Election history of India
India - election history

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ചരിത്രം

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കലാണ് ഇന്ത്യ. ലോകത്തെ വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഈ ചരിത്ര വേളയില്‍ നമ്മളോര്‍ത്തിരിക്കേണ്ട ചില കാര്യങ്ങൾ... തയാറാക്കിയത്: എൻ. അജിത്കുമാർ
Published on

ആദ്യ തെരഞ്ഞെടുപ്പ്

ഇന്ത്യയില്‍ ആദ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത് 1951-52 വര്‍ഷങ്ങളിലായിരുന്നു. അന്ന് വോട്ടു ചെയ്യാനുള്ള പ്രായപരിധി 21 വയസായാണ് നിശ്ചയിച്ചത്. 1951 ഒക്റ്റോബര്‍ 25 ന് തുടക്കമിട്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നാലു മാസമെടുത്ത് പിറ്റേ വര്‍ഷം ഫെബ്രുവരി 21നാണ് പൂര്‍ത്തിയാക്കിയത്. സുകുമാര്‍ സെന്നായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍. 10,59,44,495 പേരാണ് വോട്ട് രേഖപ്പെടുത്തയത് (44-87%). 402 മണ്ഡലങ്ങളിലായി ആകെ 489 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. രണ്ടേകാല്‍ ലക്ഷം ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി അന്ന് സജ്ജീകരിച്ചത് (1,00 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍) ഓരോ സ്ഥാനാര്‍ഥിക്കുമുള്ള പ്രത്യേക ബോക്‌സിലായിരുന്നു ബാലറ്റ് നിക്ഷേപിക്കേണ്ടിയിരുന്നത്.14 ദേശീയ പാര്‍ട്ടികളും 64 പ്രാദേശിക കക്ഷികളും ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ജനസംഘം, കിസാന്‍ മസ്ദൂര്‍ പ്രജാപരിഷത്, സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിവയായിരുന്നു പ്രധാന രാഷ്‌ട്രീയ കക്ഷികള്‍. ബി.ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രംഗത്തുണ്ടായിരുന്നു.ആകെയുള്ള 489-ല്‍ 364 സീറ്റ് (44- 99 % വോട്ട്) നേടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രതിപക്ഷം -16 സീറ്റ്. സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 12 സീറ്റും ലഭിച്ചു. ഹിന്ദു മഹിഡ5-4, ജനസംഘം-3, കിസാന്‍ മസ്ദൂര്‍ പ്രജാ പരിഷത് - 9, ആര്‍എസ്പി - 3,എന്നിങ്ങനെ മറ്റുകക്ഷികളും. സ്വതന്ത്രര്‍ക്ക് 37 സീറ്റും ലഭിച്ചു. 1952 ഏപ്രില്‍ 17നാണ് ആദ്യ ലോക്സഭ നിലവില്‍ വന്നത്.

മറ്റ് തെരഞ്ഞെടുപ്പുകള്‍

1957-ല്‍ നടന്ന രണ്ടാമത് പൊതുതെരഞ്ഞെടുപ്പില്‍ 371 സീറ്റില്‍ വിജയിച്ച നെഹ്‌റു മന്ത്രിസഭ വീണ്ടും അധികാരമേറ്റു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 27 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. നെഹ്‌റു മന്ത്രിസഭ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി.1962-ല്‍ നടന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പില്‍ 361 സീറ്റ് കോണ്‍ഗ്രസിനും 29 സീറ്റ് സിപിഐയ്ക്കും ലഭിച്ചു. 1962 ഏപ്രില്‍ രണ്ടിന് പുതിയ സഭ നിലവിൽവന്നു നെഹ്രുതന്നെ മൂന്നാമതും പ്രധാനമന്ത്രിയായി ഇന്ത്യ - ചൈനയുദ്ധത്തിലെ വീഴ്ചകളുടെ സംഘര്‍ഷത്തില്‍ 1964 മേയ് 27 ന് നെഹ്‌റു അന്തരിച്ചു. തുടര്‍ന്ന് ഗുല്‍സാരിലാല്‍ നന്ദ ഇടക്കാല പ്രധാനമന്ത്രിയായി. രണ്ടാഴ്ച കഴിഞ്ഞ് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ പുതിയ പ്രധാനമന്ത്രിയായി തിരഞെടുത്തു. പാകിസ്ഥാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് സമാധാന ഉടമ്പടി ഒപ്പു വെയ്ക്കാന്‍ താഷ്‌കെന്‍റിലെത്തിയ ശാസ്ത്രി അവിടെ വച്ച് മരിച്ചു (1966 ജനുവരി 11ന് ). ജനുവരി 2 4ന് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായി മൂന്നാം സഭയും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി.

