#ജോസഫ് എം. പുതുശ്ശേരി
ഒടുവിൽ, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കു ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിക്കുള്ള ഓർഡിനൻസ് നിലവിൽ വന്നു. 2012ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിലുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസ്.
നാളുകളായി ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും നിരന്തരമായി ആവശ്യപ്പെടുന്ന കാര്യം. എന്നാൽ നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ പ്രവൃത്തിപഥത്തിലെത്തിയില്ല. ഓരോ തവണ ആക്രമണം ഉണ്ടാവുമ്പോഴും ഇതിനായുള്ള മുറവിളി ഉയർന്നു കൊണ്ടേയിരുന്നു. പക്ഷേ അതു ബധിര കർണങ്ങളിലാണു പതിച്ചത് എന്നാണു നടപടിരാഹിത്യം വ്യക്തമാക്കുന്നത്. രണ്ടു വർഷത്തിനിടെ 26 ആശുപത്രി ആക്രമങ്ങളാണ് അരങ്ങേറിയത്. എന്നിട്ടും കുലുക്കമുണ്ടായില്ല. ഒടുവിൽ ഒരു യുവ ഡോക്റ്ററുടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. ഇനി നടപടിയില്ലാതെ മുന്നോട്ടില്ല എന്നു വ്യക്തമാക്കി ഡോക്റ്റർമാർ ഒന്നടങ്കം സമരരംഗത്തു നിലകൊണ്ടു. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഡോക്റ്റർമാർ ഒന്നടങ്കം ഇങ്ങനെയൊരു പണിമുടക്കിൽ പങ്കെടുക്കുന്നതും കേരള ചരിത്രത്തിലാദ്യം. അതിനൊടുവിലാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ സമ്മതിച്ചത്.
ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണു നിയമ ഭേദഗതിക്കായുള്ള ഓർഡിനൻസ്. അക്രമം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവുശിക്ഷയും 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ എല്ലാ ജില്ലയിലും ഹൈക്കോടതിയുടെ അനുമതിയോടെ പ്രത്യേക കോടതികൾ. ഇതിനായി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെയും നിയോഗിക്കും. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 2 മാസത്തിനുള്ളിൽ കേസന്വേഷണവും ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കും. ഈ നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഇൻസ്പെക്റ്റർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫിസർ അന്വേഷിക്കും. ഇതൊക്കെയാണു വ്യവസ്ഥകൾ. ഗവർണർ ഒപ്പുവച്ചതോടെ ഓർഡിനൻസിനു നിയമപ്രാബല്യമായി.
നല്ലതു തന്നെ. എന്നാൽ അനിവാര്യമായിരുന്ന ഇത്തരമൊരു നടപടിക്ക് ഒരു ഡോക്റ്ററുടെ ജീവനെടുക്കും വരെ കാത്തിരിക്കണമായിരുന്നോ എന്ന ചോദ്യത്തിന് എന്ത് ഉത്തരമാണ് ഉണ്ടാവുക?
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്ന് ഇന്നും നാം മോചിതരായിട്ടില്ല. സമൂഹ മനഃസാക്ഷിയെ കുത്തിനോവിക്കുന്ന വേദനയായി, തേങ്ങലായി ഇന്നും അത് നീറിപ്പുകഞ്ഞു നിൽക്കുകയാണ്.
