സർക്കാർ നയം മാറ്റം: ഡോക്യുമെന്‍ററി സംവിധായകർ പ്രതിസന്ധിയിൽ

സർക്കാർ എംപാനൽ ചെയ്ത സംവിധായകരെ അവഗണിച്ച് പുറത്തുള്ള സ്വകാര്യ ഏജൻസികൾക്ക് പ്രോജക്റ്റുകൾ നൽകുന്നു. പരമാവധി ഏഴു ലക്ഷം രൂപ ചെലവ് വരുന്ന അര മണിക്കൂർ ഡോക്യുമെന്‍ററിക്ക് ഇപ്പോൾ ചെലവാക്കുന്നത് കോടികൾ.
Representative image
Representative image
Updated on

അജയൻ

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ വിവിധ പ്രചരണ പരിപാടികൾ ഊർജിതമായി തന്നെ മുന്നോട്ടു പോകുമ്പോഴും ഇക്കാര്യത്തിൽ ഡോക്യുമെന്‍ററി സംവിധായകർ അവഗണിക്കപ്പെടുന്നു.

പബ്ലിക് റിലേഷൻസ് പരിപാടികൾക്ക് സർക്കാർ കൂടുതലായി കോർപ്പറെറ്റ് ഏജൻസികളെ ആശ്രയിച്ചു തുടങ്ങിയതോടെയാണ് ഈ അവസ്ഥ. 2016 മുതൽ ഈ പ്രവണത ശക്തമാണ്. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡോക്യുമെന്‍ററി സംവിധായകരുടെ ഒരു പാനൽ രൂപീകരിച്ചിരുന്നു. ഇതിൽ സംവിധായകരെ മൂന്ന് ഗ്രേഡായി തിരിക്കുകയും ചെയ്തു. ദേശീയ പുരസ്കാരം നേടിയതോ ഇന്ത്യൻ പനോരമയിലേക്കോ ഇന്‍റർനാഷണൽ ഫെസ്റ്റിവലുകളിലേക്കോ തെരഞ്ഞെടുക്കപ്പെടോ ആയ ഡോക്യുമെന്‍ററികളുടെ സംവിധായകരാണ് എ കാറ്റഗറിയിൽ. സംസ്ഥാന പുരസ്കാരങ്ങൾ നേടിയവർ ബി കാറ്റഗറി. ഡിഗ്രി/ഡിപ്ലോമ നേടുകയും അഞ്ച് ഡോക്യുമെന്‍ററികളെങ്കിലും നിർമിക്കുകയും ചെയ്തിട്ടുള്ളവരുമാണ് സി കാറ്റഗറിയിൽ.

എ കാറ്റഗറിയിൽ 59 പേരും ബിയിൽ 37 പേരും സിയിൽ 79 പേരുമാണ് ഇപ്പോഴുള്ളത്. എന്നാൽ, ഈ പാനൽ രൂപീകരണം കൊണ്ടും പരാതിക്കു പരിഹാരമൊന്നുമുണ്ടായില്ല. മുൻപ് ലഭിച്ചിരുന്നതു പോലുള്ള പ്രോജക്റ്റുകൾ ലഭിക്കുന്നില്ലെന്നു മാത്രമല്ല, പൂർത്തിയാക്കിയ വർക്കുകളുടെ പ്രതിഫലവും വൈകുകയാണ്.

2018ലെ വെള്ളപ്പൊക്കവും തുടർന്നുള്ള കൊവിഡ്-19 മഹാമാരിയും കാരണം സർക്കാരിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നെങ്കിലും ഡോക്യുമെന്‍ററി സംവിധായകർക്ക് അന്നും അത്യാവശ്യം അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, അതിൽ പലതിന്‍റെയും പ്രതിഫലം ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്.

കിട്ടാനുള്ള പണം ചോദിക്കുന്നവർ പിന്നീട് തഴയപ്പെടുകയാണെന്നും ഉദ്യോഗസ്ഥർ പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണെന്നും ഒരു സംവിധായകൻ മെട്രൊ വാർത്തയോടു പറഞ്ഞു.

അതേസമയം, എംപാനൽ ചെയ്ത സംവിധായകർക്കു നൽകിയിരുന്നതിനെക്കാൾ വലിയ തുകയ്ക്ക് കോർപ്പറെറ്റ് ഏജൻസികളെ ഇപ്പോൾ പ്രോജക്റ്റുകൾ ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, പുരാവസ്തു സ്മാരകങ്ങളെക്കുറിച്ചുള്ള ഒരു പ്രോജക്റ്റ് 10 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിയുമായിരുന്നത്, കോടികൾക്കാണ് പാനലിൽ ഇല്ലാത്ത ഏജൻസിയെ ഏൽപ്പിച്ചതെന്ന് ഒരു സംവിധായകൻ മെട്രൊ വാർത്തയോടു വെളിപ്പെടുത്തി. ഇതെക്കുറിച്ച് പരാതി ഉയർന്നപ്പോൾ അന്വേഷിക്കാമെന്ന് ഉറപ്പ് കിട്ടി. പക്ഷേ, ആഴ്ചകൾ കഴിഞ്ഞപ്പോൾ, വിദഗ്ധ സമിതിയുടെ തീരുമാനമായിരുന്നു എന്ന മറുപടി മാത്രം വന്നു.

