ഭരണഘടന സംരക്ഷിക്കാൻ വൈവിധ്യത്തിനു കിട്ടിയ വോട്ട്

അടിയന്തരാവസ്ഥയ്ക്കു തടയിടാനും, യുപിഎ സർക്കാരിന്‍റെ അഴിമതി അവസാനിപ്പിക്കാനും ഇടപെട്ട വോട്ടർമാർ, വർഗീയ വിദ്വേഷം പ്രോത്സാഹിപ്പിച്ച മോദി സർക്കാരിനും ശക്തമായ മുന്നറിയിപ്പു നൽകിയിരിക്കുന്നു
ഭരണഘടന സംരക്ഷിക്കാൻ വൈവിധ്യത്തിനു കിട്ടിയ വോട്ട്
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ നടത്തിയ ധ്യാനം അടക്കമുള്ള മോദിയുടെ ഓരോ നീക്കത്തിനും പിന്നിൽ വർഗീയ വിദ്വേഷം ഊട്ടിയുറപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം മാറ്റൊലിക്കൊണ്ടിരുന്നു
Updated on

അജയൻ

ബിജെപിയുടെയും എൻഡിഎ സഖ്യത്തിന്‍റെയും ഏകപക്ഷീയമായ ഗംഭീര വിജയം പ്രവചിച്ചു കൊണ്ടാണ് എക്സിറ്റ് പോൾ ചുഴലിക്കാറ്റ് ഇന്ത്യയിൽ വീശിയടിച്ചത്. പക്ഷേ, പ്രവചനങ്ങൾ അസ്ഥാനത്തായി. യഥാർഥ തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ‌ 400 സീറ്റെന്ന എൻഡിഎ സ്വപ്നം തകർന്നു വീണു. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ ബിജെപി തളർന്നു. ജനാധിപത്യത്തിന്‍റെ വിശുദ്ധ തത്വങ്ങളെയും ഭരണഘടനയുടെ ആർജവത്തെയും ചേർത്തു പിടിച്ചു കൊണ്ട് സാധാരണ വോട്ടർമാർ നൽകിയ ശക്തമായ സന്ദേശമായി വേണം ഈ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്താൻ.

കഴിഞ്ഞു പോയ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നേടിയ ഗംഭീര വിജയത്തിന്‍റെ പ്രഭാവത്തിൽ കണ്ണ് മഞ്ഞളിച്ചതു കൊണ്ടായിരിക്കണം, ഇത്തവണ പാർട്ടിയെയും മുന്നണിയെയും എല്ലാം ഒഴിവാക്കി മോദി ഗ്യാരന്‍റി എന്ന ഒറ്റ മുദ്രാവാക്യത്തിലൂടെയാണ് നരേന്ദ്ര മോദി മൂന്നാം തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചിലർക്ക്, ഒരു തരത്തിൽ പറഞ്ഞാൽ ഭൂരിപക്ഷം പേർക്കും, മോദി സ്വന്തം വ്യക്തിത്വത്തെ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുകയാണെന്നാണ് തോന്നിയത്. അതു കൊണ്ടായിരിക്കാം അതിനൊരു മറുപടി നൽ‌കിയേക്കാം എന്ന് ജനങ്ങൾ മനസിലുറപ്പിച്ചതും. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ഓർമിപ്പിക്കും വിധത്തിൽ ബിജെപിക്കു മാത്രം 370 സീറ്റുകൾ, എൻഡിഎക്ക് 400ലധികം സീറ്റ്... അങ്ങനെ മോദിയുടെ സ്വപ്നങ്ങളെയെല്ലാം നുള്ളിയെറിഞ്ഞു കൊണ്ട് ബിജെപിക്കോ എൻഡിഎക്കോ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്ത വിധം മോദി പരാജയപ്പെട്ടു. വാരാണസിയിലെ ഭൂരിപക്ഷം പാതിയിലും താഴേക്ക് കുറച്ച് വോട്ടർമാർ മോദിക്കും ശക്തമായ മുന്നറിയിപ്പു തന്നെ നൽകി.

കഴിഞ്ഞ രണ്ട് എൻഡിഎ സർക്കാരുകളുടെ കാലത്തും വർഗീയ വിദ്വേഷം ആഴത്തിൽ പടർന്നിരുന്നതിനു കാരണവും മറ്റൊന്നല്ല, മോദി അത്ര സൂക്ഷ്മതയോടെ രൂപപ്പെടുത്തിയെടുത്തതാണാ വിദ്വേഷം. ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിലുട നീളം വർഗീയ വിദ്വേഷത്തിന്‍റെ തീനാളങ്ങൾ ആളിക്കത്തിക്കാനുള്ള ഒരവസരവും മോദി പാഴാക്കിയിരുന്നില്ല. അവയെല്ലാം പുരാതന മതതത്വത്തിൽ വേരൂന്നിയതാണ്, അതിന്മേൽ അദ്ദേഹം സാമുദായിക വിദ്വേഷത്തിന്‍റെ കോട്ടകൊത്തളങ്ങൾ പണിതുയർത്തി. മുസ്ലിം അനുകൂലമെന്നാരോപിച്ച് നിരന്തരമായി കോൺഗ്രസ് പ്രകടനപത്രികയെ ആക്രമിച്ചു. ഹിന്ദുക്കളുടെ ഉള്ളിൽ സ്വയം ഒരു രക്ഷകനെന്ന പ്രതീതി ഉണർത്തിച്ച് അവരുടെ ഉള്ളിൽ ഭയം കുത്തി നിറയ്ക്കാൻ പാകത്തിലുള്ള പദ്ധതികളെല്ലാം അദ്ദേഹം നടപ്പിലാക്കി. അവസാന ഘട്ടം പോളിങ്ങിനു മുൻപ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ നടത്തിയ ധ്യാനം അടക്കമുള്ള മോദിയുടെ ഓരോ നീക്കത്തിനും പിന്നിൽ വർഗീയ വിദ്വേഷം ഊട്ടിയുറപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം മാറ്റൊലിക്കൊണ്ടിരുന്നു.