സർക്കാർ സംവിധാനത്തിന്റെ പിഴവും പിടിപ്പുകേടും കൊണ്ട് ഉണ്ടായ ദുരന്തം. ലഹരിമരുന്നിന് അടിപ്പെട്ട അക്രമോത്സുകനായ ഒരു പ്രതിയെ 23 വയസുള്ള ഒരു കൊച്ചു ഡോക്റ്ററുടെ മുന്നിലെത്തിച്ചിട്ട് പുറത്തു കാറ്റുകൊള്ളാൻ പോയ പൊലീസിനെ കുറിച്ച് നാം എന്താണു പറയേണ്ടത്? കസ്റ്റഡിയിലെടുക്കുന്ന ആളിന്റെ ദേഹപരിശോധന നടത്തി റിപ്പോർട്ട് തയാറാക്കണമെന്ന പ്രാഥമിക ഉത്തരവാദിത്തം ഇവിടെ നിർവഹിക്കപ്പെട്ടിട്ടുണ്ടോ? അക്രമോത്സുകനായ പ്രതിയെ പുറത്തു കൊണ്ടുപോകുമ്പോൾ വിലങ്ങണിയിക്കണമെന്ന സാമാന്യധാരണ ഇവർക്ക് ഇല്ലാതെ പോകുന്നതെന്തേ? വെളുക്കുവോളം ഉണർന്നിരുന്നു ഡ്യൂട്ടി നിർവഹിക്കുന്ന സമർപ്പണമുള്ള യുവ ഡോക്റ്റർ. അവിടെ പൊലീസ് എത്തിച്ച ആൾ അക്രമാസക്തനാകുമ്പോൾ അയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കേണ്ടതിനു പകരം ആ മുറി അടച്ച് ഓടി രക്ഷപ്പെടുന്ന അവസ്ഥ ചിന്തിക്കാനാവുമോ?
പൊലീസിന്റെ കൈവശം തോക്കില്ലായിരുന്നുവോ എന്നു കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തന്നെ ചോദിക്കുകയുണ്ടായി. ക്രമസമാധാന പാലനവും അക്രമികളെ അമർച്ച ചെയ്യുന്നതുമൊക്കെ എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ ദയനീയ ചിത്രം. ഡോക്റ്റർക്കും മജിസ്ട്രേറ്റിനും മുന്നിൽ കക്ഷികളെ പൊലീസ് ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ ഉടൻ വേണമെന്നു ഹൈക്കോടതി നിർദേശിച്ചിരിക്കുന്നു. രണ്ടാഴ്ച സമയം വേണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, വൈകാനാവില്ലെന്നു വ്യക്തമാക്കിക്കൊണ്ട് പുരോഗതി അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സാഹചര്യം സൃഷ്ടിക്കുന്ന ഗൗരവവും സമ്മർദവും ഏറെയായിട്ടും സമയദൈർഘ്യം ആവശ്യപ്പെടുന്ന സർക്കാർ നടപടി ഇന്നലെകളിലെ നിസംഗതയിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല എന്നാണു വെളിവാക്കുന്നത്.
സമാനതകൾ ഇല്ലാത്ത ഈ ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ""ആ മോൾക്ക് എക്സ്പീരിയൻസ് ഇല്ലായിരുന്നു'' എന്ന ആരോഗ്യമന്ത്രിയുടെ പരാമർശം! മുറിവിൽ മുളകു തേയ്ക്കുന്ന നടപടി. ദുരന്തമുഖത്ത് ആരിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്ത പരാമർശം. ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പവും മഹത്വവും തിരിച്ചറിയാനാവുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാവും! അക്രമകാരി കത്രിക കൊണ്ട് തലങ്ങും വിലങ്ങും കുത്തുമ്പോൾ അതു തടുക്കാൻ ഒരു ഡോക്റ്റർക്ക് എന്ത് "എക്സ്പീരിയൻസ് ' ആണ് ഉണ്ടാവുക!
അതുപോലെ ഭയാനകമായിരുന്നു അക്രമത്തിനു ശേഷമുണ്ടായ സംഭവങ്ങൾ. കുത്തുകൊണ്ട ഡോ. വന്ദന ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അവിടെ നിന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഏതു പരിശ്രമവും വിലപ്പെട്ടതു തന്നെ. അതിനെ അഭിനന്ദിക്കുകയും വേണം. പക്ഷേ, "കേരളം നമ്പർ വൺ' എന്നുപറഞ്ഞ് പെരുമ്പറ കൊട്ടുകയും അവാർഡ് വാങ്ങുകയും ചെയ്യുമ്പോഴാണ് ഈ സ്ഥിതി എന്ന കാര്യം മറക്കാനാവില്ല. താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്കു പ്രാഥമികമായി നൽകേണ്ട ചികിത്സാസൗകര്യം പോലും ഉണ്ടായിരുന്നില്ല എന്ന വസ്തുത വെളിവാകുമ്പോൾ അത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടേ? അപ്പോഴാവശ്യമായിരുന്ന ഒരു ചികിത്സാ നടപടി സ്വീകരിക്കാനായിരുന്നെങ്കിൽ ഒരുപക്ഷേ ആ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് ഒപ്പം പഠിച്ച ഒരു യുവ ഡോക്റ്റർ പറയുന്നതു കേൾക്കാനിടയായി. അതിനുള്ള സൗകര്യം പോലും അവിടെ ഉണ്ടായിരുന്നില്ല. പിന്നെ എന്തു നമ്പർ വൺ? ഖ്യാതിക്കു വേണ്ടിയുള്ള വാചാടോപത്തിനപ്പുറം യാഥാർഥ്യമെവിടെ നിൽക്കുന്നു. ഇതു തിരിച്ചറിയാനും പരിഹാര നടപടികൾ സ്വീകരിക്കാനും ഇനിയെങ്കിലും നമുക്കാവേണ്ടേ? അതല്ല, പരസ്യത്തിനു വേണ്ടിയുള്ള പെരുമ്പറ മുഴക്കം മാത്രം മതിയോ?
