#ജഗത് പ്രകാശ് നഡ്ഡ, കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി
ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എൻഡിഎ) മൂന്നാം ഭരണത്തിൽ രണ്ടാം തവണയും ആരോഗ്യ- കുടുംബക്ഷേമ മന്ത്രിയായി ചുമതലയേറ്റ ശേഷം കഴിഞ്ഞയാഴ്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സന്ദർശിച്ചപ്പോൾ, 2014ൽ ആരോഗ്യമന്ത്രിയായിരിക്കെയുള്ള ആദ്യഘട്ട പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ ഓർക്കുകയുണ്ടായി. ജനസംഖ്യാപരമായി നോക്കിയാൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനസമൂഹം ഉപയോഗിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്കാവശ്യമായ നയങ്ങളും മാനദണ്ഡങ്ങളും രുപീകരിക്കുകയെന്ന ബൃഹത്തായ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട് രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ സംവിധാനമായി അവരോധിതമായ ഒരു സംഘടനയുടെ നവോത്ഥാനത്തിനും വളർച്ചയ്ക്കും സാക്ഷ്യം വഹിച്ച കാലഘട്ടമാണത്.
2016 ഓഗസ്റ്റ് 22ന്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്റ്റ് 2006ന്‍റെ (എഫ്എസ്എസ്എ) സംഭവബഹുലമായ ഒരു ദശാബ്ദത്തെ അടയാളപ്പെടുത്തുന്ന ഒരു പരിപാടിയിൽ എഫ്എസ്എസ്എഐ സംഘത്തെയും ബന്ധപ്പെട്ടവരെയും ആദ്യമായി കണ്ടുമുട്ടിയപ്പോൾത്തന്നെ എഫ്എസ്എസ്എഐ സംബന്ധിച്ച കാഴ്ചപ്പാട് എനിക്ക് വ്യക്തമായിരുന്നു - നയങ്ങൾ ശക്തിപ്പെടുത്തുക, ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടുക, പൗരന്മാർക്കും ഭക്ഷ്യ സംരംഭങ്ങൾക്കുമായി സാമൂഹികവും ശൈലീപരവുമായ പരിവർത്തനം ലക്ഷ്യമിട്ടുള്ള പരിപാടികൾ ആരംഭിക്കുക എന്നിവയാണത്. എല്ലാ ഇന്ത്യക്കാർക്കും സുരക്ഷിതവും ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം ഉറപ്പാക്കാൻ സമഗ്രവും സമ്പൂർണവുമായ സംവിധാനം ലക്ഷ്യമിടുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് കീഴിൽ ഈ സംരംഭങ്ങൾ മനോഹരമായി സമ്മേളിച്ചു.
ആരോഗ്യ മന്ത്രാലയവും എഫ്എസ്എസ്എഐ യും നമ്മുടെ രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷാ ഭൂമിക വിപുലീകരിക്കുന്നതിനായി അശ്രാന്തമായ പ്രവർത്തനം നടത്തുന്നു. ശക്തമായ ഭക്ഷ്യ നയങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിത്തറയിൽ നിന്നുകൊണ്ട് മാത്രമേ ശക്തമായ ഭക്ഷ്യ സുരക്ഷാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയൂ. 88 സംഘടനകളിൽ/ സ്ഥാപങ്ങളിൽ നിന്നുള്ള 286 വിദഗ്ധർ ഉൾപ്പെടുന്ന എഫ്എസ്എസ്എഐ യുടെ ശാസ്ത്രീയ സമിതികളും വിദഗ്ധ സമിതികളും ഗണ്യമായി വികസിച്ചു എന്നറിയുന്നത് സന്തോഷകരമാണ്. ആഗോള നിലവാരത്തിന് തുല്യമായ മാനദണ്ഡങ്ങളും നയങ്ങളും രൂപീകരിക്കുന്നതിന്‍റെ വേഗത ഇത് വർധിപ്പിച്ചു.
