉടനടി സ്ഥാപിക്കേണ്ടത് ആവശ്യമാണ്. ഈ പുതിയ ഹൈപ്പര്‍-സ്കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ പല പ്രദേശങ്ങളും ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുന്ന തോതിലും വേഗതയിലും വിശ്വസനീയമായ ഹരിതോര്‍ജം ആവശ്യപ്പെടുന്നു. ആഗോള ഡേറ്റാ കേന്ദ്രങ്ങളുടെ ഊര്‍ജ ആവശ്യകത 2030 ആകുമ്പോഴേക്കും 4000 കിലോവാട്ട് ആയി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് ആഗോള വൈദ്യുതി ആവശ്യത്തിന്‍റെ അഞ്ചു ശതമാനമാണ്.

പുനരുപയോഗ ഊര്‍ജനിലയങ്ങള്‍ക്ക് അവയുടെ, സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റുകളോ ഭാഗങ്ങളോ ഉപയോഗിച്ചുള്ള, മോഡുലാര്‍ രൂപകല്‍പ്പനകാരണം നിര്‍മാണത്തിനും ആരംഭിക്കുന്നതിനും ഏറ്റവും വേഗത്തിലുള്ള സമയപരിധിയുണ്ട്. എങ്കിലും ഉപഭോക്താക്കള്‍ക്കു വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ പ്രസരണലൈനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതിനാല്‍, നിലയങ്ങളുടെ ദ്രുതഗതിയിലുള്ള നിര്‍മാണവുമായി പൊരുത്തപ്പെട്ടു പോകുക എന്നത്, പല പ്രദേശങ്ങള്‍ക്കും പ്രയാസമാണ്. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജത്തിന്‍റെ 50 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍നിന്നു ലഭ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും 300 ദിവസത്തിലധികം സൂര്യപ്രകാശവും കരുത്തുറ്റതും വേഗമേറിയതുമായ കാറ്റുമുള്ള ഇന്ത്യക്ക്, നിര്‍മിതബുദ്ധി പ്രക്രിയയെ പിന്തുണയ്ക്കാന്‍ കഴിയുംവിധത്തില്‍, സൗരോര്‍ജത്തിനു വലിയ സാധ്യതകളുണ്ട്.

വലിയ തോതിലുള്ള, ലോകോത്തര ഊര്‍ജപദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന സ്വകാര്യ-പൊതുമേഖലകളിലെ പ്രാദേശിക ഹരിതോര്‍ജ ഉത്പാദകരാണ് ഇന്ത്യയുടെ യഥാര്‍ഥ ശക്തി. ആധുനിക ദേശീയ ഗ്രിഡും ഫലപ്രദമായ നിയന്ത്രണ ചട്ടക്കൂടുമാണ് പുനരുപയോഗ ഊര്‍ജവ്യവസായത്തെ പിന്തുണയ്ക്കുന്നത്. അതേസമയം ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളുമായി രാജ്യത്തിന്‍റെ നിര്‍മിതബുദ്ധി ആവാസവ്യവസ്ഥ അതിവേഗം വളരുകയാണ്. കൂടാതെ, ആഗോള നിര്‍മിതബുദ്ധി പ്രതിഭകളുടെ 20% ഇന്ത്യയില്‍നിന്നാണ്. ഇത് നിര്‍മിതബുദ്ധി കമ്പനികള്‍ക്ക് ഇന്ത്യയെ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍, ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയാല്‍, 2025 ഓടെ ഇന്ത്യയിലെ നിര്‍മിതബുദ്ധി വിപണി 7.8 ശതകോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിജിറ്റല്‍ സേവനങ്ങള്‍, ഇ-കൊമേഴ്സ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയുടെ ആവശ്യകത വര്‍ധിക്കുന്നതിനാല്‍, ഇന്ത്യയുടെ ഡേറ്റാ കേന്ദ്ര വിപണി അതിവേഗം വികസിക്കുകയണ്. 'മാര്‍ക്കറ്റ്സ് ആന്‍ഡ് മാര്‍ക്കറ്റ്സി'ന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്, 21.1% വളര്‍ച്ചനിരക്കുമായി 2025-ഓടെ ഈ വിപണി 1432 മെഗാവാട്ട് സ്ഥാപിത ശേഷിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2030 ആകുമ്പോഴേക്കും 3243 മെഗാവാട്ടില്‍ എത്തുമെന്നും വളര്‍ച്ചനിരക്ക് 15.6% ആകുമെന്നും പ്രതീക്ഷിക്കുന്നു. ഹൈപ്പര്‍-സ്കെയില്‍ ഡേറ്റാ കേന്ദ്രങ്ങളുമായി ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ഡേറ്റാ കേന്ദ്ര വിപണിയായി ഇന്ത്യ മാറുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ അടുത്തിടെ വന്ന ലേഖനം സൂചിപ്പിക്കുന്നത്.