"ദാരുണമായി കൊല്ലപ്പെട്ട ഡോക്റ്ററുടെ അച്ഛനമ്മമാരുടെ മുഖത്ത് അധികൃതർ എങ്ങനെ നോക്കും?' - ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകളാണ് ഇതെങ്കിലും മനഃസാക്ഷിയുള്ള മുഴുവൻ പേരുടെയും മനസിൽ ഉയർന്നുപൊങ്ങിയ ചോദ്യമാണിത്. കഷ്ടപ്പാടും സമർപ്പണവും കഠിനാധ്വാനവും കൊണ്ട് എംബിബിഎസ് പാസായി ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ള വന്ദന കത്രികക്കുത്തിനിരയായി ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സാഹചര്യത്തിന് ആരുത്തരം പറയും? പഠനവും വളർച്ചയും വിജയവുമെല്ലാമായി മാതാപിതാക്കൾ നെയ്തു കൂട്ടിയ സ്വപ്നങ്ങളത്രയും ഒരു നിമിഷം കൊണ്ട് ചിതയിൽ എരിഞ്ഞമരുന്നത് അവർക്ക് എങ്ങനെ സഹിക്കാനാവും?
ശവസംസ്കാരത്തിന്റെ മൂന്നാം നാളാണ് ഞാൻ ആ വീട്ടിൽ പോയത്. അപ്പോഴും അവിടേയ്ക്കു ആളുകളുടെ പ്രവാഹമാണ്. ബന്ധമോ പരിചയമോ ഒന്നുമില്ലെങ്കിലും ആളുകളെത്തുന്നു. കാരണം, അത്രമാത്രം അവരുടെ മനസുകളെയും ആ ദാരുണസംഭവം കുത്തി മുറിവേൽപ്പിച്ചിരിക്കുന്നു. അച്ഛൻ മോഹൻദാസിനോട് സംസാരിച്ച് യാത്രയാകുമ്പോൾ അകത്തെ മുറിയിൽ സാധാരണ ജീവിതാവസ്ഥയിലേക്ക് അപ്പോഴും തിരിച്ചു വന്നിട്ടില്ലാത്ത അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മൂകമായി നിൽക്കുകയല്ലാതെ എന്തു പറയാനാണ്? ഉത്തരം മുട്ടുന്ന അവസ്ഥ.
ഞാനവിടെ ഇരിക്കുമ്പോൾ ദൂരെ നിന്നു വന്ന 80 വയസ് പ്രായമുള്ള ഒരാൾ മോഹൻദാസിനോട് പറഞ്ഞു- "സാധാരണ, ദിവസങ്ങൾ പിന്നിടുംതോറും വേർപാടിന്റെ ദുഃഖഭാരം കുറഞ്ഞു കുറഞ്ഞുവരും. എന്നാൽ ഇവിടെ അത് ഘനീഭവിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങളും ഇന്നിവിടെ എത്തിയത് ' - ആത്മനൊമ്പരം പങ്കുവയ്ക്കുന്ന വാക്കുകൾ. മാലോകരൊന്നാകെ ഇതു പങ്കുവയ്ക്കുമ്പോൾ ആരാണുത്തരവാദി, എവിടെയാണു ചികിത്സ വേണ്ടത് എന്ന കാര്യം പ്രസക്തമല്ലേ? മറ്റൊരു "എക്സ്പീരിയൻസും' അതിന് പകരമാവില്ല.
