രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ തുടക്കത്തിൽ തന്നെ തലവേദനയുണ്ടാക്കിയ ഒരു പദ്ധതിയാണ് കെ റെയ്ലും സിൽവർ ലൈനും. എന്തുവന്നാലും സെമി -അതിവേഗ ട്രെയ്നുകൾ തിരുവനന്തപുരത്തു നിന്നു കാസർഗോഡ് വരെ ഓടിക്കും എന്ന ദൃഢപ്രതിജ്ഞയോടു കൂടി മഞ്ഞക്കല്ലിട്ട് ആരംഭിച്ച പദ്ധതി വലിയ ജനരോഷത്തിന് ഇടയാക്കി. ഇട്ട കല്ലുകൾ ജനങ്ങൾ ഊരി വലിച്ചെറിഞ്ഞു. പല സ്ഥലങ്ങളിലും പൊലീസും സിപിഎം പ്രവർത്തകരും ഇറങ്ങിയെങ്കിലും ശക്തമായ ജനരോഷത്തിനു മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു. എന്നാൽ, തൃക്കാക്കര തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം സർക്കാരിന്റെ കണ്ണുതുറപ്പിച്ചു. തത്കാലം പദ്ധതി മാറ്റിവച്ചു. എങ്കിലും പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.
ഉമ്മൻചാണ്ടിയും സഖാവ് വിഎസ് അച്യുതാനന്ദനും പരാജയപ്പെട്ട 'ഗെയ്ൽ' പദ്ധതി പൂർണമായി നടപ്പാക്കാൻ പിണറായിക്കു കഴിഞ്ഞിരുന്നു. കേരളത്തിന് 30 മീറ്റർ വീതിയുള്ള ദേശീയപാത മതിയെന്ന് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ (പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആദ്യമായി പൊട്ടിചിരിപ്പിച്ച) പ്രമേയം തട്ടിത്തെറിപ്പിച്ച പിണറായിയുടെ ദൃഢനിശ്ചയത്തിൽ 60 മീറ്ററും 45 മീറ്ററും വീതിയുള്ള ദേശീയപാത മംഗലാപുരത്തു നിന്നും, കോയമ്പത്തൂരിൽ നിന്നും ദ്രുതഗതിയിൽ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ പൂർണപിന്തുണ ലഭിക്കുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കലിന്റെ ചെലവ് സംസ്ഥാന സർക്കാർ 50 ശതമാനം കൊടുക്കണമെന്നും പിന്നീട് 25 ശതമാനം കൊടുക്കണം എന്നുള്ള ദേശീയപാത അഥോറിറ്റിയുടെ തീരുമാനം പിണറായി വിജയൻ, കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിലൂടെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നടത്തിയ സമ്മർദം മൂലം പിൻവലിക്കപ്പെടുകയും ചെയ്തു. ഏകദേശം 1000 കോടി രൂപയുടെ നേട്ടമാണ് കൊല്ലം-ചെങ്കോട്ട, എറണാകുളം ബൈപാസ് നിർമാണത്തിൽ ലഭ്യമായത്. അതൊരു വലിയ നേട്ടമായി പിണറായി വിജയൻ കാണുകയും ചെയ്തു.
പല കേന്ദ്ര പദ്ധതികളും കേരളത്തിൽ നടപ്പാക്കാൻ പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
2023 സെപ്റ്റംബറിൽ ആദ്യത്തെ കപ്പൽ അടുപ്പിച്ചുകൊണ്ട് വിഴിഞ്ഞം പദ്ധതി വിജയപ്രദമാകാൻ പോകുന്നു. പല സന്ദർഭങ്ങളിലും കർക്കശ സ്വഭാവത്തോടെ ഭരണം മുന്നോട്ടു കൊണ്ടു പോകുവാൻ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പ്രായോഗികമായി തത്കാലം നിർത്തേണ്ടി വന്നു. എന്നാൽ അമെരിക്കൻ സന്ദർശന വേളയിലും ടൈം സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലും പ്രസ്തുത പദ്ധതി നടപ്പാക്കുമെന്ന് പിണറായി വിജയൻ ഉറപ്പിച്ചു പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ 50 വർഷക്കാലം പ്രവർത്തന പരിചയമുള്ള, രാജീവ് ഗാന്ധി, മൻമോഹൻ സിങ്, വാജ്പേയി, ഇപ്പോൾ നരേന്ദ്രമോദി എന്നീ പ്രധാനമന്ത്രിമാരോട് നേരിട്ട് അടുപ്പമുള്ള, ഡൽഹിയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളിലും, പത്രക്കാരുടെ ഇടയിലും സ്വാധീനമുള്ള കെ.വി. തോമസിനെ ക്യാബിനറ്റ് റാങ്കുള്ള കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ആക്കുന്നത്. ഇത് കേട്ട് പലരും പരിഹസിച്ചു. മുൻഗാമി എ. സമ്പത്തിനെ പോലെ ഒന്നും ചെയ്യില്ലെന്ന് ആക്ഷേപിച്ചു. എന്നാൽ ആറുമാസം കൊണ്ട് കെ.വി. തോമസ് എന്ന പടക്കുതിരയ്ക്ക് ഡൽഹിയിൽ കരുനീക്കങ്ങൾ നടത്തുവാൻ കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലാകെ ഒരു മിഷൻ മോഡലിൽ ('സെമി സ്പീഡ് ആൻഡ് ഹൈസ്പീഡ് ') ട്രെയ്ൻ സർവീസ് തുടങ്ങാൻ നടപടി ആലോചിക്കുന്ന സന്ദർഭമായിരുന്നു അപ്പോൾ. ബോംബെ, അഹമ്മദാബാദ് തുടങ്ങി പല സ്ഥലങ്ങളിലും അതിവേഗ ട്രെയ്നുകൾക്ക് അദ്ദേഹം പച്ചക്കൊടി കാട്ടി. വന്ദേ ഭാരത് ട്രെയ്ൻ രാജ്യത്ത് അങ്ങോളമിങ്ങോളം ഓടിത്തുടങ്ങി.
