സിപിയുടെ വിഴിഞ്ഞം സിപിഎമ്മിന്റെയും

വിഴിഞ്ഞം കടലും ചുറ്റുപാടുമുള്ള കരയും സംബന്ധിച്ചുള്ള പഠനം മാസങ്ങളോളും നീണ്ടതായി ഇപ്പോൾ 102 വയസ്സുള്ള ഗോവിന്ദമേനോന്‍റെ ഓർമയിലുണ്ട്
cp's vizhinjam also cpm's
സ​ർ സി‌.​പി. രാ​മ​സ്വാ​മി അ​യ്യ​ർ തി​രു​വി​താം​കൂ​ർ ദി​വാ​നാ​യി​രി​ക്കെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള പ്രാ​രം​ഭ​പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ജി. ​ഗോ​വി​ന്ദ മേ​നോ​ൻ തു​റ​മു​ഖ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ വി​ഴി​ഞ്ഞം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ| സ​ർ സി​പി രാ​മ​സ്വാ​മി അ​യ്യർ
Updated on

കേരളത്തിന്‍റെ സിംഗപ്പുരായി വിഴിഞ്ഞം മാറുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് സർ സിപി രാമസ്വാമി അയ്യരാണ്. തിരുവിതാംകൂറിന്‍റെ ദിവാനായിരുന്ന അതേ സർ സിപി. ജനാധിപത്യത്തോട് ഒട്ടും മതിപ്പില്ലാത്ത തികഞ്ഞ ഏകാധിപതിയായിരുന്നു അദ്ദേഹമെന്ന് ചരിത്രം വിളിച്ചു പറയുന്നുണ്ട്. അതുകൊണ്ട് സിപിക്ക് നേരെ വധശ്രമം ഉണ്ടാവുകയും അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാവുകയും ചെയ്തു.

പള്ളിവാസൽ, പീച്ചിപ്പാറ ഉൾപ്പെടെ തിരുവിതാംകൂറിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ, പെരിയാർ വന്യമൃഗസംരക്ഷണം, തിരുവനന്തപുരം - കന്യാകുമാരി റോഡ് ദേശവത്കരണം, രാജ്യത്താദ്യമായി 88 മൈൽ ദൂരം തിരുവനന്തപുരം - കന്യാകുമാരി റോഡ് റബർ ടാറിങ്, പാവപ്പെട്ട കുട്ടികൾക്കായി സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതി, പിന്നീട് സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ ആയി മാറിയ ട്രാവൻകൂർ ബാങ്ക്, ആലുവാ അലൂമിനിയം ഫാക്റ്ററി, എഫ്എസിടി, തിരുവിതാംകൂർ സിമെന്‍റ് ഫാക്റ്ററി, ടൈറ്റാനിയം, ട്രാവൻകൂർ റയോൺസ്, പിന്നീട് കേരള സർവകലാശാലയായ ട്രാവൻകൂർ സർവകലാശാല, ഇന്ത്യയിലാദ്യമായി സൗജന്യമായ നിർബന്ധിത വിദ്യാഭ്യാസപദ്ധതി തുടങ്ങി ആധുനിക തിരുവിതാംകൂറിന്‍റെ അടിത്തറയിട്ട ഒരുപാട് പരിഷ്കാരങ്ങൾക്ക് സർ സിപി തുടക്കം കുറിച്ചു. അതിന്‍റെ ഭാഗമായിട്ടായിരുന്നു വിഴിഞ്ഞം പദ്ധതിയിലേക്കും അദ്ദേഹം തിരിഞ്ഞത്.

വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രസക്തി തിരിച്ചറിഞ്ഞ് അതേപ്പറ്റി പഠിക്കാൻ ഒരു ബ്രിട്ടിഷ് എൻജിനീയറെ സർ സിപി വരുത്തി. ആ റിപ്പോർട്ടുപ്രകാരം കൂടുതൽ വിദഗ്ധനായ ഒരു എൻജിനിയർ പിന്നീട് വന്നു. ആ വിദഗ്ധനെ സഹായിക്കാൻ ചുമതലപ്പെട്ടത് അന്ന് തിരുവിതാംകൂർ എൻജിനിയറിങ് കോളെജിൽ(ഇന്ന് സിഇടി എന്ന പേരിൽ പ്രശസ്തമായ തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളെജ്) നിന്നു പഠനം പൂർത്തിയാക്കി പൊതുമരാമത്ത് വകു പ്പിന്‍റെ കീഴിലുള്ള എയർപോർട്ട് വിഭാഗത്തിൽ ജോലിചെയ്തി രുന്ന ജി.ഗോവിന്ദമേനോൻ ആയിരുന്നു.

