അടുത്തെത്താതെ വനിതാ പ്രാതിനിധ്യം

വനിതകൾക്കു വേണ്ടി വാദിച്ചവർ ഞങ്ങളാണ് എന്ന് അവകാശപ്പെടുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയും ഇക്കുറിയും അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്കു നൽകിയിട്ടില്ലെന്നത് പുറത്തുവന്ന സ്ഥാനാർഥിപ്പട്ടികകൾ കാണിക്കുന്നത്.
അടുത്തെത്താതെ വനിതാ പ്രാതിനിധ്യം
Updated on

നിയമ നിർമാണ സഭയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ മുന്നിട്ടു നിന്നു പോരാടുന്നത് ഏതു പാർട്ടിയാണ് എന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ത്രീകൾക്കായി രംഗത്തുള്ളത് തങ്ങളാണെന്ന് കോൺഗ്രസും ബിജെപിയും ഇടതുപക്ഷവും ഒക്കെ ഒരുപോലെ അവകാശപ്പെടും. പക്ഷേ, കാര്യത്തോടടുക്കുമ്പോൾ അകന്നു മാറുകയും ചെയ്യും. പല തവണ വനിതാ സംവരണ ബിൽ പാർലമെന്‍റ് കടക്കാതെ പോയതിനു കാരണം പ്രമുഖ രാഷ്‌ട്രീയ കക്ഷികൾക്ക് അതിൽ അത്ര താത്പര്യമില്ല എന്നതു തന്നെയാണ്. ഒടുവിൽ നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാർ വനിതാ സംവരണ ബിൽ പാസാക്കി ചരിത്രം സൃഷ്ടിച്ചു. എന്നാൽ, അതുകൊണ്ടും തത്കാലം കാര്യമൊന്നുമുണ്ടായിട്ടില്ല. ദേശീയ സെൻസസും മണ്ഡല പുനർനിർണയവുമൊക്കെ കഴിഞ്ഞ ശേഷം മിക്കവാറും 2029ലെ തെരഞ്ഞെടുപ്പിൽ നടപ്പാവുമെന്നാണു പറയുന്നത്.

അർഹതപ്പെട്ടത് എന്നല്ല മൂന്നിലൊന്നെങ്കിലും പങ്കാളിത്തം സ്ഥാനാർഥി നിർണയത്തിൽ കിട്ടണമെങ്കിൽ സ്ത്രീകൾ ഇനിയും കാത്തിരിക്കണം. ഇത്രകാലം വനിതകൾക്കു വേണ്ടി വാദിച്ചവർ ഞങ്ങളാണ് എന്ന് അവകാശപ്പെടുന്ന ഒരു രാഷ്‌ട്രീയ പാർട്ടിയും ഇക്കുറിയും അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്കു നൽകിയിട്ടില്ലെന്നതാണ് ഇതുവരെ പുറത്തുവന്ന സ്ഥാനാർഥിപ്പട്ടികകൾ കാണിക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ പോലും വനിതാ നേതാക്കളെ നിർത്തിനോക്കാമെന്ന് ആർക്കും തോന്നുന്നില്ല. വളരെ അപൂർവം വനിതാ നേതാക്കളാണ് ഇതിൽ പരസ്യമായി പരാതി പോലും പറയുന്നത്. തെരഞ്ഞെടുപ്പുകാലത്ത് പാർട്ടിയിൽ അതൃപ്തിയുണ്ടെന്നു പറഞ്ഞാൽ ദോഷമായാലോ എന്നൊക്കെയാവും അവരുടെ ചിന്തകൾ.