1967-ലാണ് നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അപ്പോഴേയ്ക്കും മണ്ഡലങ്ങളുടെ എണ്ണം 520 ആയിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം 273 ആയി കുറഞ്ഞു.44 സീറ്റ് നേടിയ സ്വതന്ത്ര പാര്‍ട്ടിയും 35 സീറ്റ് നേടിയ ജന സംഘവും ചേര്‍ന്ന് പ്രതിപക്ഷ നിര ശക്തമായി. പിളര്‍പ്പു കഴിഞ്ഞെത്തിയ സിപിഐ 23-ഉം സിപിഎം ന് 19 ഉം സീറ്റ് നേടി. മാര്‍ച്ച് 13 ന് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ നാലാം ലോക് സഭ അധികാരമേറ്റു. 1969 നവംബര്‍ 12 ന് കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധിയെ പുറത്താക്കിയതോടെ കോണ്‍ഗ്രസ് പിളര്‍ന്നു. ഡി.പി.ഐ യടെ പിന്തുണയോടെ ഇന്ദിര ഭരണത്തില്‍ തുടര്‍ന്നു. കാലാവധി പൂര്‍ത്തിയാക്കാതെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥ

1971-ല്‍ നടന്ന അഞ്ചാം തെരഞ്ഞെടുപ്പില്‍ "ഗരീബി ഹഠാവോ' മുദ്രാവാക്യവുമായി മത്സരിച്ച ഇന്ദിര 352 സീറ്റുമായി അധികാരത്തില്‍ വന്നു. പ്രതിപക്ഷത്ത് സംഘടനാകോണ്‍ഗ്രസിന് 16 ഉം ജനസംഘത്തിന് 22 സീറ്റും ലഭിച്ചു. സിപിഐ 23, സിപിഎം 25. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം ഇന്ദിരയെ കൂടുതല്‍ ശക്തയാക്കി. അലഹബാദ് കോടതി 1975 ജൂണ്‍ 12ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി വിധി പറഞ്ഞു. രാജ്യത്ത് സമ്പൂര്‍ണ വിപ്ലവത്തിന് ജയപ്രകാശ് നാരായണന്‍ ആഹ്വാനം ചെയ്തു. ജൂണ്‍ 25ന് ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1977 ജനുവരിയില്‍ അടിയന്തിരാവസ്ഥയില്‍ അയവുവരുത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് ഔട്ട്

അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ ധ്വംസനം മുഖ്യ പ്രചാരണമാക്കി നടന്ന ആറാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഘടനാ കോണ്‍ഗ്രസും ജനസംഘവും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഭാരതീയ ലോക് ദള്‍ ഉം ചേര്‍ന്നുണ്ടാക്കിയ ജനതാ പാര്‍ട്ടി 295 സീറ്റുമായി ഭൂരിപക്ഷം നേടി. ഇന്ദിരാ കോണ്‍ഗ്രസിന് 154 സീറ്റ് ലഭിച്ചു. സിപിഐ -7, സിപിഎം 22. ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാന മന്ത്രിയായി മൊറാര്‍ജി ദേശായ് 1977 മാര്‍ച്ച് 24 ന് അധികാരമേറ്റു. പക്ഷേ സര്‍ക്കാരിന് അധികം ആയുസുണ്ടായില്ല.