വോട്ടർമാർ ഈ കുതന്ത്രങ്ങളെയെല്ലാം തകർത്തെറിഞ്ഞപ്പോൾ, അതു മോദിയെയും അദ്ദേഹത്തിന്‍റെ കുടിലതന്ത്രങ്ങളെയും കൂടി നിരാകരിക്കുന്നതിനു തുല്യമായി. ഒരു സാധാരണ പൗരനെ അപേക്ഷിച്ച്, മതം എന്നാൽ ഒരാളുടെ വിശുദ്ധ സ്വകാര്യതയാണ്. രാഷ്‌ട്രീയ തിരിമറികൾക്ക് സ്പർശിക്കാനാവാത്ത പരസ്പര വിശ്വാസത്തിന്‍റെ ഇടമാണത്. വർഷങ്ങളമായി ശ്രദ്ധാപൂർവം ഇഴ നെയ്തെടുത്ത സാമുദായിക ഐക്യത്തെ തകർക്കാൻ പൊതുഇടത്തിൽ മതത്തെ ആയുധമാക്കാൻ പാടില്ല.

ജനാധിപത്യത്തിനു വെല്ലുവിളി എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഏകാധിപത്യത്തിന്‍റെ ഛായയുള്ള സകലതിനെയും വോട്ടർമാർ പ്രതിരോധിക്കും, ഒരു രാഷ്‌ട്രീയ കക്ഷിക്കും അത്തരത്തിൽ അധികാരത്തിൽ തുടരാൻ സാധിക്കില്ല. അടിയന്തിരാവസ്ഥക്കാലത്തെ നടുക്കുന്ന ഓർമകളും അതിനു പുറകേയുണ്ടായ തെരഞ്ഞെടുപ്പു ഫലവും പരിശോധിച്ചാൽ തന്നെ ഇതു വ്യക്തമാകും. എന്തു തന്നെയായാലും ഈ നൂറ്റാണ്ടിൽ ഇന്ത്യ ഏറ്റവും അഭിവൃദ്ധി പ്രാപിച്ചത് മുന്നണിസർക്കാരുകളുടെ കാലത്താണെന്നു കാണാം. യുപിഎ സർക്കാരിന്‍റെ കാലത്താണ് നാനാതരത്തിലുള്ള ആശയങ്ങൾ - തൊഴിലുറപ്പ് പദ്ധതി, പ്രധാമന്ത്രി സഡക് യോജനയ്ക്കു കീഴിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, വിവരാവകാശ നിയമം, ഇ-ഗവേണൻസ്, ആധാർ കാർഡ്, ലോക്പാൽ ബിൽ‌ - എല്ലാം നടപ്പാക്കിയത്. എന്നിരുന്നാലും, ഭരണം താറുമാറാകുകയും അഴിമതി വ്യാപകമാകുകയും ചെയ്തതോടെ യുപിഎ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ വോട്ടർമാർ ഇടപെട്ടു.

ഇപ്പോഴിതാ ജനാധിപത്യ വിരുദ്ധവും, മതേതര തത്വങ്ങളെ അപ്പാടെ ഒഴിവാക്കുന്നതുമായ രണ്ടു മോദി സർക്കാരുകൾ കാലാവധി പിന്നിടുമ്പോൾ വീണ്ടും ജനങ്ങൾ ഇടപെട്ടിരിക്കുന്നു. ഇപ്പോൾ, വൈവിധ്യമാർന്ന ആശയങ്ങൾ ഒത്തുചേരുന്ന, കക്ഷികൾ അവരുടെ താത്പര്യങ്ങൾക്കനുസരിച്ച് മത്സര ചിന്തകളുടെ സമ്പന്നമായ ഒരു മുന്നണി ഭരണം ഉറപ്പാക്കിയിരിക്കുന്നു. അവിടെ ഒരിക്കലും ഒരൊറ്റ പാർട്ടിയുടെ ശബ്ദം മാത്രമായിരിക്കില്ല ഉയരുന്നത്, പകരം സർക്കാരിനെ താങ്ങിനിർത്താൻ, ഒപ്പം നിൽത്തുന്ന മറ്റു പല പാർട്ടികളുടെയും കൂടി ശബ്ദമായിരിക്കും. അതുകൊണ്ടു തന്ന ഇനി ജനാധിപത്യവും വൈവിധ്യവും നില നിൽക്കുക മാത്രമല്ല പടർന്നു പന്തലിക്കുകയും ചെയ്യും എന്നതിൽ സംശയമില്ല.

Trending

No stories found.

Latest News

No stories found.