മൂന്നിലൊന്നു സീറ്റ് വനിതകൾക്കു നൽകണം എന്നു പാർട്ടി നയപരമായ ഒരു തീരുമാനമെടുത്തിരുന്നെങ്കിൽ ഇതാവുമായിരുന്നോ സ്ഥിതി. രാഹുൽ ഗാന്ധി തന്നെ അങ്ങനെയൊരു പ്രഖ്യാപനം നടത്തി വിപ്ലവകരമായ തീരുമാനം പ്രായോഗികമാക്കിയിരുന്നെങ്കിൽ തെരഞ്ഞെടുപ്പു ചിത്രം തന്നെ മാറിയേനേ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യത്തു കോൺഗ്രസിനു മൊത്തം കിട്ടിയത് 52 എംപിമാരെയാണ്. പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം അവകാശപ്പെടാനുള്ള സംഖ്യ പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ നില അനുസരിച്ചാണെങ്കിൽ കോൺഗ്രസിന്‍റെ സിറ്റിങ് എംപിമാർ അമ്പതിൽ താഴെയാണ്. ലോക്സഭയിലേക്ക് 543 അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോൾ മുഴുവൻ സിറ്റിങ് എംപിമാരെയും മത്സരിപ്പിച്ചാലും അഞ്ഞൂറിനടത്ത് സീറ്റുകൾ പിന്നെയുമുണ്ട്. എത്ര എളുപ്പമാണ് ഇന്നത്തെ കോൺഗ്രസിന് മൂന്നിലൊന്നു സംവരണം നടപ്പാക്കാൻ എന്നതാണ് ആലോചിക്കേണ്ടത്. മൂന്നിലൊന്ന് ഇല്ലെങ്കിലും വേണ്ടില്ല, വനിതകൾക്കുള്ള സീറ്റ് വർധിപ്പിക്കാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കം വനിതാ നേതാക്കൾ നിർബന്ധം ചെലുത്തിയില്ല എന്നു കാണുന്നത് നിരാശാജനകമല്ലേ. വളരെ നിർണായകമായ രാഷ്‌ട്രീയ മുഹൂർത്തത്തിൽ പോലും വിപ്ലവകരമായ ഒരു തീരുമാനത്തിന് ആർജവമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിപ്പോയി.

പാർട്ടിയുടെ ആദ്യ സ്ഥാനാർഥി ലിസ്റ്റിൽ 39 പേരാണുണ്ടായിരുന്നത്. ഇതിൽ മൂന്നു വനിതകളേയുള്ളൂ. രണ്ടാമത്തെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നു. അതിലെ 43 സ്ഥാനാർഥികളിൽ നാലു വനിതകളാണുള്ളത്. ബിജെപിക്ക് ആധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളാണ് രണ്ടാം ലിസ്റ്റിൽ കൂടുതലുമുള്ളത്. മത്സരക്കളത്തിലിറങ്ങാൻ തന്നെ ഉത്തരേന്ത്യയിലെ പല സീനിയർ നേതാക്കളും മടിക്കുന്നു എന്നാണ് അഭ്യൂഹം. സ്വയം മാറിനിന്ന് മക്കൾക്കു സീറ്റ് ഉറപ്പിക്കുന്ന നേതാക്കളുമുണ്ട്. സീനിയർ നേതാക്കൾ മടിച്ചു നിന്നതു കൊണ്ടാവുമോ രണ്ടാം ലിസ്റ്റിലെ പകുതിയിലേറെ (25 പേർ) സ്ഥാനാർഥികളും 50 വയസിൽ താഴെയുള്ളവരായത്. ഈയൊരു സാഹചര്യത്തിലും വനിതകൾക്കു സീറ്റില്ല എന്നതാണു കാണേണ്ടത്.