ഇപ്പോഴുള്ള സാധാരണ ട്രെയ്നുകൾക്ക് 50 മുതൽ 60 കി.മീ. വരെ വേഗമുള്ളൂ. വന്ദേ ഭാരതിന് 110 കി. മീ. വേഗമുണ്ടെങ്കിലും കേരളത്തിൽ വന്ദേ ഭാരത് ട്രെയ്ൻ 73 കി.മീ. വേഗത്തിലെ ഓടുന്നുള്ളൂ. അതിന് രണ്ടുമാസത്തെ ബുക്കിങ് മുൻകൂട്ടി നടന്നു കഴിഞ്ഞിരിക്കുന്നു. വേഗത്തെ ജനങ്ങൾ അനുകൂലിക്കുന്നു എന്നാണ് ഇതിലൂടെ മനസ്സിലാക്കുന്നത്.
ഈ ഒരു സൂചനയിലൂടെ കെ.വി. തോമസുമായി നല്ല ബന്ധമുള്ള ഇ.ശ്രീധരനെ പിണറായി വിജയൻ രംഗത്തിറക്കി. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഇ.ശ്രീധരൻ കൊണ്ടുവന്ന ഒരു വേഗ റെയ്ൽ സിസ്റ്റമുണ്ട്. ആദ്യം 200 -300 സ്പീഡിലും പിന്നീട് 300 -500 കി.മീ. സ്പീഡിലും ഓടുന്ന സംവിധാനം. ന്നുകിൽ ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ, അല്ലെങ്കിൽ ഭൂമിക്ക് മുകളിൽ തൂണിന്മേൽ. ഇതു രണ്ടും രാജ്യത്ത് വിജയപ്രദമായി നടപ്പിലാക്കിയിട്ടുള്ളതാണ്.
ഡൽഹിയിൽ രാഷ്ട്രപതി ഭവൻ, പാർലമെന്റ് ഹൗസ്, കേരള ഹൗസ് എന്നിവയുടെ അടിയിലൂടെ മെട്രോ ട്രെയ്ൻ ഓടുന്നുണ്ട്. ഡൽഹി എയർപോർട്ട് അടുക്കുമ്പോൾ അത് തൂണിലൂടെയാണ് പോകുന്നത്. അതിവേഗ ട്രെയ്നുകളാണ് ഇവ. കൊച്ചിയിൽ തൂണിന്മേൽ മാത്രമായി മെട്രോ ട്രെയ്ൻ ഓടുന്നു. പദ്ധതിക്ക് വലിയ ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമില്ല. ഏറ്റെടുക്കുന്ന ഭൂമിക്ക് വിലയോ വാടകയോ ഉടമസ്ഥന്മാർക്ക് ലഭിക്കും. കൃഷി ചെയ്യുകയും ചെയ്യാം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് ഒരു മണിക്കൂറും, രണ്ടരമണിക്കൂർ കൊണ്ട് കണ്ണൂരും എത്താം. അത് 300 ൽ നിന്ന് 500 കി.മീ. എത്തുമ്പോൾ ഒരു മണിക്കൂർ അധികസമയം കൊണ്ട് കാസർഗോഡും എത്താൻ കഴിയും. ഒരു ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ്. ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗം കേന്ദ്രസർക്കാരും 'കൺസോർഷ്യവും' കണ്ടെത്തും. മൂന്നിലൊന്ന് കേരളം കണ്ടെത്തണം. ഇതിനെല്ലാം ചെറു പലിശയ്ക്ക് വിദേശത്ത് നിന്നോ സ്വദേശത്ത് നിന്നോ കടം ലഭിക്കും.
