ട്രെയ്ൻ യാത്രാ ദുരിതം അതിന്റെ എല്ലാ സീമകളും കടന്നു കുതിക്കുന്നതാണ് വർത്തമാനകാല അനുഭവം. വണ്ടികളൊന്നും കൃത്യസമയത്ത് വരുന്നില്ലെന്ന് മാത്രമല്ല, തിങ്ങി ഞെരുങ്ങി ശ്വാസം പോലും കിട്ടാതെ യാത്ര ചെയ്യേണ്ട അവസ്ഥ. പരശുറാം എക്സ്പ്രസിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തിരക്കിൽ രണ്ടു വനിതാ യാത്രികർ കുഴഞ്ഞുവീണു. പരീക്ഷയെഴുതാൻ പോവുകയായിരുന്ന കാസർഗോഡുകാരി രക്തസമ്മർദം കുറഞ്ഞാണ് കുഴഞ്ഞു വീണത്. ഇവരെ തലശേരി ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയ ശേഷം സഹയാത്രികർ നാദാപുരത്തെ പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട്ട് പഠിക്കുന്ന മറ്റൊരു പെൺകുട്ടിയും വടകര എത്താറായപ്പോൾ തളർന്നുവീണു. ലക്ഷക്കണക്കിനാളുകൾ ദിവസവും ആശ്രയിക്കുന്ന ട്രെയ്നുകളിലെ യാത്ര സമാനതകളില്ലാത്ത ദുരിതവും ദുരന്തവുമായി മാറുന്നതാണ് ഇപ്പോൾ കാണാനാവുന്നത്.
വന്ദേഭാരത് സെമി ഹൈസ്പീഡ് ട്രെയ്ൻ വന്നതോടെ മിക്ക വണ്ടികളും ദീർഘസമയം പിടിച്ചിടുന്നതാണ് സമയക്രമം പാളം തെറ്റിയതിന്റെ മുഖ്യകാരണം. വന്ദേഭാരത് ഇല്ലാതിരുന്നപ്പോൾ ഇതിലും കൃത്യമായി സംസ്ഥാനത്ത് ട്രെയ്നുകൾ ഓടിയിരുന്നു എന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
രാവിലെ ഒമ്പതിനും പത്തിനും ജോലിക്കെത്താൻ കഴിയും വിധം ട്രെയ്ൻ യാത്ര തരപ്പെടുത്തിയിരുന്നവർ രണ്ടു മാസത്തിലേറെയായി ദുരിതത്തിലാണ്. നേരത്തേ ഉപകരിക്കപ്പെട്ടുകൊണ്ടിരുന്ന ട്രെയ്നുകളെല്ലാം ഇപ്പോൾ വൈകി ഓടുകയാണ്. അതു മൂലം സമയത്തെത്താൻ കഴിയാതെ ജോലിയിൽ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരുന്ന ഗുരുതരാവസ്ഥ.
ഈ സ്ഥിതിവിശേഷമാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വന്ദേഭാരതതിനു വേണ്ടി മറ്റു ട്രെയ്നുകൾ പിടിച്ചിടുന്നതിനാൽ മലബാറിലെ ഹസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി കമ്മിഷൻ വിരൽ ചൂണ്ടിയിരിക്കുകയാണ്. പരിഹാര നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പാലക്കാട് റെയ്ൽവേ ഡിവിഷണൽ മാനെജർ 15 ദിവസത്തിനകം നൽകണമെന്ന് ഉത്തരവും നൽകിയിരിക്കുന്നു.
