എക്സിറ്റ് പോളുകളുടെ കാലം

എക്‌സിറ്റ് പോളുകള്‍ രാജ്യത്തെ ജനങ്ങളുടെ രാഷ്‌ട്രീയ മാനസികാവസ്ഥ എവിടേക്കാണ് പോകുന്നതെന്നതിന്‍റെ വിശാലമായ പ്രവണതയും ദിശാബോധവും നല്‍കുന്നു
Symbolic image for opinion polls
Symbolic image for opinion pollsImage by lexamer on Freepik
Updated on

വിജയ് ചൗക്ക് | സുധീര്‍ നാഥ്

അഭിപ്രായ വോട്ടെടുപ്പ്, എക്‌സിറ്റ് പോള്‍ എന്നിവ ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു പ്രവർത്തനമായി മാറിയിട്ടുണ്ട്. ഏതൊരു തെരഞ്ഞെടുപ്പ് വന്നാലും അഭിപ്രായ വോട്ടെടുപ്പുകളെയും എക്‌സിറ്റ്‌ പോളുകളെയും അതിന്‍റെ ഭാഗമായിത്തന്നെ ജനങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. എക്‌സിറ്റ് പോളുകള്‍ രാജ്യത്തെ ജനങ്ങളുടെ രാഷ്‌ട്രീയ മാനസികാവസ്ഥ എവിടേക്കാണ് പോകുന്നതെന്നതിന്‍റെ വിശാലമായ പ്രവണതയും ദിശാബോധവും നല്‍കുന്നു.

ആദ്യകാലങ്ങളില്‍ രാഷ്‌ട്രീയ വിശകലനം നടത്തുന്നവര്‍ സംഘടിപ്പിക്കുന്ന എക്‌സിറ്റ് പോളുകള്‍ക്ക് ഏകദേശ കൃത്യത ഉണ്ടായിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചായിരിക്കുന്നു. ഇപ്പോള്‍ നടന്ന 5 സംസ്ഥാന തെരഞ്ഞെടുപ്പുകളുടേയും എക്‌സിറ്റ് പോള്‍ ഫലം വന്നത് നവംബര്‍ 30ന്. യഥാർഥ ഫലം ഡിസംബര്‍ 3, 4 തീയതികളില്‍ വന്നപ്പോള്‍ പ്രമുഖ എക്‌സിറ്റ് പോൾ ഫലങ്ങളില്‍ കേവലം രണ്ടോ മൂന്നോ മാത്രമാണ് യഥാർഥ ഫലത്തോട് അടുത്തുനിന്നത്. എന്നാല്‍ ഒട്ടേറെ എക്‌സിറ്റ് ഫലങ്ങള്‍ കടകവിരുദ്ധമായിരുന്നു. ആരാണോ എക്‌സിറ്റ് പോള്‍ നടത്തുന്നത് അവര്‍ പിന്തുണയ്ക്കുന്ന വിഭാഗത്തിന് കൂടുതല്‍ മേല്‍ക്കൈ കൊടുത്തുകൊണ്ടുള്ള ഫലമാണ് വരുന്നതെന്നതു സ്വാഭാവികം. അതുകൊണ്ടുതന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കുകയുമില്ല. എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും എക്സിറ്റ് പോളുകളിലും പിശകുകൾ ഉള്‍പ്പെടുന്നു എന്നത് സമ്മതിക്കേണ്ടതുണ്ട്.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടിയതു നമ്മള്‍ കണ്ടതാണ്. അന്ന് പ്രധാന എക്‌സിറ്റ് പോളുകളെല്ലാം കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നു. അഭിപ്രായ വോട്ടെടുപ്പുകളും എക്സിറ്റ് പോൾ പ്രവചനങ്ങളും അന്ന് ഭൂരിപക്ഷവും ശരിയായി മാറി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും കൃത്യമാകണമെന്നില്ല എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. 2004ല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ചത് കോണ്‍ഗ്രസാണ്. 2009ലും തെരഞ്ഞെടുപ്പില്‍ ട്രെന്‍ഡുകള്‍ തെറ്റി. ഇത് വോട്ടര്‍മാര്‍ നല്‍കുന്ന പ്രതികരണങ്ങളെ ആശ്രയിച്ചും, മുന്‍പ് സൂചിപ്പിച്ചത് പോലെ സ്‌പോണ്‍സേഡ് എക്‌സിറ്റ് പോളുകളും കാരണമാണ്.