ഇന്ദിരാഗാന്ധിയുടെ മരണം

1980 ജനുവരിയില്‍ നടന്ന ഏഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ഭാരതീയ ജനതാ പാര്‍ട്ടി ആദ്യമായി രംഗത്തെത്തുന്നത്. 353 സീറ്റ് നേടി ഇന്ദിര കോണ്‍ഗ്രസ് അധികാരത്തിലെത്തി. 1984 ഒക്ടോബര്‍ 31 ന് ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറു മരിച്ചു. മൂത്ത പുത്രനായ രാജീവ് ഗാന്ധി പ്രധാനമന്തി പദമേറ്റെടുത്തു.

എട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 414 സീറ്റുമായി കോണ്‍ട്രസ് വലിയ ഭൂരിപക്ഷം നേടി. 30 സീറ്റ് നേടിയ തെലുങ്കു ദേശമെന്ന സംസ്ഥാന പാര്‍ട്ടിയായിരുന്നു മുഖ്യ പ്രതിപക്ഷം. ബിജെപി ക്ക് ലഭിച്ചത് രണ്ട്‌സീറ്റ്. സിപിഐ 6, സിപിഎം - 22. കോണ്‍ഗ്രസ് വിട്ട വി.പി.സിങ് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ആലോചിച്ച് ജനതാദള്‍ രൂപീകരിച്ചു. ജനതാദള്‍ തെലുങ്കു ദേശവും ആസാം ഗണ പരിഷത്തും ചേര്‍ന്ന് രൂപീകരിച്ച ദേശീയ മുന്നണിയുമായി 1989-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസfനെ നേരിട്ടു. 197സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 143 സീറ്റുണ്ടിയിരുന്ന ജനതാദള്‍,85 സീറ്റു നേടിയ ബിജെപി യുടെയും ഇടതുപക്ഷകക്ഷികളുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. രഥയാത്ര നയിച്ച് ബീഹാറിലെത്തിയ എല്‍.കെ അഡ്വാനിയെ ലാലുപ്രസാദ് യാദവ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണ പിന്‍വലിച്ചു. ജനതാദള്‍ പിളര്‍ത്തി സമാജ് വാദി ജനതാ പാര്‍ട്ടിയുണ്ടാക്കിയ എസ്. ചന്ദ്രശേഖറിന് കോണ്‍ഗ്രസ് പിന്തുണ നല്‍കി. ചന്ദ്രശേഖര്‍ പ്രധാന മന്ത്രിയായി. 4 മാസത്തിനകം തന്നെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ 1996 മാര്‍ച്ച് 6ന് ചന്ദ്രശേഖര്‍ രാജി നല്‍കി.

1991 മേയ്, ജൂണ്‍ മാസങ്ങളിലായി പത്താം ലോക് സഭാതെരഞ്ഞെടുപ്പു പ്രാപിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പിന്‍റെ പിറ്റേന്ന് മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീ പെരുംപുത്തൂരില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 232 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ ക്കക്ഷിയായി. ബിജെപി - 120, ജനതാദള്‍ 59. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി. ന്യൂന പക്ഷ ഗവണ്‍മെന്‍റായിട്ടും ചെറുകക്ഷികളുടെ പിന്തുണയോടെ അദ്ദേഹം 5 കൊല്ലം ഭരിച്ചു