കൂട്ടായി ആവശ്യങ്ങൾ ഉന്നയിക്കുന്നതിന് ഒരു സംഘടനയോ ആശങ്കകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദിയോ ഇല്ലാത്ത സാഹചര്യത്തിൽ ഡോക്യുമെന്‍ററി സംവിധായകർ ഒരു സംഘടന രൂപീകരിക്കുന്നതും പരിഗണിക്കുന്നുണ്ട്. അർഹരായ ഡോക്യുമെന്‍ററി സംവിധായകർക്ക് ന്യായമായ അംഗീകാരവും പ്രതിഫലവും ഉറപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ട്രേഡ് യൂണിയനുമായി ചർച്ചകൾ തുടരുകയുമാണ്.

എംപാനൽ ചെയ്ത ഡോക്യുമെന്‍ററി സംവിധായകർ നിലവിലുള്ള സംവിധാനത്തിൽ അതൃപ്തരാണ്. ഉപജീവന മാർഗം തന്നെ മുടങ്ങിപ്പോകുന്ന സാഹചര്യമാണുള്ളതെന്ന് അവർ പറയുന്നു. പ്രധാന പ്രോജക്റ്റുകൾ പാനലിനു പുറത്തുള്ള സ്ഥാപനങ്ങൾക്ക് സ്ഥിരമായി നൽകുന്നു. ഈ പശ്ചാത്തലത്തിൽ, ഇത്തരം പ്രൊമോഷണൽ പ്രവർത്തനങ്ങളുടെ നിയന്ത്രണം പഴയതു പോലെ പബ്ലിക് റിലേഷൻസ് വകുപ്പിനെ തിരിച്ചേൽപ്പിക്കണമെന്നാണ് എ കാറ്റഗറിയിലുള്ള പ്രശസ്ത സംവിധായകൻ കെ.ആർ. സുഭാഷ് അഭിപ്രായപ്പെടുന്നത്.

എ കാറ്റഗറി സംവിധായകർക്ക് അര മണിക്കൂർ ഡോക്യുമെന്‍ററിക്ക് ഏഴ് ലക്ഷം രൂപ മാത്രം അനുവദിക്കുമ്പോഴാണ് മറ്റ് ഏജൻസികൾക്ക് കോടികൾ നൽകുന്നതെന്ന് മറ്റൊരു സംവിധായകൻ നൂറനാട് രാമചന്ദ്രൻ. അംഗീകരിച്ച സ്ക്രിപ്റ്റിന്‍റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയ വർക്കുകൾ മറ്റൊരു പാനൽ കൂടി പരിശോധിച്ച ശേഷമാണ് തുക അനുവദിക്കേണ്ടത്. ഇതിനു കാലതാമസം നേരിടുന്നു എന്നു മാത്രമല്ല, തുക വെട്ടിക്കുറയ്ക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

സർക്കാരിനു നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലമൊന്നുമില്ലെന്നാണ് സംഘടനാരൂപത്തിലേക്കെത്താൻ ശ്രമിക്കുന്ന ഡോക്യുമെന്‍ററി ഫിലിംമേക്കേഴ്സ് ഫെഡറേഷൻ ഓഫ് കേരള (DFFK) സെക്രട്ടറി വിജു വർമ പറയുന്നത്. ഡോക്യുമെന്‍ററി സംവിധായകർക്ക് പ്രോജക്റ്റുകൾ നൽകാതെ അനീതി കാണിക്കുക മാത്രമല്ല, പ്രതിഫലം വൈകിച്ച് ജീവിതം തന്നെ പ്രതിസന്ധിയിലാക്കുകയാണെന്ന് സംവിധായിക സി.എസ്. ചന്ദ്രലേഖ ചൂണ്ടിക്കാട്ടുന്നു.

ഇടതുപക്ഷ ഭരണത്തിനു കീഴിലാണ് സ്വകാര്യ കുത്തകകൾ ഈ മുതലെടുപ്പ് നടത്തുന്നത് എന്നതാണ് വിരോധാഭാസം. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇവർ വഴി ക്യാപെയ്നുകൾ നടത്തുന്നതിന് കോടികൾ മുടക്കാൻ സർക്കാരിനു മടിയുമില്ല.

Trending

No stories found.

Latest News

No stories found.