വനിതകളെ പരിഗണിക്കുന്നതിൽ മൂന്നിലൊന്നിന്‍റെ അടുത്തൊന്നും എത്തുന്നില്ലെങ്കിലും ബിജെപിയാണ‍ു ഭേദം. അവരുടെ ആദ്യ ലിസ്റ്റിൽ 195 സ്ഥാനാർഥികളുണ്ട്. അതിൽ 28 വനിതകളാണുള്ളത്. കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ടാം ലിസ്റ്റിൽ 72 പേർ. അതിൽ 15 വനിതകൾ. മൊത്തം 267 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 43 വനിതകൾക്കാണ് അവർ സീറ്റ് നൽകിയത്. നിരവധി സിറ്റിങ് എംപിമാർക്ക് ബിജെപി സീറ്റ് നിഷേധിക്കുന്നുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. ആദ്യ ലിസ്റ്റിൽ 33 എംപിമാരാണു പുറത്തായത്. രണ്ടാം ലിസ്റ്റിൽ മുപ്പതുപേരും സീറ്റില്ലാത്തവരായി. വിജയ സാധ്യത അളക്കുന്നതിൽ കൂടുതൽ കാർക്കശ്യം ബിജെപി പുലർത്തുകയാണ്. ഡൽഹിയിലെ ഏഴിൽ ആറു സിറ്റിങ് എംപിമാരെയും അവർ മാറ്റിനിർത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മനോജ് തിവാരിക്കു മാത്രമാണ് ഇക്കുറി സീറ്റ് കിട്ടിയത്. എഎപി- കോൺഗ്രസ് സഖ്യം എന്ന അസാധാരണ സാഹചര്യം ഇക്കുറിയുണ്ട്. അതു മുന്നിൽക്കണ്ട് കരുത്തരായ പുതിയ സ്ഥാനാർഥികളെ ഇറക്കുകയാണ്.

കേരളത്തിൽ 12 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി ഇതിൽ മൂന്നു വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയിൽ ശോഭ സുരേന്ദ്രനും പൊന്നാനിയിൽ നിവേദിത സുബ്രഹ്മണ്യനും കാസർഗോഡ് എം.എൽ. അശ്വിനിയും. വടകരയില്‍ കെ.കെ. ശൈലജയും എറണാകുളത്ത് കെ.ജെ. ഷൈനും സിപിഎം സ്ഥാനാർഥികളാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരേ സിപിഐ ആനി രാജയെയും മത്സരിപ്പിക്കുന്നു. അങ്ങനെ ഇടതു മുന്നണിക്കും മൂന്നു വനിതകൾ. എന്നാൽ, യുഡിഎഫ് ലിസ്റ്റിൽ ഒരേയൊരു വനിതയാണുള്ളത്- ആലത്തൂരിലെ സിറ്റിങ് എംപി രമ്യ ഹരിദാസ്. കഴിഞ്ഞ തവണ എ.എം. ആരിഫിനെതിരേ ഷാനിമോൾ ഉസ്മാൻ മത്സരിച്ച ആലപ്പുഴയിൽ ഇക്കുറി കെ.സി. വേണുഗോപാൽ ഇറങ്ങുകയാണ്. ആലപ്പുഴയുടെ മുൻ എംപി കൂടിയാണു വേണുഗോപാൽ. പ്രതാപൻ ഒഴികെ മുഴുവൻ സിറ്റിങ് എംപിമാർക്കും സീറ്റ് നൽകേണ്ടി വന്നതിനാൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രയാസമായി എന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. വനിതാ സംവരണം നടപ്പായാൽ എല്ലാ മുന്നണികളും കേരളത്തിൽ ഏഴു സീറ്റ് വനിതകൾക്കായി നീക്കിവയ്ക്കേണ്ടിവരും.

മൂന്നിലൊന്നിൽ അധികം സീറ്റ് വനിതകൾക്കു നൽകി മാതൃക കാണിച്ചിട്ടുള്ള നേതാവാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ആകെയുള്ള 42 സീറ്റുകളിൽ പതിനേഴും കഴിഞ്ഞ തവണ മമത സ്ത്രീകൾക്കു നൽകി. മത്സരിക്കാൻ നാൽപ്പതു ശതമാനത്തിലേറെ പ്രാതിനിധ്യം. അതിനു മുൻപ് 2014ൽ 35 ശതമാനം പ്രാതിനിധ്യവും സ്ത്രീകൾക്കായിരുന്നു. ഇത്തവണ പക്ഷേ, 42 ടിഎംസി സ്ഥാനാർഥികളിൽ 12 വനിതകളാണുള്ളത്. മൂന്നിലൊന്നിൽ താഴെ. എങ്കിലും മറ്റു പാർട്ടികളെക്കാൾ മുന്നിൽ തന്നെ.

Trending

No stories found.

Latest News

No stories found.