1996ല്‍ നടന്ന പതിനൊന്നാം ലോക്‌സഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല.161 സീറ്റ് നേടിയ ബിജെപി ആയിരുന്നു ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ പാര്‍ട്ടി. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപി മെയ് 16ന് ഗവണ്‍മെന്‍റുണ്ടാക്കി. പക്ഷേ വിശ്വാസ വോട്ട് നേടാന്‍ കഴിയില്ലെന്ന് ഉറപ്പായതിന്നാല്‍ 13ാം ദിവസം രാജിവെച്ചു. രാജ്യത്തെ ഏഴും ദൈര്‍ഘ്യം കുറഞ്ഞ മന്ത്രിസഭയായിരുന്നു അത്. തുടര്‍ന്ന് ജൂണ്‍ ഒന്നിന് കോണ്‍ഗ്രസിന്‍റെ പുറത്തു നിന്നുള്ള പിന്തുണയോടെ ജനതാദള്‍ നേതാവ് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തില്‍ ഐക്യമുന്നണി അധികാരമേറ്റു. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുമെന്ന് വന്നപ്പോള്‍ 1997 ഏപ്രില്‍ 21 ന് അദ്ദേഹം രാജിവച്ചു. ഐക്യമുന്നണി ഐ.കെ. ഗുജ്‌റാളിന്‍റെ നേതൃത്യത്തില്‍ പുതിയ സര്‍ക്കാരുണ്ടാക്കി. കോണ്‍ഗ്രസ് വീണ്ടും പിന്തുണ പിന്‍വലിക്കുമെന്ന ഘട്ടത്തില്‍ 1998 മാര്‍ച്ച് 19ന് രാജിവച്ചു.

വീണ്ടും ബിജെപി

12ാം ലോക് സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. 182 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സഖ്യകക്ഷികളുടെ പിന്തുണയോടെ 265 സീറ്റ് തികച്ച് അധികാരമേറ്റു. 13ാം മാസം എഐഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ വീണു.

1999ല്‍ 13ാം സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 298 സീറ്റുമായി മുന്നിലെത്തി. ഒക്ടോബറില്‍ വാജ്‌പേയിയുടെ നേതൃത്യത്തില്‍ രൂപീകൃതമായ ആ ഗവണ്‍മെന്‍റ് കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്‍റായി.

യുപിഎ അധികാരത്തില്‍

2004ല്‍ നടന്ന 14ാം തെരഞ്ഞെടുപ്പില്‍ 145 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇടതുപക്ഷ പിന്തുണയോടെ മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ യു.പി.എ അധികാരതിലെത്തി. വിവരാവകാശ നിയമം ഉള്‍പ്പെടെ ചില നിര്‍ണായക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഈ ഗവണ്‍മെന്‍റിനു കഴിഞ്ഞു. അഞ്ചുവര്‍ഷം തികയ്ക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചെങ്കിലും മറ്റ് കക്ഷിയുടെപിന്തുണയോടെ മന്‍മോഹന്‍സിങ് കാലാവധി തികച്ചു 2009ല്‍ നടന്ന 15ാം തെരഞ്ഞെടുപ്പില്‍ 262 സീറ്റ് നേടി 274 അംഗങ്ങളുടെ പിന്തുന്ന ഉറപ്പാക്കി മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ വീണ്ടും ഗവണ്‍മെന്‍റുണ്ടാക്കി അഞ്ചുവര്‍ഷം ഭരിച്ചു.

മോദി യുഗം

2014 ഏപ്രില്‍ മേയ് മാസങ്ങളിലായി നടന്ന16ാം തെരഞ്ഞെടുപ്പില്‍ 282 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തി. ഇന്ത്യ ചരിത്രത്തില്‍ കോണ്‍ഗ്രസിനല്ലാതെ ഒരൊറ്റക്കക്ഷിക്ക് ഈ ഭൂരിപക്ഷം ലഭിക്കുന്നത് അന്നാണ് കോണ്‍ഗ്രസിന് 44 സീറ്റുമാത്രമേ ലഭിച്ചുള്ളു. 2019ല്‍ നടന്ന 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും 303 സീറ്റു നേടി ബിജെപി അധികാരത്തിലെത്തി. യുപിഎയ്ക്ക് 91 സീറ്റും.

2024 ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കുന്ന 18ാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ 25ഓളം പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ മുന്നണിയും 19ഓളം സഖ്യകക്ഷികളുള്ള എന്‍ഡിഎയും തമ്മിലാണ് പോരാട്ടം. ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് ഒന്നാമത് എത്തിയശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പാണിത്.

