കാട്ടാനകൾ ജനവാസമേഖലകളിൽ ഭീതി വിതയ്ക്കുന്ന സംഭവങ്ങൾ നിരവധിയാണ്. അവ കൃഷിയും കെട്ടിടങ്ങളും നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും തുടർക്കഥയാകുന്നു. മഴക്കാലം തുടങ്ങിയിട്ടും ആനക്കൂട്ടം കാടിറങ്ങുന്നതിന് കുറവുണ്ടായിട്ടില്ല.
അജയൻ
മുൻപൊക്കെ കടുത്ത വേനൽക്കാലങ്ങളിലാണ് കാട്ടാനകൾ ഒറ്റയ്ക്കോ കൂട്ടമായോ ജനവാസമേഖലയിൽ പ്രത്യക്ഷപ്പെടുകയും ഭീതി പടർത്തുകയും ചെയ്തിരുന്നത്. കടുത്ത ചൂടിൽ വെള്ളവും ഭക്ഷണവും കിട്ടാതെ വലയുമ്പോൾ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതാണെന്ന ലളിതമായ വിശദീകരണം അക്കാലത്ത് സ്വീകാര്യവുമായിരുന്നു. പക്ഷേ, ഇപ്പോൾ മഴക്കാലമായിട്ടും ഈ പ്രശ്നത്തിനു പരിഹാരമായിട്ടില്ല. എന്നു മാത്രമല്ല, വേനൽക്കാലത്തുണ്ടായിരുന്നതിനേക്കാൾ കൂടുതലായി ആനകൾ ഇപ്പോൾ ജനവാസമേഖലകളിൽ ഭീതി പരത്തുന്നുമുണ്ട്. കുട്ടിയാനകളെയും കൂട്ടിയെത്തുന്ന പിടിയാനകളും ഇക്കൂട്ടത്തിലുണ്ട്. കെട്ടിടങ്ങളും കൃഷിയും നശിപ്പിക്കുക മാത്രമല്ല, ചിലപ്പോൾ ജീവനെടുക്കുന്നിടത്തോളം നീളുന്നു ആനക്കലി. മഴക്കാലത്തും ആനകൾ നാട്ടിലേക്കിറങ്ങുന്നതിന്‍റെ കാരണമറിയാതെ ഉഴറുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും.
മേയ് മാസത്തിൽ സംസ്ഥാന വനം വകുപ്പ് നടത്തിയ സർവേയിൽ, സംസ്ഥാനത്ത് 127 ആനകളുടെ കുറവ് കണ്ടെത്തിയിരുന്നു. എന്നിട്ടും ആനകൾ നാട്ടിലിറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്‍റെ തോത് കുറയുന്നില്ല. അതുകൊണ്ടു തന്നെ ഈ സർവേയിൽ സംശയം പ്രകടിപ്പിക്കുകയാണ് വിദഗ്ധർ. മഴക്കാലത്ത് മനുഷ്യ-മൃഗ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള ശാസ്ത്രീയ ഗവേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജനവാസമേഖലയിലെ കൃഷിയിടങ്ങളും വിളകളും ആനകളെ കൂടുതലായി ആകർഷിക്കുന്നുണ്ടാവും. അതിനൊപ്പം സുരക്ഷാ ഭയവും അലട്ടുന്നതു കൊണ്ടായിരിക്കാം കുട്ടികളെയടക്കം ഒപ്പം കൂട്ടി നാട്ടിലേക്ക് വന്നു കയറുന്നത്.
മനുഷ്യവാസമേഖലയിൽ ആനകൾ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന പരാതി കിട്ടാത്ത ഒരു രാവും പകലും പോലും ഉണ്ടാകാറില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പലപ്പോഴും കുട്ടിയാനയുമായി എത്തുന്ന പിടിയാനയായിരിക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറയുന്നു. അതിനൊരു പ്രധാന കാരണം സുരക്ഷാ ഭീതി തന്നെയാണ്. നിരവധി മൃഗങ്ങൾ വിഹരിക്കുന്ന ഉൾക്കാട്ടിൽ താരമ്യേന ദുർബലരായ ആനക്കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിഞ്ഞെന്നു വരില്ല. അതു കൊണ്ടാണ് പിടിയാനകൾ അവയെയും കൂട്ടി നാട്ടിലേക്കിറങ്ങുന്നത്. കടുവകളുടെ സാന്നിധ്യമാണ് ആനകളെ വലിയ രീതിയിൽ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, കടുവകൾ ആനകളെ ആക്രമിച്ചതിന്‍റെ യാതൊരു വിധത്തിലുള്ള ശാസ്ത്രീയമായ തെളിവുകളോ നിരീക്ഷണമോ ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് കേരള വനം ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പലും ആന വിദഗ്ധനുമായ ഡോ. ഇ.എ. ജയ്സൺ മെട്രൊ വാർത്തയോടു പറഞ്ഞത്. എങ്കിലും ആനക്കുട്ടികൾ മാംസാഹാരികളായ മറ്റു മൃഗങ്ങൾക്ക് എളുപ്പത്തിൽ വേട്ടയാടിപ്പിടിക്കാവുന്ന ഇരയാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.