പ്രധാനമന്ത്രി മുൻകൈയെടുത്തു സംഘടിപ്പിച്ച 2023 ലെ ഗ്ലോബൽ മില്ലറ്റ്സ് (ശ്രീ അന്ന) കോൺഫറൻസ് അഥവാ ആഗോള ചെറുധാന്യ സമ്മേളനത്തിൽ മില്ലറ്റ് സ്റ്റാൻഡേർഡുകൾ സൃഷ്ടിച്ചതാണ് എഫ്എസ്എസ്എഐയുടെ പ്രശംസനീയമായ നേട്ടങ്ങളിലൊന്ന്. ഈ മാനദണ്ഡങ്ങൾ കോഡെക്സ് അലിമെന്‍റേറിയസ് കമ്മീഷനുമായി പങ്കിട്ടു. അതുവഴി ചെറുധാന്യങ്ങളുടെ ആഗോള മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ഈ മേഖലയിൽ ഇന്ത്യയെ അഗ്രഗാമിയായി പ്രതിഷ്ഠിക്കുകയും ചെയ്തു.
സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് നയ, മാനദണ്ഡങ്ങളുടെ വികസനത്തിന് പുറമേ അവയുടെ നിർവഹണവും പരിശോധനയും അത്യാവശ്യമാണ്. എഫ്എസ്എസ്എഐയുടെ ഭക്ഷ്യ പരിശോധനാ അടിസ്ഥാനസൗകര്യത്തിൽ 8 വർഷത്തിനിടെ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ, സംസ്ഥാനതല ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ ശക്തിപ്പെടുത്തുന്നതിന് 482 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. "ഫുഡ് സേഫ്റ്റി ഓൺ വീൽസ്' എന്ന പേരിൽ മൊബൈൽ ഫുഡ് ലാബുകൾ ആരംഭിച്ചു കൊണ്ട് എഫ്എസ്എസ്എഐ വിദൂരദേശങ്ങളിലേക്ക് കൂടുതലായി എത്തിച്ചേരാൻ തുടങ്ങി.
ഈ നേട്ടങ്ങൾ ആഘോഷിക്കുമ്പോൾത്തന്നെ സസ്യാധിഷ്ഠിത പ്രോട്ടീനുകൾ, ലാബുകളിൽ ഉത്പാദിപ്പിക്കുന്ന മാംസം തുടങ്ങി ആഗോളതലത്തിൽ ഉയർന്നുവരുന്ന നൂതന പ്രവണതകളും നാം ശ്രദ്ധിക്കേണ്ടതുണ്ട്. സസ്യാഹാരങ്ങൾ, ജൈവ ഉത്പന്നങ്ങൾ, ആയുർവേദ ആഹാര പദ്ധതി തുടങ്ങി ഭക്ഷ്യ സുരക്ഷയുടെ വികസിച്ചുകൊണ്ടിരിക്കുന്ന നൂതന പ്രവണതകൾക്കും സവിശേഷ വിഭാഗങ്ങൾക്കുമായി മുൻകൂട്ടിത്തന്നെ എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ആഗോള ഭക്ഷ്യ വ്യാപാരം വികസിക്കുമ്പോൾ, കോഡെക്‌സ് പോലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ ആഗോള റെഗുലേറ്റർമാരുമായി ഇടപഴകുന്നതിലൂടെ എഫ്എസ്എസ്എഐ ശക്തമായ അന്താരാഷ്‌ട്ര പങ്കാളിത്തം രൂപപ്പെടുത്തുന്നു.
വളരുന്ന ലോക ജനസംഖ്യയ്‌ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള മികച്ച രീതികൾ പങ്കിടാനും യോജിച്ച സമീപനങ്ങൾ വികസിപ്പിക്കാനും ഇത് പ്രാപ്‌തമാക്കുന്നു. 2023ൽ എഫ്എസ്എസ്എഐയുടെ ആഭിമുഖ്യത്തിൽ ആദ്യ ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് സമ്മിറ്റ് (ജിഎഫ്ആർഎസ്) ഡൽഹിയിൽ സംഘടിപ്പിച്ചു. ഉയർന്നുവരുന്ന ഭക്ഷ്യ സുരക്ഷാ വെല്ലുവിളികളെ നേരിടാനും ബോധവല്കരണം നടത്താനുമുള്ള ഫുഡ് റെഗുലേറ്റർമാരുടെ ആദ്യ സഹകരണ പ്ലാറ്റ്‌ഫോയിരുന്നു ഇത്. വരും മാസങ്ങളിൽ ഇതിന്‍റെ രണ്ടാം പതിപ്പിനായി എഫ്എസ്എസ്എഐ തയ്യാറെടുക്കുകയാണ്.
ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളിലൂടെ വിവിധ ഭക്ഷ്യ സുരക്ഷാ വിഷയങ്ങളിൽ ഉപഭോക്താക്കളെയും പൗരന്മാരെയും ശാക്തീകരിക്കുകയെന്നത് പ്രധാനമാണ്. അപ്പോൾ മാത്രമേ നമ്മുടെ ജോലി സമഗ്രതയിൽ പൂർത്തിയാകൂ. ഇവിടെയാണ് എഫ്എസ്എസ്എഐ യുടെ ഈറ്റ് റൈറ്റ് ഇന്ത്യ പ്രസ്ഥാനം സുപ്രധാന വിവരങ്ങൾ സമസ്ത തലങ്ങളിലും ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി നിർണായക പങ്ക് വഹിക്കുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്‌തരാക്കുന്ന ശൈലീ പരിവർത്തനം പ്രാവർത്തികമാക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷണം നൽകാൻ ഭക്ഷ്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിപുലമായ പരിവർത്തന പരിപാടികൾ സംഘടിപ്പിക്കുന്നു.
എഫ്എസ്എസ്എ- 2006 ഭക്ഷ്യ ഉത്പന്നങ്ങൾക്ക് സമഗ്രമായ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. അവ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ഫുഡ് ലേബലിംഗിനായുള്ള നിയന്ത്രണങ്ങൾ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പുകൾ നടത്താൻ ഉപഭോക്താവിനെ പ്രാപ്തരാക്കുന്നു. പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും മേലുള്ള നയ നിയന്ത്രണങ്ങൾ തങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളിൽ ഭക്ഷ്യ ബിസിനസുകൾ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമം (സിപിഎ)- 2019 ഉപഭോക്താക്കൾ നേരിടുന്ന ആധുനിക വെല്ലുവിളികൾ,
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സുരക്ഷിതമല്ലാത്തതോ നിലവാരമില്ലാത്തതോ ആയ ഭക്ഷണം എന്നിവ അഭിസംബോധന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുകയും പരാതികൾ ഫയൽ ചെയ്യാൻ മതിയായ സംവിധാനമൊരുക്കുകയും ചെയ്തു.
സർക്കാരിന്‍റെയും സംവിധാനങ്ങളുടെയും സമഗ്ര സമീപനങ്ങൾക്കനുസൃതമാം വിധം, സർക്കാർ വകുപ്പുകളുമായും പങ്കാളികളുമായും എഫ്എസ്എസ്എഐ ഇഴചേർന്ന് മുന്നേറുന്ന സഹകരണാത്മക പ്രവർത്തനമാണ് ഭക്ഷ്യസുരക്ഷ. വ്യവസായമേഖലയെയും ബന്ധപ്പെട്ട പങ്കാളികളെയും ഭക്ഷ്യ സുരക്ഷ ആരോഗ്യ സംരംഭങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് എഫ്എസ്എസ്എഐ മുൻകൈയെടുക്കുകയും സഹകരണ സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.
എഫ്എസ്എസ്എഐ കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ഭൂമികയെ ഗണ്യമായി സ്വാധീനിക്കുകയും ഉയർന്നുവരുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാനും ഉപഭോക്താക്കളെ ശാക്തീകരിക്കാനും നിരന്തരം പ്രവർത്തിക്കുകയും ചെയ്തു പോരുന്നു. സമർപ്പണത്തിലൂടെയും സമഗ്ര സമീപനത്തിലൂടെയും, ഭക്ഷ്യ ഉത്പാദനത്തിൽ മാത്രമല്ല, ഭക്ഷ്യ സുരക്ഷയിലും സുസ്ഥിരതയിലും ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്കുയർത്താൻ എഫ്എസ്എസ്എഐ ലക്ഷ്യമിടുന്നു. ജയ് ഹിന്ദ്!