ആനകളെ മുതൽ സന്താനങ്ങളെ വരെ കൂട്ടിലടയ്ക്കാൻ എല്ലാവരും നെട്ടോട്ടത്തിലാണ്. ആനകളും മറ്റു വന്യമൃഗങ്ങളും ജീവിച്ചിരുന്ന ഇടങ്ങളിൽ മനുഷ്യർ കയറിപ്പറ്റിയപ്പോൾ സ്വന്തം വാസസ്ഥലം നഷ്ടപ്പെടാതിരിക്കാൻ ആനകൾ കാട്ടിൽ നിന്നു നാട്ടിലിറങ്ങുന്നു. അരിക്കൊമ്പനെ പിടിക്കാൻ കുങ്കിയാനകളെ കൊണ്ടുവന്നപ്പോൾ കുങ്കിയാനകളെ കൂടെ കൊണ്ടുപോകാൻ ചക്കക്കൊമ്പൻ ഇറങ്ങിയെന്ന വാർത്തയാണ് കേട്ടത്.
രാഷ്ട്രീയത്തിലും അരിക്കൊമ്പനും ചക്കക്കൊമ്പന്മാരും വന്നുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ പ്രധാന രണ്ടു പാർട്ടികളാണ് കോൺഗ്രസ് നയിക്കുന്ന വലതു മുന്നണിയും സിപിഎം നയിക്കുന്ന ഇടതു മുന്നണിയും. ഇവർ മാറി മാറിയാണ് ഭരിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ രണ്ടാം പ്രാവശ്യവും സിപിഎം അധികാരത്തിലേറിയത്. സംഘടനാപരമായ നീക്കങ്ങളാൽ സിപിഎം മൂന്നാമതും വന്നുകൂടായ്കയില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഇടതു ജയിച്ചാലും വലതു ജയിച്ചാലും ഡൽഹിയിൽ ഒരേ കൊട്ടയിലാണ്. അതിനാൽ യുപിഎ അധികാരത്തിൽ വന്നാൽ കേരളത്തിലെ സിപിഎമ്മിനും കോൺഗ്രസുകാർക്കും വലിയ കുഴപ്പമില്ല.
ഇത്രയും കാലം കോൺഗ്രസിന്റെ കൂടെ മാത്രം നിന്നിരുന്ന ക്രൈസ്തവർക്ക് ഇപ്പോൾ ഇടതു മുന്നണിയോട് അകൽച്ചയില്ല. ഒരു കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ മരിച്ചാൽ, ശവശരീരം സെമിത്തേരിയിൽ അടക്കം ചെയ്യാൻ കഴിയില്ല, തെമ്മാടിക്കുഴിയിലായിരുന്നു അടക്കം ചെയ്യേണ്ടത്. കാലം മാറി, കമ്മ്യൂണിസ്റ്റുകാർക്കും ക്രൈസ്തവ സഭയിൽ അംഗീകാരമുണ്ട്. ക്രൈസ്തവ സമൂഹത്തിന് താത്പര്യമുള്ള വിദ്യാഭ്യാസ മേഖല ഇടതുമുന്നണി അധികാരത്തിലേറിയതിനാൽ സിപിഎം ആണ് കൈകാര്യം ചെയ്യുന്നത്. മെത്രാന്മാർക്കും അച്ചന്മാർക്കും മുഖ്യമന്ത്രിയെ നേരിട്ട് വിളിക്കാം. യുഡിഎഫാണ് അധികാരത്തിലെങ്കിൽ വിദ്യാഭ്യാസം പൂർണമായും മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലായിരിക്കും. പാണക്കാട്ട് തങ്ങൾമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മെത്രാന്മാർക്കും അച്ചന്മാർക്കും പാണക്കാട്ട് ക്യൂ നിൽക്കേണ്ടി വരും. അവിടെ കൂടെയുള്ളവരുടെ കനിവിന് ഗാന്ധി ചിത്രമുള്ള കടലാസിന്റെ കനമാണ് കാര്യം.
ദേശീയതലത്തിൽ ബിജെപി ശക്തമാണെങ്കിലും കേരളത്തിൽ ദുർബലമാണ്. ഇവിടെയുള്ള നേതൃത്വം തന്നെ ഡൽഹിയിൽ നിന്ന് കിട്ടുന്നത് എങ്ങനെ പങ്കുവയ്ക്കണമെന്ന തിരക്കിലാണ്.