നോമിനേറ്റഡ് അംഗങ്ങള്‍

ലോക്‌സഭയുടെ അംഗസംഖ്യ 545 ആണ്. ഇതില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് 543 സീറ്റുകളിലേക്കാണ്. ബാക്കി രണ്ടംഗങ്ങളെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍നിന്നും നോമിനേറ്റ് ചെയ്യുന്നു. ഒന്നാം ലോക്‌സഭയില്‍ 10ഉം രണ്ടാംലോക്‌സഭയില്‍ 12ഉം നോമിനേറ്റഡ് അംഗങ്ങളുണ്ടായിരുന്നു.

മണ്ഡല പുനര്‍നിര്‍ണയം

ഭരണഘടനയുടെ 82-ാം വകുപ്പനുസരിച്ച്, ഓരോ സെന്‍സസിനുശേഷവും മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനെ നിയമിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് 1952, 1963, 1973, 2002 എന്നി വര്‍ഷങ്ങളിലാണ് മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനുകളെ നിയമിച്ചിട്ടുള്ളത്. 1976മുതല്‍ 2002 വരെ മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിച്ചിരുന്നു. 2002ല്‍ ജസ്റ്റീസ് കുല്‍ദീപ് സിങ് അധ്യക്ഷനായുള്ള കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ്

പൊടിക്കുന്നത് കോടികള്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ചെലവഴിക്കുന്ന പണത്തിന്‍റെ കാര്യത്തിലും ഇത് മുന്നില്‍ത്തന്നെ. 10,000 കോടിയാണ് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെടുന്നതെന്നാണ് സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്‍റെ പഠനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചെലവഴിക്കുന്ന 1300 കോടിയടക്കം 2000 കോടിയേ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തുനിന്നും ചെലവാകുന്നുള്ളൂ. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടിങ് യന്ത്രം, പോളിങ് ബൂത്ത് തുടങ്ങിയവയുടെ സജ്ജീകരണം തുടങ്ങിയ ചെലവുകളെല്ലാമുള്‍പ്പെടെയാണിത്. ബാക്കി തുക സ്ഥാനാർഥികളും രാഷ്‌ട്രീയപാര്‍ട്ടികളും കൂടി പ്രചരണത്തിനായി ഒഴുക്കുന്നതാണ്.ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 16കോടി രൂപയാണ് ആകെ ചെലവായത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ട് ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തിയാണ് ഹോട്ടെ പക്ഷ രംഗസ്വാമി. ഇന്ദിരാഗാന്ധിയടക്കമുള്ള പ്രധാനമന്ത്രിമാര്‍ക്കെതിരെയും മത്സരിച്ചിട്ടുള്ള അദ്ദേഹം ഒട്ടാകെ 86 തവണ സ്ഥാനാർഥിയായിരുന്നു. 1967ല്‍ ആദ്യ മത്സരം ഹോട്ടെ പക്ഷ എന്ന രാഷ്‌ട്രീയ പാര്‍ട്ടിയും രൂപീകരിച്ച രംഗസ്വാമി 2007 ജനുവരിയില്‍ അന്തരിച്ചു.

വോട്ടവകാശം

ജാതി-മത, സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും തുല്യവോട്ടവകാശമുള്ള ഇന്ത്യയില്‍ 1988ലെ 61-ാം ഭരണഘടനാ ഭേദഗതി പ്രകാരം വോട്ടിങ്പ്രായം 21ല്‍നിന്നും 18 ആക്കി കുറച്ചിട്ടുണ്ട്. താഴെപ്പറയുന്ന നിബന്ധനകള്‍ക്കു വിധേയമായിരിക്കും വോട്ടവകാശം.

1. ഇന്ത്യന്‍ പൗരത്വം ഉണ്ടായിരിക്കണം.

2. 18 വയസ് പൂര്‍ത്തിയായിരിക്കണം.

3. സ്ഥിരബുദ്ധിയുള്ള ആളായിരിക്കണം.

4. തടവുപുള്ളി ആയിരിക്കരുത്. നിയമപ്രകാരം പോലീസ് കസ്റ്റഡിയില്‍കഴിയുന്നവര്‍ക്കും തടവുപുള്ളികള്‍ക്കും വോട്ട് ചെയ്യാന്‍ അവകാശമില്ല. എന്നാല്‍, കരുതല്‍ തടങ്കലില്‍ കഴിയുന്നവര്‍ക്ക് വോട്ടവകാശമുണ്ട്.

