ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാണിച്ച ചില വസ്തുതകൾ ആശങ്ക ഉയർത്തുന്നതും ഗൗരവമായ ചർച്ചകൾ ആവശ്യപ്പെടുന്നതുമാണ്. സമൂഹത്തിൽ വനിതകൾക്കു തുല്യാവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ വർഷങ്ങളായി കൊണ്ടാടപ്പെടുന്നതാണ് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഓരോ വർഷവും നിരവധി പരിപാടികളാണു നടക്കുന്നതും. എന്നാൽ, ലിംഗസമത്വം എന്ന ലക്ഷ്യത്തിൽ നിന്ന് ലോകം ഇപ്പോഴും എത്രയോ അകലെയാണെന്ന് ഗുട്ടറസ് വിശദീകരിക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയിലാണു പോകുന്നതെങ്കിൽ ഇനിയൊരു 300 വർഷം കഴിഞ്ഞാലും ലിംഗസമത്വം കൈവരിക്കാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തിൽ ദശകങ്ങൾ കൊണ്ട് നേടിയെടുത്ത മുന്നേറ്റം പലയിടത്തും ഇപ്പോൾ തുടരുന്നില്ലെന്നു മാത്രമല്ല പുറകോട്ടു പോകുന്നുമുണ്ട്.
പുരുഷാധിപത്യം "പൊരുതി തിരിച്ചുവരുക'യാണെന്ന് ഗുട്ടറസ് പറയുന്നു. അതിന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് അഫ്ഗാനിസ്ഥാനെയാണ്. അവിടെ വനിതകളും പെൺകുട്ടികളും പൊതുജീവിതത്തിൽ നിന്നു പുറത്താവുകയാണ്. പല രാജ്യങ്ങളിലും സ്ത്രീകളുടെ പ്രത്യുത്പാദനപരമായ അവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെന്നും ഗുട്ടറസ് പറയുകയുണ്ടായി. സ്കൂളുകളിൽ പോകുന്ന പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകുന്നതടക്കം ഭീഷണികൾ നേരിടുകയാണ്. വനിതകൾ ആക്രമിക്കപ്പെടുമ്പോൾ സംരക്ഷിക്കേണ്ട പൊലീസുകാർ തന്നെ അതിനു വിപരീതമായി നിലകൊള്ളുന്നു. മെച്ചപ്പെടുകയല്ല, സ്ഥിതിഗതികൾ മോശമാവുകയാണു ചെയ്യുന്നതെന്ന് യുഎന് സെക്രട്ടറി ജനറൽ പറയുമ്പോൾ അത് ആശങ്കപ്പെടുത്താതെ തരമില്ല.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ മുൻപന്തിയിലുള്ള രാജ്യമാണ് ഇന്ത്യ എന്നതും അവഗണിക്കാനാവുന്നതല്ല. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചു വരികയാണ്. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും കുടുംബങ്ങളിൽ നേരിടുന്ന അതിക്രമങ്ങളും സ്ത്രീധന പീഡനങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. കുടുംബങ്ങളിൽ തന്നെ സ്ത്രീകൾക്കു ശത്രുക്കളുള്ള സാഹചര്യത്തിനു മാറ്റമുണ്ടാവുന്നില്ല.
2021ൽ 4.28 ലക്ഷത്തിലേറെ കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. അതിനു മുൻപ് ഒരിക്കലും ഇത്രയേറെ കേസുകൾ ഒരു വർഷം രാജ്യത്തുണ്ടായിട്ടില്ല. കണക്കുകളിലെ ഈ വർധന ആശങ്കപ്പെടുത്തുന്നതായി സ്ത്രീ സമത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ, സ്ത്രീകൾ അതിക്രമങ്ങൾക്കെതിരേ രംഗത്തുവന്ന് പൊലീസിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ തയാറാവുന്നതുകൊണ്ടാണ് കണക്കുകളിൽ വർധനയുണ്ടാവുന്നതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. രണ്ടായാലും വലിയ തോതിലുള്ള അതിക്രമങ്ങൾ ഇപ്പോഴും സ്ത്രീകൾക്കെതിരേ നടക്കുന്നുണ്ട് എന്നതിൽ തർക്കിക്കേണ്ടതില്ല. മൊത്തം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 30 ശതമാനത്തിലേറെയും ഭർത്താവും അയാളുടെ കുടുംബവുമായി ബന്ധപ്പെട്ടുള്ള ക്രൂരതകളുടേതാണ് എന്നു പറയുമ്പോൾ ഏറ്റവുമധികം സുരക്ഷിതത്വം അനുഭവിക്കേണ്ട സ്ഥലത്തു തന്നെ നേരിടേണ്ടിവരുന്ന ദുരിതം വ്യക്തമാവുന്നതാണ്. ഇവിടെനിന്ന് ലിംഗ സമത്വത്തിലേക്കുള്ള ദൂരം എത്രയേറെയാണെന്ന് ഊഹിക്കാനും കഴിയും.
ഡിജിറ്റൽ കാലഘട്ടവുമായി ബന്ധപ്പെടുത്തിയാണ് ഈ വർഷത്തെ വനിതാ ദിനത്തിന്റെ സന്ദേശം ഐക്യരാഷ്ട്ര സഭ രൂപപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ ലോകം എല്ലാവർക്കും- നൂതനത്വവും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന് എന്നതാണു വിഷയം. ഓൺലൈൻ മേഖലയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്നത് പല വിധത്തിലുള്ള അതിക്രമങ്ങളാണ്. ഡിജിറ്റൽ ലോകത്തുനിന്ന് വിട്ടുനിൽക്കാൻ അവരെ പ്രേരിപ്പിക്കുന്ന സാഹചര്യം പോലുമുണ്ട്. അതിനെയൊക്കെ അതിജീവിച്ചു വേണം ഈ രംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിന്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്തേക്കാണു ലോകം കടന്നിരിക്കുന്നത്. അതിലും സ്ത്രീപങ്കാളിത്തം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. സ്ത്രീശാക്തീകരണത്തിന് ഡിജിറ്റൽ മേഖലയെ ഉപയോഗിക്കുമ്പോൾ തന്നെ അതിൽ അടങ്ങിയിരിക്കുന്ന അപകടസാധ്യതകളെ ഇല്ലാതാക്കേണ്ടതുമുണ്ട്. സർക്കാരുകൾക്ക് ഇതിൽ വലിയ പങ്കാണു നിർവഹിക്കാനുള്ളത്. ഏതു രംഗത്തായാലും സ്വാഭാവിക നീതി സ്ത്രീകൾക്കു ലഭ്യമാക്കുന്നതിനു സർക്കാരുകൾ മുൻഗണന നൽകേണ്ടതുണ്ട്.
രാജ്യത്തെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ചുവടുകൾ വച്ച സംസ്ഥാനമാണു കേരളം. വിദ്യാഭ്യാസം, തൊഴിൽ, വരുമാനം എന്നീ കാര്യങ്ങളിൽ സംസ്ഥാനത്തു സ്ത്രീകൾ പൊതുവേ പുരോഗതി കൈവരിക്കുന്നുണ്ട്. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ കരുത്തായി മാറുന്നു. സ്ത്രീ മുന്നേറ്റത്തിന്റെ നിരവധി ഏടുകൾ നമ്മുടെ മുന്നിലുണ്ട്. അപ്പോഴും പൊതുഇടങ്ങളിലെ സുരക്ഷിതത്വം അടക്കം വിഷയങ്ങൾ ബാക്കിയാണ്.