വിഴിഞ്ഞം കടലും ചുറ്റുപാടുമുള്ള കരയും സംബന്ധിച്ചുള്ള പഠനം മാസങ്ങളോളും നീണ്ടതായി ഇപ്പോൾ 102 വയസ്സുള്ള ഗോവിന്ദമേനോന്‍റെ ഓർമയിലുണ്ട് . വെള്ളായണി തടാകത്തെപ്പറ്റിയും അന്ന് പഠനം നടത്തിയത് വള്ളങ്ങളിലും ബോട്ടിലും കാൽനടയുമായി വിദഗ്ധനോടൊപ്പം പ്രവർത്തിച്ചത് അദ്ദേഹം ഓർക്കുന്നു. വിഴിഞ്ഞം തുറമു ഖത്തിലെത്തുന്ന കപ്പലുകൾക്ക് ശുദ്ധജലം കിട്ടാനുള്ള കേന്ദ്രമായി വെള്ളായണി തടാകം വികസിപ്പിക്കാൻ കഴിയുമെന്നായിരുന്നു വിദഗ്ധന്‍റെ അഭിപ്രായം.

‌ അക്കാലത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ ഒരു എയർപോർട്ട് ഡിവിഷൻ ഉണ്ടായിരുന്നു. ആ വകുപ്പിന് കീഴിൽ, വിഴിഞ്ഞം ഹാർബർ പ്രത്യേക വിഭാഗം 1946-ൽ സ്ഥാപിതമായി. പഠന വിവരങ്ങൾ ബ്രിട്ടനും അന്നത്തെ സർക്കാരിനും കൈമാറി . തിരുവിതാംകൂറും കൊച്ചിയും ലയിച്ചപ്പോഴേക്കും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും രാജഭരണം ജനാധിപത്യത്തിന് വഴിമാറുകയും ചെയ്തു. തിരു-കൊച്ചിയിൽ, നിലവിലുള്ള കൊച്ചി തുറമുഖത്തെ വെല്ലുവിളിക്കാൻ പുതിയ തുറമുഖം ആവശ്യമില്ലെന്ന ആശയം ശക്തമായതോടെ വിഴിഞ്ഞം തുറമുഖ ഓഫിസ് പൂട്ടിക്കെട്ടുകയായിരുന്നു.

നിര്‍മാണം പൂര്‍ത്തിയായി പൂര്‍ണസജ്ജമാകുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള തുറമുഖമായി വിഴിഞ്ഞം മാറുമെന്ന കാര്യത്തില്‍ ഇപ്പോൾ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്. വിഴിഞ്ഞത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് അന്താരാഷ്ട്ര കപ്പല്‍ചാലുള്ളത്. ഇതു തന്നെയാണ് വിഴിഞ്ഞത്തിന്‍റെ പ്രാധാന്യം. കേരളത്തിലെ പ്രധാന തുറമുഖമായ കൊച്ചിക്ക് പോലും ഈയൊരു മുന്‍തൂക്കമില്ല. തലസ്ഥാനത്തിന്‍റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടല്‍ തുറമുഖം.

ഇന്ത്യയിലേക്കുള്ള 90 ശതമാനം ചരക്കുകളും കടൽമാർഗമാണ് വരുന്നത്. ട്രാൻസ്ഷിപ്‌മെന്‍റ് നടത്താനുള്ള വലിയ കേവുഭാരങ്ങളുള്ള കപ്പലുകൾ അടുക്കുന്ന ഒരു തുറമുഖവും വിഴിഞ്ഞം പോലെ ഇന്ത്യയിൽ ഇന്നില്ല. 24,000 കണ്ടെയ്‌നറുകൾ ഉൾക്കൊള്ളുന്ന വലിയ വലിയ കപ്പലുകളാണ് ലോകത്തെ സമുദ്രങ്ങളെ അടക്കിഭരിക്കുന്നത്. അതിലൊരു കപ്പലിനും കയറാൻ ഇന്ത്യയിലെ ഇതരതുറമുഖങ്ങളിൽ ആവില്ല. അതുകൊണ്ട്, ഇന്ത്യയിലേക്കു കടൽമാർഗം വരുന്ന ചരക്കുകളുടെ നല്ലൊരു ഭാഗം കൈകാര്യം ചെയ്യുന്നതിന് വിഴിഞ്ഞത്തിനു കഴിയും. നിലവിൽ അതിന് സൗകര്യമില്ലാത്തതിനാൽ അതു ചെയ്തുകൊണ്ടിരിക്കുന്നത് കൊളംബോയും സിംഗപ്പുരും ദുബായിയും സലാലയും ആണ്. ഈ തുറമുഖങ്ങളിൽ വരുന്ന വൻകപ്പലുകളിൽനിന്ന് ഇറക്കിവെച്ച കണ്ടെയ്‌നറുകളാണ് ചെറിയ കപ്പലുകളിൽ ഇന്ത്യൻ തുറമുഖത്തേക്കു വരുന്നത്. ഈയൊരൊറ്റ പ്രക്രിയയ്ക്കു വേണ്ടി ഒരു വർഷം ആയിരക്കണക്കിനു കോടി രൂപ ചെലവാക്കേണ്ടി വരുന്നുണ്ട് രാജ്യത്തിന്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയായ മെര്‍സ്‌കിന്‍റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പ് 11ന് വിഴിഞ്ഞം തീരത്തെത്തും. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8,000മുതല്‍ 9,000ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2,000കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്‍റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. വെള്ളിയാഴ്ച രാവിലെ 10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി.എന്‍. വാസവന്‍, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനോവാൾ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