കേരള അതിർത്തിക്കു തൊട്ടടുത്തുള്ള ഗോവയുടെ ഗവർണറും ബിജെപി അംഗവും ക്രൈസ്തവ സഭാ കേസുകൾ നടത്തിയിരുന്ന അഡ്വക്കെറ്റുമായ പി.എസ്. ശ്രീധരൻ പിള്ള ഗോവയിലുള്ളതിനേക്കാൾ കൂടുതൽ സമയം കേരളത്തിലെ കത്തോലിക്കാ അരമനകളിലാണ്.
തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി റബറിന്റെ വില കൂട്ടിയാൽ കേരളത്തിൽ നിന്നും ബിജെപിക്ക് പാർലമെന്റ് പ്രതിനിധികളെ ലഭിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുന്ന പശ്ചാത്തലം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് മേഖലകളിൽ ക്രൈസ്തവ സഭയ്ക്ക് നല്ല സ്വാധീനം ഉണ്ടെന്നതിൽ തർക്കമില്ല. അവിടെയാണ് റബർ പാലിനു പിന്നാലെ സഭ പോകുന്നത്.
ന്യൂനപക്ഷ സംരക്ഷണത്തിനു ബിജെപി കേരളത്തിൽ രംഗത്തിറങ്ങിക്കഴിഞ്ഞു. മലബാറിലെ ഇടവകകളിൽ നിന്നു രണ്ടു പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത്, വിവിധ കേന്ദ്ര പ്രോജക്റ്റുകളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നു. ബിജെപിക്ക് സാമ്പത്തിക പരാധീനത ഇല്ലാത്തതിനാൽ ക്യാംപുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.
സെന്റ് തോമസ് കേരളത്തിൽ വന്ന കാലം മുതൽ വിദേശത്തു നിന്നു കേരളത്തിലെ സഭയ്ക്ക് സാമ്പത്തിക സഹായം എത്താറുണ്ട്. ആ സഹായം കൊണ്ടാണ് പള്ളികളും പള്ളിക്കൂടങ്ങളും ആതുര ശുശ്രൂഷാലയങ്ങളും പണിതുയർത്തിയത്. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് വിദേശ സഹായം നേടാൻ കേന്ദ്ര അനുവാദം കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അനുവാദം വാങ്ങിക്കൊടുക്കാൻ കെ. കരുണാകരൻ, എം.എം. ജേക്കബ്, കെ.വി. തോമസ് തുടങ്ങിയ നേതാക്കന്മാരും ഉണ്ടായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിന് കേന്ദ്ര അനുവാദം കിട്ടാൻ പ്രയാസമാണ്. ഈയൊരു സാഹചര്യത്തിലാണ് അധികാരത്തിലും കയറാം, റബർ പാലിന്റെ വിലയും കൂട്ടാം എന്ന് മനസിലാക്കി പാംബ്ലാനിയെ പോലുള്ള മെത്രാന്മാർ പരസ്യമായി ബിജെപി അനുകൂല പ്രസ്താവനകൾ ഇറക്കിയത്.
കോൺഗ്രസ് നേതൃത്വമാകട്ടെ, മൂന്നര വർഷം കഴിഞ്ഞുള്ള അസംബ്ലി തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്ന ആലോചനയിലാണ്. കോൺഗ്രസ് എക്കാലത്തും മതന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സംഘടനാ തലപ്പത്തും ഭരണ തലപ്പത്തും ക്രൈസ്തവ നേതാക്കൾ ധാരാളമുണ്ടായിരുന്നു. ഇന്നിപ്പോൾ ബൂത്ത് കമ്മിറ്റി മുതൽ കെപിസിസി വരെയുള്ള നേതൃനിര നോക്കിയാൽ ക്രൈസ്തവരുടെ എണ്ണം വിരലിലൊതുങ്ങുന്നു. ഈ പശ്ചാത്തലം കണ്ടാണ് അമിത് ഷായുടെ നേതൃത്വത്തിൽ കേരളത്തിൽ ബിജെപിയുടെ വലിയൊരു നേതൃത്വം കടന്നു വന്നിരിക്കുന്നത്. അരിക്കൊമ്പനെ പിടിക്കാൻ വന്ന കുങ്കിയാനകളെ കൂടി ചക്കക്കൊമ്പൻ കൊണ്ടുപോകുമോ എന്ന് കാത്തിരുന്നു കാണാം..!