ദുരിതപർവം താണ്ടേണ്ടി വരുന്ന യാത്രക്കാരുടെ മനോഗതവും പ്രശ്നത്തിന്റെ ആഴവും കണക്കിലെടുത്തുള്ള നടപടി. ഇതിനോട് റെയ്ൽവേയുടെ ഉത്തരവാദിത്തപ്പെട്ടവർ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ഇനി കണ്ടറിയേണ്ടത്. വന്ദേഭാരത് മാത്രമാണോ സമയകൃത്യത പാലിക്കേണ്ടത്? മറ്റെല്ലാ ട്രെയ്നുകളും ആ ലക്ഷ്യം ആർജിക്കണമെന്ന തിരിച്ചറിവില്ലാതെ പോകുന്നത് എന്താണ്? ഇത്തരം ന്യായമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള ബാധ്യത അധികൃതർക്കുണ്ട്.
വന്ദേഭാരതിന്റെ വരവോടെ യാത്രാ സമയത്തിലും സൗകര്യങ്ങളിലും ഉണ്ടായ നവീനത എല്ലാവരിലും സന്തോഷം ഉണ്ടാക്കിയ ആകർഷണീയത തന്നെയായിരുന്നു. പക്ഷേ അത് എല്ലാത്തിനുമുള്ള ഒറ്റമൂലിയായി കാണാനാവില്ല. ഇത് മറ്റു ട്രെയ്നുകളുടെ സമയക്രമം തെറ്റിച്ച് ട്രെയ്ൻ ഗതാഗതക്രമം തന്നെ താളം തെറ്റുന്ന അവസ്ഥയിലേക്കായാൽ പിന്നെ പുതിയ സംവിധാനം കൊണ്ട് എന്തു പ്രയോജനം? അതിലെ ടിക്കറ്റ് നിരക്ക് സാമ്പത്തിക സൗകര്യമുള്ളവർക്കു മാത്രമേ താങ്ങാനാവൂ. പരിമിതമായ ശമ്പളത്തിൽ ജോലിചെയ്യുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർ ആശ്രയിക്കുന്നത് മറ്റു ട്രെയ്നുകളെയാണ്. അവയാകെ താളം തെറ്റിയതാണ് മുമ്പൊരിക്കലും ഉണ്ടാകാത്ത ഈ പ്രതിസന്ധിക്കു കാണം.
ഇതിന് അടിയന്തര പരിഹാരം കൂടിയേ തീരൂ. റെയ്ൽവേയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം അത്രത്തോളം വലുതാണ്. കേരളത്തിൽ ദിവസവും അഞ്ചു ലക്ഷത്തിനടുത്ത് ആളുകൾ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആറുകോടിയോളം രൂപയാണ് യാത്രക്കാരിൽ നിന്നും മാത്രമുള്ള ദിവസവരുമാനം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഒരു ദിവസം 40,000ത്തോളം പേർ യാത്ര ചെയ്യുന്നു. 53 ലക്ഷം രൂപയാണ് അവിടത്തെ വരുമാനം. എറണാകുളത്തു നിന്ന് 38,000 പേരും കോഴിക്കോട് നിന്ന് 30,000ത്തോളം പേരും നിത്യേന യാത്ര ചെയ്യുന്നു. പാലക്കാട്, ഷൊർണൂർ, തൃശൂർ, കോട്ടയം, കൊല്ലം, കാസർഗോഡ് സ്റ്റേഷനുകളിൽ നിന്നെല്ലാം 15,000ത്തിനു മുകളിൽ യാത്രക്കാരുണ്ട്.
ദക്ഷിണ റെയ്ൽവേയുടെ കഴിഞ്ഞ വർഷത്തെ വരുമാനം 6,500 കോടിയാണ്. ഇതിൽ 2,300 കോടിയും കേരളത്തിൽ നിന്നാണ്. ഇത്തരത്തിൽ റെയ്ൽവേയ്ക്ക് മികച്ച വരുമാനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം എന്നിരിക്കേ അതിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങളും സുഗമമായ യാത്രാ സൗകര്യങ്ങളും ഒരുക്കാനുള്ള ബാധ്യത റെയ്ൽവേയ്ക്കുണ്ട്. അതുണ്ടാകുന്നില്ലെന്നു മാത്രമല്ല, നിലവിൽ ഉണ്ടായിരുന്ന സൗകര്യങ്ങളിൽ പോലും കരിനിഴൽ വീഴ്ത്തുകയുമാണ്. നിലവിലുള്ള വണ്ടികളുടെ കോച്ചുകൾ വെട്ടിക്കുറച്ചതും പാസഞ്ചർ വണ്ടികൾ നിർത്തലാക്കിയതും സമയകൃത്യത പാലിക്കാത്തതും കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.
