മാന്ദ്യം യൂറോപ്പിൽ, ആശങ്ക ഇന്ത്യയിൽ

യൂറോപ്പിനെ പുതിയ ഗൾഫായി കാണുന്ന, കുടിയേറ്റക്കാരും കുടിയേറ്റത്തിന് അവസരം കാത്തിരിക്കുന്നവരുമായ മലയാളികൾക്കും ആശങ്ക പകരുന്ന വാർത്തയാണ് യൂറോസോണിലെ മാന്ദ്യം
മാന്ദ്യം യൂറോപ്പിൽ, ആശങ്ക ഇന്ത്യയിൽ
Updated on

പ്രത്യേക ലേഖകൻ

ജർമനിക്കു പിന്നാലെ യൂറോസോണിനെയാകമാനം സാമ്പത്തിക മാന്ദ്യം ബാധിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. യൂറോ പൊതു കറന്‍സിയായി സ്വീകരിച്ചിട്ടുള്ള 20 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് യൂറോസോൺ. നേരിയ വളര്‍ച്ച രേഖപ്പെടുത്തുമെന്ന മുന്‍ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് ഇക്കഴിഞ്ഞ പാദത്തില്‍ ചുരുക്കം രേഖപ്പെടുത്തിയതോടെയാണ് മാന്ദ്യം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.

വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ 0.1 ശതമാനത്തിന്‍റെ ചുരുക്കമാണ് യൂറോസോണ്‍ രേഖപ്പെടുത്തിയത്. തുടരെ രണ്ടു പാദങ്ങളില്‍ ചുരുക്കം കാണിക്കുന്ന സമ്പദ് വ്യവസ്ഥയെയാണ് സാങ്കേതികമായി മാന്ദ്യം നേരിടുന്നതായി വിശേഷിപ്പിക്കുന്നത്. അതേസമയം, ഇപ്പോഴത്തെ മാന്ദ്യം നേരിയ തോതിൽ മാത്രമായതിനാല്‍ സാങ്കേതികം മാത്രമാണെന്നും, ഗുരുതരമായ സ്ഥിതിവിശേഷമല്ലെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

എന്നാൽ, യൂറോപ്പിനെ പുതിയ ഗൾഫായി കാണുന്ന, കുടിയേറ്റക്കാരും കുടിയേറ്റത്തിന് അവസരം കാത്തിരിക്കുന്നവരുമായ മലയാളികൾക്കും ആശങ്ക പകരുന്ന വാർത്തയാണ് യൂറോസോണിലെ മാന്ദ്യം. മേഖലയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജർമനിയിലാണ് മാന്ദ്യത്തിന്‍റെ ലക്ഷണങ്ങൾ ആദ്യം കണ്ടു തുടങ്ങിയത് എന്നതും ഈ ആശങ്ക ശക്തിപ്പെടുത്തുന്നു.

Image by Freepik

സമീപകാല ചരിത്രത്തില്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് 2008ല്‍ കടന്നുപോയത്. 1924ലെ ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെടുന്ന കൊടിയ മാന്ദ്യത്തിനു ശേഷം ആദ്യത്തേത്. അന്നൊന്നും കുലുങ്ങാതെ നിന്ന ജര്‍മനിക്ക് ഇപ്പോള്‍ എന്താണിങ്ങനെ എന്നു ചിന്തിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഗ്രീസിനെയും സ്‌പെയ്‌നെയും പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളെ കടുത്ത കടക്കെണിയില്‍ നിന്നു കരകയറ്റാന്‍ പോലും കരുത്തു കാട്ടിയിട്ടുള്ള ജർമനി ഇപ്പോഴും മാരകമായ ഭീഷണിയൊന്നും നേരിടുന്നില്ല എന്നതാണ് വസ്തുത.

2008നു ശേഷം കൊവിഡ് കാലമാണ് ലോകത്തിനു മുന്നില്‍ മറ്റൊരു മാന്ദ്യ ഭീഷണി മുന്നോട്ടുവച്ചത്. എന്നാല്‍, ആഗോള തലത്തില്‍ ബാധിക്കുന്ന രീതിയിലേക്കൊന്നും അതു വളര്‍ന്നില്ല. പക്ഷേ, പിന്നാലെ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും അതെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കു മേല്‍ ചുമത്തിയ ഉപരോധങ്ങളും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

ലോക വ്യാപകമായി ഇതു ബാധിച്ചില്ലെങ്കിലും, റഷ്യന്‍ ഇന്ധനത്തെ ആശ്രയിച്ചു പോന്ന രാജ്യങ്ങളില്‍ പലതിനെയും ഇതു ബാധിക്കുക തന്നെ ചെയ്തു. കൊവിഡ് അനന്തര കാലഘട്ടത്തില്‍ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ബ്രിട്ടന്‍ ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ല. യഥാര്‍ഥത്തില്‍ ജര്‍മനിയിലേതിനെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ബ്രിട്ടനിലെ പണപ്പെരുപ്പം. ബ്രിട്ടനില്‍ 8.7 ശതമാനവും ജര്‍മനിയില്‍ 7.2 ശതമാനവും.

