#ഇ.ആർ. വാരിയർ
ഉദ്വേഗഭരിതമായ മണിക്കൂറുകളാണ് കർണാടക രാഷ്ട്രീയത്തിൽ. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സംസ്ഥാനത്ത് നാളെയാണു വോട്ടെണ്ണൽ. എക്സിറ്റ് പോളുകളിൽ പലതും വീണ്ടുമൊരു തൂക്കുസഭ പ്രവചിക്കുമ്പോൾ രാഷ്ട്രീയ നേതാക്കളുടെ നെഞ്ചിടിപ്പേറുന്നതു സ്വാഭാവികം. കോൺഗ്രസിന് ഭൂരിപക്ഷമുണ്ടാവുമെന്ന് ചില സർവെകൾ പ്രവചിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനാണു മുൻതൂക്കമെങ്കിലും ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടാവില്ലെന്ന് മറ്റു പല സർവെകളും പ്രവചിക്കുന്നു. അങ്ങനെയൊരവസ്ഥയുണ്ടായാൽ ബിജെപി വീണ്ടും ഭരണം കൊത്തിക്കൊണ്ടുപോകുമെന്നാണ് കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നത്. അതു തടയാൻ മുതിർന്ന നേതാക്കൾ നീക്കം ആരംഭിച്ചിട്ടുണ്ടെന്നും ബംഗളൂരുവിൽ നിന്നുള്ള റിപ്പോർട്ടുകളിൽ കാണുന്നുണ്ട്.
ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്കു ബദലായി കോൺഗ്രസ് ഓപ്പറേഷൻ ഹസ്ത (കൈ) പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടത്രേ. സ്വതന്ത്രരെയും ജെഡിഎസിനെയും അവർ നോട്ടമിട്ടിരിക്കുകയാണ്. അണിയറയിൽ ആശയവിനിമയവും ആരംഭിച്ചതായാണു പറയുന്നത്. ഇക്കുറി തങ്ങളെ പിളർത്താൻ ബിജെപിക്കു കഴിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തെക്കാൾ പാർട്ടിക്ക് ആത്മവിശ്വാസം പതിന്മടങ്ങു കൂടിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കാണ് എംഎൽഎമാർ എത്തുകയെന്നാണ് പുറമേക്ക് അവർ പറയുന്നത്. സീനിയർ ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സാവഡി തുടങ്ങിയവരെ തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിക്കാനായി. ഇതു പുതിയ കോൺഗ്രസിന്റെ ആത്മവിശ്വാസമാണു കാണിക്കുന്നതത്രേ.
അതേസമയം, ചില സർവെകൾ ബിജെപിക്കും ഭൂരിപക്ഷം പ്രവചിച്ചിട്ടുണ്ട്. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നാണ് അവരുടെ നേതാക്കൾ അവകാശപ്പെടുന്നത്. അഥവാ തൂക്കുസഭയാണെങ്കിലും തുടർ ഭരണം സാധ്യമാകുമെന്ന വിശ്വാസം ബിജെപി നേതാക്കൾക്കുമുണ്ട്. മറ്റുള്ളവരെ കൂട്ടേണ്ടിവന്നാൽ അതിനുള്ള നീക്കങ്ങൾ ബിജെപിയും നടത്തുന്നു. ഭരണം കിട്ടില്ലെന്നു വന്നാൽ കോൺഗ്രസിൽ നിന്നു കൊഴിച്ചിലുണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. ഫലപ്രഖ്യാപനം വരുന്ന മണിക്കുറുകളിൽ ആരാണു കൂടുതൽ സമർഥമായി കരുനീക്കുകയെന്നതാണ് തൂക്കുസഭാ സാഹചര്യത്തിൽ കണ്ടറിയേണ്ടത്.
എന്തായാലും കോൺഗ്രസും ബിജെപിയും ജെഡിഎസിലേക്ക് ഉറ്റുനോക്കുന്നുണ്ട്. വിജയിക്കുന്ന എംഎൽഎമാർ രണ്ടു പക്ഷത്തേക്കും പോകാതെ കാത്തുസൂക്ഷിക്കാൻ കഴിയണം ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാര സ്വാമിക്ക്. മൂന്നാം തവണ മുഖ്യമന്ത്രിയാവുകയെന്ന മോഹം കുമാര സ്വാമി ഉപേക്ഷിച്ചിട്ടൊന്നുമില്ല. കഴിഞ്ഞ തവണ കോൺഗ്രസ് നീട്ടിയ കൈകളാണ് കുമാര സ്വാമിയെ മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചത്; അതിനു മുൻപ് ബിജെപിയും. ഇക്കുറിയും ആരെങ്കിലും സഹായം നീട്ടുന്നുണ്ടോ എന്നു നോക്കിയിരിക്കുകയാവും അദ്ദേഹം. കോൺഗ്രസിനോടും ബിജെപിയോടും വിലപേശാൻ പാർട്ടിയെ ഒറ്റക്കെട്ടായി നിർത്തണം ജെഡിഎസിന്. കിങ് അല്ലെങ്കിൽ കിങ് മേക്കറെങ്കിലുമാവുക എന്നതാവും കുമാര സ്വാമിയുടെ മനസിലിരുപ്പ്.