വന്ദേഭാരതിന്റെ വരവോടെ അതിന്റെ ബോഗി നിർമാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതു കാരണം മറ്റു ട്രെയ്നുകളുടെ ബോഗി നിർമാണം തീരെ ഇല്ലാതായി. അതാണ് ബോഗികൾ കൂട്ടാനോ നിലവിലുള്ളതിന് കേടു വന്നാൽ പകരം ഉപയോഗിക്കാനോ ബോഗികൾ ഇല്ലാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. അക്ഷരാർഥത്തിൽ ബോഗി ക്ഷാമം അതിന്റെ മൂർധന്യത്തിൽ.
ഹസ്വദൂര സ്റ്റേഷനുകളെ ബന്ധിപ്പിച്ചുള്ള മെമു സർവീസുകൾ തിരക്കിനുള്ള നല്ല ഒരു പരിഹാരമാണ്. നിലവിലുള്ള മെമു ട്രെയ്നുകൾ കൃത്യമായി സർവീസ് നടത്തുന്നുമുണ്ട്. കൃത്യസമയത്ത് തന്നെ അവ യഥാസ്ഥലങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. കൂടുതൽ മെമു സർവീസുകൾ തുടങ്ങാൻ റെയ്ൽവേ തന്നെ ആലോചിച്ചെങ്കിലും ബോഗികളുടെ നിർമാണത്തിൽ ഉണ്ടായ ഈ കുറവ് ആ നീക്കത്തിൽ നിന്ന് പിന്മാറാൻ നിർബന്ധിതമാക്കുകയായിരുന്നു.
ഇവിടെയാണ് അടിയന്തര മാറ്റമുണ്ടാവേണ്ടത്. വന്ദേഭാരത് പോലെ തന്നെ മറ്റു ട്രെയ്നുകൾക്കുമുള്ള ബോഗികളുടെ നിർമാണം കൂടി നടക്കണം. പൊതുഗതാഗത സൗകര്യമെന്ന നിലയിൽ കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഇത്തരം സർവീസുകളെയാണ്. കുറഞ്ഞ നിരക്കും ലക്ഷ്യപ്രാപ്തിയും. സാധാരണക്കാരന്റെ ആവശ്യ സർവീസായ ഇതിന് മുന്തിയ പരിഗണന നൽകണം. ആഡംബര വണ്ടികളിലേക്കുള്ള ലക്ഷ്യവും വ്യഗ്രതയും മാത്രമായി റെയ്ൽവേ അജൻഡ പരിമിതപ്പെട്ടുകൂടാ. അടിയന്തരമായി വേണ്ടത് ഇതിലുള്ള നയംമാറ്റവും അതനുസരിച്ചു മറ്റു വണ്ടികൾക്കുള്ള ബോഗി നിർമാണവുമാണ്. ഇപ്പോൾ ഓടുന്ന വണ്ടികളിലെ തുരുമ്പെടുത്തതും ചോർന്നൊലിക്കുന്നതുമായ ബോഗികൾ ഒന്നും മാറാൻ കഴിയുന്നില്ല. പകരം ബോഗികൾ ഇല്ല എന്നതു തന്നെ കാരണം.
കേരളത്തോടുള്ള അവഗണന ഇക്കാര്യങ്ങളിലൊക്കെ പ്രകടമാണ്. ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എൽഎച്ച്ബി കോച്ചുകൾ 2000 മുതൽ ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങി. എന്നാൽ കേരളത്തിൽ അതെത്താൻ 19 വർഷമെടുത്തു. 2019ലാണ് നമുക്ക് അത്തരം കോച്ചുകൾ ലഭിക്കുന്നത്. ഇത്തരം സമീപനങ്ങളിലും മാറ്റം ഉണ്ടായേ മതിയാവൂ.