തോരാതെ മഴ പെയുന്ന സമയത്ത് കൊടും കാടിനുള്ളിൽ നിന്ന് വെളിമ്പ്രദേശത്തേക്ക് ആനകൾ ഇറങ്ങുന്നത് മരങ്ങൾ കട പുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണുമുള്ള അപകടങ്ങൾ ഒഴിവാക്കാനുമാകാം. എങ്കിലും കുട്ടികൾ അടക്കമുള്ള ആനക്കൂട്ടം നാട്ടിലെത്തുന്നത് സുരക്ഷിതത്വം ഉറപ്പാക്കാൻ തന്നെയാകാനാണു സാധ്യതയെന്നും അദ്ദേഹം പറയുന്നു.
വാഴത്തോപ്പുകളും കൃഷിയിടങ്ങളും മറ്റുമായി എളുപ്പത്തിൽ ലഭ്യമാകുന്ന ഭക്ഷണമാണ് ആനകൾ നാട്ടിലെത്തുന്നതിന്‍റെ മറ്റൊരു കാരണം. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലാണ് വാഴകൾ കുലയ്ക്കുന്നത്. അതു കൊണ്ടായിരിക്കും മഴ പോലും വക വയ്ക്കാതെ ആന നാട്ടിലെത്തുന്നത്. ആനകളുടെ ഇത്തരത്തിലുള്ള സഞ്ചായത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ മേഖലകൾ കേന്ദ്രീകരിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് ഡോ. ജയ്സൺ. ചിലപ്പോൾ വളരെ പ്രാദേശികവും അനന്യവുമായ മറ്റേതെങ്കിലും കാരണമായിരിക്കാം ആനകളെ ആകർഷിക്കുന്നത്.
ആനകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറയുന്നു വൈൽഡ് ലൈഫ് ബയോളജിസ്റ്റായ സാബു ജഹാസ്. വയനാട്ടിലും കർണാടകയിലുമുള്ള ആനത്താരകൾ വീണ്ടെടുത്ത് വനം വകുപ്പിനു നൽകാൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിലൂടെ ശ്രദ്ധേയനാണ് സാബു. പലപ്പോഴും ആനകൾ അവയുടെ പ്രകൃത്യാലുള്ള ചുറ്റുപാടിൽ നിന്നുമാണ് ഇറങ്ങിവരുന്നത്. അതു കൊണ്ടു തന്നെ വേട്ടമൃഗങ്ങളുടെയും ഇരകളുടെയും ചലനാത്മകതയെക്കുറിച്ച് പഠനം നടത്തിയെങ്കിൽ മാത്രമേ ഈ നാട്ടുസഞ്ചാരത്തിന്‍റെ കാരണം കണ്ടെത്താനാകൂ.
സംരക്ഷിത വനത്തിനുള്ളിലെ കടന്നു കയറ്റങ്ങളും റോഡ്, കെട്ടിട, റിസോർട്ട് നിർണാണങ്ങളും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടികളുമെല്ലാം മഴയെന്നോ വേനലെന്നോ കണക്കാക്കാതെ ആനകളെ കാടു വിടാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും സാബു നിരീക്ഷിക്കുന്നു. മനുഷ്യരുടെ പല കടന്നുകയറ്റങ്ങളും ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നതാണ്.
ആന സർവേ
കർണാടകയിലും കേരളത്തിലുമായി മേയ് 23 മുതൽ 25 വരെ ഒരേ സമയമാണ് സർവേ നടത്തിയത്. മനുഷ്യ-മൃഗ സംഘർഷം രൂക്ഷമാകുന്നതിനാൽ തമിഴ്നാടും ആന്ധ്രപ്രദേശും ആനകളുടെ എണ്ണം തിട്ടപ്പെടുത്താൻ ഒരുങ്ങുന്നുണ്ട്. സർവേ പ്രകാരം പെരിയാർ, നിലമ്പൂർ വനങ്ങളിലെ ആനകളുടെ എണ്ണത്തിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ, വയനാട്, ആനമുടി വനങ്ങളിലെ ആനകളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചതായും കണ്ടെത്തി.
വേനൽക്കാലത്ത് വയനാട്ടിലെ ആനകളുടെ എണ്ണത്തിൽ 29 ശതമാനം കുറവാണ് ഉണ്ടായത്. കർണാടക അതിർത്തിയിലെ വനങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നെങ്കിൽ പോലും വയനാടൻ കാടുകളിൽ രൂക്ഷമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ആനകളുടെ ആവാസ്ഥവ്യവസ്ഥയിലും അതിനു ചുറ്റുമായുമുള്ള നിർമാണപ്രവർത്തനങ്ങൾ ആനകളെ ബാധിക്കുന്നുണ്ട്. സോളാർ ഫെൻസിങ്, കിടങ്ങുകൾ, കോൺക്രീറ്റ് മതിലുകൾ എന്നിവയെല്ലാം ആനകളുടെ സ്വാഭാവിക ജീവിതരീതികള താറുമാറാക്കുന്നവയാണ്. പലപ്പോഴും ആനകൾ ഒറ്റപ്പെടുകയോ, ആനക്കൂട്ടവുമായി ആശയവിനിമയത്തിന് സാധിക്കാതെ വരുകയോ, അവയുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാവുകയോ ചെയ്യും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നിർമാണങ്ങൾ മനുഷ്യരും ആനകളും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വർധിപ്പിക്കുകയേ ഉള്ളൂവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.