ജെഡിഎസിനെ തകർത്ത് അവരുടെ വോട്ടുകൾ സ്വന്തമാക്കാൻ കോൺഗ്രസും ബിജെപിയും ഒരുപോലെ ശ്രമിച്ചതാണ് ഇത്തവണ. എന്നിട്ടും ദേവഗൗഡയുടെ പാർട്ടി പിടിച്ചുനിൽക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത്. ഇരുപതു മുതൽ മുപ്പതിലേറെ സീറ്റുകൾ വരെ അവർക്കു പ്രവചിക്കുന്നതാണ് കൂടുതൽ സർവെകളും. ഈ പ്രവചനങ്ങൾ ഫലവത്തായാൽ ജെഡിഎസ് നിർണായക ശക്തിയായി കളത്തിലുണ്ടാവും. പിന്നെ അവരെ തളർത്തുന്നത് ഏതെങ്കിലും വിധത്തിലുള്ള പിളർപ്പുകളാവും. അതു തടയുകയാണ് കുമാര സ്വാമിയുടെ മുഖ്യലക്ഷ്യം. ഏതാണ്ടെല്ലാ സർവെകളും കോൺഗ്രസിന് നൂറിലേറെ സീറ്റുകൾ പ്രവചിക്കുന്നുണ്ട് എന്നതു ശ്രദ്ധേയമാണ്. 224 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 113 സീറ്റുകൾ. ഈ സർവെകളുടെയൊക്കെ ശരാശരിയെടുത്താൽ കോൺഗ്രസിന് ഭൂരിപക്ഷം ഏറെ അകലെയാവില്ല. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം കൈവിട്ടുപോയ അനുഭവങ്ങളുമുണ്ട് സമീപകാലത്ത് അവർക്ക്. ബിജെപിയുടെ ചടുലമായ നീക്കങ്ങളെ ചെറുതായി കാണാനാവില്ല.
തൂക്കുസഭകൾ കർണാടകയ്ക്കു പുത്തരിയല്ല. കഴിഞ്ഞ തവണ(2018)യും തൂക്കുസഭയായിരുന്നു. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപി. ഭൂരിപക്ഷത്തിന് ഒമ്പതു സീറ്റ് അകലെയായിരുന്നു യെദിയൂരപ്പ നയിച്ച പാർട്ടി. 80 സീറ്റുള്ള കോൺഗ്രസ് 37 പേർ ജയിച്ച ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് അമ്പരപ്പു സൃഷ്ടിച്ചു. സർക്കാരുണ്ടാക്കാൻ യെദിയൂരപ്പയെയാണ് ഗവർണർ വാജുഭായ് വാല ആദ്യം ക്ഷണിച്ചത്. ഭൂരിപക്ഷം ഉറപ്പിക്കാനാവാതിരുന്ന മുഖ്യമന്ത്രി നിയമസഭയിൽ വിശ്വാസ പ്രമേയത്തിന്മേലുള്ള വികാരഭരിതമായ പ്രസംഗം കഴിഞ്ഞ് വോട്ടിനു നിൽക്കാതെ രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് പിന്തുണയോടെ കുമാര സ്വാമി മുഖ്യമന്ത്രിയായി. പിന്നീട് ഏതാനും കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ ബിജെപി പക്ഷത്തേക്കു മാറിയതോടെ സർക്കാർ താഴെ വീണു. 2019 ജൂലൈയിൽ യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. രണ്ടുവർഷത്തിനു ശേഷം 2021 ജൂലൈയിലാണ് യെദിയൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മൈയെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. 122 സീറ്റായിരുന്നു കോൺഗ്രസിന്. ബിജെപിക്കും ജെഡിഎസിനും നാൽപ്പതു വീതം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. സാങ്കേതികമായി തൂക്കുസഭയായിരുന്നു 2008ൽ. ബിജെപിക്ക് 110 സീറ്റ്. ഭൂരിപക്ഷത്തിന് മൂന്നു സീറ്റുകളുടെ കുറവ്. സ്വതന്ത്രരുടെ പിന്തുണയോടെ യെദിയൂരപ്പ സർക്കാരുണ്ടാക്കി. ദക്ഷിണേന്ത്യയിൽ ബിജെപി ഒറ്റയ്ക്ക് സർക്കാരുണ്ടാക്കിയ ആദ്യ സംഭവം. അതിനു മുൻപ് 2004ലും തൂക്കുസഭയായിരുന്നു. 79 സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷേ, കോൺഗ്രസും (65), ജെഡിഎസും (58) ചേർന്ന് സർക്കാരുണ്ടാക്കി. കോൺഗ്രസ് നേതാവ് ധരം സിങ് മുഖ്യമന്ത്രിയായി. 2006ൽ ജെഡിഎസ് പിന്തുണ പിൻവലിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കി കുമാര സ്വാമി മുഖ്യമന്ത്രിയായി. ആദ്യ 20 മാസം കുമാര സ്വാമിയും പിന്നീടുള്ള 20 മാസം യെദിയൂരപ്പയും മുഖ്യമന്ത്രിയാവുക എന്നതായിരുന്നു ധാരണ. യെദിയൂരപ്പയ്ക്ക് കസേര വിട്ടുകൊടുക്കാൻ കുമാര സ്വാമി വിസമ്മതിച്ചതോടെ 2007 ഒക്റ്റോബറിൽ സഖ്യം തകർന്നു. പിന്നീട് അവർ ഒന്നിക്കുകയും 2007 നവംബറിൽ യെദിയൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാൽ, അധികാരത്തർക്കം മൂലം ഏതാനും ദിവസം മാത്രമാണ് ആ സർക്കാർ നീണ്ടുനിന്നത്. രാഷ്ട്രപതി ഭരണത്തിലിരിക്കുമ്പോഴായിരുന്നു 2008ലെ വോട്ടെടുപ്പ്.
എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായ 1999ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർപ്പൻ വിജയമാണ് (132 സീറ്റ്) നേടിയത്. അതിനു മുൻപ് 1994ൽ 115 സീറ്റോടെ ജനതാദൾ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായ എച്ച്.ഡി. ദേവഗൗഡ 1996ൽ പ്രധാനമന്ത്രിയായപ്പോൾ ജെ.എച്ച്. പട്ടേലിനായി മുഖ്യമന്ത്രിസ്ഥാനം. 1989ൽ മൃഗീയ ഭൂരിപക്ഷമായിരുന്നു കോൺഗ്രസിന്- 178 സീറ്റ്. വീരേന്ദ്ര പാട്ടീലും ബംഗാരപ്പയും വീരപ്പ മൊയ്ലിയും ആ ടേമിൽ മുഖ്യമന്ത്രിമാരായി. രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി തകർപ്പൻ വിജയം (139 സീറ്റ്) നേടിയതാണ് 1985ലെ തെരഞ്ഞെടുപ്പ്. എസ്.ആർ. ബൊമ്മൈ മുഖ്യമന്ത്രിയായതും ആ ടേമിലാണ്.
കർണാടകയിലെ ആദ്യത്തെ കോൺഗ്രസിതര സർക്കാരുണ്ടാവുന്നത് 1983ലായിരുന്നു. അത് തൂക്കുസഭയുമായിരുന്നു. രാമകൃഷ്ണ ഹെഗ്ഡെ മുഖ്യമന്ത്രിയായ ആ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്കു ലഭിച്ചത് 95 സീറ്റ്. കോൺഗ്രസിന് 82. ബിജെപി(18)യുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെയാണ് ഹെഗ്ഡെ സർക്കാരുണ്ടാക്കിയത്. 1983 ജനുവരി 10ന് മുഖ്യമന്ത്രിയായ ഹെഗ്ഡെ 1984 ഡിസംബർ 23ന് രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജനതാ പാർട്ടിയുടെ മോശം പ്രകടനത്തെത്തുർന്നായിരുന്നു ഹെഗ്ഡെയുടെ രാജി. 28ൽ നാലു സീറ്റ് മാത്രമാണ് അന്നു ജനതാ പാർട്ടിക്കു ലഭിച്ചത്. 1985ലെ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയത്തോടെ വീണ്ടും അധികാരത്തിലെത്തി തന്റെ രാഷ്ട്രീയ മികവ് തെളിയിക്കുകയായിരുന്നു ഹെഗ്ഡെ.
1988ൽ ഫോൺ ചോർത്തൽ ആരോപണങ്ങളെത്തുടർന്നാണ് അദ്ദേഹം രാജിവയ്ക്കുന്നതും ബൊമ്മൈ മുഖ്യമന്ത്രിയാകുന്നതും. ഇപ്പോഴത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പിതാവാണ് എസ്.ആർ. ബൊമ്മൈ. പാർട്ടിയിലെ കുതിരക്കച്ചവടങ്ങളെത്തുടർന്ന് 1989 ഏപ്രിൽ 21ന് ബൊമ്മൈ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതാണ് പ്രശസ്തമായ എസ്.ആർ. ബൊമ്മൈ കേസിനു വഴിവച്ചത്. 356ാം വകുപ്പു പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള കേന്ദ്രത്തിന്റെ അധികാരങ്ങളിൽ സുപ്രീം കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഈ കേസിലാണ്. ബൊമ്മൈയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം അന്നത്തെ ഗവർണർ പി. വെങ്കട സുബ്ബയ്യ നിരസിക്കുകയായിരുന്നു.