നിലവിലുള്ള ലൈനിലെ തിരക്ക് കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ നമുക്കുള്ള ന്യൂനതയായി അധികൃതർ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. ഇതു മറികടക്കാൻ യുദ്ധകാലാടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലും നടപടികൾ സ്വീകരിക്കണം.
ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനമാണ് അതിലൊന്ന്. യുദ്ധകാലാടിസ്ഥാനത്തിൽ അത് നടപ്പാക്കണം. ഏറ്റവും തിരക്കുള്ള സെക്റ്റർ എന്ന നിലയിൽ എറണാകുളം - കോയമ്പത്തൂർ റൂട്ടിൽ അത് ആദ്യം തുടങ്ങാനാണ് ഇപ്പോൾ റെയ്ൽവേ ആലോചിച്ചിട്ടുള്ളത് എന്നാണ് മനസിലാക്കുന്നത്. അതോടൊപ്പം തിരുവനന്തപുരം - എറണാകുളം സെക്റ്ററിലും ഷൊർണൂർ - മംഗലാപുരം സെക്റ്ററിലും വേഗത്തിൽ ഇത് നടപ്പാക്കണം. തിരക്കിന്റെ കുരുക്കഴിക്കാൻ ഇതേ പോംവഴിയുള്ളൂ. വണ്ടികൾ പിടിച്ചിടുന്നതു മൂലമുണ്ടാകുന്ന കാലതാമസം ഇത് ഒഴിവാക്കും. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ മുന്തിയ പരിഗണനയും അടിയന്തിര നടപടിയുമുണ്ടാവണം.
മറ്റൊന്ന് മൂന്നും നാലും ലൈനുകളാണ്. അത് ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ടവയാണെങ്കിലും കൂടുതൽ പ്രാധാന്യവും കാലദൈർഘ്യം ഒഴിവാക്കിയുള്ള നടപടികളും വേണം. സാധാരണ റെയ്ൽവേ മൂന്നാം ലൈൻ തീർത്തിട്ടാണ് നാലിലേക്ക് കടക്കുക. കേരളത്തിലെ ജനസാന്ദ്രതയും സ്ഥലമെടുപ്പിലെ പ്രശ്നങ്ങളും ഒക്കെ കണക്കിലെടുത്ത് ഇത് ഒരുമിച്ചു കൊണ്ടുപോകാൻ കഴിയണം. ചുരുങ്ങിയത് റെയ്ൽവേ ഭൂമിക്കു പുറത്ത് ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലമെങ്കിലും 3, 4 ലൈനുകൾക്കായുള്ളവ ഒരുമിച്ച് ഏറ്റെടുക്കണം. എങ്കിലേ നിർമാണ പ്രക്രിയയിൽ വേഗത കൈവരിക്കാനാവൂ. എറണാകുളം - ഷൊർണൂർ സെക്റ്ററിലാണ് ഇപ്പോൾ ഇതിനുള്ള നടപടികൾക്ക് റെയ്ൽവേ അനുമതി നൽകിയിട്ടുള്ളത്. മറ്റു ഭാഗങ്ങളിലേക്കും അടിയന്തരമായി അനുമതി നൽകണം.
അതോടൊപ്പം റെയ്ൽവേയുടെ കൈവശം നിലവിലുള്ള ഭൂമി അന്യാധീനപ്പെട്ടു പോകാൻ ഇടയാകയുമരുത്. സിൽവർ ലൈനിന് വേണ്ടി കെ- റെയ്ൽ അധികൃതർ റെയ്ൽവേ ഭൂമി ആവശ്യപ്പെടുകയും സംയുക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. അങ്ങനെ വിട്ടുകൊടുത്താൽ നിലവിലുള്ള റെയ്ൽവേയുടെ വികസനം എന്നന്നേക്കുമായി നിലയ്ക്കും. മൂന്നും നാലും ലൈനുകളൊക്കെ സ്വപ്നമായി അവശേഷിക്കും.