മറ്റ് അടിസ്ഥാനസൗകര്യ പദ്ധതികളില്‍നിന്ന് ഡേറ്റാ കേന്ദ്രങ്ങളെ വ്യത്യസ്തമാക്കുന്ന പ്രത്യേക സംവിധാനങ്ങള്‍ ഇവയ്ക്ക് ആവശ്യമാണ്. വിശ്വാസ്യത, സുരക്ഷ, മോഡുലാരിറ്റി, നിരവധി സ്ഥലങ്ങളിലായുള്ള സംഭരണശേഷി എന്നിവയുടെ ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങള്‍ക്കായാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവയുടെ വിജയത്തിന് ബാക്കപ്പ് പവര്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഉപയോഗിക്കുന്ന പ്രധാന ബാക്കപ്പ് സാങ്കേതികവിദ്യ ഡീസല്‍ ജനറേറ്ററുകളാണെങ്കിലും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്, പ്രധാന സാങ്കേതിക കമ്പനികള്‍, ബാറ്ററികള്‍ (6 മണിക്കൂര്‍ ബാക്കപ്പ്), ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ (48 മണിക്കൂര്‍ ബാക്കപ്പ്) എന്നിവ പോലുള്ള ഹരിത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. ഹൈപ്പര്‍-സ്കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ജലലഭ്യത വെല്ലുവിളി ഉയര്‍ത്തുന്നു. അതിനാല്‍ ഉപോല്‍പ്പന്നമായി ജലം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നത് ഇതിന് മികച്ച പരിഹാര മാര്‍ഗമാകും.

സുസ്ഥിര നിര്‍മിതബുദ്ധി പ്രക്രിയകളുടെ ഉദാഹരണമാണ് 100% പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്‍റെ ഹൈദരാബാദിലെ നിര്‍മിതബുദ്ധി അധിഷ്ഠിത ഡേറ്റാകേന്ദ്രം. പൂനെയിലെ മൈക്രോസോഫ്റ്റിന്‍റെ നിര്‍മിതബുദ്ധി അധിഷ്ഠിത ഡേറ്റാകേന്ദ്രം ഊര്‍ജ ആവശ്യങ്ങള്‍ക്കായി സൗരോര്‍ജം ഉപയോഗിക്കുന്നു. ഇതും നിര്‍മിതബുദ്ധിയില്‍ ഹരിതോര്‍ജത്തിന്‍റെ സാധ്യതകള്‍ എടുത്തുകാട്ടുന്നു. കൂടാതെ, ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ''മെയ്ക്ക് ഇന്‍ ഇന്ത്യ'' സംരംഭം ഹരിത ഡേറ്റാ കേന്ദ്രങ്ങളുടെയും നിര്‍മിതബുദ്ധി അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ വളര്‍ച്ചയ്ക്ക് സഹായകമായ ചട്ടക്കൂട് നല്‍കുകയും ചെയ്യുന്നു.

നിര്‍മിതബുദ്ധി ഡേറ്റാ കേന്ദ്ര മേഖലയില്‍ വിജയിക്കുന്നതിന്, നെറ്റ്-സീറോ ഹൈപ്പര്‍ സ്കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ക്കായി ഇന്ത്യ നയം വികസിപ്പിക്കണം. ഹരിതഗൃഹ വാതക ബഹിര്‍ഗമനമുണ്ടാക്കാത്ത വലിയ ഡേറ്റാ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുക എന്നാണ് ഇതിനര്‍ഥം. വിശ്വസനീയമായ ബാക്കപ്പ് ഊര്‍ജസംവിധാനങ്ങള്‍ക്കൊപ്പം ഹരിതോര്‍ജം തുടര്‍ച്ചയായി നല്‍കാന്‍ കഴിയുന്ന പ്രധാന പ്രദേശങ്ങള്‍ രാജ്യം തിരിച്ചറിയണം. കൂടാതെ, വളരെ സുരക്ഷിതവും കാര്യക്ഷമവുമായ വിപുലമായ ഡേറ്റാ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന വിദഗ്ധ തൊഴിലാളികളെ ഇന്ത്യ ആകര്‍ഷിക്കുകയും അവരുടെ നൈപുണ്യം വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

കുറഞ്ഞ തോതില്‍ ജലവും ഊര്‍ജവും ഉപയോഗിക്കുന്ന ഡേറ്റാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിച്ച്, പരീക്ഷണാര്‍ഥ പദ്ധതികള്‍ക്ക് ഗവണ്‍മെന്‍റ് ധനസഹായം നല്‍കണം. ഫലപ്രദമായ നയങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിലൂടെ ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

സംശുദ്ധ ഊര്‍ജത്തിലെ കരുത്തും വളരുന്ന നിര്‍മിതബുദ്ധി ആവാസവ്യവസ്ഥയും ഉള്ളതിനാല്‍, ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിതബുദ്ധി പ്രക്രിയയില്‍ ഇന്ത്യക്കു മികച്ച സ്ഥാനമുണ്ട്. പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും നിര്‍മിതബുദ്ധി ഡേറ്റാ കേന്ദ്രങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലൂടെ യും, ഇന്ത്യക്കു കാര്‍ബണ്‍ പാദമുദ്രകള്‍ കുറയ്ക്കാനാവും. കൂടാതെ സുസ്ഥിര വ്യാവസായങ്ങളുടെയും നൂതനാശയങ്ങളുടെയും കേന്ദ്രമെന്ന ഖ്യാതി ഉയര്‍ത്താനും, സംശുദ്ധ ഊര്‍ജം, നിര്‍മിതബുദ്ധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും.

Trending

No stories found.

Latest News

No stories found.