5. തെരഞ്ഞെടുപ്പ് അഴിമതി, ക്രമക്കേടുകള്‍ മുതലായ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുകയോ, അയോഗ്യത കല്‍പ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരും വോട്ടവകാശം ഉള്ളവരില്‍പ്പെടുന്നില്ല.

സ്ഥാനാർഥിയാകാന്‍

ജനപ്രതിനിധി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളാകുന്ന വ്യക്തികള്‍ക്ക് സമ്മതിദായകനു വേണ്ട എല്ലാ യോഗ്യതകള്‍ക്കും പുറമേ താഴെപ്പറയുന്ന നിബന്ധനകള്‍ കൂടി ബാധകമാണ്.

1. 25 വയസ് പൂര്‍ത്തിയായിരിക്കണം.

2. എതെങ്കിലും നിയോജകമണ്ഡലത്തില്‍ വോട്ടറായിരിക്കണം. എന്നാല്‍ സംസ്ഥാന നിയമസഭയിലേക്കുള്ള സ്ഥാനാർഥികള്‍ ആ സംസ്ഥാനത്തെ വോട്ടറായിരിക്കണം. ലക്ഷദ്വീപ്, സിക്കിം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാർഥികള്‍ അതാതു മണ്ഡലങ്ങളിലെ വോട്ടര്‍മാരായിരിക്കണം.

3.പട്ടികവര്‍ഗ സീറ്റില്‍ മത്സരിക്കുന്ന വ്യക്തി ഏതെങ്കിലും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. അസമിലെ ഒട്ടോണമസ് ജില്ലകളിലെ ഏതെങ്കിലും പട്ടികവര്‍ഗ സംവരണ സീറ്റില്‍നിന്നും മത്സരിക്കുന്ന വ്യക്തി ഈ മേഖലയിലെ ഏതെങ്കിലും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയും ഒട്ടോണമസ് ജില്ലകളിലെ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറുമായിരിക്കണം.

4. രണ്ടോ, അതിലധികമോ വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍, പൂഴ്ത്തിവെപ്പ്, മായം ചേര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറുമാസം ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ജയില്‍ മോചിതരായി അഞ്ചുവര്‍ഷത്തിനുശേഷമേ സ്ഥാനാർഥിയാകാന്‍ പാടുള്ളൂ.

5. നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നയാളെ ഇലക്ഷന്‍ കമ്മിഷന് അയോഗ്യനാക്കാം. ഇങ്ങനെ അയോഗ്യനാക്കപ്പെടുന്ന കാലയളവില്‍ സ്ഥാനാർഥിയാകാന്‍ അതിനു വിധേയനാകുന്ന വ്യക്തിക്ക് സാധ്യമല്ല.

6. അഴിമതിക്കുറ്റങ്ങള്‍ക്കോ കൂറില്ലായ്മയ്‌ക്കോ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥന്‍ അഞ്ചുവര്‍ഷത്തേക്ക് മത്സരിക്കാന്‍ പാടില്ല.

7. കേന്ദ്രസര്‍ക്കാറിന് 25 ശതമാനത്തില്‍ കുറയാതെ ഓഹരി മൂലധനമുള്ള കമ്പനിയിലോ കോര്‍പ്പറേഷനിലോ, മാനേജിങ് ഏജന്‍റോ, മാനേജറോ സെക്രട്ടറിയോ ആയിരിക്കുന്ന ആരും പാര്‍ലമെന്‍റിലേക്ക് മത്സരിക്കാന്‍ പാടില്ല. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഓഹരിയുള്ള ഇത്തരം സ്ഥാപനങ്ങളിലെ ഈ പദവികളിലുള്ളവര്‍ സംസ്ഥാന നിയമസഭയിലേക്കും മത്സരിക്കാന്‍ യോഗ്യരല്ല. സഹകരണസ്ഥാപനങ്ങളെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

8. കേന്ദ്രസര്‍ക്കാറുമായി ബിസിനസ് വാണിജ്യ കരാറുകളുള്ള ആരും പാര്‍ലമെന്‍റ് അംഗമാവാന്‍ പാടില്ല. സംസ്ഥാന സര്‍ക്കാറുമായാണെങ്കില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ പാടില്ല.