രാജ്യത്ത് എക്‌സിറ്റ് പോളില്‍ നല്ലൊരു ശതമാനം വിശ്വസിക്കുകയും രാഷ്‌ട്രീയപരമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ എക്‌സിറ്റ് പോളുകള്‍ വോട്ടെടുപ്പു തീരുന്നതിനു മുന്‍പ് പുറത്തുവിടുന്നത് നിയന്ത്രിച്ചത്. പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എക്‌സിറ്റ്‌ പോള്‍ ഏജന്‍സികളാണ് സർവെ ഫലങ്ങള്‍ പുറത്തു വിടുന്നത്. 2010 ഫെബ്രുവരിയില്‍ ജനപ്രാതിനിധ്യ നിയമം 126(എ) എന്ന സെക്‌ഷന്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ എക്‌സിറ്റ് പോളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും രണ്ടുവര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കമ്മിഷന്‍റെ മാര്‍ഗനിര്‍ദേശമനുസരിച്ച് തെരഞ്ഞെടുപ്പിന്‍റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുള്ളൂ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കണം എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിലൂടെ ലക്ഷ്യമിടുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ എല്ലാ മാധ്യമങ്ങളും ഫലങ്ങള്‍ പുറത്തുവിടുന്ന പതിവ് ഇപ്പോള്‍ സര്‍വസാധാരണമാണല്ലോ. എക്‌സിറ്റ് പോളുകള്‍ പലതും പലതവണ തെറ്റായിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും ഏതാനും ദശകങ്ങളായി അവ രാജ്യത്തു ജനപ്രീതി നേടിയിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രവചിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമായി അവ കണക്കാക്കപ്പെടുന്നു. ജനങ്ങള്‍ നാള്‍ക്കുനാള്‍ ഫലപ്രവചനം കൂടുതല്‍ കൗതുകത്തോടെ നിരീക്ഷിക്കുന്നു. ഭൂതം, ഭാവി, വര്‍ത്തമാനം മൂന്നാമതൊരാളില്‍ നിന്ന് കേള്‍ക്കുന്നതിന് മനുഷ്യര്‍ വലിയ താത്പര്യം കാണിക്കാറുണ്ടല്ലോ... അതേ മനഃശാസ്ത്രം തന്നെയാണ് എക്‌സിറ്റ് പോളുകളുടെ ജനപ്രീതി.

തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമ കവറേജിന്‍റെ നിര്‍ണായക ഭാഗമായി എക്‌സിറ്റ് പോളുകള്‍ മാറിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുന്ന തെറ്റായ, അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ എക്‌സിറ്റ് പോളുകളുടെ ഉപയോഗം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. പല അഭിപ്രായ വോട്ടെടുപ്പുകളും എക്‌സിറ്റ് പോളുകളും ഒരു വിഭാഗം സ്വാധീനം ചെലുത്തിയോ സ്‌പോണ്‌സര്‍ ചെയ്തതോ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പൊതുജനത്തിന്‍റെ കാഴ്ചപ്പാട് വ്യതമാക്കുന്നതിന് പകരം, നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയെ വികലമാക്കുകയാണ് ഇത് ചെയ്യുക എന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്നെ സ്ഥിരമായി ആരോപിക്കാറുണ്ട്. നിരോധന കാലയളവില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനം അല്ലെങ്കില്‍ പരിപാടി പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്‌ട്രോണിക്- അച്ചടി മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നൽകിയിട്ടുമുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ കൂടിയാണ് അഭിപ്രായ സർവെകളും എക്‌സിറ്റ് പോള്‍ സര്‍വെകളും ആരംഭിച്ചത് എന്ന് പറയുന്നുണ്ട്. പിന്നീട് ഇത് ലോകമെമ്പാടുമുള്ള സുപ്രധാന തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുവാന്‍ തുടങ്ങി എന്നും പറയുന്നു. എക്സിറ്റ് പോള്‍ കണ്ടുപിടിച്ചത് ആരെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 1967 ഫെബ്രുവരി 15 ന് നടന്ന ഡച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഇത് നടപ്പിലാക്കിയത് താനാണെന്ന് ഡച്ച് സോഷ്യോളജിസ്റ്റും മുന്‍ രാഷ്‌ട്രീയക്കാരനുമായ മാര്‍സെല്‍ വാന്‍ ഡാം പറയുന്നു. സീറ്റ് നില, വോട്ടിങ് ശതമാനം കണക്ക് എന്നിവയാണ് എക്‌സിറ്റ് പോള്‍ സര്‍വെകള്‍ സാധാരണമായി പ്രവചിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെക്കുറെ ശരിയായി വന്നതും അപ്പാടെ തെറ്റിയതുമായ ഒട്ടനവധി തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്.

ഇന്ത്യയില്‍ എക്‌സിറ്റ് പോളുകള്‍ ജനകീയമാകുന്നത് ദ്യശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ വ്യാപകമായതോടെയാണ്. സ്റ്റാൻ ന്യൂസും എന്‍ഡിടിവിയും അതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എക്‌സിറ്റ് പോള്‍ നടത്തി വിശകലനം ചെയ്തു പ്രസിദ്ധീകരിക്കുന്ന നിരവധി ഏജന്‍സികളുണ്ട്. ഏജന്‍സികള്‍ നിക്ഷ്പക്ഷമായെങ്കിലേ യഥാർഥ ഫലം ലഭിക്കുകയുള്ളൂ. മാധ്യമങ്ങള്‍ വ്യത്യസ്ത ഏജന്‍സികളെ സമീപിക്കുമ്പോള്‍ അവര്‍ അവരുടെ ബിസിനസ് താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. ബിസിനസ് താത്പര്യങ്ങള്‍ക്ക് രാഷ്‌ട്രീയ താത്പര്യങ്ങള്‍ ഉണ്ടാകുന്നത് വര്‍ത്തമാന കാലത്തു സ്വാഭാവികം മാത്രം.

Trending

No stories found.

Latest News

No stories found.