റെയ്ൽവേയുടെ മൂന്നും നാലും ലൈനുകൾ വന്നു കഴിഞ്ഞാൽ വേഗത കൂടിയ വണ്ടികൾ അതുവഴിയും മറ്റുള്ളവ നിലവിലുള്ള ലൈനുകൾ വഴിയും ഓടിക്കാനാവും. മെമു തന്നെ 110 കിലോമീറ്റർ വേഗതയുള്ള വണ്ടിയാണ്. ജനശതാബ്ദി പോലെയുള്ളവ 160 കിലോമീറ്ററും. അതിനേക്കാൾ വേഗത കൂടിയവയാണ് രൂപകൽപ്പനയിലുള്ളത്. പുതിയ ലൈനുകൾ നിർമിക്കുമ്പോൾ 160 കിലോമീറ്റർ വേഗതയിൽ കുറഞ്ഞതൊന്നും ആലോചിക്കേണ്ടതില്ലെന്നാണ് 2021ലെ റെയ്ൽവേ പോളിസിയിൽ തന്നെ പറയുന്നത്.
അപ്പോൾ പിന്നെ കെ- റെയ്ലിന്റെ 132 കിലോമീറ്റർ വേഗത മാത്രമുള്ള സിൽവർലൈൻ അപ്രസക്തവും കാലഹരണപ്പെട്ടതുമാണ് എന്നതിൽ വല്ല സംശയവുമുണ്ടോ? അതുണ്ടാക്കുന്ന കടബാധ്യതയും പരിസ്ഥിതി ആഘാതവും കുടിയിറക്കും വേറെ. അതിനേക്കാൾ സൗകര്യം, കുറഞ്ഞ ചെലവിൽ റെയ്ൽവേയ്ക്കു തന്നെ ആർജിച്ചെടുക്കാനാവുമ്പോൾ പിന്നെ എന്തിന് ഇങ്ങനെ ഒരു ദുർവ്യയവും ആഘാതവും.
അതുകൊണ്ട് മൂന്നും നാലും ലൈൻ ഉറപ്പാക്കാൻ റെയ്ൽവേയുടെ ഒരു തുണ്ടു ഭൂമി പോലും കൈമാറാതിരിക്കാനുള്ള ജാഗ്രത നിലവിലെ പ്രശ്നപരിഹാരത്തിന് ഏറെ അനിവാര്യമാണ്. ദീർഘവീക്ഷണത്തോടെ ഇക്കാര്യങ്ങൾ സമയബന്ധിതമായി നിർവചിക്കുകയും നിർവഹിക്കുകയും വേണം. ആ ദീർഘകാല ലക്ഷ്യത്തിലേക്ക് ഒട്ടും സമയം പാഴാക്കാതെ ഇപ്പോഴേ ചുവടുവയ്ക്കാനുമാകണം.
വണ്ടി പിടിച്ചിട്ടും ബോഗികളുടെ കുറവു കൊണ്ടും ഇന്ന് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പ്രൊഫഷണൽ സമീപനത്തോടും യാത്രക്കാരോടുള്ള ഉത്തരവാദിത്വം കണക്കിലെടുത്തും ഉടൻ പരിഹരിക്കാനാവണം. മനുഷ്യാവകാശ കമ്മിഷൻ തന്നെ കണ്ടെത്തിയ മനുഷ്യാവകാശ ലംഘനം പരിധിവിട്ട് നീണ്ടുപോകാനാവില്ലല്ലോ. അതിനുള്ള ആർജവമാണ് റെയ്ൽവേ അധികൃതർ പ്രകടമാക്കേണ്ടത്. യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കാൻ ഇനിയും ശ്രമിക്കരുത്.