9. കേന്ദ്ര സര്‍ക്കാരില്‍നിന്നോ സംസ്ഥാന സര്‍ക്കാറില്‍നിന്നോ പ്രതിഫലം പറ്റുന്ന ജോലി സ്ഥാനാർഥിത്വത്തിനുള്ള അയോഗ്യതയാണ്. എന്നാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കുപുറമെ സര്‍വകലാശാല സിന്‍ഡിക്കേറ്റ്, സെനറ്റ്, നിര്‍വാഹക സമിതി, കൗണ്‍സില്‍ തുടങ്ങിയവയിലെ അധ്യക്ഷസ്ഥാനം, അംഗത്വം എന്നിവ അയോഗ്യതയ്ക്കു കാരണമാകില്ല.

രാഷ്‌ട്രീയ പാര്‍ട്ടികള്‍

ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണ് പാര്‍ട്ടി സമ്പ്രദായം. ജനങ്ങളെ രാഷ്‌ട്രീയമായി ബോധവല്‍ക്കരിക്കുകയും പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക ഘടകമാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. ബഹുകക്ഷി സമ്പ്രദായം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ദേശീയ പാര്‍ട്ടി, സംസ്ഥാന പാര്‍ട്ടി, രജിസ്‌ട്രേഡ് പാര്‍ട്ടി എന്നിങ്ങനെ പാര്‍ട്ടികള്‍ മൂന്നു വിധമാണുള്ളത്. രാഷ്‌ട്രീയ പാര്‍ട്ടിയുടെ അംഗീകാരം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ക്ക് 2005ല്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയുണ്ടായി. ഇതനുസരിച്ച് ദേശീയ കക്ഷി എന്ന പദവി ലഭിക്കുന്നതിന് താഴെപ്പറയുന്ന മൂന്ന് മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് പാലിച്ചിരിക്കണം.

1. ഏറ്റവും ഒടുവില്‍ നടന്ന ലോക്‌സഭാ അഥവാ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്‍റെ ആറു ശതമാനമെങ്കിലും കരസ്ഥമാക്കണം. കൂടാതെ ആ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും സംസ്ഥാനത്തോ സംസ്ഥാനങ്ങളില്‍ നിന്നോ ലോക്‌സഭയിലേക്ക് കുറഞ്ഞത് നാലംഗങ്ങളെയെങ്കിലും വിജയിപ്പിക്കണം.

2.ഒടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി മൊത്തം ലോക്‌സഭാ സീറ്റിന്‍റെ (543) രണ്ടു ശതമാനത്തില്‍

(11 അംഗങ്ങള്‍) കുറയാത്ത അംഗങ്ങള്‍ വിജയിച്ചിരിക്കണം. അവര്‍ മൂന്നോ അതിലധികമോ സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.

3.നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ള കക്ഷിക്കു ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കും.

കോടതി കയറിയ വോട്ടിങ് യന്ത്രം

ഇന്ത്യയിലാദ്യമായി തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഉപയോഗിച്ചത് കേരളത്തിലാണ്. 1982ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ പറവൂര്‍ നിയോജകമണ്ഡലത്തിലെ 56 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രം പരീക്ഷിച്ചത്. പക്ഷേ, കോടതിയില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ സാധുത ചോദ്യം ചെയ്യപ്പെട്ട തിനെത്തുടര്‍ന്ന് ഈ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ബാലറ്റിലൂടെ വോട്ടുരേഖപ്പെടുത്തണം എന്ന വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണിത്. തുടര്‍ന്ന് വോട്ടിങ് യന്ത്രം ഉപയോഗിക്കാവുന്ന വിധത്തില്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു. 1999ല്‍ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഒരു സംസ്ഥാനത്ത് പൂര്‍ണമായും വോട്ടിങ് യന്ത്രം ഉപയോഗിച്ചത്.

