ആത്മഹത്യയിൽ അഭയം തേടുന്ന വജ്രമേഖല

16 മാസത്തിനിടെ മരിച്ചത് 65 പേർ; വജ്രം വാങ്ങാൻ മടിച്ച് ചൈന, അഞ്ച് പതിറ്റാണ്ടുകൾക്കിടെ വജ്രമേഖലയിൽ രണ്ട് വർഷം നീളുന്ന മാന്ദ്യം ഇതാദ്യം
crisis in diamond industry
ആത്മഹത്യയിൽ അഭയം തേടുന്ന വജ്രമേഖല; വജ്രം വാങ്ങാൻ മടിച്ച് ചൈന, 16 മാസത്തിനിടെ മരിച്ചത് 65 പേർ
Updated on

സൂറത്ത്: വജ്രമേഖലയെ ബാധിച്ച കടുത്ത സാമ്പത്തിക മാന്ദ്യം മൂലം ജീവനക്കാർ ആത്മഹത്യയിൽ അഭയം തേടുന്നു. സൂറത്തിൽ മാത്രം കഴിഞ്ഞ 16 മാസത്തിനിടെ വജ്രമേഖലയിൽ ജോലി ചെയ്തിരുന്ന 65 പേരാണ് സ്വയം ജീവനെടുത്തത്. മേഖലയെ ബാധിച്ചിരിക്കുന്ന മാന്ദ്യം മൂലം ശമ്പളം വെട്ടിക്കുറയ്ക്കുന്നതും ജോലി നഷ്ടപ്പെടുന്നതുമെല്ലാമാണ് ജീവനക്കാരെ കടുത്ത തീരുമാനത്തിലേക്ക് നയിക്കുന്നത്. ആത്മഹത്യാ നിരക്ക് കുറക്കുന്നതിനായി ഡയമണ്ട് വർക്കേഴ്സ് യൂണിയൻ ഗുജറാത്ത് അടുത്തിടെ ഒരു ഹെൽപ് ലൈൻ ആരംഭിച്ചിരുന്നു. ജൂലൈ 15 മുതൽ ഇതു വരെ 1600 ൽ അധികം പേരാണ് സഹായത്തിനായി ഹെൽപ് ലൈനെ സമീപിച്ചതെന്ന് സംഘടന വൈസ് പ്രസിഡന്‍റ് ഭവേഷ് ടാങ്ക് പറയുന്നു. വജ്രവ്യാപാരത്തിന്‍റെ കേന്ദ്രമാണ് സൂറത്ത്. ലോകത്തെ മുഴുവൻ കണക്കെടുത്താൻ‌ 90 ശതമാനം വരുന്ന വജ്രവും മുറിച്ച് മിനുസപ്പെടുത്തി വിൽപ്പനയ്ക്കെത്തിക്കുന്നത് സൂറത്തിൽ നിന്നാണ്.

2500 യൂണിറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പത്തു ലക്ഷത്തോളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഹെൽപ് ലൈനിനെ സമീപിച്ച ഭൂരിപക്ഷം പേരും ജോലി നഷ്ടപ്പെട്ടതിനാൽ ദുരിതത്തിലായവരാണെന്ന് ടാങ്ക് പറയുന്നു. കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പോലും പണം തികയുന്നില്ലെന്നും വീട്ടു വാടകയും അടവുകളും മുടങ്ങിയെന്നും തുടങ്ങി സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നവർ ഏറെയാണ്. യുക്രൈൻ-റഷ്യ, ഇസ്രയേൽ- ഗാസ യുദ്ധങ്ങൾ വജ്രമേഖലയെ മോശമായി ബാധിച്ചിട്ടുണ്ട്. പ്രധാന വിപണിയായ ചൈനയിൽ ആവശ്യം കുറഞ്ഞതും മേഖലയെ തളർത്തി. ഇക്കാരണങ്ങളാൽ 50,000 ജീവനക്കാർക്കാണ് ഈ വർഷം മാത്രം ജോലി നഷ്ടപ്പെട്ടതെന്ന് ടാങ്ക് പറയുന്നു. ചെറിയ യൂണിറ്റുകൾ പൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതോടെ അവിടത്തെ ജീവനക്കാർ തൊഴിൽ രഹിതരാകും.

അടുത്തിടെ സൂററ്റിൽ പ്രവർത്തിക്കുന്ന കിരൺ ജെംസ് താത്കാലികമായി അടച്ചു പൂട്ടി. ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്. പല യൂണിറ്റുകളും ആഴ്ചയിൽ 4 ദിവസങ്ങളിലേ പ്രവർത്തിക്കുന്നുള്ളൂ.

അഞ്ച് പതിറ്റാണ്ടുകൾക്കിടെ ഇതാദ്യമായാണ് വജ്രമേഖലയിൽ രണ്ട് വർഷം തുടർച്ചയായി നീണ്ടു നിൽക്കുന്ന സാമ്പത്തിക മാന്ദ്യമുണ്ടാകുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ വളരെ മോശ സാഹചര്യത്തിലൂടെയാണ് മേഖല കടന്നു പോകുന്നത്.

ചൈന വജ്രം വാങ്ങാൻ മടിക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് ഇന്ത്യൻ ഡയമണ്ട് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ദിനേഷ് നവാദിയ പറയുന്നു.

Trending

No stories found.

Latest News

No stories found.