""അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ''.
എന്ന് ദൈവദശകത്തിൽ പ്രാർഥിച്ച ശ്രീനാരായണ ഗുരുദേവന്റെ നാട്ടിൽ, സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണത്തിന് പച്ചക്കറി സാധനങ്ങളും മറ്റ് പലവ്യഞ്ജനങ്ങളും വാങ്ങിയതിന്റെ പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകൻ ദുഃഖത്തോടെ പൊതുസമൂഹത്തിന് എഴുതിയ കത്ത് വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടായി വന്നിരുന്നു. അദ്ദേഹത്തിന്റെ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം നിർത്തുകയാണെന്നും കടക്കാരെ പേടിച്ച് നാണം കെട്ട് ജീവിക്കുകയാണെന്നും അദ്ദേഹം കത്തിൽ ഉന്നയിച്ചു.
ഭക്ഷണം ജന്മാവകാശമാണ് എന്ന് പാർലമെന്റിൽ നിയമം പാസാക്കിയ കേരളീയനായ പ്രൊഫ. കെ.വി. തോമസ് ഈ ദുഃഖം കാണുന്നുണ്ടാവും. കേരളത്തിൽ എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷത്തോളം വിദ്യാർഥികൾക്കാണ് സൗജന്യമായി ഉച്ചഭക്ഷണം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്നത്. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു ദിവസം 8 രൂപ വീതവും, 500 വിദ്യാർഥികൾ ഉള്ള സ്കൂളിന് 7 രൂപ വീതവുമാണ് സർക്കാർ സഹായം നൽകുന്നത്. രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണമെന്ന് വ്യവസ്ഥയുമുണ്ട്. മുട്ടയുടെ വില 5 രൂപയും പാലിന് വേറെയും. പിന്നെ എങ്ങനെയാണ് 5 രൂപയ്ക്ക് ഭക്ഷണം നൽകാൻ കഴിയുക? എല്ലാവർക്കും വിദ്യാഭ്യാസം, ഭക്ഷണം, കിടപ്പാടം എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്ന കേരളത്തിന് ഈ വാർത്ത വേദനാജനകമാണ്.
അധ്യാപക ദിനത്തിന്റെ തലേ ദിവസമായിരുന്നു ഒരു പ്രധാന അധ്യാപകന്റെ ഈ കത്ത്. പല സ്കൂളുകളിലും വിദ്യാർഥികൾ എത്തുന്നതു തന്നെ ഉച്ചഭക്ഷണം കഴിക്കാമെന്നു കരുതിയാണ്. ഉച്ചഭക്ഷണം നിർത്തിയാൽ സ്കൂളിലെ അറ്റൻഡൻസ് കുറയുമെന്നതിൽ സംശയമില്ല. വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് പ്രൈമറി വിദ്യാഭ്യാസരംഗത്ത് കേരളം നേടിയ സൽപ്പേര് കളയരുത് എന്നാണ് ജ്യോത്സ്യന് പറയാനുള്ളത്. അന്നദാനം മഹാദാനം എന്നതും മറക്കരുത്. വിശക്കുന്നവനു മുന്നിൽ ദൈവം എത്തുന്നത് ഭക്ഷണമായിട്ടാണ്. കുരുന്നു മനസുകളിൽ വിജ്ഞാനത്തിന്റെ വെളിച്ചം എത്തണമെങ്കിൽ വിശപ്പ് ഇല്ലാതാക്കാൻ ആദ്യം കഴിയണം.
പല കാര്യങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ചെലവ് നടത്തുന്ന സംസ്ഥാനം ഉച്ചഭക്ഷണത്തിന്റെ കാര്യം വളരെ ഗൗരവമായി കാണണം. കേന്ദ്ര സർക്കാരും ഇതിൽ ജാഗ്രത പുലർത്തണം എന്നാണ് ജോത്സ്യന്റെ അഭിപ്രായം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന മറ്റൊരു പ്രശ്നം ഇന്റർനെറ്റ് കണക്ഷനാണ്. 4,752 ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂളുകളാണ് സംസ്ഥാനത്തുള്ളത്. അധ്യയന വർഷം പകുതി കഴിഞ്ഞിട്ടും കേരളത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് ലഭ്യത ആയിട്ടില്ല. ബിഎസ്എൻഎൽ കണക്റ്റിവിറ്റി മാറ്റുകയും ചെയ്തു, കെ ഫോൺ വന്നതുമില്ല. ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഇല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനം മുടങ്ങും. അതിനാൽ അധ്യാപകർ തന്നെ ഈ ബുദ്ധിമുട്ട് മറികടക്കേണ്ടതുണ്ട്. പിടിഎ ഫണ്ടുകൾ ഉപയോഗിച്ച് ബിഎസ്എൻഎൽ കണക്ഷൻ നിലനിർത്തുകയോ അധ്യാപകർ സ്വന്തം ഫോൺ ഡേറ്റ ഉപയോഗിക്കുകയോ ചെയ്യണം.
പ്രധാനാധ്യാപകരാകുക എന്നത് ഒരു കാലത്ത് വലിയ അന്തസായിരുന്നു. ഇപ്പോൾ പ്രധാനാധ്യാപകർ വിരമിച്ചു കഴിഞ്ഞാലും സ്കൂളിൽ അധ്യാപകരായും പ്രധാനാധ്യാപകരായും അവർ സേവനമനുഷ്ഠിച്ചിട്ടുള്ള കാലഘട്ടത്തിലെ പ്രശ്നങ്ങൾ തീരുന്നില്ല. പെൻഷൻ പോലും കിട്ടാതെ വരും. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.