ട്രയല്‍ ഓപ്പറേഷന്‍ 3 മാസം വരെ തുടരും. ഈ സമയത്ത് തുറമുഖത്ത് വലിയ കപ്പലുകൾ വരും. കമ്മിഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും. വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടെയ്നര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്‍റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടുപോവും. നിലവില്‍ കൊളംബോ വഴി ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന ചരക്ക് നീക്കം ഇനി വിഴിഞ്ഞം വഴി ആക്കാനാണ് മെര്‍സ്‌കിന്‍റെ തീരുമാനം. മറ്റ് പ്രമുഖ കമ്പനികളും ഈ മാർഗം സ്വീകരിക്കാനാണ് സാധ്യത.ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ എംഎസ്‌സിയുടെ മദര്‍ഷിപ്പും ഈ മാസം തന്നെ വിഴിഞ്ഞത്തെത്തും.

ഒരു ദശാബ്ദത്തിലേറെയായി മുടങ്ങിയ ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കിയത്, ദേശീയപാതാ വികസനം, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രൊ, കൊച്ചി വാട്ടർ മെട്രൊ എന്നിവയ്ക്കു പിന്നാലെ എൽഡിഎഫ് സർക്കാരിന്‍റെ വികസനത്തിന്‍റെ പുതിയ ഉദാഹരണമായി വിഴിഞ്ഞം വരും നാളുകളിൽ വിലയിരുത്തപ്പെടും. മന്ത്രി വി.എൻ. വാസവനിലേയ്ക്ക് വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖ വകുപ്പ് കൈമാറിയത് ഇതു സംബന്ധിച്ച സിപിഎമ്മിന്‍റെ നിലപാട് വ്യക്തമാക്കുന്നു.

കടല്‍ കരയിലേക്ക് ഇരച്ചു കയറി വരുന്നതും വീടുകളെ അപ്പാടെ വലിച്ചെടുത്ത് പോകുന്നതും കേരളത്തിലെ കടല്‍ത്തീരങ്ങളിലെ നിത്യകാഴ്ചകളായി മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കിടയിലാണ് തീരശോഷണവും കടലാക്രമണവും ഇത്രമാത്രം രൂക്ഷമായത്. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണം തുടങ്ങിയതോടെയാണ് ഓരോ വര്‍ഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം വൻതോതിൽ ഉയര്‍ന്നത് എന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ളത്. വിഴിഞ്ഞം പദ്ധതിയാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ ഇത്തരമൊരു വമ്പിച്ച തീരശോഷണത്തിന് കാരണമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്.ഒരോ മഴക്കാലത്തും കടല്‍ കരയെടുക്കുന്നതിന്‍റെ അളവ് കൂടിവരുന്നുവെന്നത് യാഥാർഥ്യമാണ്.

വിഴിഞ്ഞത്തിന്‍റെ കാര്യത്തിൽ സർ സിപിയുടെയും പുന്നപ്ര വയലാർ ഉൾപ്പെടെയുള്ള സമരത്തിലൂടെ സിപിക്കെതിരെ രക്തരൂഷിത പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഇടത് കക്ഷികളും വിഴിഞ്ഞം വികസനത്തിൽ ഒരേ സ്വപ്നം കാണുന്നുവെന്ന വൈരുധ്യവുമുണ്ട്.എക്കാലത്തും സമൂഹത്തിന്‍റെ പിന്നാമ്പുറത്തായിരുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹം ഇപ്പോഴും കടുത്ത ആശങ്കയിലാണ്.അവരെ വിശ്വാസത്തിലെടുത്ത് ആശങ്കകൾ പരിഹരിച്ച് ചേർത്തുനിർത്തുമോ അതോ വികസനത്തിന് അനിവാര്യമായ ഇരകളാണിവരെന്ന് വിധിച്ച് അവഗണിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Trending

No stories found.

Latest News

No stories found.