അതുകൊണ്ടാണു നടപടികൾ ഫലപ്രദമോ എന്ന ചോദ്യം ഇപ്പോഴും ഉയരുന്നത്. സംരക്ഷണ നിയമം അത്രയും നല്ലത്.
ഇവിടെ ഒരു കാര്യം കൂടി പറയാതെ വയ്യ. അത്യാഹിത അവസ്ഥയിലുള്ള ഒരു രോഗിയുമായി ആശുപത്രിയിൽ എത്തുമ്പോൾ വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാതെ വന്നാൽ അത്തരം ഒരാൾ പ്രകടിപ്പിക്കുന്ന നൊമ്പരത്തിന്റെ, ആത്മരോഷത്തിന്റെ പേരിൽ അയാളെ അകത്താക്കാനുള്ള ഉപാധിയായി ഈ നിയമം ദുരുപയോഗപ്പെട്ടു കൂടാ. അതിനുള്ള ജാഗ്രതയും കരുതലും അനിവാര്യമാണ്. അതുപോലെ മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടായാൽ അത് ചൂണ്ടിക്കാട്ടാനും പരാതിപ്പെടാനുമുള്ള സംവിധാനം കൂടി ഉണ്ടാവണം. പരാതി പരിശോധിക്കാനും നടപടി സ്വീകരിക്കാനും അധികാരമുള്ള ഒരു ട്രൈബ്യൂണൽ സംവിധാനം. അപ്പോഴേ ഇതിന്റെ ബാലൻസിങ് ശരിയാകുകയുള്ളൂ. മനുഷ്യജീവനുമായി ബന്ധപ്പെട്ട ഈ മേഖലയിൽ അശ്രദ്ധയുടെയോ ഉപേക്ഷയുടെയോ തരിമ്പെങ്കിലും സംഭവിക്കാതിരിക്കാനുള്ള കരുതൽ നടപടി.
നിയമനിർമാണം കൊണ്ടു മാത്രം അവസാനിപ്പിക്കേണ്ടതാണോ തുടർനടപടികൾ എന്ന മറ്റൊരു ഗൗരവതരമായ ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട് .
കാരണം ഈ ദുരന്തം തന്നെ ലഹരി ഉപയോഗത്തിന്റെ കൂടി പ്രത്യുത്പന്നമാണ്. ലഹരി മരുന്നു വ്യാപനം ഇത്രയേറെ വിപുലമായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇത്തരമൊരു ഗുരുതരാവസ്ഥയിൽ ഈ ദുരന്തത്തിനു ശേഷമെങ്കിലും സ്വമേധയാ നടപടികൾ ഉണ്ടാവണ്ടേ? ഡോക്റ്റർമാർ സമരം ചെയ്തതു കൊണ്ട് ആശുപത്രി സംരക്ഷണ ഓർഡിനൻസ് ഉണ്ടായി. അവിടം കൊണ്ട് അവസാനിപ്പിക്കേണ്ടതാണോ പ്രശ്നം? ഇക്കാര്യത്തിൽ സർക്കാർ അവലംബിക്കുന്ന നിസംഗത ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇടവരുത്തും.
കോഴിക്കോട് മെഡിക്കൽ കോളെജ് സൂപ്രണ്ട് തന്നെ പൊലീസിനു നൽകിയ പരാതി നമ്മെ വിസ്മയിപ്പിക്കുന്നു. ആശുപത്രിയുടെ ഇന്നയിന്ന ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമാണ്. സെക്യൂരിറ്റി ജീവനക്കാർ തടയാൻ നോക്കിയിട്ട് അവർക്കു ഭീഷണിയും മർദനവും. അതുകൊണ്ട് നടപടി വേണം. എത്ര ഭയാനകമായ സ്ഥിതിവിശേഷം. ഇതു പൊലീസിനും ബന്ധപ്പെട്ടവർക്കും അറിയാത്തതാണോ? ആരാണ് അവരുടെ കൈകൾ ബന്ധിച്ചിരിക്കുന്നത്?
സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളുടെ പരിസരങ്ങളിലേക്കും മയക്കുമരുന്ന് മാഫിയ വല വിരിച്ചിട്ടുള്ളതായി ഏതാനും മാസം മുമ്പ് പറഞ്ഞത് എക്സൈസ് കമ്മിഷണർ തന്നെയാണ്. എന്നിട്ടും എന്താണു നടപടികൾ ഇല്ലാതെ പോകുന്നത്? എംഡിഎംഎ പോലെ പ്രഹരശേഷി വളരെ കൂടുതലായ ലഹരി മരുന്നുകൾ ഇന്നു സുലഭമാണ്. വിതരണ ശൃംഖലയിലൂടെ വൻ സാമ്പത്തിക നേട്ടമാണ് ഇതിൽ കണ്ണികളായവർക്ക് ഉണ്ടാകുന്നത്. അതിന്റെ പങ്കു പറ്റുന്നവരും പെട്ടെന്നു സമ്പന്നരും സ്വാധീനശക്തികളുമാകുന്നു. പിടിക്കപ്പെടുന്ന കേസുകളിൽപ്പോലും വിട്ടയയ്ക്കാനുള്ള നിർദേശമാണു നിയന്ത്രിതാക്കളിൽ നിന്നു ലഭിക്കുന്നത് എന്നാണു പല പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. ഈ പോക്ക് എങ്ങോട്ടാണ്? അക്രമവാസനകളും പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങളുമൊക്കെ പെരുകുന്നതിനു പിന്നിലെ ഗൂഢശക്തി ഇതല്ലാതെ മറ്റെന്താണ്? ഭാവി തലമുറയെ മുച്ചൂടും മുടിക്കാൻ ഇടയാക്കുന്ന ഈ വൻ വിപത്തിനെതിരെ അർഹിക്കുന്ന ഗൗരവത്തിലുള്ള നടപടികളുടെ അഭാവം വിവരണാതീതമായ ദുരന്ത മുഖത്തേക്കായിരിക്കും നമ്മെ എത്തിക്കുക.
ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയും നിസംഗതയും അവലംബിച്ചിട്ട് പ്രചരണത്തിനു വേണ്ടി "ലഹരി വിരുദ്ധ ക്യാംപെയിൻ' നടത്തുന്ന ആത്മവഞ്ചനയാണ് കാണാനാവുക. വിതരണ ശൃംഖലയും അതിലൂടെ ഉണ്ടാകുന്ന ലഭ്യതയും തകർക്കാതെ എങ്ങനെയാണ് ഇതിനെ അതിജീവിക്കുക. ഇത് ഉപയോഗിക്കാത്ത കുടുംബശ്രീക്കാരെയും സ്കൂൾ കുട്ടികളെയും അണിനിരത്തി റാലി നടത്തിയിട്ട് എല്ലാമായി എന്നു നടിച്ചിട്ട് എന്തു പ്രയോജനം?
ഈ വിപത്തിന്റെ വേരറുക്കാനുള്ള ഇച്ഛാശക്തിയാണ് ഇപ്പോൾ പ്രകടിപ്പിക്കേണ്ടത്. അതിൽ കുറഞ്ഞ ഒരു നടപടിയും പ്രശ്നപരിഹാരത്തിനുതകില്ല. അതിനുള്ള ആർജവമാണു ഭരണാധികാരികളിൽ നിന്നു പൊതുസമൂഹം പ്രതീക്ഷിക്കുന്നത്.
ഡോ. വന്ദന കൊലക്കേസ് ഡോക്റ്റർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സംരക്ഷണാവശ്യം മാത്രമല്ല ഉയർത്തുന്നത്. ലഹരിക്കെതിരായ അന്തിമ യുദ്ധത്തിനുള്ള ആഹ്വാനം കൂടിയാണ് അതു നൽകുന്നത്. ഇക്കാര്യത്തിൽ ഇതുവരെ പുലർത്തിയ നിസംഗതയിൽ നിന്ന് ഇനിയെങ്കിലും സർക്കാർ ഉണർന്നെഴുന്നേൽക്കുമോ?