Image by Freepik

റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതക വിതരണം നിലയ്ക്കുകയും, ആണവോര്‍ജ ഉത്പാദനം മുന്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കുകയും ചെയ്തതാണ് യൂറോപ്പിനെ കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. ഏതൊരു രാജ്യത്തിന്‍റെയും സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ഊര്‍ജ മേഖലയാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ബദല്‍ മാര്‍ഗങ്ങള്‍ കൃത്യമായി രൂപപ്പെടുത്തുന്നതിനു മുന്‍പേ ആണവോര്‍ജ ഉത്പാദനം അവസാനിപ്പിച്ചതും, റഷ്യന്‍ ഇന്ധനം ഘട്ടം ഘട്ടമായി വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനത്തിനു തിരിച്ചടിയെന്നോണം റഷ്യ ഒറ്റയടിക്ക് വിതരണം നിര്‍ത്തിയതും യൂറോപ്പിനെ കുഴപ്പത്തിലാക്കി.

എന്നാല്‍, യൂറോപ്പില്‍ മറ്റൊരു രാജ്യത്തിനുമില്ലാത്ത ഒരു ആനുകൂല്യം ഇപ്പോഴും ജര്‍മനിക്കു സ്വന്തമാണ്. വ്യാപാര മിച്ച രാജ്യമാണ് ജര്‍മനി. അതായത്, കയറ്റുമതി വരുമാനം ഇറക്കുമതിച്ചെലവിനെക്കാള്‍ കൂടുതലുള്ള രാജ്യം. യൂറോപ്യന്‍ യൂണിയനിലെ പല അംഗരാജ്യങ്ങളും വ്യാപാര മിച്ചത്തിലെ ഈ വലിയ വ്യത്യാസത്തിന്‍റെ പേരില്‍ ജര്‍മനിയെ പഴിചാരുന്നതും പതിവാണ്. എന്നാല്‍, 2008ലെ ആഗോള മാന്ദ്യ കാലത്തു പോലും ജര്‍മന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഇളകാതെ നിന്നത് കയറ്റുമതി രംഗത്തുള്ള ഈ അപ്രമാദിത്വത്തിന്‍റെ ബലത്തിലാണ്.

ഇങ്ങനെയൊരു കരുത്തേറിയ മേഖല കൈയിലിരിക്കുന്ന കാലത്തോളം ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദീര്‍ഘകാല ഭീഷണിയൊന്നും ഭയക്കാനില്ലെന്നു തന്നെ വേണം കരുതാന്‍. ജർമനി ശക്തമായി നിൽക്കുന്നിടത്തോളം യൂറോസോൺ സമ്പദ് വ്യവസ്ഥയും ഒരു പരിധി വരെ സുരക്ഷിതമായിരിക്കുമെന്ന് 2008 തെളിയിച്ചതുമാണ്. ജർമനിയുടെ കയറ്റുമതി മേഖലയിലെ നിര്‍ണായക ഘടകമായ വാഹന വിപണി ഇലക്ട്രിക് വിപ്ലവത്തില്‍ പ്രതിസന്ധി നേരിടുന്നില്ലെന്നു മാത്രമല്ല, ആഗോള രംഗത്ത് മത്സരക്ഷമത ആവര്‍ത്തിച്ചുറപ്പിക്കാനും സാധിക്കുന്നുണ്ട്. പരമ്പരാഗത കാര്‍ നിര്‍മാണ മേഖലയിലെ വമ്പന്‍മാരെല്ലാം ഇലക്ട്രിക് രംഗത്തും കരുത്തോടെ ചുവടുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Image by jcomp on Freepik

ഏതു മാന്ദ്യകാലത്തും പ്രതിസന്ധി വര്‍ധിപ്പിക്കുന്നത് തൊഴിലില്ലായ്മയാണെന്നതിനു ചരിത്രം സാക്ഷിയാണ്. എന്നാല്‍, വിദഗ്ധ മേഖലകളില്‍ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തൊഴിലില്ലായ്മ തത്കാലം ആലോചിക്കേണ്ട ആവശ്യം പോലുമില്ലാത്ത ഘടകമാണ്. വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ മേഖലയിലെ മിക്ക രാജ്യങ്ങളിലും തൊഴിലില്ലായ്മയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ചുരുക്കത്തില്‍, യൂറോസോൺ പ്രതിസന്ധി ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നതു വരെ എത്തി നില്‍ക്കുന്ന ചര്‍ച്ചകള്‍ കുറച്ചു കാടുകയറിയെന്നു വേണം പറയാന്‍. രണ്ടു പാദങ്ങളിലെയെന്നല്ല, ഈ സാമ്പത്തിക വര്‍ഷം ആകെ പ്രതീക്ഷിക്കുന്ന 0.1 ശതമാനം ചുരുക്കത്തിനു പോലും കുലുക്കാന്‍ മാത്രം ദുര്‍ബലമല്ല യൂറോസോൺ സമ്പദ് വ്യവസ്ഥ എന്നതു തന്നെ കാരണം.

Trending

No stories found.

Latest News

No stories found.