കേരളത്തിന്റെ സമഗ്രമായ വളർച്ചയ്ക്ക്, പ്രത്യേകിച്ച് ടൂറിസത്തിന്റെ വളർച്ചയ്ക്ക് ഈ അതിവേഗപദ്ധതി ഗുണകരമാവും എന്നാണ് ജ്യോത്സ്യന്റെ വിലയിരുത്തൽ.
കെ.വി. തോമസിലൂടെ മെട്രൊമാൻ ശ്രീധരനെ സമീപിച്ച പദ്ധതിക്ക് രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. 2024 ൽ പാർലമെന്റ് തെരഞ്ഞെടുപ്പും 2026ൽ അസംബ്ലി തെരഞ്ഞെടുപ്പും വരികയാണ്. അതുകൊണ്ടാണ് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ രാത്രിക്ക് രാത്രി ഇ.ശ്രീധരന്റെ വീട്ടിൽ ചെന്ന് പിന്തുണ പ്രഖ്യാപിച്ചത്.
അടുത്ത മൂന്നു മാസത്തിനുള്ളിൽ കോഴിക്കോട് 'എയിംസ്' ആരംഭിക്കുകയാണ്. അതിനു കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായുള്ള ചർച്ചകളുടെ ഉൾപ്പെടെ ചുമതല കേരള സർക്കാർ ഏൽപ്പിച്ചത് കെ.വി. തോമസിന്.
ഇപ്പോൾ അമളി പറ്റിയിരിക്കുന്നത് കോൺഗ്രസിനാണ്. കേരളത്തിലും, കേന്ദ്രത്തിലും, മത നേതാക്കന്മാരുടെ ഇടയിലും വളരെ സ്വാധീനമുള്ള ആളാണ് കെ.വി. തോമസ്. അദ്ദേഹത്തിനു പുതിയ പദവി കിട്ടിയപ്പോൾ, "കെ.വി. തോമസിന് കേരള ഹൗസിന്റെ മൂലയ്ക്ക് ഇരിക്കാം, വേറെ പണിയൊന്നും ഉണ്ടാവില്ല" എന്ന് ആക്ഷേപിച്ച കെ. മുരളീധരന് ഇപ്പോൾ മറുപടിയില്ല.
കോൺഗ്രസിന് മറവി ഒരു ഭാഗ്യമാണ്. ഉമ്മൻചാണ്ടിയുടെ കാലഘട്ടത്തിൽ ഇ.ശ്രീധരൻ കൊണ്ടുവന്ന പദ്ധതിയാണ് ഇതെന്ന് പറയാൻ കോൺഗ്രസിന് ചങ്കൂറ്റമില്ല. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം കോൺഗ്രസുകാർക്ക് കാര്യക്ഷമതയും കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവുമില്ല.
മത നേതാക്കന്മാരുടെ മുന്നിൽ ചെല്ലുമ്പോൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരാണ് കോൺഗ്രസുകാർ എന്ന് ആക്ഷേപിച്ച വി.ഡി. സതീശന് എങ്ങിനെയാണ് ചങ്ങനാശ്ശേരി ബിഷപ്പിനെയും പാലാ ബിഷപ്പിനെയും കാണാൻ കഴിയുക.? തിരുവനന്തപുരം കെപിസിസി ഓഫിസിനു തൊട്ടടുത്തുള്ള ബിഷപ് ഹൗസിൽ കടന്നു ചെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ആർച്ച് ബിഷപ്പിനെ കാണാനാവാതെ തിരിച്ചു പോരേണ്ടി വന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മുന്നിൽ കടന്നു ചെല്ലാൻ രമേശ് ചെന്നിത്തലയ്ക്കോ സതീശനോ കഴിയുന്നില്ല. അവിടെ ക്രിസ്ത്യാനികളായ പി.ജെ.കുര്യനും, ഉമ്മൻചാണ്ടിക്കും കെ.വി തോമസിനും, മുസ്ലിമായ എം.എം. ഹസനും ചെല്ലാം.
ഏക വ്യക്തിനിയമം കോൺഗ്രസിന് തലവേദനയായി മാറിയിരിക്കുകയാണ്. കേരളത്തിൽ ഈ നിയമത്തെ ശക്തമായി എതിർക്കുന്ന കോൺഗ്രസിന്, അതേ നിലപാട് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന രാജസ്ഥാനിലും ഛത്തിസ്ഗഡിലും എടുക്കുവാൻ കഴിയുമോ? ആ തീരുമാനം എടുക്കുമ്പോൾ അറിയാം കേരളത്തിലെ മുസ്ലിം ലീഗ് എവിടെ നിൽക്കും എന്ന്.
കക്ഷത്തിൽ വച്ചതുമില്ല, ഉത്തരത്തിൽ നിന്നെടുത്തതും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസിന് എന്നാണ് ജോത്സ്യന് പറയാനുള്ളത്.