ആദ്യ വിജയി

രാജ്യത്തെ പ്രഥമ പൊതുതെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാജാ ആനന്ദ് ചന്ദ് ആണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യവിജയി. ബിലാസ്പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് ആകെയുള്ള നാലുസ്ഥാനാർഥികളില്‍ മറ്റു മൂന്നുപേര്‍ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് ആനന്ദ് ചന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. നാട്ടുരാജ്യത്തിലെ ഭരണാധികാരിയായിരുന്നു അദ്ദേഹം.

ലോക്‌സഭാ മണ്ഡലങ്ങള്‍ കേരളത്തില്‍

ഐക്യ കേരളപ്പിറവിക്കു മുന്‍പ് തിരു- കൊച്ചി സംസ്ഥാനത്ത് ആകെയുള്ള 11 മണ്ഡലങ്ങളില്‍ കൊല്ലം- മാവേലിക്കര ദ്വിമണ്ഡലമായിരുന്നു. മലബാറിലെ അഞ്ച് മണ്ഡലങ്ങളില്‍ പൊന്നാനി ദ്വയാംഗമണ്ഡലവും. ഇപ്രകാരം രണ്ട് മേഖലകളില്‍ നിന്നായി 18 പേരാണ് ഒന്നാം ലോക്‌സഭയില്‍ എത്തിയത്. 1957ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷം നിലവിലുണ്ടായിരുന്ന 16 മണ്ഡലങ്ങളില്‍ പാലക്കാടും കൊല്ലവും ദ്വയാംഗമണ്ഡല ങ്ങളില്‍പ്പെടുന്നു. അപ്പോഴും 18 പേരാണ് കേരളത്തെ പ്രതിനിധീകരിച്ചത്. 1962ലെ തെരഞ്ഞെടുപ്പിലാണ് ദ്വയാംഗമണ്ഡലങ്ങള്‍ ഇല്ലാതായത്. ഇതോടെ മണ്ഡലങ്ങളുടെ എണ്ണവും എം.പിമാരുടെ എണ്ണവും 18 ആയി. 1967ല്‍ 19ഉം 1977ല്‍ 20ഉം ആയി മണ്ഡലങ്ങളുടെ എണ്ണം. അതിര്‍ത്തിയിലും പേരിലും മാറ്റമുണ്ടായെങ്കിലും ഇപ്പോഴും 20 മണ്ഡലങ്ങള്‍ തന്നെയാണുള്ളത്.

കള്ളവോട്ടിനെതിരേ മഷി

വോട്ടര്‍മാരില്‍ ചിലര്‍ വോട്ടുചെയ്യാറില്ല. മറ്റു ചിലര്‍ക്കാകട്ടെ ഒന്നില്‍ കൂടുതല്‍ വോട്ടുചെയ്യാനാണ് താല്പര്യം. ഇത്തരക്കാരെ നേരിടാനാണ് മഷി പുരട്ടുന്ന സമ്പ്രദായം 1962ല്‍ ആരംഭിച്ചത്. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സംവിധാനം തുടങ്ങിയത്. സാധാരണഗതിയില്‍ 20 ദിവസംവരെ മായാതിരിക്കുന്ന ഈ മഷി നിര്‍മിക്കുന്നത് മൈസൂരിലുള്ള മൈസൂര്‍ പെയിന്‍റ്സ് ആന്‍റ് വാര്‍ണിഷിങ് കമ്പനിയാണ്. ഗാഢ കെമിക്കലുകളും സില്‍വര്‍ നൈട്രേറ്റും ചായക്കൂട്ടുകളും അടങ്ങിയതാണിത്. മഷി പുരട്ടുന്ന രീതി മറ്റു പല രാജ്യങ്ങളും പിന്തുടര്‍ന്നിട്ടുണ്ട്. കാനഡ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് മൈസൂരില്‍ നിന്നും മഷി കയറ്റുമതി ചെയ്യുന്നു.